സിഡൂന് വലുതാവുമ്പോ എന്തൊക്കെ ജോലികള് ചെയ്യാനാ ഇഷ്ടം ??
ലോകത്തെ ഒട്ടൊരുവിധം എല്ലാ രക്ഷിതാക്കളേയും പോലെ ഞാനും ഇതേ ചോദ്യം കുഞ്ഞു സിഡിനോട് പലവട്ടം ചോദിച്ചിട്ടുണ്ട്...
കുഞ്ഞുങ്ങൾ വളരുമ്പോൾ ഏതെങ്കിലും പ്രത്യേക മേഖലയിൽ പ്രവർത്തിക്കാൻ ഇഷ്ടമുള്ളവരാകണം എന്നോ എന്തെങ്കിലും പ്രത്യേക ജോലികൾ ചെയ്യണം എന്നോ പ്രതീക്ഷിച്ചിട്ടല്ല ഇങ്ങനെയൊക്കെ ചോദിക്കാറുള്ളത്.
കുഞ്ഞ് മനസ്സുകളിൽ എന്തൊക്കെ സ്വപ്നങ്ങളാണ് എന്നും അവർക്ക് എന്തൊക്കെയാണ് ഇഷ്ടം എന്നും മനസ്സിലാക്കാനുള്ള സുഖകരമായ ക്യൂരിയോസിറ്റി...
മിക്കവാറും സിഡിന്റെ ഉത്തരങ്ങൾ 'ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല' എന്നും 'ഒന്ന് രണ്ട് ചോയ്‌സുകൾ ഉണ്ട്' എന്നുമൊക്കെയാവും ...
നമ്മൾ കരുതുന്നതിനെക്കാൾ ഗൗരവതരമായി തങ്ങളുടെ സ്വപ്നങ്ങളെ പിൻതുടരുന്നവരാണ് കുഞ്ഞുങ്ങൾ ...
എത്തിക്കൽ ഹാക്കർ , മ്യൂസിയം ക്യുറേറ്റർ, ജിയോളജിസ്റ്റ്, ഷെഫ്, തിയററ്റിക്കൽ ഫിസിസിസ്റ്റ്, നാച്ചുറലിസ്റ്റ് എന്നിങ്ങനെ പലപല മേഖലകളെയും കുറിച്ച് സിഡ് എന്നോട് വളരെ കാര്യമായി സംസാരിക്കാറുണ്ട്....
കഴിഞ്ഞ കുറെ മാസങ്ങളായി അവന്റെ ആഗ്രഹം ഒരു വെറ്റിനറി ഡോക്ടർ ആവണം എന്നതാണ്, എവിടുന്നാണ് ഈ ആശയം അവന് കിട്ടിയത് എന്നറിയില്ല ...
" സിഡ്, നിനക്ക് കിട്ടുന്ന ആദ്യത്തെ മെഡിക്കൽ കേസ് ഒരു ആനയുടെ സിസേറിയൻ സെക്ഷൻ ചെയ്യാനാണെങ്കിലോ?" എന്നൊരു ചൊറിയൻ ചോദ്യം കൊണ്ടാണ് ഞാൻ അവന്റെ ആശയയത്തിനോട് സംവേദിച്ചത് ...
"ശരിക്കും അച്ഛാ ?? ആനയുടെ സി സെക്ഷൻ ഒക്കെ ചെയ്യേണ്ടി വരോ ??"
"പിന്നെ വരില്ലേ ??"
എനിക്ക് വലിയ ഉറപ്പൊന്നും ഇല്ലെങ്കിലും ചുമ്മാ ഞാനങ്ങനെ തട്ടി വിട്ടു ...
ഇത്തിരി പകച്ചെന്നാലും സിഡ് വെറ്റിനറി മെഡിക്കൽ സയൻസിനെ കുറിച്ച് പഠിച്ചുകൊണ്ടേയിരുന്നു ..
ഈ വരുന്ന അവധിക്ക് സിഡിന് നാട്ടിൽ ഒരു വെറ്റിനറി ക്ലിനിക്കിൽ ട്രെയിനി ജോലി തരപ്പെടുത്താം എന്ന് ഞാൻ വാക്ക് കൊടുത്തു .. !!
അവധി അടുത്തു വരികയാണ് ..
നാട്ടിൽ വെറ്റിനറി ക്ലിനിക്കുകളോ ഡോക്ടേഴ്സിനെയോ എനിക്ക് നേരിട്ട് പരിചയമില്ല ...
സിഡിനോടൊപ്പം ലക്ഷ്മയുടെ കുഞ്ഞുങ്ങളും ചേരും ..
"റൈൻഫോറസ്റ്റ്" എന്ന പേരിൽ കൊച്ചിയിൽ കാക്കനാട് ഒരു വലിയ പെറ്റ്ഷോപ്പും ക്ലിനിക്കുമുണ്ട്. ലക്ഷ്മി അവരോട് കാര്യങ്ങൾ തരപ്പെടുത്താൻ ശ്രമിക്കുന്നു. എങ്കിലും ഉറപ്പില്ല...
ഒരു ദിവസം മുഴുവൻ ക്ലിനിക്ക്ആക്സസ് കിട്ടണം. ഡോക്ടർക്ക് കുട്ടികളോട് ഏറെക്കുറെ തുടർച്ചയായി സംസാരിക്കാൻ പറ്റണം, മെഡിക്കൽഎക്‌സാമിനേഷനും ഡയഗ്നോസിസും കുട്ടികളെ പരിചയപ്പെടുത്തണം ....
കുട്ടികളോട് വാക്ക് പറഞ്ഞാൽ പിന്നെ എന്ത് വില കൊടുത്തും അത് പാലിച്ചിരിക്കണം , അല്ലെങ്കിൽ അവർക്ക് നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെടും ..
ഫെയ്‌സ് ബുക്കിലെ സ്നേഹിതരിൽ ചികഞ്ഞു നോക്കിയപ്പോൾ വെറ്റിനറി പ്രൊഫഷനിൽ ആകെ അറിയുന്നത് സതീഷ് ഡോക്ടറെയാണ് ...
ഒരുപാടിഷ്ടത്തോടെ അദ്ദേഹത്തിന്റെ പോസ്റ്റുകൾ വായിക്കാറുണ്ട്. .
പക്ഷെ നേരിട്ട് പരിചയമില്ല ..
അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുള്ള വായനക്കാരൻ മാത്രമാണ് ഞാൻ. എന്തായാലും സതീഷ് ഡോക്ടർക്ക് മെസ്സേജ് അയച്ചു ..
പിറ്റേന്ന് തന്നെ മറുപടി വന്നു ! "സാരമില്ല കിരൺ , എന്റെ സുഹൃത്ത് കൊച്ചിയിൽ ഒരു വെറ്റിനറി ക്ലിനിക്ക് നടത്തുന്നുണ്ട് എല്ലാം ഏർപാടാക്കാം... ! "
"ഡോക്ടർ, വളരെ അത്യാവശ്യമാണെങ്കിൽ മാത്രമേ ഞാൻ ബുദ്ധിമുട്ടിക്കൂ, സമാന്തരമായി വേറെ സാധ്യതകൾ തേടുന്നുണ്ട് എന്നും പറഞ്ഞു മെസ്സേജ് അയച്ചു" ...
സതീഷ് ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ടി വന്നില്ല...
'റൈൻഫോറസ്റ്റിൽ' ലക്ഷ്മി തന്നെ എല്ലാം ഏർപ്പാടാക്കി.
രാവിലെ തന്നെ സിഡ്, പ്രണവ്, ഇന്ദിര എന്നീ മൂന്ന് പീക്കിരി കുട്ടികളെയും ഒരു ഡാൽമേഷ്യൻ നായയെയും കൊണ്ട് ക്ലിനിക്കിൽ എത്തി . !!
ഡോക്ടർ കനിക സുധാകരനാണ് അവിടുത്തെ ഡോക്ടർ .
ഡോക്ടറോട് കാര്യങ്ങളൊക്കെ നേരത്തെ പറഞ്ഞിരുന്നു..
ആദ്യം തന്നെ സിഡിനും കൂട്ടുകാർക്കും 20 മിനുട്ട് നീണ്ട ഒരു മോക്ക് ഇന്റർവ്യൂ ..
മൃഗങ്ങളെ കുറിച്ചും അവയുടെ ശരീരത്തിന്റെ പ്രത്യേകതകളെ കുറിച്ചുമല്ലാം കുട്ടികളോട് ജോബ് ഇന്റർവ്യൂ മട്ടിൽ കുറച്ച് ചോദ്യങ്ങൾ ചോദിച്ചു...
എല്ലാവരുടെ കയ്യിലും ഓരോ നോട്ട്പാഡും പേനയും ഉണ്ടായിരുന്നു സംശയങ്ങളും വിവരങ്ങളും അവർ അപ്പപ്പോൾ തന്നെ കുറിച്ചു വച്ചു...
' ഇന്റർവ്യൂ കഴിഞ്ഞ് 'ഒരു ദിവസത്തെ ട്രെയിനി പോസ്റ്റ് ഉറപ്പിച്ചതോടെ 'സ്പോട്ടി' എന്ന ഡാൽമേഷ്യൻ നായയുടെ ഡിസീസ് ഡയഗ്നോസിസ്സിൽ നിന്ന് തുടങ്ങി...
സ്പോട്ടിയുടെ രോമം വല്ലാതെ പൊഴിയുന്നുണ്ട്...
"കുട്ടികളോട് അതിലളിതമായി സംസാരിക്കേണ്ടതുണ്ടോ?" എന്ന് Dr. കനിക എന്നോട് ചോദിച്ചു. "അത് വേണ്ട മുതിർന്നവരോട് സംസാരിക്കുന്നത് പോലെ ശരിയായ മെഡിക്കൽ ടെർമിനോളജി ഒക്കെ ഉപയോഗിച്ച് സംസാരിച്ചാൽ മതി" എന്ന് നിർദ്ദേശം കൊടുത്തു... 9 വയസ്സുകാരനായ പ്രണവും സിഡും സയൻസ് ബുജികളാണ്... അവർക്ക് മനസ്സിലാകാത്ത കാര്യങ്ങൾ അപ്പോൾ തന്നെ ചോദിച്ചോളും. അല്ലെങ്കിൽ മറക്കാതെ കുറിച്ച്വച്ച് പിന്നീട് ഇന്റർനെറ്റിൽ വായിക്കുകയോ വീഡിയോ കാണുകയോ ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു...
കനിക ചെയ്യുന്ന ജോലിയിൽ 100% ആത്മാർത്ഥത പുലർത്തുന്ന ഡോക്ടറാണ് , കുട്ടികളോട് ചേർന്ന് പോകുന്ന വൈബ്...
എന്തുകൊണ്ടൊക്കെ നായ്ക്കളിൽ രോമം പൊഴിയാം ??
1. ചില ബ്രീഡുകളിൽ സീസൺ മാറുമ്പോൾ വലിയ അളവിൽ രോമം പൊഴിയും. ഇത് സീസണൽ ഫാൾ ആണോ ? കഴിഞ്ഞ വർഷം ഇതേ മാസം ഇങ്ങനെ ഉണ്ടായിട്ടുണ്ടോ ??
2. എന്തെങ്കിലും സ്കിൻ അലർജി ഉണ്ടോ ?
3. ദഹന പ്രശ്നങ്ങൾ കൊണ്ടാണോ ? കഴിഞ്ഞ ദിവസങ്ങളിൽ നായ എന്താണ് കഴിച്ചത്?
4. ചെള്ളുകൾ പോലെ എന്തെങ്കിലും പരാദങ്ങൾ അവയെ ആക്രമിക്കുന്നുണ്ടോ? തുടർച്ചയായി ചൊറിയുന്നതുകൊണ്ടാണോ രോമം പൊഴിയുന്നത് ?
5. ബാക്റ്റീരിയൽ / ഫംഗൽ ഇൻഫെക്ഷൻ വല്ലതുമാണോ??
സാധ്യതകൾ ഡോക്ടർ സൂചിപ്പിച്ചതോടെ കുട്ടികൾ മൂന്നും ഗാഢമായ അവലോകനത്തിലേക്ക് കടന്നു, നായ കഴിച്ച ഭക്ഷണം, അതിന്റെ ബ്രീഡ്, അതിനെ കെട്ടിയിട്ടുന്ന സ്ഥലം ഒക്കെ ചർച്ചകളിൽ വന്നു ..
"എന്തായാലും ആദ്യത്തെ ക്ലൂ നമുക്ക് സ്പോട്ടിയുടെ രോമത്തിൽ നിന്ന് തന്നെ കിട്ടും" ഡോക്ടർ കനിക തെല്ല് നാടകീയതയോടെ പറഞ്ഞു !
ഒരു സെല്ലോ ടേപ്പ് നായയുടെ ശരീരത്തിൽ ഒട്ടിച്ച് രോമം പറിച്ചെടുത്തു. ഇനി അതിനെ മൈക്രോ സ്കോപ്പിൽ വച്ച് നോക്കണം ..
കുട്ടികൾ ആവേശത്തിലാണ് !!
"ഫംഗസ്!! നോക്കൂ ഈ ഡാർക്ക് ബാൻഡ് പോലെ കാണുന്നത് ഒരു രോമമാണ് അതിൽ അവിടവിടെയായി പച്ചനിറം ചാലിച്ചപോലെ ഫ്ലൂറസന്റ് പാച്ചുകൾ കാണുന്നില്ലേ ?, അത് ഫംഗസ് ആണ് ... "
കുട്ടികൾ ഓരോരുത്തരും മൈക്രോ സ്കോപ്പിൽ നോക്കി ബോധ്യപ്പെട്ടു ..
"നന്നായി ഫംഗൽ ഇൻഫെക്ഷൻ ഉണ്ട് ഇനി കാര്യമായി വേറെ ടെസ്റ്റുകൾ ഒന്നും ആവശ്യമില്ല, കഴിക്കാനും പുരട്ടാനുമുള്ള ആന്റി ഫംഗൽ മെഡിസിൻ കൊടുക്കാം ..
വേറെ പാരസൈറ്റുകൾ ഒന്നും കാണുന്നില്ല .. "
"ഒന്ന് മെഡിക്കേറ്റഡ് ഷാമ്പൂ ചെയ്യാം , നഖങ്ങൾ വളരെ അധികം വളർന്നിട്ടുണ്ട് അത് ട്രിം ചെയ്യണം. അവസാനം വിരയ്ക്ക് മരുന്ന് കൊടുത്തത് എന്നാണ്?? വേണമെങ്കിൽ അതും ചെയ്യാം .. "
കനികയോടൊപ്പം മൂന്ന് കുട്ടി ഡോക്ടേഴ്‌സ് അവിടെ രൂപപ്പെടുകയായിരുന്നു ....
ജിജ്ഞാസകൊണ്ട് തിളങ്ങി തുറിച്ച ആറു കുഞ്ഞു കണ്ണുകൾ !!!!
പെറ്റ്സിൽ ബാധിക്കുന്ന പലയിനം പാരസൈറ്റുകൾ, നമുക്ക് രുചികരമെങ്കിലും നായ്ക്കൾക്ക് ടോക്സിക്ക് ആയ ഭക്ഷണ വസ്തുക്കൾ, നായകളുടെ അനേകം ബ്ലഡ് ഗ്രൂപ്പുകൾ ...
സാധാരണ ചെയ്യാറുള്ള സർജിക്കൽ പ്രൊസീജിയറുകൾ, അവയുടെ ബ്രീഡിങ് സവിശേഷതകൾ, സിസേറിയനിലൂടെ മാത്രം കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ കഴിയുന്ന ചില ഹൈബ്രീഡ് ഇനങ്ങൾ, പെഡിഗ്രീ സർട്ടിഫിക്കേഷൻ, വാക്സിനുകൾ അങ്ങനെയങ്ങനെ.....
ഡോക്ടർ വളരെ വാചാലയാണ് !
Perfect for those curious kids ....
പതിയെ സംഭാഷണം നായ്ക്കളിൽ നിന്ന് മറ്റു ജീവികളിലേക്കും അവയുടെ ശരീരം, സ്വഭാവം, ആരോഗ്യം എന്നിവയുടെ വൈചിത്രങ്ങളിലേക്കും പടർന്നു ...
ഒരു മുഴുവൻ ദിവസവും പെറ്റ് ക്ലിനിക്കിൽ onjob എക്സ്പീരിയൻസ് !!!!
ഒരു തൊഴിൽ മേഖലയെ കുറിച്ച് ഭാഗികമെങ്കിലും വളരെ തെളിഞ്ഞ ഒരു ധാരണ രണ്ട് 9 വസ്സുകാരിലും ഒരു 5 വയസുകാരിയിലും ഉണ്ടാക്കിയെടുക്കാൻ ഒരൊറ്റ ദിവസം കൊണ്ട് സാധിച്ചു !
ഈ പോസ്റ്റിലെ ചിത്രങ്ങൾ കൂടുതൽ സംസാരിക്കട്ടെ....
Thanks Rainforest Management and Dr. Kanika for your support .
അലസമായ ദിവസങ്ങളിലൊന്നിൽ ഞാൻ ഇനിയും സിഡിനോട് ചോദിക്കും ..
"സിഡ് , വലുതാകുമ്പോ നിനക്ക് എന്ത് ജോലി ചെയ്യാനാണ് ഇഷ്ടം .. ??"
കുഞ്ഞുങ്ങളോട് നിരന്തരം സംസാരിക്കുക അവർക്ക് അറിവിന്റെ നേരനുഭവങ്ങൾ കൊടുക്കുക ...
എല്ലാം സ്‌കൂളിൽ നിന്ന് പഠിക്കാനാകില്ല ..
ഈ കുറിപ്പ് നിങ്ങളിൽ പ്രചോദനത്തിനും ആശയ സംവാദത്തിനും അതിനുപരി എന്റെ കുഞ്ഞു സന്തോഷത്തിനുമായി സമർപ്പിക്കുന്നു ...












അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ