മാഡിയുടെ പരീക്ഷണങ്ങൾ !

മാഡിയുടെ പരീക്ഷണങ്ങൾ !

സ്വിറ്റ്സർലാന്റിലെ യൂണിവേഴ്സിറ്റി ഓഫ് ബേണിൽ കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ നാശവും പഠിക്കുന്നതിനായി 'ടെറസ്ട്രിയൽ എക്കോളജി ഡിവിഷൻ' എന്നൊരു ഗവേഷണ വിഭാഗമുണ്ട് , അതിന് നേതൃത്യം കൊടുക്കുന്നത് ഡോക്ടർ മാധവ് . പി . താക്കൂർ എന്ന ഗവേഷകനാണ്.
ഈ കഴിഞ്ഞ ദിവസം കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ഒരു ഓൺലൈൻ സെഷനിൽ എനിക്ക് പങ്കെടുക്കാൻ സാധിച്ചു...
കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ഭൂമിയിലെ ജൈവസമ്പത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നറിയാമല്ലോ...
ആഗോള താപനം പല ജീവജാലങ്ങളെയും പല രീതിയിലാണ് ബാധിക്കുന്നത് ..
ഒരു പ്രദേശത്തെ അന്തരീക്ഷ താപം, ആർദ്രത എന്നീ ഭൗതിക ഘടകങ്ങളിലൊക്കെ മാറ്റങ്ങളുണ്ടാകുമ്പോൾ അത് അവിടുത്തെ സസ്യങ്ങളെയും മറ്റു ജീവികളെയുമെല്ലാം കാര്യമായി ബാധിക്കും.
ചില സാഹചര്യങ്ങളിൽ ജീവികൾ ചത്തൊടുങ്ങും, സ്പീഷീസുകളുടെ കുലം മുടിയും .. ചില ജീവികൾ പെരുകും .. !!
പാരിസ്ഥിതിക സംതുലനം ആകെ കീഴ്മേൽ മറിയും ...
മനുഷ്യന് അവൻ ജീവിക്കുന്ന പരിസ്ഥിതിയിലെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന ഇത്തരം തകിടം മറിച്ചിലുകളോട് അത്ര എളുപ്പത്തിലൊന്നും പൊരുത്തപ്പെടാനാകില്ല ....
മാത്രമല്ല ജീവികളുടെ പെരുകലിനും മുടിയലിനുമിടയിൽ ഭൂമി എന്ന വലിയ ക്യാൻവാസിലെ ചിത്രം അത്രമേൽ ആശാവാഹവുമല്ല ...
Biodiversity Net Gain എന്നൊരു സംഗതിയുണ്ട് ! ഒരു നിശ്ചിത കാലയളവിൽ ഭൂമിയിലെ മൊത്തം സ്പീഷീസുകളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസത്തെ സൂചിപ്പിക്കുന്ന കണക്കാണ് ഇത് .
കഴിഞ്ഞ കുറെ നാളുകളായി ഈ സൂചിക നെഗറ്റീവിലാണ് ഓടിക്കൊണ്ടിരിക്കുന്നത്.
സ്പീസീസുകളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ് ഭൂമിയിൽ ....
അതായത്, പരിണാമത്തിലൂടെ പുതിയ ജീവി വർഗ്ഗങ്ങൾ ഉണ്ടാകുന്നതിനെക്കാൾ വേഗതയിൽ ഭൂമിയിൽ ജീവ വർഗ്ഗങ്ങൾക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു.
നിലനിൽക്കുന്ന സ്പീഷീസുകളിൽ അംഗസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്നു...
പല പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം , ജീവികളുടെ ആവാസ മേഖല മനുഷ്യരുടെ അനിയന്ത്രിതമായ ഭൗമചൂഷണം കൊണ്ട് നഷ്ടമാകുന്നുണ്ട് , പിന്നെ മലിനീകരണം , കാലാവസ്ഥാ വ്യതിയാനം...
ഇതിൽ കാലാവസ്ഥാ വ്യതിയാനം തന്നെ പല കാരണങ്ങൾകൊണ്ട് സംഭവിക്കുന്നുണ്ട് ..
ശാസ്ത്ര ലോകം എന്ത്കൊണ്ട്, എങ്ങിനെ എന്നുള്ള പഠനങ്ങൾ ലോകമെമ്പാടും നടത്തുന്നുണ്ട്...
സ്വിസ്സ് യൂണിവേസിറ്റി ഓഫ് ബേണിലെ മാഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡോക്ടർ മാധവ് താക്കൂർ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക മാറ്റങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രവചനാത്മകമായി പഠിക്കുകയാണ് !
എന്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ പഠനരീതി ( Methodology of Study ) എനിക്ക് ഒരുപാട് ഇഷ്‌ടമായത് എന്ന് പറയാം . .
കഴിഞ്ഞ അരനൂറ്റാണ്ടിലെയെങ്കിലുമായുള്ള പാരിസ്ഥിതിക താപനിലയുടെ ഏറെക്കുറെ കൃത്യമായ ഡാറ്റാ നമ്മുടെയൊക്കെ കൈകളിലുണ്ട്. എന്നാൽ ഈ താപനിലയിലെ വ്യത്യാസങ്ങൾ ജൈവപരിസ്ഥിതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത് എന്ന് കൃത്യമായി നമുക്ക് പഠിക്കാനും രേഖപ്പെടുത്താനും കഴിഞ്ഞിട്ടില്ല ..
പലപ്പോഴും ഒരു ജീവിവർഗം വംശനാശം സംഭവിച്ചു കഴിഞ്ഞിട്ട് പോലുമാണ് നമ്മൾ അറിയുന്നത് തന്നെ ...
പക്ഷികൾ, മൃഗങ്ങൾ, ഉരഗങ്ങൾ, ശലഭങ്ങൾ എന്നിവയുടെയല്ലാം പോപ്പുലേഷനിലെ മാറ്റങ്ങൾ കുറച്ചൂടെ എളുപ്പത്തിൽ മനുഷ്യന്റെ ശ്രദ്ധയിൽ പെടും .. പക്ഷെ നമ്മൾ അധികം ശ്രദ്ധിക്കാത്ത ബാക്ടീരിയകൾക്കും മറ്റ് സൂഷ്മജീവികൾക്കുമെല്ലാം ഭൗമ താപനം കൊണ്ട് എന്താണ് സംഭവിക്കുന്നത് ??
ലഭ്യമായ ഡാറ്റാ വച്ച് കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെയും മറ്റും പ്രവചനാത്മകമായി പഠിച്ചെടുക്കാൻ നിർഭാഗ്യവശാൽ നമ്മുടെ പക്കലുള്ള വിവര ശേഖരം പോരാതെവരും...
ഇവിടെയാണ് മാഡിയുടെ റിസർച്ച് ഫീൽഡ് ശ്രദ്ധേയമാക്കുന്നത് ....
അവിടെ കൃത്യമായി ആർദ്രതയും താപവും നിയന്ത്രിക്കാനാകുന്ന നാൽപതോളം 'ക്യൂബിക്കിളുകളാണ്' ഉള്ളത് ...
ഓരോ യൂണിറ്റുകളിലും മണ്ണിനടിയിലും വെളിയിലുമായി അനേകം ജീവികളുടെ സങ്കീർണ്ണവും സസൂഷ്മവുമായ ആവാസ വ്യവസ്ഥ ഒരുക്കിയിരിക്കുന്നു ..
ജീവികളുടെ ഭൂഖണ്ഡാന്തര റേഞ്ച് എക്സ്റ്റൻഷനും മറ്റും പഠിക്കാൻ യൂണിറ്റുകളിൽ പല നാടുകളിൽ നിന്നുള്ള സ്പീഷീസുകളെ ഒരുമിച്ച് വളർത്തി നോക്കുന്നു , ക്രമമായി താപനില ഉയർത്തിക്കൊണ്ടു വരുന്നു ..
ഇനി ഒരു നൂറുകൊല്ലത്തേക്കുള്ള ഭൗമ താപനിലയുടെ സിമുലേഷൻ ആണ് മാഡിയുടെ ഫീൽഡിലെ ജൈവ യൂണിറ്റുകളിൽ പലതിലും നടക്കുന്നത് .. !!
ഭൂമിയിൽ ഒരു പ്രദേശത്ത് ശരാശരി താപനില 5 ഡിഗ്രീ വർധിച്ചാൽ അതിനോട് ജീവജാലങ്ങൾ എങ്ങിനെ പ്രതികരിക്കും എന്നു ജൈവ സന്തുലനത്തെ എങ്ങിനെ ബാധിക്കും എന്ന് കൃത്യമായി പ്രവചിക്കാൻ ഈ പ്രോജക്റ്റ് മുന്നോട് പോകുന്നതോടെ അദ്ദേഹത്തിന്റെ ഗവേഷണ വിഭാഗത്തിന് കഴിയും എന്നാണ് കണക്ക് കൂട്ടുന്നത് !!
പരിസ്ഥിതി നിരീക്ഷണത്തിനായി നമുക്കൊന്ന് തൊടിയിലേക്കിറങ്ങി നോക്കിയാലോ ?? എന്തൊക്കെ ജീവികളെ കാണും ?? പക്ഷികൾ, ശലഭങ്ങൾ, പ്രാണികൾ, ഇഴജന്തുക്കൾ, ചെടികൾ പൂക്കൾ ..
ഒരു കാര്യമറിയാമോ, നമ്മൾ എന്നും കൗതുകത്തോടെ നിരീക്ഷിക്കുന്ന ജീവികൾക്ക് പുറമെ നമ്മുടെ കണ്ണുകളിൽ നിന്നും അദൃശ്യമായി ഒട്ടനവധി ജീവികളുണ്ട് ..
അവയിൽ കൂടുതലും മണ്ണിനടിയിലാണ് ..
ഒരുപാടെണ്ണം സൂഷ്മജീവികളാണ്, നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകില്ല .
സൂഷ്മജീവികളുടെ പോപ്പുലേഷനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ജൈവ പരിസ്ഥിതിയെ വളരെ കാര്യമായി ബാധിക്കും ...
അവിടെ ഇരകളും വേട്ടക്കാരുമുണ്ട് ...
മണ്ണിനടിയിൽ ഒരു ലോകം, മണ്ണിന് വെളിയിൽ മറ്റൊരു ലോകം ....!
ലോകത്ത് ഇന്ന് നടക്കുന്ന ഇക്കോളജി ഗവേഷണങ്ങളിൽ ഏറ്റവും ശ്രദ്ധനേടുന്ന ഒന്നായി മാധവ് താക്കൂറിന്റെ പഠനം ഇതിനകം മാറിക്കഴിഞ്ഞു. !!
ഇത് വരെ നേരിൽ കണ്ടിട്ടില്ലാത്ത ഫെയ്‌സ്ബുക്ക് സ്നേഹിതനായ അർജുൻ CP ആണ് എനിക്ക് ഓൺലൈൻ സെഷനിലേക്കുള്ള ഇൻവിറ്റേഷൻ എൻട്രി തന്നത് .... !
അർജുൻ പകർത്തിയ അപൂർവമായ ഭൂഗർഭ മത്സ്യത്തിന്റെ ചിത്രം സാക്ഷാൽ ലിയോനാർഡോ ഡികാപ്രിയോ ട്വീറ്റ് ചെയ്ത് മാരക ഫെയ്‌മസ് ആയ കാര്യം ഓർമ്മയില്ലേ ?? അതേ അർജുൻ !
മാഡിയുടെ റിസർച്ച് ഫീൽഡിൽ നിശ്‌ചിതമായ ഇടവേളകളിൽ ജീവികളുടെയും സസ്യങ്ങളുടെയുമെല്ലാം സ്ഥിതി വിവരകണക്കുകളും വളർച്ചയും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട് ..
ശ്രമകരമായ പണിയാണ് ഇത്; .. മാധവ് താക്കൂറും ബേണിലെ റിസേർച്ച് അസിസ്റ്റന്റുമാരും റിസേർച്ച് ഇന്റേൺമാരുമെല്ലാം ചേർന്ന് ഒരുമിച്ചാണ് അത് ചെയ്യുക, 'ഹാർവെസ്റ്റിങ്ങ്' എന്നാണ് റിസർച്ച് ഫീൽഡിലെ ഈ നാച്ചുറൽ ഡാറ്റാ റെക്കോഡിങ്ങിന് അവരിട്ട പേര് .
കഴിഞ്ഞ രണ്ട് മാസങ്ങളായി കേരളത്തിലെ വയനാട്ടിൽ നിന്ന് ഒരു കുഞ്ഞനിയത്തി ലോകം ഉറ്റുനോക്കി കൊണ്ടിരിക്കുന്ന മാഡിയുടെ റിസർച്ച് ഫീൽഡിൽ പണിയെടുക്കുന്നുണ്ട് !!
സർവകലാശാലയുടെ സ്കോളർഷിപ്പോട് കൂടിയാണ് ലക്ഷ്മി നിരഞ്ജന മൂന്ന് മാസത്തെ ഇന്റേഷിപ്പിൽ സ്വിറ്റ്സർലാന്റിലെ യൂണിവേഴ്സിറ്റി ഓഫ് ബേണിൽ എത്തിപ്പെട്ടത് !!!
നമ്മുടെ മുരളി ചേട്ടനാണ് സ്വിറ്റ്സർലാന്റിൽ ഒരു കുടുംബത്തോടൊപ്പം നിരഞ്ജനക്ക് പേയിങ്ങ് ഗസ്റ്റ് ആയി താമസമൊക്കെ ഒരുക്കിയത് എന്ന് നിരഞ്ജന പറഞ്ഞു !
ഓഗസ്റ്റിൽ നാട്ടിൽ പോയപ്പോൾ അർജുൻ, നിരഞ്ജനക്ക് എന്നെ പരിചയപ്പെടണം എന്നും, യൂണിവേഴ്സിറ്റിയിലേക്ക് പോകും മുന്പേ ബയോസ്ഫിയറുകളെ കുറിച്ച് മനസ്സിലാക്കണം എന്നും പറഞ്ഞിരുന്നതാണ്.
അന്ന് അത് നടക്കാതിരുന്നത് നന്നായി ..
മാധവ് താക്കൂറിന്റെ സെഷൻ കഴിഞ്ഞ് ആ റിസർച്ചിനെ കുറിച്ചൊക്കെ ഓർത്ത് കൊതിപിടിച്ചിരിക്കുമ്പോഴാണ് അർജുനും, നിരഞ്ജനയും ഗോപികയുമെല്ലാം ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ സന്ദേശമിടുന്നത്!! പറയാൻ മറന്നു.. ഗോപിക ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോ ഗ്രാഫിയിൽ പി.എച്.ഡി ചെയ്യുന്നു.
എല്ലാരും എന്റെ ഫെയ്‌സ്ബുക്ക് സൗഹൃദങ്ങൾ !!
ജൈവബോധമുള്ള ; പരിസ്ഥിതിയെ കരുതുന്ന ഗവേഷണ വിദ്യാർഥികൾ ...
സെഷൻ കഴിഞ്ഞ് ഒരുവിലത്തെ Q&A സെഷനിൽ ഞാൻ വീട്ടിൽ വളർത്തുന്ന ബയോസ്ഫിയറുകളിൽ നിന്നും ശേഖരിച്ച പല നിരീക്ഷണങ്ങളും അദ്ദേഹത്തോട് പങ്കുവച്ചു !
ആശ്ചര്യകരമെന്ന് തന്നെ പറയട്ടെ.
എന്റെ വീട്ടിലെ സ്‌പടികഗോളങ്ങളിൽ ഞാൻ നിരീക്ഷിച്ച ഒട്ടൊരുവിധം കാര്യങ്ങളും മാധവ് താക്കൂർ അദ്ദേഹത്തിന്റെ റിസർച്ച് ഫീല്ഡിലും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് ..
സെഷന്റെ അവസാനം ചോദ്യോത്തരവേളയിൽ അതിതാപനത്തിൽ ചെടികളെല്ലാം നശിച്ചുപോയിട്ടും പെരുകുന്ന സ്പ്രിങ്ങ്ടൈൽസ് (Collembola) എന്ന ജീവികളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ റിസേർച്ച് ഫീല്ഡിലും സമാനമായ നിരീക്ഷണം തന്നെ നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞു. പാതി മണ്ണിന് മുകളിലും പാതിജീവിതം മണ്ണിനടിയിലും ജീവിക്കുന്ന Collembola പോലുള്ള സ്പീഷീസുകൾക്ക് അതിതാപനത്തിൽ കുറെ നാള് കൂടെയൊക്കെ പിടിച്ചു നിൽക്കാൻ പറ്റുമത്രെ ! എന്റേത് പൂർണ്ണമായും അടഞ്ഞ സിസ്റ്റങ്ങൾ ആയതുകൊണ്ട് സിസ്‌റ്റത്തിനുള്ളിലെ ജീവനഷ്ടം സംഭവിക്കുന്നവയുടെ ജൈവാവാശിഷ്ടങ്ങൾ Collembola ക്ക് ന്യൂട്രീഷ്യസ് ഫുഡ് ആയി ഭവിക്കുന്നതുകൊണ്ടും എക്കോസിസ്റ്റത്തിന്റെ തകർച്ചയിലും അവ കുറെ നാൾ കൂടി പെരുകുന്നത് അദ്ദേഹത്തിന്റെ റിസേർച്ച് ഫീല്ഡിലും രേഖപ്പെടുത്തിയിട്ടുണ്ട് !!!
~~~~~~~
നാലഞ്ച് വർഷങ്ങൾക്ക് മുൻപേ ഞാൻ ക്ലോസ്ഡ്‌ ടെറിയങ്ങൾ നിർമ്മിച്ചു തുടങ്ങിയ നാൾ മുതലേ ചില്ല് കൂട്ടുകൾക്കുള്ളിലെ സങ്കീർണ്ണമായ ജൈവ വ്യവസ്ഥയെയും ഭൗതിക സാഹചര്യങ്ങളെയും ശാസ്ത്രീയമായി പഠിച്ചെടുക്കാനാണ് ശ്രമിച്ചിട്ടുള്ളത് ...
ഓരോരോ സ്പടിക പാത്രങ്ങളും ഓരോരോ ജൈവ വ്യവസ്ഥകളാണ് ... ! താപം, മർദ്ദം, ആർദ്രത, വെളിച്ചം, സ്പീഷീസുകളുടെ കോമ്പിനേഷൻ എന്നിവയിലെല്ലാം ഞാൻ മാറ്റങ്ങൾ വരുത്തി നോക്കാറുണ്ട്.
ബയോസ്ഫിയർ നിർമ്മിതി 'ഉദ്യാനകല' എന്ന നിലയിൽ ഞാൻ ഒരിക്കലും ആസ്വദിച്ചിട്ടില്ല ....
എനിക്ക് അവയോരോന്നും ഓരോ കുഞ്ഞു ഭൂമികളായിരുന്നു... പുറമെ നിന്ന് പ്രകാശം മാത്രം സ്വീകരിച്ച് വളരുന്ന കുഞ്ഞു ഭൂമികൾ ! മണ്ണിന് കീഴെയും മുകളിലൂമായി സൂഷ്മവും സ്ഥൂലവുമായ അനേകം ജീവനുകൾ ....ജനനം... മരണം .....
ചെടിയിലകളിലൂടെ സംഭരിച്ച ഊർജ്ജത്തിന്റെ താഴേക്കുള്ള ഒഴുക്ക് ... ...
നാളെയൊരിക്കൽ ഭൂമിക്ക് പുറത്ത് മനുഷ്യകുലം അവരുടെ ആദ്യത്തെ ബയോസ്ഫിയറുണ്ടാക്കും ....
മാനവ ചരിത്രത്തിലെ ആദ്യത്തെ ഗോളാന്തര ദേശാടനത്തിന് അത് വേദിയാകും.
കാത്തിരിക്കുക തന്നെ !!
എനിക്ക് ഒരു ദിവസം മാഡിയുടെ ഗവേഷണ ഇടങ്ങൾ കാണാൻ പോണം .....
അവിടെ പശ്ചിമഘട്ടത്തിലെ ചെടികളും മോസും, ഫേണുകളും, ഞാഞ്ഞൂലും തേരട്ടയുമെല്ലാമുള്ള വലിയൊരു ടെറേറിയം ഉണ്ടാക്കി വയ്ക്കണം .....
സ്നേഹപൂർവം : കിരൺ കണ്ണൻ


Link to Facebook Post
Link to Malayala Manorama Daily
Posted on Nov 2, 2023

അഭിപ്രായങ്ങള്‍