അമ്പരചുംബികൾ തീപ്പന്തങ്ങളാകുമ്പോൾ .. !
2015 ഡിസംബർ 31 ദുബായ് ഡൗൺ ടൗണിൽ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിലെ കരിമരുന്നുപ്രയോഗവും പുതുവർഷാഘോഷവും കാണാൻ പതിനായിരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുമ്പോളാണ് തൊട്ടടുത്തുള്ള അഡ്രസ്സ് ഹോട്ടൽ എന്ന ആഡംബര കെട്ടിടത്തിന് തീ പിടിക്കുന്നത്.
ലോകത്തിലെ ഒന്നാന്തരമായ എല്ലാ ഫയർ ഫൈറ്റിങ്ങ് സാങ്കേതികവിദ്യകളുണ്ടായിട്ടും ഫയർട്രക്കുകൾക്കും പോലീസിനും ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ മാത്രം എക്സ്പ്രസ്സ് ഹൈവേകളുടെ ഇരുവശവും സ്ഥലം ഒഴിച്ചിട്ട ദുബായിൽ പോലും ഒരു രാത്രി മുഴുവനും 2016 ജനുവരിയുടെ പുതുവർഷം പുലരുവോളം അഡ്രസ്സ് ഹോട്ടൽ നിന്നു കത്തി.
ഇന്ന് ലണ്ടനിലെ 24 നിലകളുള്ള Grenfell Residential Tower നും സംഭവിച്ചത് സമാനമായ അപകടമാണ്.
UAE യിൽ ഇൻഷൂറൻസ് മേഖലയിൽ ജോലി ചെയ്യുന്നതുകൊണ്ട് ഉയർന്ന കെട്ടിടങ്ങളിലെ തീ പടരിലിനെ കുറിച്ച് വിശദമായി പഠിക്കാൻ ശ്രമിച്ചിട്ടുള്ളതിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയാം ...
കഴിഞ്ഞ വർഷങ്ങളിൽ ദുബായിൽ പലയിടത്തും ഷാർജയിൽ വ്യാപകമായും നടന്ന high-rise building fire എടുത്തു നോക്കിയാൽ ( ഇവിടുത്തെ മാത്രമല്ല ലോകത്ത് എവിടെയുമുള്ള ) ചില സമാനതകൾ കാണാം - ഏതെങ്കിലും ഒരു നിലയിൽ പിടിപെട്ട് വൻ കെട്ടിടങ്ങൾ നോക്കിനിൽക്കെ തീപ്പന്തമായി മാറുന്ന അപകടങ്ങളിലെല്ലാം പ്രധാന വില്ലനായി നിൽക്കുന്നത് അലൂമിനിയം ക്ലാഡിങ്ങ് ആണ്.
ബിൽഡിങ്ങ് ചുവരുകൾക്ക് പുറത്ത് ഏതെങ്കിലും തെർമൽ ഇൻസുലേറ്ററുകൾ വച്ച് അതിനു മുകളിൽ അലുമിനിയം പാനലുകൾ കൊണ്ട് കെട്ടിടത്തെ പൊതിയുന്ന രീതിയാണ് അലുമിനിയം ക്ലാഡിങ്ങ് എന്ന് വളരെ എളുപ്പമായി പറയാം. ഇപ്പോൾ നമ്മുടെ നാട്ടിലൊക്കെ കാണുന്ന പല വർണ്ണാഭമായ കെട്ടിടങ്ങളും ക്ലാഡഡ് ആണ് .
ദോഷം പറയും മുൻപ് ക്ലാഡിങ്ങിന്റെ ചില ഗുണവശങ്ങൾ പറയാം
(1) കെട്ടിടത്തിന് നല്ല ഇൻസുലേറ്റർ ആയി ക്ലാഡിങ്ങ് പാളി പ്രവർത്തിക്കുന്നു
(2) സാധാരണയായി സിമന്റ് പ്ലാസ്റ്റർ ചെയ്യുന്നതിനേക്കാൾ ദീര്ഘകാലയാളവിൽ ലാഭകരമാണ് ക്ലാഡിങ്ങ്
(3) കെട്ടിടത്തിന് ആധുനികമായ വർണ്ണ ഭംഗി കൊടുക്കാൻ ക്ലാഡിങ്ങിന് കഴിയും പല ഫിനിഷിലും വർണ്ണങ്ങളിലും ഉള്ള അലുമിനിയം പാനലുകൾ ലഭ്യമാണ്
(4) വൃത്തിയാക്കാൻ വളരെ എളുപ്പമാണ്
(5) കെട്ടിടത്തിന്റെ സ്ട്രക്ച്ചറിന് താരതമ്യേനെ കുറവ് ഭാരം ചുമന്നാൽ മതിയാവും
(6) കുറെ നാളുകൾക്ക് ശേഷം റീഡിസൈൻ ചെയ്യാൻ എളുപ്പമാണ്
(7) ടൈലുകളും പ്ലാസ്റ്ററും അടർന്നു വീണ് താഴെയുള്ളവർക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാം
(8) പൊളിച്ചു വിറ്റാൽ എന്നായാലും അലുമിനിയത്തിന് നല്ല സ്ക്രാപ്പ് മൂല്യം ഉണ്ട്
******
ഇനി ക്ലാഡിങ്ങ് തീക്കളി ആകുന്നത് എങ്ങിനെ ആണെന്ന് നോക്കാം ..
(1) കെട്ടിടത്തിന്റെ പുറം ചുമരിനും അലുമിനിയം പാളിക്കും ഇടയിലെ ഇൻസുലേറ്ററുകൾ പലതും നല്ല ഇന്ധനങ്ങളാണ് കുറെ മുൻപൊക്കെ polystyrene ( തെർമോക്കോൾ ) ഷീറ്റുകളും isocyanate & polyol മിശ്രിതമോ മറ്റു പല എളുപ്പത്തിൽ തീ പിടിക്കുന്ന പോളിമറുകളോ ഒക്കെ ആണ് സാമ്പ്രദായികമായി ഉപയോഗിച്ച് വന്നിരുന്നത്
(2) അലുമിനിയം തകിടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റബ്ബർ ബീഡിങ്ങുകൾ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ളതാണ്
(3) അലുമിനിയം പാനലിനും ചുമരിനും ഇടയിലുണ്ടാകുന്ന വിടവ് ഒരു നല്ല ചിമ്മിണി ആയി പ്രവർത്തിക്കും ഒരു നിലയിലെ തീയും ചൂടുമെല്ലാം ഒരു ജെറ്റ് പോലെ മുകളിലെ നിലകളിലേക്ക് ഉയരും .. പലപ്പോഴും പുറമെ കാണുന്നതിന് മുൻപേ ഇത് സംഭവിച്ചിരിക്കും
(4) പഴയ സിമന്റ് പ്ലാസ്റ്റർ ചെയ്ത കെട്ടിടങ്ങളിൽ ഒരു നിലയിൽ നിന്നും അടുത്ത നിലയിലേക്ക് അഗ്നിബാധയുടെ തുടർച്ച എളുപ്പമായിരുന്നില്ല എങ്കിൽ ക്ലാഡഡ് കെട്ടിടങ്ങളിൽ താപം ഇന്ധനം ഓക്സിജൻ എന്നിവയല്ലാം ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് തുടർച്ചയായ സപ്ലെ ഉറപ്പു വരുത്തുന്നു .
(5) പലപ്പോളും റസിഡന്റ് കെട്ടിടങ്ങളിൽ കേബിൾ ടി വി വയറുകൾ, അത്യാവശ്യം ഇലക്ട്രിക്ക് വയറുകൾ എല്ലാം എളുപ്പ പണിക്ക് 'പുറം ഭംഗി നഷ്ടപ്പെടാതെ' ഷീറ്റുകൾക്ക് അടിയിലൂടെ ചെയ്യുന്ന പ്രവണത കാണാറുണ്ട് - ഇത് അത്യധികം അപകടമാണ് ഷോർട്ട് സർക്യൂട്ട്, ഇടിമിന്നൽ എല്ലാം ക്ലാഡിങ്ങിനിടയിലേക്ക് തീ പടരാൻ കാരണമാകും
(6) ഇനി മുകളിലെ ഒരു നിലയിലാണ് തീ പിടിച്ചത് എന്നിരിക്കട്ടെ ഉയർന്ന താപം അലുമിനിയം ഷീറ്റുകളുടെ ചുമരിൽ ഉറപ്പിച്ച ഫാസ്റ്റനറുകളുമായുള്ള ബന്ധം വിടുവിപ്പിക്കുന്നു, ഫലം തീയോട് കൂടി ഷീറ്റുകൾ ഇൻസുലേറ്ററുകൾക്കൊപ്പം അടർന്നു വീഴാൻ തുടങ്ങുന്നു .. താഴെ നിലകളിലെ ബാൽകണികൾ, അടുത്തുള്ള ചെറിയ കെട്ടിടങ്ങൾ എന്നിവയിലേക്കെല്ലാം തീ പടരാൻ ഇത് കാരണമാകും .
*********
തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾ മൂലം UAE സർക്കാർ കെട്ടിട നിർമാണ രീതിക്കും നിർമ്മാണ വസ്തുക്കൾക്കും ഫയർ സേഫ്റ്റി മെക്കാനിസങ്ങൾക്കും പല പല നിദ്ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വന്നിട്ടുണ്ട്.. പുതിയ നിർമ്മിതികളിൽ അതല്ലാം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നുമുണ്ട്, മാത്രമല്ല ശാസ്ത്രത്തിന്റെ വളർച്ചക്കും ലോകത്തിന്റെ അനുഭവ സമ്പത്തിനും അനുസരണമായി ഓരോ വർഷവും പുതിയ നിർദ്ദേശങ്ങളും പുതിയ തിരുത്തലുകളും സർക്കാർ ഇടപെട്ട് ചെയ്യുന്നുണ്ട് .. ചില ഉദാഹരണങ്ങൾ പറയാം
(1) ക്ലാഡിങ്ങിന് ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ തീ പിടിക്കാത്ത ഗ്ളാസ് വൂൾ*, റോക് വൂൾ മുതലായവ ആയിരിക്കണം.
(2) ബീഡിങ്ങുകൾ തെർമൽ റെസിസ്റ്റന്റ് ആയിരിക്കണം.
(3) ഒരു കാരണ വശാലും ക്ലാഡിങ്ങിന് ഇടയിലൂടെ ഇലട്രിക്ക് വയർ വലിക്കാൻ പാടില്ല.
(4) പാനലുകളുടെ ഉപരിതലത്തിലെ പെയിന്റുകൾ തീ പിടിക്കാത്തതാകണം.
(5) നിശ്ചിത ഉയരത്തിനും മുകളിലുള്ള കെട്ടിടങ്ങൾക്ക് fire fighting hidration system, തീ കെടുത്താനുള്ള വെള്ളത്തിന് മാത്രമായി റിസർവ് ചെയ്ത സദാ സമയവും നിറഞ്ഞു കിടക്കുന്ന വാട്ടർ ടാങ്ക്, ഫയർ പമ്പ്, സ്മോക്ക് ഡിക്റ്റടർ ( തീ പിടിച്ചാൽ ബിൽഡിങ്ങിന് ഒപ്പം ഫയർസ്റ്റേഷനിലും മണിയടിക്കും ~ ലൊക്കേഷൻ അടക്കം). പോർട്ടബിൾ അഗ്നിശമന ഉപാധികൾ എല്ലാം വേണം.
(6) ഇതിനോടൊപ്പം തന്നെ പ്രധാനമാണ് ഹൗസ് കീപ്പിങ്ങ്, തീപിടിച്ചാൽ ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് അറിയാമല്ലോ അപ്പോൾ രക്ഷപ്പെടുന്നതിന് പാകത്തിൽ കോണി പടികളൊക്കെ സാധനങ്ങൾ വലിച്ചുവാരി ഇടാതെ സ്വതന്ത്രമായി സൂക്ഷിക്കണം.
(7) വൈദ്യുതിയില്ലാതെയും പ്രവർത്തിക്കുന്ന എമർജൻസി ലൈറ്റിങ്ങ്, ഇലൂമിനേറ്റഡ് എമർജൻസി എക്സിറ്റ് ചൂണ്ടു പലകകൾ, അതാത് ഫ്ലോറിന്റെ മാപ്പുകൾ എല്ലാം പെട്ടന്ന് കാണുന്ന രീതിയിൽ പ്രദർശിപ്പിച്ചിരിക്കണം .
(8) ഏറ്റവും പ്രധാന്യമായത് നമ്മുടെ നാട്ടിൽ ഒട്ടുമില്ലാത്തതും അത്യാവശ്യം വേണ്ടതുമായ സേഫ്റ്റി ട്രൈനിങ്ങ് ആണ്.. എങ്ങിനെ ഒക്കെ തീപിടിക്കാം തീ പിടിച്ചാൽ എങ്ങിനെ പെരുമാറണം .. കെട്ടിടങ്ങൾക്ക് താഴെ 'അസംബ്ലി പോയിന്റ്' എന്നു മാർക്ക് ചെയ്തിടത്തേക്ക് പരിഭ്രമിക്കാതെ ചെന്നു നിൽക്കണം-എന്തൊക്കെ തരം തീ പിടുത്തങ്ങൾക്ക് എന്തൊക്കെ തരം അഗ്നി ശമനോപാധികൾ എങ്ങിനെ ഉപയോഗിക്കണം എന്ന് ഓരോ റസിഡന്റും അറിഞ്ഞിരിക്കേണ്ടതുണ്ട്
(9) പുതുതായി ഉണ്ടാക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഓരോ ടെനന്റിനും ഫയർ ബ്ലാങ്കറ്റ് അഗ്നി ബാധ തടയാനുള്ള കാര്ബണ്ടയോക്സൈഡ് സിലിണ്ടർ അടക്കമുള്ള ഫയർ കിറ്റ് കൊടുക്കുന്നുണ്ട് .
(10) പോലീസിനും ഫയർ ഫോഴ്സിനും എളുപ്പത്തിൽ വരാൻ എല്ലാ പ്രധാന റോഡുകളിലും സ്ഥലമൊഴിച്ചിടുന്നു ..
----ഇനി നമുക്ക് നമ്മുടെ കുഞ്ഞു കേരളത്തിലെ നഗരങ്ങളിലേക്ക് വരാം----
ഈ പോസ്റ്റ് വായിക്കുന്ന ജന പ്രതിനിധിയോ പോലീസ് ഓഫീസറോ സന്നദ്ധ സംഘടനാ പ്രവർത്തകണോ ഫ്‌ളാറ്റ് മുതലാളിയോ സർക്കാർ ഉദ്യോഗസ്ഥനോ വിദ്യാര്ഥികളോ പൊതു ജനങ്ങളോ സ്വയം ചോദിക്കാനും ചിന്തിക്കാനും കുറച്ച് ചോദ്യങ്ങൾ ഇവിടെ എറിഞ്ഞിട്ടുകൊണ്ട് ഞാനീ കുറിപ്പ് അവസാനിപ്പിക്കട്ടെ.
(1) നമ്മുടെ നഗരങ്ങളിലെ ഫ്‌ളാറ്റ് സമുച്ഛയങ്ങളുടെ നിർമ്മിതി സുരക്ഷിതമാണോ ?
(2) വലിയ കെട്ടിടങ്ങളിൽ റിസർവ് വാട്ടർ ടാങ്ക്, പ്രവർത്തന സജ്ജമായ ഫയർ പമ്പുകൾ എന്നിവയുണ്ടോ ???
(3) നമ്മുടെ ഫയർഫോഴ്സിന് താഴെ നിന്നും എത്ര നിലവരെ അഗ്നിയോട് പൊരുതാനാകും ??
(4) കോണിപടികൾ പഴയ സ്റ്റോർ റൂമുകളായി വഴിയടച്ച് കിടപ്പാണോ ????
(5) തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നും ഫയർ ഫൈറ്റിങ്ങ് ടീമിന് നിങ്ങളുടെ താമസ സ്ഥലത്ത് എത്തുവാൻ എത്ര സമയമെടുക്കും ? ട്രാഫിക്ക് ഉണ്ടാകുമോ ?????
(6) തീ പിടിച്ചാൽ എങ്ങിനെയാണ് പെരുമാറേണ്ടത് എന്നും എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് അറിയാമോ ??????
"ഏതൊരു പ്രശ്നത്തെയും പരിഹരിക്കാനുള്ള ഏറ്റവും എളുപ്പവും ശാസ്ത്രീയവുമായ വഴി ആ പ്രശ്നത്തെ മുഴുവനായി പഠിക്കാൻ ശ്രമിക്കുക എന്നതാണ്" എന്ന് മുരളി ചേട്ടൻ Muralee Thummarukudy എപ്പോളും പറയാറുണ്ട്... പഠിക്കുക.. പ്രചരിപ്പിക്കുക.. ഈ കുറിപ്പ് ഗുണപരമായി കൂടുതൽ പേരിലേക്ക് എത്തിക്കുവാൻ സഹായിക്കുക .. ~ ജീവിതങ്ങളും സ്വപ്നങ്ങളും വിലപ്പെട്ടതാണ് ~
Link to Facebook Post
Newspaper Link Mathrubhumi Link
Posted Date: June 24, 2017

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ