കോമളിന്റെ വീട്ടിലേക്കുള്ള ദൂരം !
നേപ്പാൾ യാത്രാവിശേഷങ്ങളുടെ മൂന്നാം ഭാഗം :
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഓഫീസ് ബോയ് കോമൾ നേപ്പാൾ സ്വദേശിയാണ്; വടക്ക് കിഴക്കൻ നേപ്പാളിലെ ടാപ്‌ലെജുങ്ങ് 'Taplejung' എന്ന ജില്ലയിൽ ഹിമാലയത്തിന്റെ 'ചുളിവുകൾക്കുള്ളിൽ' എവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞു ഗ്രാമം .
വളരെ സൗമ്യനായ ഒരു ചെറുപ്പക്കാരനാണ് കോമൾ. ചോദ്യങ്ങൾക്കാല്ലാം ചെറുപുഞ്ചിരിയോടെ മാത്രം മറുപടി തരുന്ന പ്രകൃതം !
നേപ്പാൾ യാത്രക്കായുള്ള മുന്നൊരുക്കങ്ങളും വായനയും നടക്കുന്ന ദിവസങ്ങളിലൊന്നിൽ ഞാൻ അവനോട്, നാടിനെ കുറിച്ച് ചോദിച്ചു ..
വർഷാവധിക്ക് പുള്ളിക്കാരൻ നാട്ടിൽ പോകുന്ന കഥ പറഞ്ഞപ്പോൾ
'കുട്ടിമാമാ ഞാൻ ശരിക്കും ഞെട്ടി മാമാ' .. !
കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങിയാൽ അവന്റെ നാടിനോട് പരമാവധി അടുത്ത് റോഡെത്തുന്ന സ്ഥലത്തേക്ക് 12 മണിക്കൂർ ബസ്സിൽ സഞ്ചരിക്കണം, അവസാന ബസ്സ്റ്റോപ്പിൽ നിന്ന് ജീപ്പിൽ 9 മുതൽ 10 മണിക്കൂർ ഓഫ് റോഡ് യാത്ര !
ഏതോ ഒരു ഉൾനാട്ടിൽ, ജീപ്പ് യാത്രയുടെ അവസാന സ്റ്റോപ്പിൽ കോമളിനെ വീട്ടുകാർ കാത്തു നിൽപ്പുണ്ടാകും എന്നു കരുതിയെങ്കിൽ തെറ്റി ..
കോമളിന് വീടെത്തണമെങ്കിൽ അവിടുന്നും അങ്ങോട്ട് ഒരുപാട് ദൂരം നടക്കണം ...
ഗൾഫിൽ നിന്ന് അവധിക്ക് പോകുന്നതിനാൽ പ്രിയപ്പെട്ടവർക്കായി വാങ്ങിയ സമ്മാനങ്ങളുടെ 'വലിയ ഭാരം' ചുമക്കാൻ നാട്ടുകാരായ ഷെർപ്പകളെ കിട്ടും ..
അവർക്ക് മുളകൊണ്ട് നെയ്തെടുത്ത ഉറപ്പുള്ള കൂടും തലയിലേക്ക് ഭാരം താങ്ങാനായി ബെൽറ്റ് പോലെ ഒരു വള്ളിയുമുണ്ടാവും, അവരുടെ പഴയ മോഡൽ കുഞ്ഞൻ കീ ഫോണുകളിൽ ഈണത്തിലുള്ള നാട്ടുപാട്ടുകൾ അനുസ്യൂദം പാടികൊണ്ടിരിക്കുന്നുണ്ടാവും ...
കോമളും ഷെർപ്പയും അങ്ങിനെ പാട്ട് കേട്ട് കേട്ട് നടക്കും ...
വിശക്കുമ്പോൾ ഷേർപ്പ മുളം കുട്ടക്കുള്ളിൽ കരുതിയ ചെറിയ മണ്ണെണ്ണസ്റ്റൗ എടുത്ത് എന്തെങ്കിലും പാചകം ചെയ്യും .. വഴിയിൽ എവിടെയെങ്കിലും ടീ ഹൗസുകളിൽ എത്തിയാൽ രാത്രി അവിടെ തങ്ങും ... !
കോമളിന് വീട്ടിലെത്തി പ്രീയപ്പെട്ടവരെ ഒരു നോക്ക് കാണാൻ 4 മണിക്കൂർ വിമാനയാത്രയും 12 മണിക്കൂർ ബസ്സ് യാത്രയും 9 മണിക്കൂർ ജീപ്പ് യാത്രയും കഴിഞ്ഞ് തുടർച്ചയായി രണ്ട് ദിവസം നടക്കണം .. !
~~~~~
കാശ്മീർ മേഖലയിലുള്ള ഒരു ഗ്രാമത്തിൽ നിന്ന് തന്റെ രണ്ട് കുഞ്ഞുങ്ങളെ സ്‌കൂൾ ഹോസ്റ്റലിലേക്കെത്തിക്കാൻ തണുത്തുറഞ്ഞ് ഖരമായ 'സൻസ്കാർ' ( Zanskar River ) നദിയിലൂടെ ഒരാഴ്ചയെടുത്ത് 100 കിലോമീറ്റർ ദൂരം എല്ലാ ശിശിരത്തിലും സഞ്ചരിക്കുന്ന പിതാവിന്റെ 'സ്റ്റോറി' കുറച്ച് വർഷങ്ങൾക്ക് മുൻപ് BBC Human Planet സീരീസിൽ കണ്ടിട്ടില്ലായിരുന്നെങ്കിൽ ഞാനൊരുപക്ഷെ കോമളിനെ അവിശ്വസിച്ചു പോയേനെ ..
നമ്മൾ മനുഷ്യർ അങ്ങിനെയാണ്; നമുക്കറിയാത്ത ജീവിതങ്ങളെ അവിശ്വസിച്ച് കളയും ..
കോമളിന്റെ കഥ ഇവിടെ പറഞ്ഞത് നേപ്പാളിന് വടക്ക് ഹിമാലയമേഖലയിലെ സഞ്ചാര സൗകര്യങ്ങളെയും ജീവിത രീതികളെയും പരിചയപ്പെടുത്താനാണ് ..
~~
13-10-2018 ഉച്ചയോടെ ഞങ്ങൾ ഇത്തിരികുഞ്ഞൻ 'ബസ്സിൽ' ഗാഡ്രൂക്ക് എന്ന പ്രദേത്തെത്തി .
മലയുടെ ചരുവിൽ രണ്ട് ടീ ഹൗസുകൾ, പാർക്ക് ചെയ്തിട്ടിരിക്കുന്ന ഒരു ജീപ്പ് .
കുറച്ചാളുകൾ അവിടെ ഇരിപ്പുണ്ട് ..
ഇവിടുന്നങ്ങോട്ട് മുകളിലേക്ക് വാഹനങ്ങളൊന്നും പോകില്ല ..
ഗാഡ്രൂക്കിനപ്പുറത്ത് ഒരു മല കടന്നാൽ ജീനു, അതും കഴിഞ്ഞ് ചാമ്രോങ്ങ്.. ഇന്ന് രാത്രി ചാമ്രോങ്ങ് വരെയെങ്കിലും എത്തണം...
ഓരോരോ ഹൈക്കിങ്ങ് പോയിന്റുകളുടെ പേരാണ് ഇതല്ലാം.
"ചാമ്രോങ്ങ്" വരെയുള്ള കാനന പാതയിലൂടെ കുതിരകളും കഴുതകളും സഞ്ചാരിക്കും. അതിനുമപ്പുറം ഗ്രാമങ്ങളൊന്നുമില്ല.
ഉയരവും തണുപ്പും കൂടി കൂടി വരും അന്തരീക്ഷ മർദ്ദം കുറയും ..
ഞങ്ങളുടെ ഹൈക്ക് ആരംഭിക്കുന്നത് സമുദ്രനിരപ്പിൽ നിന്ന് 1650 മീറ്റർ ഉയരത്തിൽ നിന്നാണ് ..
ചെറിയ മുന്നൊരുക്കങ്ങൾ;
ഹൈഡ്രേഷൻ ബാഗിൽ വെള്ളം നിറച്ചു, പോളിമർ ലിക്വിഡ് ബാന്റെജ്, സ്വിസ് നൈഫ് എന്നിവ ബാക്ക് പാക്കിന്റെ ഹിപ്പ് പോക്കറ്റിലും, പാസ്സ്പോർട്ടും റിട്ടേൺ ടിക്കറ്റും സിപ്പർ ബാഗിൽ ഒരു പാക്കറ്റ് സിലിക്ക ജെല്ലിനോടൊപ്പം സീൽ ചെയ്ത് സൂഷ്മമായി ബാഗിന്റെ ഉള്ളിൽ ശല്യങ്ങളൊന്നുമില്ലാത്ത പോക്കറ്റിലും സൂക്ഷിച്ച് വച്ചു .മൊബൈലിലെ 'വിക്കി ലോക്ക്' ആപ്പിൽ ട്രയൽ റെക്കോഡിങ്ങ് ഓൺ ചെയ്തു ..
ഹൈക്കിങ്ങിന് മുൻപ് സോളാർ പാനലുകൾ ബാഗിന് പുറകിൽ വിരിച്ചിട്ട് പവർ ബാങ്ക് കണക്റ്റ് ചെയ്തു ..
ഇനിമുതലങ്ങോട്ട് നടത്തമാണ്, ബേയ്സ് ക്യാമ്പിൽ എത്താൻ എത്ര ദിവസം എടുക്കും എന്നറിയില്ല ..
പരിമിതമായ അവധി ദിവസങ്ങൾ മൂലം സാധ്യമായത്ര വേഗതയിൽ ട്രയൽ പൂർത്തീകരിക്കേണ്ടതുണ്ട് .
ഹൈക്കിങ്ങിന്റെ ആദ്യമണിക്കൂറുകൾ ആയാസരഹിതമാണ് ..
മല ഇത്തിരി കയറി, കുറച്ച് വീടുകളൊക്കെയുള്ള ഗ്രാമപ്രദേശത്തിലൂടെ നടക്കാം, വഴിയരികിൽ കടലയും, നെല്ലും, ചോളവുമെല്ലാം വളർന്ന തട്ട് കൃഷിയിടങ്ങൾ കാണാം..
മിക്ക വീടുകളുടെയും മേൽക്കൂര മേച്ചിൽ ഓട് പോലെ പാറക്കല്ലുകൾ പാകിയിട്ടാണ്. (നമ്മുടെ പശ്ചിമഘട്ടം പോലെ ആഗ്നേയ ശിലകൾകൊണ്ടല്ല ഹിമാലയ നിർമിതി; സെഡിമെന്ററി റോക്ക്‌സ് പലയിടത്തും കാണാം. ഇത്തരം പാറകൾ ടൈലുകൾ പോലെ രൂപപ്പെടുത്തിയെടുക്കാൻ എളുപ്പമാണ്).
നിർമ്മാണ വിഭവങ്ങൾ സാധ്യമായത്ര പ്രാദേശികമായി സംഘടിപ്പിക്കുക എന്നത് ഗതാഗത സൗകര്യമില്ലാത്ത ഇത്തരം ശൈല ഗ്രാമങ്ങളിലെ ഗൃഹ നിർമിതിയുടെ പൊതുവെയുള്ള പ്രത്യേകതയാണ് ..
വീടുമുറ്റങ്ങളിൽ അതീവ ഭംഗിയുള്ള പൂച്ചെടികൾ !
മനോഹരമായ പുഷ്പ സസ്യങ്ങൾ കൂടുതലായി വളരുക തണുപ്പുള്ള പ്രദേശങ്ങളിലാണെന്ന് തോന്നുന്നു .
ഒട്ടുമിക്ക വീടുകളുടെയും ഇറയിൽ വിളവെടുത്ത ചോള കതിരുകൾ തൂക്കിയിട്ടിരിക്കുന്നു, ഒന്നോ രണ്ടോ അല്ല, വീടിന്റെ മേൽക്കൂരകൾക്ക് സുവർണ്ണ നിറമുള്ള ലേയ്‌സ് പിടിപ്പിച്ചതുപോലെ നിറച്ചും !
അവിടെയൊക്കെ ചോളം സൂക്ഷിക്കുന്നത് ഇങ്ങനെ തൂക്കിയിട്ടിട്ടായിരിക്കണം !
കഴിഞ്ഞ വർഷം നാഗാലാന്റിൽ പോയപ്പോൾ കൊനോമ എന്ന ഗ്രാമത്തിലും ഞാനിതുപോലെ ചോളവും വെള്ളുള്ളി കുലകളും തൂക്കിയിട്ട് സൂക്ഷിക്കുന്നത് കണ്ടിട്ടുണ്ട് ..
വീടിന്റെ ചുമരിൽ ഒരു സ്ത്രീ ചെളി തേച്ച് ഉറപ്പു വരുത്തുന്നു; വേറൊരാൾ കല്ലുപാകിയ നിലത്തിരുന്ന് ചേമ്പിന്റെ തണ്ടുകൾ തല്ലി ചതയ്ക്കുന്നു! തണുപ്പുകാലത്ത് ഇങ്ങനെ ചതച്ച്, ഉണക്കി സൂക്ഷിക്കുന്ന ചേമ്പിന്റെ തണ്ടുകൾ കറിവയ്ക്കാൻ ഉപയോഗിക്കുമത്രെ ..
കുറച്ചങ്ങ് നടക്കുമ്പോഴേക്കും വളരെ വളരെ താഴെ ഒരു വെള്ളി നൂല് പോലെ 'മോഡികോലാ' നദി ഒഴുക്കുന്നു ...
വൻ മലകളുടെ ഇടയിലെ ചെങ്കുത്തായ ഇടുക്കുകളിലൂടെയാണ് ഇവിടെ പുഴകൾ ഒഴുകുന്നത്, പതഞ്ഞ്, കല്ലുകളിൽ തട്ടിത്തെറിച്ച് ...
മലയുടെ ചരുവിലൂടെ മുന്നോട്ട് നടക്കുമ്പോൾ അൽപ്പം താഴെയായി ഒരു വലിയ നൂൽപാലം കാണാം ..
രണ്ട് മലകളെ ബന്ധിപ്പിക്കുന്ന വലിയൊരു പാലം!
ഹൈക്കിങ്ങ് ബാക്ക് പാക്കുമായി നടക്കുന്ന രണ്ട് പേർക്ക് വിപരീത ദിശയിൽ എളുപ്പത്തിൽ കടന്നുപോകാവുന്നത്ര വീതിയെ ഉള്ളൂ, പക്ഷെ നീളവും താഴെനിന്നുള്ള ഉയരവും പരിഗണിച്ചാൽ ഒരു എഞ്ചിനീയറിങ്ങ് വിസ്മയം തന്നെയാണ് ജീനുവിലെ ഈ പുതിയ പാലം ..
ഗാൻഡ്രൂക്കിൽ നിന്ന് പുഴക്കപ്പുറമുള്ള മലയിലെ ജിനു എന്ന ഗ്രാമത്തിലേക്കുള്ള നടത്ത സമയം 3 മണിക്കൂറെങ്കിലും കുറയ്ക്കുന്നത് മലകൾക്കിടയിൽ റിബൺ തൂക്കിയതുപോലെ വലിച്ചു കെട്ടിയിരിക്കുന്ന ഈ വമ്പൻ തൂക്കുപാലമാണ് ..
കഴുതകളും കുതിരകളും വരുമ്പോൾ പാലത്തിൽ കയാറാതിരിക്കാൻ ശ്രദ്ധിക്കുക എന്ന ബോർഡ് പാലത്തിന് ഇരുവശവും എഴുതിവച്ചിട്ടുണ്ട് ...
പത്തും പന്ത്രണ്ടും കുതിരകളുടെയോ കഴുതകളുടെയോ കോൺവോയ് 'ആകാശനടത്തം' കാണാൻ വലിയ കൗതുകം തന്നെയാണ് ..
പല ഏകദിന ഹൈകേഴ്‌സും ജീനുവുവിലെ പാലത്തിൽ നടത്തമവസാനിപ്പിച്ച് സെൽഫി എടുത്തു തിരിച്ചു പോകും...
ഞങ്ങൾക്ക് യാത്ര പക്ഷെ തുടങ്ങുന്നേയുള്ളൂ ..
പാലം കടന്നാൽ കുത്തനെയുള്ള കയറ്റമാണ്; മലകടന്ന് മറ്റേ ചരുവിലൂടെ കുറെ നടന്ന്കയറിയാൽ 'ജീനു'വിലെത്തും
ഞങ്ങളുടെ യാത്രയിലെ ആദ്യത്തെ കയറ്റം .
17 കിലോ ഭാരവുമായി നൂറു മീറ്റർ കയറിയപ്പോഴേക്കും ഹൃദയം ഞെരമ്പുകളിലൊക്കെ ഉറക്കെ താളം പിടിക്കാൻ തുടങ്ങി ...
'ആകാശത്തിലേക്ക്' കയറിപോകുന്ന വഴിയുടെ കീഴെ ബാഗും ഇറക്കി വച്ച് വിശ്രമിക്കുമ്പോൾ വൃദ്ധയായ ഒരു സ്ത്രീ ഡേ പാക്ക് പുറകിലിട്ട് ഹൈക്കിങ്ങ് സ്റ്റിക്കും കുത്തിപിടിച്ച് പതിയെ ഓരോ കാൽ ചുവടുകളും സൂക്ഷിച്ച് ഇറങ്ങി വരുന്നത് കണ്ടു !
അറുപത്തി അഞ്ചിനും എഴുപതിനും ഇടക്ക് പ്രായമുണ്ടാകും !
മുഖത്തും കഴുത്തിലും കൈകളിലുമെല്ലാം കാലം ചുളിവുകൾ വീഴ്ത്തിയിരുന്നു !
"ഹായ് ബോയ്സ്"; എന്ന് ഊഷ്മളമായി അഭിവാദനം ചെയ്ത് ഞങ്ങൾക്കരികെ വന്നിരുന്നു:
സോളോ ഹൈക്കിങ്ങ്! സാക്ഷാൽ അന്നപൂർണ്ണ ബെയ്‌സ് ക്യാമ്പ് കണ്ട് മടങ്ങുന്ന വഴിയാണ്; വളരെ പതുക്കെ കൂടുതൽ ദിവസങ്ങൾ എടുത്താണ് ഹൈക്ക്.
സംസാരിച്ച കൂട്ടത്തിൽ "ഇത് നിങ്ങളുടെ ജീവിതാഭിലാഷമായിരുന്നോ?" എന്ന് അവരുടെ ആത്മാഭിമാനത്തിൽ പങ്കു ചേരാണെന്നവിധം വിസ്മയപൂർവ്വം ചോദിച്ചു..
അവർ പറഞ്ഞ മറുപടി നമ്മളൊക്കെ പുരപ്പുരത്ത് കയറിനിന്ന് കൂകി വിളിച്ച് പറയേണ്ടതാണ് ..
"Kids, Don't be silly; അടുത്തവർഷം ഞാൻ നടത്താനിരിക്കുന്ന കിളിമഞ്ചാരോ സമ്മിറ്റിനുള്ള പ്രാക്ടീസാണ് ഇത് " !!!
കാച്ചെണ്ണയിൽ കുളിച്ച്, തുളസി കതിര് ചൂടി സന്ധ്യാനാമം ചൊല്ലിയാലൊന്നും ഇമ്മാതിരി പോസറ്റീവ് എനർജി കിട്ടില്ല ചങ്ങാതിമാരേ .. !
കൂടുതലായൊന്നും പറയാനില്ലല്ലോ; 'അമ്മൂമ്മ' പുഞ്ചിരിച്ച് പാലത്തിലൂടെ കടന്ന് പോയി, ഞങ്ങൾ മുകളിലേക്കും ..
മുൻപ് വായിച്ച 'യൂഷീരോ മിയൂര' യുടെ കഥ ഓർമ്മവന്നു 23 മെയ് 2013 ന് ജപ്പാൻ സ്വദേശിയായ അദ്ദേഹം രണ്ടാമത്തെ വട്ടം എവറസ്റ്റ് കീഴടക്കുമ്പോൾ പ്രായം ജസ്റ്റ് എൺപത് വയസ്സുകൾ !!
ജീനു മലക്കയിടുക്കിൽ ഒരു ഹോട്ട് സ്പ്രിങ്ങ് ഉണ്ട്, രണ്ട് മലകൾക്കിടയിലൂടെ നാല്പത്തിയഞ്ച് മിനിറ്റുകൾ താഴേക്ക് നടക്കണം .. തണുത്തു വിറച്ച്, പൊട്ടിത്തെറിച്ചൊഴുകുന്ന അരുവിയുടെ ഓരത്ത് മലയുടെ വശങ്ങളിലൂടെ ഒഴുകി വരുന്ന ചൂട് വെള്ളം !!
പരിസരം കാടിന്റെയും തല്ലിചിതറുന്ന കാട്ടരുവിയുടെയും ആർദ്രമായ അന്തരീക്ഷമാകയാൽ ചുറ്റുനീരുറവയിൽ നിന്ന് സാന്ദ്രമായ നീരാവി പുകപോലെ പൊങ്ങിപറക്കുന്നത് വ്യക്തമായി കാണാം..
[ഹൈക്ക് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഞങ്ങൾ ആ ഹോട്ട് സ്പ്രിംഗിൽ കുളിച്ചു; ഒരാഴ്‌ച്ച ഹൈക്കിന്റെ ക്ഷീണം മുഴുവനും മാറ്റാൻ പര്യാപ്തമായ അനുഭൂതി! സമയമുണ്ടെങ്കിൽ എനിക്കതിൽ ഒരു ദിവസം മുഴുവൻ കിടക്കണമെന്നുണ്ടായിരുന്നു ]
മഴക്കാലത്ത് അരുവി, വശത്ത് കെട്ടിയ താത്കാലിക കരിങ്കല് പൂളിനും ചുടുനീരുറവക്കും മുകളിലൂടെ ഒഴുകും; ഓരോ കൊല്ലവും 'ചുടുവെള്ളകുളം' പുനർ നിർമ്മിക്കണം ..
നീരുറവയിലേക്ക് പോകുമ്പോൾ സർക്കാർ അതിലേക്കായി ഒരു നേരിയ തുക ചാർജ്ജ് ചെയ്യുന്നുണ്ട് ..
ജീനുവിൽ നിന്ന് നോക്കിയാൽ അങ്ങ് ദൂരെ വേറൊരു മലയിൽ 'ചാമ്രോങ്ങ്' കാണാം ജീനു സമുദ്ര നിരപ്പിൽ നിന്നും 1789 മീറ്റർ ഉയരത്തിലാണ് .. രാത്രിയാകുമ്പോഴേക്കും ചാംറോങ്ങ് പിടിക്കണം ..
വൈകുന്നേരം മൂന്ന് മണി കഴിയുമ്പോഴേക്കും കോടമഞ്ഞ് ഇരുട്ട് വീഴ്ത്തി തുടങ്ങും ...
ചാമ്രോങ്ങിൽ എത്തിയപ്പോഴേക്കും ഇരുട്ട് പരന്നു തുടങ്ങി; വല്ലാത്ത ക്ഷീണം, അന്തരീക്ഷ താപനില ഇപ്പോൾ പത്ത്ഡിഗ്രിക്ക് അടുത്താണ് രാത്രി പൂജ്യത്തിനടുത്താകും..
സമുദ്ര നിരപ്പിൽ നിന്ന് ഇപ്പോൾ ഉയരം 2710 മീറ്റർ ..
അവിടെ "ഹെവൻ വ്യൂ" എന്ന 'ടീ ഹൗസിൽ' റൂം ഒഴിവുണ്ട്, എ.ബി.സി ഹൈക്കിൽ ഓരോരോ സ്റ്റോപ്പിലും ഉള്ള ടീ ഹൗസുകളിൽ എല്ലാം ഒരേ മെനുവും വിഭവങ്ങൾക്ക് ഒരേ വിലയും ഒരേ മുറി വാടകയുമാണ് !
നേപ്പാൾ ടൂറിസം ഡിപ്പാർട്ടമെന്റ് വളരെ പ്രായോഗികമായാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ..
ഹെവൻവ്യൂ ടീ ഹൗസിന്റെ മുറ്റത്ത് നിന്നാൽ അങ്ങകലെ തൊപ്പിയണിഞ്ഞ 'മച്ചാപുച്ചറേ' കൊടുമുടി കാണാം. നേപ്പാളി ഭാഷയിൽ മച്ചാപുച്ചറേ എന്നാൽ മീനിന്റെ വാല് എന്നാണ് അർഥം! ഏഴായിരം മീറ്ററോളം ഉയരത്തിൽ കുത്തനെ ഉയർന്നുനിൽക്കുന്ന രണ്ട് സമ്മിറ്റുകൾ ചേർന്ന കൊടുമുടിയുടെ രൂപം മീൻ വാലിനോട് സാദൃശ്യം തോന്നുന്നതുകൊണ്ടാണ് ആ പേര് വീണത്; ഉയരത്തിൽ എവറസ്റ്റിനേക്കാൾ വളരെ ചെറുതായിട്ടുപോലും കൊടുമുടിയുടെ സമ്മിറ്റിൽ ഇതുവരെ മനുഷ്യൻ എത്തി ചേർന്നിട്ടില്ല. 1957ൽ ബ്രിട്ടീഷ് സാഹസികരായ ജിമ്മി റോബർട്ടും വിൽഫ്രഡ് നോയ്‌സും ചേർന്ന് നടത്തിയ ഒരേയൊരു പരിശ്രമം സമ്മിറ്റിന് കേവലം 150 മീറ്റർ താഴെ വച്ച് ഉപേക്ഷിക്കുകയായിരുന്നു.
ആ കൊടുമുടിയുടെ മുകളിലേക്ക് ഇനി ഒരു എക്സ്പഡിഷനും ശ്രമിക്കില്ല എന്ന് അവർ സർക്കാരിന് ഉറപ്പുനൽകി, എന്തോ വിശ്വാസപരമായ കാരണങ്ങളാൽ അതിനുശേഷം മച്ചാപുച്ചറേ പര്യവേഷണങ്ങൾക്ക് നേപ്പാൾ സർക്കാർ ഔദ്യോഗികമായി വിലക്കേർപ്പെടുത്തി .
ചോമ്രോങ്ങിനപ്പുറം സിൻവ വരെ ഗ്രിഡ് ഇലട്രിക് കണക്ടിവിറ്റിയുണ്ട് അത്കൊണ്ടുതന്നെ ഇവിടുത്തെ ടീ ഹൗസുകളിൽ സൗജന്യമായി മൊബൈലും ക്യാമറകളുമെല്ലാം ചാർജ്ജ് ചെയ്യാമെന്ന് ഹോസ്റ്റൽ നടത്തിപ്പുകാരി പെൺകുട്ടി പറഞ്ഞു .
അവൾ പൊഖറയിൽ ബിസിനസ്സ് മാനേജ്‌മെന്റ് പഠിക്കുകയാണ്, ദാഷിയാൻ അവധി ആയതിനാൽ ടീ ഹൌസിൽ വന്നിരിക്കുന്നു. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേത് പോലെ സ്ത്രീകളാണ് നേപ്പാളിലും കായികാധ്വാനം അധികം വേണ്ടാത്ത പല പ്രധാന തൊഴിലുകളും ചെയ്യുന്നത് .
പ്രസരിപ്പും ഹാസ്യ ബോധവുമുള്ള മനുഷ്യർ; കുഞ്ഞു കണ്ണുകളിലെ സന്തോഷങ്ങളെ നമുക്ക് ബോധ്യപ്പെടുത്തതാണെന്നവണ്ണം മുഖം മുഴുവനും പരക്കുന്ന ഭംഗിയുള്ള പുഞ്ചിരികൾ !
വൃത്തിയുള്ള ഭക്ഷണം; ചൂട് വെള്ളത്തിൽ* സമൃദ്ധമായ കുളി (*ചൂട് വെള്ളത്തിന് പ്രത്യേകം പണം നൽകണം) രാത്രി സുഖമായി ഉറങ്ങി!
രാവിലെ മഞ്ഞൊഴിഞ്ഞപ്പോൾ താഴെ ഞങ്ങളിന്നലെ കടന്നു വന്ന ജിനുവിലെ നൂൽപ്പാലവും വെള്ളി നൂല് പോലെ വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴയും! മേലെ, അങ്ങ് ദൂരെ മച്ചാപുച്ചറേയുടെ മുകളിലെ ഹിമപാളികളിൽ പ്രഭാത കിരണങ്ങൾ സ്വർണ്ണം ഉരുക്കി ഒഴിച്ചിരിക്കുന്നു !
ചോംറോങ്ങിലെ ചെക്ക്ഇൻ ഓഫീസിൽ ഹൈക്ക് ട്രാക്കിങ്ങ് കാർഡ് രെജിസ്റ്റർ ചെയ്ത് ഇനിയുള്ള വഴിയുടെ ഒരു ഹാൻഡ് മാപ്പും വാങ്ങി ഞങ്ങൾ വീണ്ടും നടന്നു തുടങ്ങി ...
പുറകിലെ കുട്ടയിൽ സിൻവയിലെ ഹൈക്കേഴ്‌സ് ലോഡ്ജുകളിലേക്കുള്ള സാധന സാമഗ്രികളുമായി ഷെർപ്പകൾ ഞങ്ങളെ കടന്ന് പോകുന്നു ...
അവരുടെ കീശകളിലെ കുഞ്ഞു മൊബൈലുകൾ നേപ്പാളീ ഗ്രാമ്യ സംഗീതമൊഴുകുന്നു ...
പാതയുടെ പാട്ട് .... !
തുടരും ..
സ്നേഹപൂർവ്വം
കിരൺ കണ്ണൻ
![]() |
Posted . November 1, 2018























അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ