~ പശ്ചിമഘട്ടം Part 4 ~
"കുറിഞ്ഞിയും കണ്ണാന്തളിയും പൂവിടുന്നതിന് മുന്നൊരു കാലം.!"
കുഞ്ഞുനാളിലെ ഓർമ്മകൾക്ക് എന്ത് മധുരമാണല്ലേ .. !!
കളിനാടകങ്ങളിൽ ഞങ്ങളുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിക്ക് വനദേവതയാകാൻ ഒരുപാട് ഇഷ്ടമായിരുന്നു..
കളിക്കൂട്ടത്തിലെ ഏതൊരു റോൾ പ്ലേയിലും എന്നും വനദേവത തിളങ്ങുന്ന കണ്ണുകളുള്ള ആ കുഞ്ഞുപെണ്ണ് തന്നെ... !
കാട്ടുവള്ളികൾ വളച്ചു കെട്ടി കിരീടമുണ്ടാക്കും ...
അതിലേക്ക് പൂക്കൾ തപ്പി ഞങ്ങളല്ലാരും ഉത്സാഹത്തോടെ പറമ്പിലേക്കും കാട്ടുപൊന്തകളിലേക്കും ഓടും ....
നൂറു നൂറു പൂവുകൾ !!
പല നിറങ്ങൾ, ചെറുത്, വലുത് ..
സ്നിഗ്ദ സുഗന്ധങ്ങൾ ... !!!
ഇലഞ്ഞിപൂക്കൾ കോർത്തത് കയ്യിൽ ചുറ്റും.
വലത്തെ ചെവിയിൽ വലിയൊരു പാലപ്പൂവ് വയ്ക്കും ...
ചെമ്പരുത്തി പൂക്കൾ ഇതളുകൾ അടർത്താതെ മാലകോർത്ത് കഴുത്തിലിടും..
സ്വർണ്ണ നക്ഷത്രങ്ങളെപ്പോലെയുള്ള ഒരിനം കുഞ്ഞു പൂക്കളുണ്ട്!, അത് കോർത്ത് പാദസ്വരങ്ങളുണ്ടാക്കും !!
അവളുടെ വിടർന്ന കണ്ണുകളിലെ ചന്തമാർന്ന സന്തോഷതിളക്കം ഇന്നുമന്റെ ഓർമ്മയിലുണ്ട് ...
നമ്മുടെ നാട്ടിൽ എത്രമാത്രം പൂക്കളാണ് !
ഈ ഭൂമിയിൽ പൂക്കൾ പുഞ്ചിരിച്ചു തുടങ്ങിയിട്ട് എത്രനാളായിരിക്കും എന്നറിയാമോ ??
നിലവിലുള്ള ഫോസിൽ തെളിവുകൾ പ്രകാരം 'ഏകദേശം' 135 ദശലക്ഷം വർഷങ്ങൾക്ക് മുന്നാണ് പ്രാകൃതമായ സപുഷ്പി സസ്യങ്ങൾ (Angiosperms ) ഭൂമിയിൽ ആദ്യമായി പരിണമിച്ചുണ്ടായത് ..
സുഗന്ധികളല്ലാത്ത, വർണ്ണവിസ്മയങ്ങൾ വിടർത്താത്ത, മധു കിനിയാത്ത, പ്രാചീന സപുഷ്പ്പികൾ ..
വിശ്വസിച്ചാലും ഇല്ലെങ്കിലും പുഷ്പങ്ങളോ ചെടികളോ അല്ല പ്രാചീന സപുഷ്പികളുടെ ഫോസിൽ തെളിവുകൾ, മറിച്ച് പൂമ്പൊടിയുടെ ഫോസിലുകളാണ് !!!!
ഇച്ചിരിക്കോളം പോന്ന പൂമ്പൊടിക്ക് നൂറ്റിനാല്പത് ദശലക്ഷം വര്ഷങ്ങൾക്കിപ്പുറം ഫോസിൽ തെളിവുകൾ ആകാൻ പറ്റുമോ എന്ന് അതിശയം തോന്നുന്നുണ്ടാവും അല്ലെ ...
പൂമ്പൊടിയിൽ സസ്യബീജത്തിനെ പൊതിഞ്ഞ് 'സ്പോറോപോളിനിൻ' (sporopollenin) എന്നൊരു സംരക്ഷണ കവചമുണ്ട് .. രസതന്ത്രജ്ഞർക്ക് ഇതേവരെ പൂർണ്ണമായും മനസ്സിലാക്കിയെടുക്കാൻ കഴിയാത്ത അതി സങ്കീർണ്ണമായ ഒരു ബയോ പോളിമർ സംയുക്തമാണ് സ്പോറോപോളിനിൻ !
ജീവികൾ ഉത്പാദിപ്പിക്കുന്നതിൽ ഏറ്റവും രസനിഷ്ക്രിയമായ ( inert ) പദാർത്ഥം !
ആസിഡുകളോടും ആൽകലികളോടും, ഓക്സിജനോടും, അൾട്രാവയലറ്റ് രശ്മികളോടും പോലും പ്രതിപ്രവർത്തിക്കാത്ത ഈ പദാർത്ഥമാണ് പോളൻ ഫോസിലുകൾ ശതലക്ഷക്കണക്കിന് വർഷങ്ങൾക്ക് ഇപ്പുറവും സംരക്ഷിച്ചു നിര്ത്തുന്നത്.
ഫോസിൽ പഠനത്തിൽ തന്നെ പാലിയനോളജി (palynology) എന്നൊരു പ്രത്യേക പഠനശാഖ തന്നെ ഇത്തരം മൈക്രോ ഫോസിലുകളെ പഠിക്കാനായി രൂപപ്പെട്ടിട്ടുണ്ട് !
സപുഷ്പികളായ സസ്യങ്ങൾക്ക് 140 ദശലക്ഷം വർഷത്തെ പരിണാമ ചരിത്രമുണ്ടെങ്കിലും നമ്മളിന്ന് കാണുന്ന മനോഹരമായ പുഷ്പിക സസ്യങ്ങളുടെ മഹാവൈവിധ്യങ്ങൾ പരിണമിച്ചുണ്ടാവുന്നത് ഏകദേശം അറുപത്തിയാറു ദശലക്ഷം വർഷങ്ങൾക്ക് ഇപ്പുറം മാത്രമാണ് !
അറുപത്തിയാറു മുതൽ അറുപത്തിയഞ്ച് ദശലക്ഷം വർഷങ്ങൾക്കിടയിൽ സെൻട്രൽ ഇന്ത്യയിലെ ഡക്കാൻ ലാവാപ്രവാഹവും, ഏതാണ്ട് അതേസമയത്ത്തന്നെ മെക്സിക്കോയിലെ യൂക്കാതാൻ ഉപദ്വീപിൽ ( Yucatán Peninsula ) വലിയൊരു ഉൽക്കാശില വീണുണ്ടായ മഹാവിസ്ഫോടനവും ചേർന്ന് ആ കാലത്ത് ഭൂമിയിലുണ്ടായിരുന്ന ജൈവ വൈവിധ്യത്തിന്റെ 75 ശതമാനവും നശിച്ചുപോയിരുന്നു ..
ഏകദേശം 252 ദശലക്ഷം വർഷങ്ങൾ മുതൽ 66 ദശലക്ഷം വർഷങ്ങൾ മുൻപ് വരെയുള്ള സുദീർഘമായ കാലഘട്ടത്തിലെ മെസ്സോസോയെക്ക് ഇറയിലെട്രയാസിക്, ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടങ്ങൾ മുഴുവനും അതിജീവിച്ച, അന്നോളം ഭൂമി അടക്കിവാണിരുന്ന ദിനോസറുകളുടെ പ്രൗഢഗംഭീരമായ വംശവൈവിധ്യങ്ങൾക്ക് ഇതോടെ അവസാനമായി.
ലാവാപ്രവാഹത്തിനൊപ്പമുള്ള പുകപടലങ്ങളും, ഉൽക്കാ വിസ്ഫോടനത്തിന്റെ ഫലമായുണ്ടായ ധൂളികളും ഭൗമോപരിതലത്തിലേക്കുള്ള സൂര്യപ്രകാശത്തിനെ തടഞ്ഞത് മൂലം ഭൂമിയിൽ ഇതേകാലത്ത് തന്നെ പന്നൽ സസ്സ്യങ്ങളുടേയും നഗ്നബീജസസ്യങ്ങളുടെയും (Ferns & Gymnosperms) കൂട്ടാനാശം സംഭവിച്ചു..
ഭൂമി ശാന്തമായതോടെ മരങ്ങളും ജീവികളും നശിച്ചു വീണ ജൈവ പിണ്ഡങ്ങൾ ഒരു പുതിയ ആവാസ വ്യവസ്ഥയുടെ വേദികയായി മാറി. അതിജീവനത്തിന് പ്രകാശ സംശ്ലേഷണം ആവശ്യമില്ലാത്ത ഫംഗസ്സുകൾ, ബാക്ടീരിയങ്ങൾ എന്നിങ്ങനെയുള്ള വിഘാടകർ പെരുകിയ കാലം ...
ഭൂമിയിലാകെ ഊർവ്വരമായ മണ്ണ് !
പതിയെ മാനം തെളിഞ്ഞു... !
ഓരോ മേട്ടിലും താഴ്‌വാരങ്ങളിലും സൂര്യവെളിച്ചം തെളിമയോടെ പതിച്ചു .. !!
ഭൂമിയിലെ ദുരന്ത കാലത്തിന് ശേഷമുള്ള സൂര്യ ചൈതന്യത്തിൽ ജീവ വൈവിധ്യത്തിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടായി !!
പുഷ്പിക്കാത്ത വൃക്ഷങ്ങൾക്കും ഫേണുകൾക്കും പകരം സപുഷ്പികളായ സസ്യങ്ങൾ പുതിയ ഭൂമി കീഴടക്കി, തമ്മിൽ തമ്മിൽ മത്സരിച്ച് പരിണമിച്ച് പെരുകി, പല പല സസ്യസ്പീഷീസുകളായി..
നിറങ്ങൾ, സുഗന്ധം, തേൻ ... !
പശ്ചിമഘട്ടത്തിന്റെ ശരിയായ ജീവചൈതന്യം അവിടെയാണ് ആരംഭിക്കുന്നത്. മലനിറയെ പൂമരങ്ങൾ, പൂമെത്തകളായി മാറിയ പുൽമേടുകൾ ...
ചിത്രശലഭങ്ങളെന്ന പുതിയ ജീവിവർഗം പരിണമിച്ചുണ്ടായി .
ഏകാകികളായ തേനീച്ച സ്പീഷീസുകളിൽ നിന്ന് പരിണമിച്ച് ലക്ഷകണക്കിന് തേനീച്ചകൾ ഒരുമിച്ചു ജീവിക്കുന്ന സമൂഹ സ്പീഷീസുകളുണ്ടായി.
പൂന്തേൻ എന്ന സൂപ്പർ ഫുഡ്ഡുണ്ടായി ..
പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പറക്കുന്ന ശലഭങ്ങൾ, തേനീച്ചകൾ...
കൂടുതൽ പരാഗണം, കൂടുതൽ വിത്തുകൾ, കൂടുതൽ പൂച്ചെടികൾ, കൂടുതൽ പൂന്തേൻ....
പരാഗികളായ ശലഭങ്ങൾക്കും പ്രാണികൾക്കും കൂടുതൽ കൂടുതൽ ഭക്ഷണം , ഒരുപാട് കുഞ്ഞുങ്ങൾ . !!
ശലഭപുഴുക്കളുടെ ആക്രമണം, അവരെ ഇരതേടുന്ന മറ്റു ജീവികൾ, നമ്മുടെ പശ്ചിമഘട്ടം ഒരേസമയം അതി സങ്കീർണ്ണമായ പാരസ്പര്യത്തിന്റെയും മത്സരത്തിന്റെയും മേഖലയായി മാറി ..
ശലഭപുഴുക്കളും പ്രാണികളും ഭക്ഷിക്കാതിരിക്കാൻ സസ്യജനസ്സുകൾ അനേകം ആരോമാറ്റിക്ക് രാസസംയുക്തങ്ങൾ ഉത്പാദിപ്പിച്ചു, ഇലകളിൽ, മരത്തോലിൽ, പൂമൊട്ടുകളിൽ, വേരുകളിൽ ...
രസമുകുളങ്ങളിൽ കൊതിപിടിപ്പിക്കുന്ന ഭക്ഷ്യസുഗന്ധങ്ങളും രുചികളും നിറയ്ക്കുന്ന അനേകമനേകം സുഗന്ധവ്യഞ്ജനങ്ങൾ നമ്മുടെ കാടുകളിൽ നിറഞ്ഞു ..
ശലഭങ്ങളും പ്രാണികളും സസ്യങ്ങളും കിളികളും മറ്റു ജീവികളുമെല്ലാം പരസ്പരം മത്സരിച്ച് മത്സരിച്ച് അതിജീവനത്തിന്റെ സങ്കീർണ്ണമായ പരിണാമ വഴികളിലൂടെ അനേകം ജാതികളും ഉപജാതികളും വർഗ്ഗങ്ങളുമായി പിരിഞ്ഞു പടർന്നു.
പശ്ചിമഘട്ട മലനിരകൾ ബയോളജിക്കൽ ഹോട്ടസ്പോട്ട് ആയത് യാദൃശ്ചികമല്ല..
പശ്ചിമഘട്ടത്തിന്റെ കഥയിൽ മഴയും മണ്ണും കാറ്റുമെല്ലാമുണ്ട്.
പശ്ചിമഘട്ടത്തിന്റെ കഥ, നമ്മുടെ ഭൂമിയുടെ കഥകൂടിയാണ് ..
ഞാനീ ലേഖനത്തിൽ ഓരോന്ന് എഴുതി വയ്ക്കുന്നത്
ചുമ്മാ ഊഹങ്ങളും കെട്ടുകഥകളുമല്ല, വളരെ വ്യവസ്ഥാപിതമായി ശാസ്ത്ര സമൂഹം പഠിച്ചെടുത്ത അറിവുകളാണ് ...
പരിചിതമല്ലാത്തവർക്ക് ഒരുപക്ഷെ വിരസമായ വാക്കുകളാകാമെന്നിരിക്കിലും മുകളിൽ എഴുതിയ അറിവുകളെ നിർമ്മിച്ചെടുക്കാൻ ശാസ്ത്ര സമൂഹം ഉപയോഗിച്ച കുറച്ച് പഠന ശാഖകൾ കൂടെ പരിചയപ്പെടുത്തിയിട്ട് ഈ ലേഖനം അവസാനിപ്പിക്കാം ...
നിങ്ങളിൽ ആരെങ്കിലും 'പാലിയോ ക്ലൈമറ്റോളജി' എന്ന് കേട്ടിട്ടുണ്ടോ ??
ഭൂമേഖലകളുടെ പഴയകാലം തിട്ടപ്പെടുത്താനുള്ളൊരു മാർഗ്ഗമാണത്. പേര് സൂചിപ്പിക്കുന്നതുപോലെ പ്രാചീന കാലാവസ്ഥയുടെ ചരിത്രമറിഞ്ഞുള്ള ഭൗമ പഠനം.
ഈ പഠന ശാഖയുടെ ഒരു ഉപ വിഭാഗമാണ് ഡെൻട്രോക്ലൈമറ്റോളജി - നമ്മുടെ മരങ്ങളിലെല്ലാം വളർച്ചാവലയങ്ങൾ കണ്ടിട്ടില്ലേ ..
ഓരോ സീസണിലെയും വളർച്ചാവേഗതയിലെ വ്യത്യാസം കൊണ്ടുണ്ടാവുന്ന, മരത്തടിയിലെ വട്ടം വട്ടം വലയങ്ങൾ.. ! അതിവർഷമുണ്ടായ കാലത്ത് വീതികൂടി, വരൾച്ചാ കാലത്ത് വീതി കുറഞ്ഞ്...
മരം മുറിച്ചാൽ മരത്തിന്റെ ഏകദേശം പ്രായമൊക്കെ വളർച്ചാ വലയങ്ങൾ എണ്ണിനോക്കി പറയാം ..
കേവലം പത്തഞ്ഞൂറ് വർഷങ്ങൾ മാത്രം ആയുസ്സുള്ള മരങ്ങളുടെ വളർച്ചാ വലയങ്ങൾക്കൊണ്ട് ഭൗമചരിത്രത്തിനെ കുറിച്ച് വല്ലതും അറിയാൻ സാധിക്കുമോ ??
അതും സാധിക്കും, അത് പക്ഷേ പച്ചക്ക് മുറിച്ചിട്ട മരങ്ങളിൽ നിന്നല്ല മറിച്ച് മണ്ണിനടിയിൽ നിന്നുള്ള ഫോസിൽ മരങ്ങളിൽ നിന്നാണ്...
അതുപോലെ തന്നെയാണ് സെഡിമെന്ററി പാറകളും !
സ്ട്രാറ്റിഗ്രാഫി (Stratigraphy) അടുക്കുപാറകളെ പഠിച്ച് ഭൂമിയുടെ പ്രാചീന ചരിത്രം മനസ്സിലാക്കിയെടുക്കുന്ന ശാസ്ത്ര ശാഖയാണ് ഇത്, സ്ട്രാറ്റിഗ്രാഫിക്ക് പല ഉപവിഭാഗങ്ങളും ഉണ്ട്,
- കല്ലടരുകളുടെ രസതന്ത്രവും (Chemistry) ഭൗതികവും (Physics) പഠിക്കുന്ന ലിത്തോസ്ട്രാറ്റിഗ്രാഫി (Lithostratigraphy)
- പാറകളിലെ വ്യത്യസ്തമായ അടരുകളിൽ അകപ്പെട്ട ഫോസിലുകളും മറ്റ് ജൈവാവശിഷ്ടങ്ങളും പഠിച്ച് പാറകൾ രൂപപ്പെട്ട കാലവും, ആ സമയത്തെ ജൈവ സാനിധ്യവും മനസ്സിലാക്കി ഭൂമിയിലെ മറ്റ് പല മേഖലകളിലെയും അതേസമയത്തെ ജൈവ സാന്ദ്രതയും വൈവിധ്യവും താരതമ്യം ചെയ്ത് പഠിക്കുന്ന ശാസ്ത്ര ശാഖയായ ബയോസ്ട്രാറ്റിഗ്രാഫി (Biostratigraphy)
- പ്രധാനമായും ആറ്റോമിക പഠനങ്ങളിലൂടെ പാറകകളുടെ പ്രായം കൃത്യമായി നിർണയിച്ച് മനസ്സിലാക്കുന്ന ശാസ്ത്ര ശാഖയായ ക്രോണോസ്സ്ട്രാറ്റിഗ്രഫി (Chronostratigraphy)
കഴിഞ്ഞ ലേഖനത്തിൽ വിവിധ ശാസ്ത്ര ശാഖകൾ ഒന്ന് ചേർന്നുള്ള ഇൻറ്റഗ്രെറ്റഡ് സമീപനത്തെ കുറിച്ച് പറഞ്ഞിരുന്നത് ഓർക്കുന്നോ ?
കാലാവസ്ഥാമാറ്റങ്ങൾക്ക് അനുസരിച്ചുള്ള ജലമൊഴുക്ക്, കാറ്റ്, ലവണ നിക്ഷേപങ്ങൾ എന്നിവയെല്ലാം പല പല അടരുകളിലായി ഭൂമിയിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാവും പലതും ഉറച്ച് പാറകൾ ആയിട്ടുണ്ടാവും അവയിൽ വീണ്ടും മേറ്റമോർഫോസിസ് ( *രൂപാന്തരീകരണം ) സംഭവിച്ചിട്ടുണ്ടാവും.
പ്രത്യേകയിനം മിനറലുകളുള്ള സെഡിമെന്റേഷനിൽ താപം, മർദ്ധം, ആർദ്രത എന്നിവയ്ക്ക് ഒക്കെ അനുസരിച്ച് എന്തെല്ലാം രീതിയിലുള്ള മാറ്റങ്ങൾ വരാം എന്ന് നമുക്ക് അറിയാം . ( Chemistry & Physics )
ഇങ്ങനെയുള്ള അടുക്കു പാറകളിലെ സെഡിമെന്റ് ഡെപ്പോസിഷനുകളിൽ , ഊർവരമായ കാലത്തെ ജൈവാവാശിഷ്ടങ്ങളുടെ നിക്ഷേപങ്ങൾ കാണാം, കെട്ട കാലത്തെ ജൈവസാനിധ്യമില്ലാതെ നിശ്ശബ്ദതകൾ കേൾക്കാം..
ചുരുക്കി പറഞ്ഞാൽ കോടിക്കണക്കിന് വർഷങ്ങളുടെ ഭൗമ കാലാവസ്ഥാ വിവരങ്ങളുടെ സുരക്ഷിത നിക്ഷേപം .... !!
നമുക്ക് വീണ്ടും നമ്മുടെ പശ്ചിമ ഘട്ടത്തിന്റെ രൂപീകരണത്തിലേക്കും അതിന്റെ തെളിവുകളിലേക്കും വരാം. രണ്ട് ഭൂഖണ്ഡങ്ങളിലായി ഒരേ കാലാവസ്ഥാസൂചകങ്ങളായ സെഡിമെന്റേഷൻ പാളികളും ഒരേ ജൈവ വൈവിധ്യത്തിന്റെ ഫോസിൽ സാമ്യത്യകളും കണ്ടെത്തിയിട്ടുണ്ട്. .
പൈതൃക ജീനുകൾ പങ്കിടുന്ന ജീവനുള്ള തെളിവുകളുണ്ട് .. !!
മുൻപ് പറഞ്ഞപോലെ അനേകം അനേകം ഉപകഥകളുള്ള മഹാ ഇതിഹാസമാണിത്....
ഭൂമിയുടെ ചരിത്രം ജിയോളജിസ്റ്റുകൾ തനിച്ച് പാറപൊട്ടിച്ച് മനസ്സിലാക്കിയെടുക്കുന്നത് മാത്രമല്ല, ജൈവ ശാസ്ത്രജ്ഞരും, കെമിസ്റ്റുകളും, ഭൗതിക ശാസ്ത്രജ്ഞരും, പാലിയന്തോളജിസ്റ്റുകളും, മണ്ണ് കിളയ്ക്കുന്ന കർഷകരും, പുരാതന സംസ്കൃതികളെ പഠിക്കുന്ന ആർക്കിയോളജിസ്റ്റുകളും, പ്രാപഞ്ചിക ബലങ്ങളെ കുറിച്ച് പഠിക്കുന്ന ഭൗതിക ശാസ്ത്രജ്ഞരുമെല്ലാം ചേർന്ന അറിവ് നിർമ്മിതിയുടെ കൺസോർഷ്യമാണ് അത് ..
ജിജ്ഞാസാഭരിതമായ മനുഷ്യരുടെ കൂട്ടായ്മ്മ, പരസ്പരം അറിയാത്ത, പല ഭൂഖണ്ഡങ്ങളിൽ, പലപല കാലങ്ങളിൽ ജനിച്ചു മരിച്ചു പോയ മനുഷ്യർ നേടിയെടുത്ത അറിവുകൾ, അൽപ്പാൽപ്പമായി ചേർത്ത് രചിക്കുന്ന മഹാ ഇതിഹാസം !
ഓരോ അറിവുകൾക്ക് പിന്നാലെയും നിരന്തരമായ തിരുത്തലുകൾക്കും, പൊളിച്ചെഴുതികൾക്കുമുള്ള സാധ്യത ഒഴിച്ചിടുന്ന; ഓരോ പുത്തൻ അറിവുകളും ഇത്തിരികൂടി തെളിമയുള്ള ബോധ്യത്തിലേക്ക് നമ്മളെ നയിക്കുന്ന ശാസ്ത്രം എന്ന മനോഹരമായ ആശയം !
തുടരും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ