പശ്ചിമഘട്ടം ഉണ്ടായതെങ്ങിനെയാണ് ?? - Part 2

പശ്ചിമഘട്ടം ഉണ്ടായതെങ്ങിനെയാണ് ??

ഞാൻ ഇവിടെ എഴുതാനൊരുങ്ങുന്നത് ഭൗമചരിതത്തിന്റെ അതിനാടകീയമായ
ഒരു അദ്ധ്യായമാണ്...
നൂറ്റി എഴുപത്തിയഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുമ്പേ നമ്മളിന്ന് കാണുന്ന തെക്കേ അമേരിക്കയും ആഫ്രിക്കയും അന്റാർട്ടിക്കയും ഓസ്‌ട്രേലിയയും ഇന്ത്യയുമല്ലാം ചേർന്ന് ഒരു മഹാഭൂഖണ്ഡമായിരുന്നു, പേര് ഗ്വാണ്ടാനാ.. !!
ഏകദേശം നൂറ്റിയമ്പത് മില്യൻ വർഷങ്ങൾക്ക് മുന്നേ (15 കോടി വർഷങ്ങൾ !! ) ഗ്വാണ്ടാന എന്ന മഹാഭൂഖണ്ഡം പലതായി പിളർന്ന് അകന്ന് തുടങ്ങി...
ഒരു മനുഷ്യന്റെ ആയുസ്സ് നൂറ് വർഷമെന്ന് കണക്കാക്കിയാൽ എത്ര മനുഷ്യായുസ്സ് ചേർന്നതായിരിക്കും പതിനഞ്ച് കോടിയുടെ സമയ ദൂരം ??
ഒന്നോർത്ത് നോക്കൂ !
ഗ്വാണ്ടാനയിൽ നിന്ന് ആഫ്രിക്കയും ഇന്ത്യയും ചേർന്ന ഭാഗം വേർപെട്ടതിന് ശേഷം ഇന്ത്യൻ ഉപഭൂഖണ്ഡം ആഫ്രിക്കയിൽ നിന്ന് പിളർന്ന്, അടർന്ന് നീങ്ങിയപ്പോൾ മഹാസമുദ്രത്തിൽ ഇന്ത്യയിൽനിന്ന് വേറിട്ട് 'പൊഴിഞ്ഞുവീണ്' ഒരു ദ്വീപുണ്ടായി മഡഗാസ്‌കർ !
ജിഗ്‌സോ പസിലു പോലെ ഇന്ത്യയും ശ്രീലങ്കയും ആഫ്രിക്കയും മഡഗാസ്ക്കറുമെല്ലാം ചേർത്തുവയ്ക്കാൻ പോന്ന ആകൃതിപ്പൊരുത്തമുള്ള അതിരുകൾ പുരാതന ഭൗമചലങ്ങളുടെ നേർസാക്ഷ്യങ്ങളാണ് !
മഡഗാസ്കറിന്റെ തെക്ക്കിഴക്കേ അതിരിനോട് ചേർന്ന് ഒരു പർവതജാലമുണ്ട്,
അനൊസിയൻ മലകൾ .
'സഹ്യന്റെ സഹോദരി !'
Anosyenne എന്ന പേരിൽ ഒരു സ്ത്രൈണത ഉള്ളത്കൊണ്ട് 'സഹോദരി' എന്ന പദം ചുമ്മാ കാല്പനികമായി ഉപയോഗിച്ചതിന് ക്ഷമിക്കണേ.
എന്തായാലും ഇന്ത്യയിലെ പശ്ചിമഘട്ടവും മഡഗാസ്ക്കറിലെ അനൊസിയൻ മലകളും 'സഹോദരങ്ങളെന്ന്' നിർവചിക്കാൻ ഭൗമശാസ്തപ്രമായ ചില കാരണങ്ങളുണ്ട്...
പശ്ചിമഘട്ടവും മഡ്ഗാസ്ക്കറിലെ അനൊസിയൻ മലനിരകളും എൺപത്തി എട്ട് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഒരുമിച്ച് രൂപപ്പെട്ടതാണ് , ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് മഡഗാസ്ക്കാർ പിളർന്ന് പിരിഞ്ഞപ്പോൾ രണ്ടായി മാറി രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായ പർവതങ്ങൾ !
ഭൗമഗർഭത്തിൽ ഒരുമിച്ച് രൂപപ്പെട്ടവർ ...
സഹോദരങ്ങൾ..!!!
ഇതിന് ധാരാളം തെളിവുകൾ ഉണ്ട് ജൈവശാസ്ത്രപരമായതും ഭൗമശാസ്ത്രപരമായതും !!
നമ്മുടെ പശ്ചിമഘട്ടത്തിലെ ഭൂരിഭാഗം മാസ്സും ഗ്രാനറ്റോയ്ഡ് (Granitoids) പാറകൾകൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്..
"ഗ്രാനറ്റോയ്ഡ്" പരിചയമുള്ള പേര് അല്ലെ ??
വീടുകളിൽ തറവിരിക്കാനും അടുക്കളയിൽ സ്ളാബ് ഇടാനും ചിലപ്പോൾ എക്സോട്ടിക്ക് ക്ലാഡിങ്ങിനും ഒക്കെ ഉപയോഗിക്കുന്ന ഗ്രാനൈറ്റ് ഷീറ്റുകൾ ധാരാളം കണ്ടിട്ടില്ലേ ?,
അതെല്ലാം ഗ്രാനറ്റോയ്ഡ് പാറകളിൽ ഉൾപ്പെടുന്നവയാണ് ..
ഗ്രാനൈറ്റോയിഡ് പാറകൾ രൂപപ്പെടുന്നത് ഭൗമോപരിതലത്തിൽ എത്തുന്നതിന് മുന്നേ ഉപരിതലതിന് താഴതന്നെ മാഗ്മ ഉറച്ച് രൂപാന്തരണം സംഭവിച്ചിട്ടാണ്. .
ഭൂവൽക്കത്തിൽ നമ്മൾ കാണുന്ന പാറകളിൽ ഒരുപക്ഷേ ഏറ്റവും പഴക്കം ചെന്ന കല്ലുകൾ !
ഇത്തരം പാറകളുടെ പ്രായ വർഷങ്ങൾ ബില്യനുകളിൽ ആണ് പറയുക....
ഒരു മില്യനും ബില്യനും തമ്മിലുള്ള വ്യത്യാസം സാധാരണ മനുഷ്യൻ സങ്കല്പിക്കാവുന്നതിലും വലുതാണ്.
ഇത്ര വലിയ സമയമോ, ദൂരമോ ഒന്നും പ്രോസസ് ചെയ്യാനുള്ള രീതിയിൽ അല്ല നമ്മുടെ മസ്തിഷ്കം പരിണമിച്ചുണ്ടായിട്ടുള്ളത്.
വിശ്വസിച്ചാലും ഇല്ലെങ്കിലും ;
പ്രപഞ്ചദൂരങ്ങൾ പഠിക്കുന്ന ഭൗതിക ശാസ്ത്രജ്ഞർക്കും, ഭൗമചരിത്രം പഠിക്കുന്ന ജിയോളജിസ്റ്റുകൾക്കുമെല്ലാം മാത്രം വിഷ്വലൈസ് ചെയ്യാവുന്ന സമയദൂരമാണ് ബില്യൻ എന്നത്.
ഗ്രാനൈറ്റോയിഡ് പാറകളെ പൊതുവെ പ്രീകാംബ്രിയൻ റോക്കസ് എന്ന് പറയും
എന്താണ് പ്രീ കാംബ്രിയൻപിരീഡ്.
അഞ്ഞൂറ്റി നാല്പത് മില്യൻ വർഷങ്ങൾക്ക് ശേഷം നാനൂറ്റിഎൺപത്തിയഞ്ച് മില്യൻ വർഷങ്ങളോളം നീണ്ട സമയ മേഖലയാണ് കാംബ്രിയൻ പിരീഡ്....
കാംബ്രിയൻ കാലഘട്ടത്തിന് മുൻപേ ഭൂമിയിലെ ജീവരൂപങ്ങൾ സൂക്ഷ്ജീവികൾ മാത്രമായിരുന്നു എന്നോർക്കുക...
സത്യം പറഞ്ഞാൽ പ്രീകാംബ്രിയൻപിരീഡ് എന്നുള്ളത് വളരെ അലസമായ , നിയതമല്ലാത്ത കാലം പറച്ചിലാണ്.
4.6 ബില്യൻ വർഷങ്ങൾക്ക് മുൻപ് ഭൂമി രൂപപ്പെട്ട കാലം മുതൽ ഇതാ 'ഇന്നലെ' കേവലം അഞ്ഞൂറ്റി നാല്പത് മില്യൻ മുൻപ് വരെയുള്ള സമയത്തിനെ ഒതുക്കി പറയുന്ന 'മര്യാദകേട്' ജിയോളജിസ്റ്റുകളും ബയോളജിസ്റ്റുകളും എപ്പോഴും ഉപയോഗിക്കുന്നത് എന്താണെന്നറിയാമോ ??
കാംബ്രിയൻ കാലം ഭൂമിയിൽ ജീവന്റെ മഹാവിസ്മയങ്ങൾ നടന്ന കാലമാണ്. സൂഷ്മജീവികളിൽ നിന്ന് സങ്കീർണ്ണമായ ജീവിവര്ഗങ്ങൾ പിറന്ന കാലം, ജീവന്റെ വിസ്ഫോടനങ്ങൾ നടന്ന കാലം ....!!!
പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗം മാസ്സും രൂപപ്പെട്ടിരിക്കുന്ന ഗ്രാനറ്റോയ്ഡ് പാറകളിൽ ഒരൊറ്റ ജൈവ ഫോസിലുകളും കാണില്ല ..
അതിന് കാരണം എന്താണ് എന്ന് നിങ്ങൾക്ക് ഇതിനകം മനസ്സിലായിട്ടുണ്ടാവും എന്ന് കരുതട്ടെ ??
പ്രീകാംബ്രിയൻ എന്ന അലസ വാചകത്തിൽ പറഞ്ഞ നമ്മുടെ ഗ്രാനറ്റോയ്ഡ് പാറകൾക്ക് മൂന്ന് മുതൽ നാല് ബില്യൻ വര്ഷങ്ങളുടെവരെയൊക്കെ പഴക്കമുണ്ടാകാം !!!!
ഇന്ത്യൻ കോണ്ടിനെന്റൽ പ്ളേറ്റ്, വടക്ക് യുറേഷ്യൻ പ്ളേറ്റിന് സമീപത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലെ സ്‌ട്രച്ചിനിടയിൽ 'സമീപകാല' ഭൗമചരിത്രത്തിലെ ഏറ്റവും നാടകീയമായ സംഭവവികാശങ്ങൾക്ക് കാരണമായി !!
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റർ മധ്യഭാഗത്ത് അതിലോലമായ ചില പ്രദേശങ്ങളുണ്ടാക്കി....
ഭൂവൽക്കത്തിലെ ആ വിള്ളലുകളിലൂടെ ധാരാളം ലാവാ 'നദികൾ' ഉണ്ടായി, വിസ്‌കോസിറ്റി കുറഞ്ഞ ലാവ അനേകായിരം കിലോമീറ്ററുകൾ പരന്നൊഴുകി ,
പലവട്ടം ... ലാവാ തടാകങ്ങൾ കുന്നുകൾ , ലവാസമതലങ്ങൾ !!!
ഒരു ദശലക്ഷം വർഷങ്ങളോളം നീണ്ടുനിന്ന സമാനതകളില്ലാത്ത ലാവാപ്രവാഹം !!!
66 മില്യൻ വർഷങ്ങൾ മുതൽ 65 മില്യൻ വർഷങ്ങൾ മുൻപ് വരെയുള്ള കാലയളവിൽ ആണ് ഈ ലാവാ പ്രവാഹങ്ങൾ സംഭവിച്ചത് ..
സെൻട്രൽ ഇന്ത്യയുടെ അഞ്ചുലക്ഷം സ്ക്വയർ കിലോമീറ്ററുകളോളം ലാവ താളം കെട്ടി നിന്നു. പലപ്പോഴായി പല പല അടരുകൾ ...
'ഡെക്കാൻ ട്രാപ്പ്‌' (Deccan Trap) എന്നാണ് ജിയോളജിസ്റ്റുകൾ ഈ ഭൗമമേഖലയെ വിളിക്കുന്ന പേര് !
പശ്ചിമഘട്ടത്തിന്റെ വടക്ക് മേഖലകളുടെ അനേകം രൂപാപരിണാമങ്ങൾക്കും വളർച്ചക്കും തളർച്ചക്കുമെല്ലാം ഡെക്കാൻ വോൾകാനിക്ക് ഇവന്റ്‌സ് കാരണമായിട്ടുണ്ട് ....
പശ്ചിമഘട്ടത്തിന്റെ വടക്കേ ഭാഗങ്ങൾ, വിശേഷിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, കർണ്ണാടകയിലെ ചില ഭാഗങ്ങൾ എന്നിവയെല്ലാം ബസാൾട്ട് പാറകളാൽ കവചം ചെയ്യപ്പെട്ടിട്ടുള്ളതോ രൂപപരിണാമം സംഭവിച്ചിട്ടുള്ളതോ ആണ് . .
~~
എന്താണ് ബസാൾട്ട് ???
നേരത്തെ ഞാൻ ഗ്രാനറ്റോയ്ഡ് പാറകൾ എന്താണെന്ന് പറഞ്ഞില്ലേ ?
ഗ്രാനറ്റോയ്ഡ് പാറകൾ ഭൂമിയുടെ ഉപരിതലത്തിന് താഴെ വളരെ പതുക്കെ മാഗമാറ്റിക്ക് ലാവ ഉറച്ച് രൂപപ്പെടുന്നവയാണ് എന്ന പറഞ്ഞിരുന്നല്ലോ . .
പക്ഷെ ബസാൾട്ട് പാറകൾ രൂപപ്പെടുന്നത് ഭൗമോപരിതലത്തിൽ എത്തുന്ന ലാവ പെട്ടന്ന് ഉറയ്ക്കുമ്പോഴാണ് ..
താരതമ്യേന കറുത്ത നിറത്തിൽ കാണുന്ന ബസാൾട്ട് പാറകൾക്ക് ഗ്രാനറ്റോയ്ഡ്പാറകളെക്കാൾ അൽപ്പം ഉറപ്പും സാന്ദ്രതയും കുറവായിരിക്കും ..
പുതിയ പാറകൾ ആയത് കൊണ്ടും പലപ്പോഴായി വേഗതയിൽ ഒഴുകിവന്ന ലാവ പല അടരുകളായി ഉറച്ച് രൂപപ്പെട്ടതായതുകൊണ്ടും ബസ്സാൾട്ട് പാറകളിൽ
ജീവികളുടെ ഫോസിലുകൾ കാണപ്പെടാറുണ്ട്.
കൗതുകകരമായ മറ്റൊന്ന് കൂടിയുണ്ട്, ലാവയുടെ മഹാ തടാകങ്ങൾ രൂപപ്പെട്ട ഡെക്കാൻ ട്രാപ്പ് കാലഘട്ടമുണ്ടല്ലോ, അറുപത്തിയാറ് മില്യൻ വർഷങ്ങൾക്ക് മുൻപത്തെ ഭൗമനാടകം !
ലാവാ പ്രവാഹത്തോടൊപ്പം ധാരാളം കാർബൺ ഡയോക്സൈഡ് വമിക്കപ്പെട്ടു. CO2 ഒരു ഗ്രീൻ ഹൗസ് വാതകമാണ് എന്നറിയാമല്ലോ, ഭൂമിയിൽ പതിക്കുന്ന താപം പുറത്തേക്ക് റേഡിയേറ്റ് ചെയ്യാതെ ആഗോള താപനില ഈ കാലയളവിൽ വല്ലാതെ കൂടി, വായുവിനോട് ചേർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന സൾഫർ ഡയോക്സൈഡ് കണികൾ ( കുറെ കാലത്തേക്ക് സൂര്യതാപത്തെ പ്രതിഫലിപ്പിച്ചു.)
അതിതാപത്തിന്റെയും അതി ശൈത്യത്തിന്റെയും തീവ്രമായ എപ്പിസോഡുകൾ ഭൂമിയിലെ ജീവജാലങ്ങളുടെ വലിയ തോതിലുള്ള ഉന്മൂലനത്തിന് കാരണമായി.
ഇതൊന്നും പോരാഞ്ഞ് സമുദ്രങ്ങളിൽ നിന്ന് നീരാവിയായി ഉയർന്ന മേഘങ്ങളിൽ അന്തരീക്ഷത്തിൽ അതിസാന്ദമായി തീർന്ന സൾഫർഡയോക്സൈഡ് കണങ്ങൾ ലയിച്ച് വൻ തോതിലുള്ള ആസിഡ് മഴക്ക് കാരണമായി !
ഇടക്ക് കൊടും ശൈത്യം മറ്റുചിലപ്പോൾ അതിതാപം ഇതല്ലാത്തപ്പോൾ സൾഫ്യൂരിക് ആസിഡ് മഴ ..
ഭൂമിയിലെ ജീവചരിതത്തിന്റെ ഒരു കെട്ട കാലം !
MASS EXTINCTION

തുടരും ...
~~~~~~~~~~~~~~~~~~~~~~~~~~~~
ഈ എഴുത്ത് വഴിമാറിപോകുന്നു എന്ന് തോന്നരുത്, ഇതിലെ ഓരോ വരിയും ഞാനെത്രമാത്രം സമയമെടുത്താണ് എഴുതുന്നത് എന്നറിയാമോ ??
സാധ്യമായത്ര ലളിതമായി എഴുതുകയാണ്, ഒരു വരിയും വഴിതെറ്റി പോകുന്നതല്ല , പശ്ചിമഘട്ടത്തിന്റെ കഥ ഇതിഹാസം പോലെയാണ്. അനേകം ഉപകഥകൾ പറയാതെ വയ്യ ..
സമയസൂചികകളെ മനസ്സിരുത്തിതരാതെ വയ്യ.
മുഖപുസ്തകത്തിൽ പൊതുവെ ഭൗമശാസ്ത്രം എഴുതുന്നവർ കുറവാണ് , എന്റെ പരിമിതമായ പദസമ്പത്തിൽ നിന്ന് സാധ്യമായാത്ര ലാളിത്യത്തിൽ ചിലപ്പോഴല്ലാം ഞാൻ വികസിപ്പിച്ചെടുത്ത സംജ്ഞകൾ അടുക്കിപെറുക്കി അതിലളിതമായി എഴുതാൻ ശ്രമിക്കുകയാണ്..
ഈ ലേഖനപരമ്പര അർഹിക്കുന്ന ജിജ്ഞാസയോടെയും ശ്രദ്ധയോടെയും വായിക്കപെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യണം എന്ന് എന്ന് ആഗ്രഹമുണ്ട്..
പശ്ചിമഘട്ടത്തെക്കുറിച്ച് എല്ലാം എഴുതും എന്ന അവകാശവാദമൊന്നുമില്ല .
പക്ഷെ ഈ സീരീസിൽ കൗതുകകരമായ ചിലതുണ്ടാവും എന്ന കാര്യത്തിൽ സംശയിക്കേണ്ട....
സംസ്കൃതികളെ കുറിച്ച് അധികമൊന്നും എഴുതയേക്കില്ല പക്ഷെ ഭൗമശാസ്ത്രം , ജൈവവൈവിധ്യം എന്നിവയുണ്ടാകും ...
ഫോളോ ചെയ്തോളൂ ഇതൊക്കെ വായിക്കാനിഷ്ടപ്പെടുന്ന നിങ്ങളുടെ രണ്ട് ചങ്ങാതിമാർക്കെങ്കിലും അയച്ചുകൊടുക്കുക, റോസാപ്പൂക്കളുടെ ചിത്രത്തിൽ 'ഗുഡ്മോണിങ്ങ്' ടൈപ്പ് ചേർത്തു വിതയ്ക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇടക്ക് ഇങ്ങനെ ശാസ്ത്രവിശേഷങ്ങളും പങ്കുവയ്ക്കാം ..
ഒരു ചേഞ്ച്‌ ആർക്കാണ് ഇഷ്ടമില്ലാത്തത് ..
തുടർന്നുള്ള പോസ്റ്റുകൾ മിസ്സാകാതെ കാണണമെങ്കിൽ ഈ പ്രൊഫൈൽ ഫോളോ ചെയ്യേണ്ടതുണ്ട് എന്ന് പറയേണ്ടതില്ലല്ലോ.
സ്നേഹപൂർവം
കിരൺ കണ്ണൻ
പശ്ചിമഘട്ടം ( Part 2 )
Link to Audio - Voice- Hashik Mohd
Link to Facebook Post
Posted on Oct 6, 2024


അഭിപ്രായങ്ങള്‍