വറചട്ടിയിലെ ചോളമണികളുടെ ഉറക്കം !
നേപ്പാൾ യാത്രാവിശേഷങ്ങളുടെ രണ്ടാം ഭാഗം

വറചട്ടിയിലെ ചോളമണികളുടെ ഉറക്കം !
നേപ്പാൾ യാത്രാവിശേഷങ്ങളുടെ രണ്ടാം ഭാഗം :
ഒക്ടോബർ 12 വെള്ളിയാഴ്ച വൈകീട്ട് കാഠ്മണ്ഡു എയർപോർട്ടിൽ ഇറങ്ങുന്നത് വെയില് ചാഞ്ഞു തുടങ്ങുന്ന നേരത്താണ്.
ഫ്ലൈറ്റിൽ നിന്ന് ടെർമിനലിലേക്ക് നടന്നടുക്കുമ്പോൾ തന്നെ 'നമ്മളെ സ്വീകരിക്കാനൊരുങ്ങി നിൽക്കുന്ന നാട്' എന്നൊരു ഊഷ്മളമായ സ്വാസ്ഥ്യം പകരുന്ന കെട്ടിടം !
ചുവന്ന ടെറാക്കോട്ടാ ഇഷ്ടികകൾ പതിപ്പിച്ച, പുറം ചുവരു തേക്കാത്ത, ലാളിത്യവും വൃത്തിയുള്ള ടെർമിനൽ !
നാട്ടിൽ കോസ്റ്റ്ഫോഡിന്റെയും നിർമിതിയുടെയും ലാറീബേക്കർ ശൈലിയിലുള്ള കാറ്റും വെളിച്ചവും നിറഞ്ഞ വീടുകൾക്കെല്ലാം ആതിഥേയത്വത്തിന്റെ ഇതേ ഊഷ്മളമായ 'വ്യക്തിത്വം' അനുഭവപ്പെടാറുണ്ട് !
ഒരുപക്ഷേ അതു തന്നെയായിരിക്കാം കാഠ്മണ്ഡു അന്താരാഷ്ട്ര ടെർമിനലും ആദ്യ ദർശനം മനസ്സിന് നൽകിയ സമാധാനം .
ഇന്ത്യൻ പൗരന്മാർക്ക് ഫോട്ടോ പതിച്ച ഏതൊരു ഐഡിയും കാണിച്ചാൽ നേപ്പാളിൽ ഇറങ്ങാം ; ഡ്രൈവിങ്ങ് ലൈസൻസ് പോലും ..!
ഷാർജയിൽ നിന്നുള്ള ഫ്ളൈറ്റിൽ ദാഷിയാൻ ഉത്സവത്തിനായി അവധിയിലെത്തുന്ന നേപ്പാൾ സ്വദേശികളായിരുന്നു കൂടുതലായും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത് , പക്ഷെ ടെർമിനലിനുള്ളിൽ പല വിമാനങ്ങളിലായി വന്നിറങ്ങിയ പാർവതാരോഹകരുടെയും മൗണ്ടൻ ഹൈക്കേഴ്സിന്റെയും വലിയ ക്രൗഡ് !
പുതിയ ഹൈക്കിങ്ങ് സീസൺ തുടങ്ങുകയാണ്..
ഈ ചെറിയ രാജ്യം ഹിമാലയത്തിന്റെ വന്യസൗന്ദര്യം കൊണ്ട് ലോകമെമ്പാടുമുള്ള സാഹസിക ഹൃദയങ്ങളിൽ സ്നേഹത്തിന്റെ കയ്യൊപ്പിട്ടിരിക്കുന്നു !
നേപ്പാളിന്റെ ഇന്റർനാഷണൽ ഐഡന്റിറ്റിയും ടൂറിസം വരുമാനവും ഹിമവാന്റെ മാത്രം സമ്മാനമാണ് എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല.
വിവിധ നിറങ്ങളിലുള്ള കടലാസുപട്ടങ്ങൾ, ബാർലിവിത്ത് പാകിയ മൺ ചട്ടികൾ.. എയർപോർട്ടാകെ ദാഷിയാൻ തീമിൽ അലങ്കരിച്ചിരിക്കുന്നു !
പത്ത് ദിവസങ്ങൾക്കിപ്പുറം ഞങ്ങൾ തിരിച്ചു വരുമ്പോഴേക്കും മൺ ചട്ടികളിൽ പാകിയ വിത്തുകളല്ലാം മുളപൊട്ടി വളർന്നിരിക്കും !
എയർപോർട്ടിൽ നിന്ന് തന്നെ രണ്ട് ടെലഫോൺ ഓപ്പറേറ്റർമാരുടേതായി മൂന്ന് സിം കണക്ഷൻസ് എടുത്തു .
കാഠ്മണ്ഡുവിലെ തെരുവുകൾ പുകയും പൊടിയും നിറഞ്ഞവയാണ്, യാതൊരു നിയന്ത്രങ്ങളുമില്ലാതെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ എല്ലാദിശകളിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ..
It's not orbit but orbital !
പഴയ ഭൗതിക ശാസ്ത്രം ക്ലാസിലെ ഹൈസെൻബർഗ് ആറ്റോമിക്ക് മോഡൽ ഓർമ്മവന്നു ; റോഡ് എന്നത് നിയതമായ സഞ്ചാര പാതയൊന്നുമല്ല, മറിച്ച് കൂടുതൽ വാഹനസാന്ദ്രതയുള്ള മേഖല എന്ന് വേണമെങ്കിൽ പറയാം, യാതൊരു പ്രഡിക്റ്റബിലിറ്റിയുമില്ലാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും ചുറ്റിത്തിരിയുന്ന ഇടം !
ട്രാഫിക്ക് നിയമങ്ങൾ പാലിക്കപ്പെടുന്ന ഏതെങ്കിലും ഒരു രാജ്യത്ത് ജനിച്ച് വളർന്ന ഒരാൾ ഒരു വർഷം മുഴുവനും കാത്തു നിന്നാലും അവിടെ റോഡ് ക്രോസ്സ് ചെയ്യലുണ്ടാവില്ല .
മോട്ടോർ ബൈക്കുകളിൽ കൂട് പിടിപ്പിച്ച 'ടുക്ക് ടുക്ക്' , സൈക്കിൾ റിക്ഷകൾ എല്ലാമുണ്ട് , ഒട്ടുമിക്കവരും പൊടിയിൽ നിന്നും പുകയിൽ നിന്നും രക്ഷക്കായി മാസ്‌ക്ക് ധരിച്ചിട്ടുണ്ട് ..
വിമാനജാലകത്തിലൂടെ മഞ്ഞണിഞ്ഞ ഹിമാലയ പർവത നിര കണ്ടില്ലായിരുന്നു എങ്കിൽ കാഠ്മണ്ഡുവിലെ ആദ്യാനുഭവങ്ങൾ നമ്മളെ നിരാശയിലാഴ്ത്തും എന്നു തീർച്ച ..
കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നത് പോലെതന്നെ വളരെ കുറച്ച് സമയം കൊണ്ട് തമലിൽ പോയി സുവാസ് മഹാരാജിന്റെ കയ്യിൽ നിന്ന് ഹൈക്കിങ്ങ് പെർമിറ്റുകളും ബസ്സ് ടിക്കറ്റുകളും വാങ്ങി പൊഖറയിലേക്കുള്ള ബസ്സ് പിടിക്കാൻ ഓടി .
രാത്രിബസ്സിന് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തത് നന്നായി; ഉത്സവാവധി തുടങ്ങുന്നതിനാൽ തലസ്ഥാനത്ത് നിന്നും ഉൾഗ്രാമങ്ങളിലേക്ക് വല്ലാത്ത തിരക്കാണ്, ഈ ആഴ്ച കാഠ്മണ്ഡു സിറ്റിയിൽ നിന്ന് 40% പേരെങ്കിലും ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളിൽ ദാഷിയാൻ ആഘോഷിക്കാൻ പോകുമത്രെ !
ടോയ്‌ലറ്റ് സൗകര്യങ്ങളും പുതപ്പും കാല് നീട്ടിവക്കാനുള്ള സീറ്റ് എക്സ്റ്റൻഷനുമുള്ള ബസ്സാണ് ബുക്ക് ചെയ്തിരുന്നത് ~ ഏഴെട്ട് മണിക്കൂറെങ്കിലും നീണ്ടു നിൽക്കുന്ന ബസ് യാത്രക്ക്** അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങൾ തന്നെ, പക്ഷെ ഇത്തരം യാത്രകളിൽ പ്രാഥമികമായി ശ്രദ്ധിക്കേണ്ടുന്ന ഒന്ന് നിങ്ങളുടെ സീറ്റിങ്ങ് പ്ലെയ്‌സ്‌മെന്റ് എവിടെയാണ് എന്നതാണ് .
**( പകൽ യാത്ര അല്പം കൂടി വേഗതയിലെത്തും, മാത്രമല്ല പുറം കാഴ്ചകൾ കാണാനും അതാണ് നല്ലത് )
നിർഭാഗ്യവശാൽ ഞങ്ങളുടെ സീറ്റ് ഏറ്റവും പുറകിലായിരുന്നു.
ലാൻഡ് സ്ലൈഡുകളും പരിമിതമായ നാഷണൽ ബജറ്റും നിമിത്തം റോഡുകൾ ആകെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയാണ്.. കേവലം 205 കിലോമീറ്റർ ദൂരം താണ്ടാൻ ഒരു രാത്രി മുഴുവനും വേണം എന്ന് മനസ്സിലാക്കിയാൽ തന്നെ റോഡിന്റെ സ്ഥിതി ഊഹിക്കാമല്ലോ !!
ഞാനും ബിനോയും ആകെ ക്ഷീണിതരായിരുന്നു, രാത്രി മൂന്ന് മണിക്കൂറെങ്കിലും ബസ്സിൽ ഉറങ്ങണം, പിറ്റേന്ന് രാവിലെ മുതൽ ഏഴെട്ട് ദിവസം നീണ്ടു നിൽക്കുന്ന ആൾട്ടിട്യൂഡ് ഹൈക്കിങ്ങാനുള്ളത് ..
ബസ്സിൽ കയറും മുൻപ് ബിനോയ് രണ്ട് പ്ളേറ്റ് മോമൊ* വാങ്ങിവന്നു ( *മോമോ നമ്മുടെ കൊഴുക്കട്ടപോലെ, പക്ഷെ മധുരത്തിന് പകരം വേവിച്ച ഇറച്ചിയോ വെജിറ്റബിളോ നിറച്ച നേപ്പാളീ ഭക്ഷണം ) .
ബസ്സ് എടുക്കും മുൻപ് തിരക്ക് പിടിച്ച് ഭക്ഷണം കഴിക്കുമ്പോൾ 'കിളി' പയ്യൻസിന്റെ ഡയലോഗ് മലയാളത്തിൽ ഏകദേശം ചുവടെ കാണുംവിധത്തിൽ തർജമ ചെയ്യാം -
" എന്റെ പൊന്ന് സാറുമ്മാരെ എന്തിനാ ഇത്ര ബുദ്ധിമുട്ടി ഭക്ഷണം വാങ്ങിയേ? ബസ്സിൽ ഭക്ഷണമുണ്ടല്ലോ! നിങ്ങളുടെ ടിക്കറ്റിൽ ഭക്ഷണത്തിന്റെ പൈസയും കൂടെയുണ്ട് "
ബിനോയ് തിരിച്ച് ,
"ഡാ പൊട്ടൻ ക്ണാപ്പാ, നിന്നോട് ചോദിച്ചിട്ടല്ലേ ഞങ്ങൾ ഭക്ഷണം വാങ്ങാൻ പോയെ, നിനക്ക് ഒരു വാക്ക് പറയാമായിരുന്നല്ലോ"
"സാറേ, അത് പിന്നെ ഇപ്പൊ കഴിക്കാനാണ് ഭക്ഷണം വാങ്ങുന്നത് എന്ന് എനിക്കറിയോ??"
ഞാൻ ബിനോയോട് പറഞ്ഞു "ശരിയാടാ നമ്മുടെ ഭാഗത്തും തെറ്റുണ്ട്; ഭക്ഷണം വാങ്ങാൻ പോകുന്നു എന്ന് പയ്യൻസിനോട് പറഞ്ഞു; പക്ഷെ പോകുമ്പോൾ ഇപ്പൊ കഴിക്കാനാണ് എന്നു കൂടെ ഒന്ന് ഒച്ചവച്ചിരുന്നെങ്കിൽ, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ "
വിശപ്പ് മാറി, ബസ്സ് യാത്ര തുടങ്ങി, എങ്ങിനെയെങ്കിലും അൽപസമയം ഉറങ്ങാൻ ശ്രമിക്കണം. കിളി പയ്യൻസിനോട് ഞങ്ങൾക്ക് "ഇനി ബസ്സിലെ ഭക്ഷണം വേണ്ട, ഉറങ്ങാൻ പോകുന്നു" എന്ന് പറഞ്ഞ് ഉറപ്പിച്ചു ..
'വറചട്ടിയിലെ ചോളമണികളുടെ ഉറക്കം !'
പോസ്റ്റിന് ഈ ടൈറ്റിൽ എഴുതിയത് ബസ്സിലെ ഞങ്ങളുടെ ഉറക്കശ്രമങ്ങളെ കുറിച്ചോർത്താണ്. യാത്രയിൽ ഏറിയ സമയവും ഞങ്ങൾ സീറ്റിന് മുകളിൽ പറക്കുന്ന അവസ്ഥയിൽ തന്നെയായിരുന്നു, പിംഗ്പോങ്ങ് ബോളുകളെപോലെയോ വറചട്ടിയിലെ ചാടിമറിയുന്ന ചോളമണികളെപോലെയോ... 
എപ്പോഴോ അപാരമായ ക്ഷീണത്താൽ കണ്ണടഞ്ഞുപോയി; കൃത്യ സമയത്ത് കിളിപയ്യൻസ് വന്ന് "സാറേ , ഓയ് സാറുമ്മാരേ" എന്ന് തട്ടി വിളിച്ചു! ഡാ ദ്രോഹീ നിന്നോടല്ലേ ഭക്ഷണം വേണ്ടാ എന്ന് പറഞ്ഞുറപ്പിച്ചിരുന്നത്, എന്തിനാടാ ചക്കരേ നീ വീണ്ടും വിളിച്ചത് ?? പാതി കരച്ചിൽ പോലെയായിരുന്നു ബിനോയുടെ ചോദ്യം !
സാറ് കഴിക്കേണ്ട ചുമ്മാ ഫുഡ്ഡ് കാണിച്ചു തരാനാ വിളിച്ചത്; ഞാൻ നോക്കിയപ്പോൾ പയ്യൻസിന്റെ കയ്യിൽ രണ്ട് ലീഫ് നഗ്നമായ ബ്രഡ്ഡ് ! 
ഉറങ്ങാനാവാത്തതിന്റെ സങ്കടം ഒതുക്കാനെന്നവണ്ണം ഞാൻ തെല്ലുറക്കെ പറഞ്ഞു, പയ്യൻസ് മ്മളെ ട്രോളിയതാ ബിനോയേ .. 
ആ തെമ്മാടി, ബസ്സിൽ ഉറങ്ങാൻ ശ്രമിച്ച എല്ലാവരെയും വിളിച്ച് ബ്രഡ് കഷ്ണങ്ങൾ വിതരണം ചെയ്യുന്നത് കണ്ടപ്പോഴാണ്, മ്മടെ വീടിനൊപ്പം തൊട്ടടുത്ത വീട്ടിലും കറണ്ട് പോകുന്നതു കാണുമ്പോഴത്തെ 'മല്ലൂ സമാധാനം' ഫീല്ചെയ്തത് ! 
~~~~
രാവിലെയാണ് ഹിൽസ്റ്റേഷനായ പൊഖറയിലെത്തിയത്. കടകളൊക്കെ തുറക്കുന്നതെയുള്ളൂ, അവിടുന്ന് വാങ്ങി ബാഗിലിടാൻ ഉദ്ദേശിച്ചിരുന്ന Diamox പോലുള്ള ആൾറ്റിറ്റിയൂഡ് സിക്ക്നസ് മരുന്നുകളും വെള്ളം ശുചീകരിക്കാനുള്ള അയോഡിൻ ടാബ്‌ലറ്റുകളും തിരക്ക് പിടിച്ച് ഗാൻഡ്രൂക്കിലേക്കുള്ള മൈക്രോയിൽ കയറും മുൻപ് വാങ്ങാൻ വിട്ടുപോയി.
നേപ്പാളിലെ ഉൾനാടൻ ഗതാഗത്തിൽ ഏറ്റവും ജനകീയമായത് മൈക്രോ എന്ന വിളിപെരുകളുള്ള 'കുട്ടിബസ്സുകളാണ്' .
മൂന്നും നാലും മണിക്കൂർ നീണ്ടുനിൽക്കുന്ന ഓഫ് റോഡ് വഴികളൊക്കെ ഇത്തരം കുഞ്ഞൻ ബസ്സുകളുടെ സ്ഥിരം സർവീസ് റൂട്ടുകളാണ് .. !
സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരം മീറ്റർ ഉയരത്തിലുള്ള ഗാൻഡ്രൂക്ക് എന്ന ഗ്രാമം വരെയാണ് ഗതാഗത സൗകര്യമുള്ളത്, അവിടുന്നങ്ങോണ് ശരിക്കും ഹൈക്കിങ്ങ് തുടങ്ങുന്നത് ..
ഗാൻഡ്രൂക്കിന് മുകളിൽ ചാമ്രോങ്ങ് വരെ അങ്ങിങ്ങ് പരന്നു കിടക്കുന്ന ഗ്രാമങ്ങളും കൃഷിയിടങ്ങളുമുണ്ട് ..
ചാമ്രോങ്ങ് വരെ കഴുതകളേയും കുതിരകളേയും പ്രൊവിഷൻ കൊണ്ടുപോകാൻ ഉപയോഗിക്കാം പക്ഷെ അതിനുമുകളിൽ അന്നപൂർന്ന ബേയ്സ് ക്യാമ്പിലേക്കുള്ള ഓരോരോ ഹൈക്കിങ്ങ് സ്റ്റേഷനുകളിലേക്കും തലച്ചുമടായി മാത്രമേ സാധനങ്ങൾ എത്തിക്കാനാകൂ ..
നേപ്പാൾ മെയിൻ ലാൻഡിൽ നിന്ന് എല്ലാ സാധാനങ്ങളും ഗാൻഡ്രൂക്ക് വരെ എത്തിക്കുന്നത് പ്രധാനമായും ഞങ്ങൾ പോയതുപോലുള്ള 'മൈക്രോ' ബസ്സുകളിലാണ്; അതുകൊണ്ട് തന്നെ ആ വാഹനങ്ങളിൽ ആടും കോഴിയും ഗ്യാസുകുറ്റിയും, പുതപ്പും, മെത്തയും, തക്കാളിപ്പെട്ടികളിൽ നിറച്ച പച്ചക്കറികളുമല്ലാം ബസ്സിന്റെ പുറത്തും ഉള്ളിലുമായി നിറച്ച് വച്ചിരിക്കും ..
അതും കൂടാതെ ഹൈക്കേഴ്സിന്റെ വലിയ ബാക്പാക്കുകളും ഹൈക്കിങ്ങ് സ്റ്റിക്കുകളും !
ബസിനുള്ളിലെ സീറ്റിൽ എത്തിപ്പെടാൻ തന്നെ സീറ്റുകൾക്കും സാധനസാമഗ്രികൾക്കും മുകളിലൂടെ ഒരു സെമി ഹൈക്കിങ്ങ് നടത്തേണ്ടതുണ്ട് .. !
ഗാൻഡ്രൂക്ക് വരെയുള്ള യാത്ര രസകരമാണ്- മലയിടുക്കുകളിൽ തട്ടുതട്ടായി ടെറസ്സ് ഫാമിങ്ങ് ചെയുന്ന നെൽ 'വയലുകൾ', റോഡിലൂടെ ഒഴുകുന്ന അരുവികൾ, 'ആകാശത്തുനിന്ന്' വെള്ളി നൂല് പോലെ താഴോട്ട് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ .. !
ഒട്ടുമുഴുവൻ യാത്രയും വെട്ടുവഴികളിലൂടെയാണ് ടാറിങ്ങ് എങ്ങുമില്ല ..
നേപ്പാളിനെ നമ്മളെല്ലാവരും ഒരു കുഞ്ഞു രാജ്യമായാണ് മനസ്സിലാക്കാറുള്ളത്; പക്ഷെ ദിവസങ്ങളുടെ ഹൈക്കിങ്ങ് കഴിഞ്ഞ് തിരിച്ചിറങ്ങുന്ന വഴിയിൽ നേപ്പാൾ സ്വദേശിനിയായ ഹൈക്കർ Anupa Upreti യോട് പറഞ്ഞ ഉപമയാണ് ഇപ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്നത് ..
സഖീ, നിങ്ങളുടെ നേപ്പാളിനെ ഒരു ചപ്പാത്തി പലകയിൽ വച്ച് ഹിമാലയത്തിന്റെ ചുക്കിചുളിവുകളെ പരത്തിയെടുത്താലുണ്ടല്ലോ ഒത്തിരി വലിയ രാജ്യമായി മാറും ... !
ഉത്തരനേപ്പാൾ മുഴുവനും ഹിമാലപർവത നിരകളാണ്, ഇന്ത്യൻ ടാക്റ്റോണിക്ക് പ്ളേറ്റും യൂറേഷ്യൻ പ്ളേറ്റും കൂട്ടിയിടിച്ച് ഉയർന്നു വളരുന്ന ഹിമാലയം നേപ്പാളിൽ അപാരമായ നിമ്നോന്നതികളാണ് ഒരുക്കിവച്ചിരിക്കുന്നത് ..
ഒരു കല്ലിൽ നിന്ന് ശ്രദ്ധാപൂർവ്വം വേറൊന്നിലേക്ക് ചാടി തിരിഞ്ഞു നിന്ന് ചെറുപുഞ്ചിരിയോടെ അനൂപ പറഞ്ഞു; ഹിമാലയമില്ലാതെന്ത് നേപ്പാൾ !!
അനുപയും ആദ്യമായിട്ടാണ് അന്നപൂർന്ന ഹൈക്ക് ചെയ്യുന്നത് അവളുടെ ചങ്ങാതിമാർ ഒരു കുഞ്ഞു ഗിറ്റാർ കയ്യിൽ കരുതിയിരുന്നു ...
അന്നപൂർന്ന കൊടുമുടികളുടെ ബേസ് ക്യാമ്പിലിരുന്ന് നേപ്പാളീ ഫോക്ക് സോങ്ങ് പാടണം എന്ന വിഷ് ബക്കറ്റ് ലിസ്റ്റിലെ ഒരാഗ്രഹം അവൾ രണ്ട് ദിവസങ്ങൾ മുൻപേ സഫലമാക്കിയിരുന്നു.
ജീവിതം സ്വപ്നങ്ങളെ പിന്തുടരാനുള്ളതാണ്, അസൗകര്യങ്ങളോർത്ത് സ്വപനം കാണാൻ പോലും മടിക്കുന്നവർ എന്നിൽ പെട്ടവരല്ല .. !
"പേരറിയാത്ത ഏതോ ഇടത്തിലെ അഗ്നിപർവത്തിന്റെ ലാവയിൽ ഹൈക്കിങ്ങ് സ്റ്റിക്കിന്റെ തുഞ്ച് മുക്കിയ ലോലിപോപ്പ് പോലൊരു ഓർമ വസ്തു നാട്ടിലെ എന്റെ വീട്ടിൽ എനിക്ക് സൂക്ഷിച്ച് വക്കാനുണ്ടാവണം"
തലമുറകൾക്കപ്പുറത്ത് ഏതോ ഒരു പെൺകുട്ടി അവളുടെ മകളോട് "നിനക്കറിയാമോ ഇത് മ്മടെ വീട്ടിലെ ഒരു മുതുമുത്തച്ഛൻ അഗ്നിപർവതത്തിന്റെ ലാവയിൽ മുക്കിയെടുത്ത ഹൈക്കിങ്ങ് സ്റ്റിക്ക് സ്മരണികയാണ്" എന്ന് കഥപറയുമ്പോഴേക്കും ഭൂമിയിലെ അഗ്നിപർവതങ്ങളിൽ എറിയപാടും കെട്ടുപോയിരിക്കാം, കിളിമഞ്ചാരോയുടെ മുകളിലെ ഗ്ലേഷ്യർ ഉരുകി തീർന്നിരിക്കാം .. "
മാനവിക സ്വപ്നങ്ങളെ ചരിത്രമാക്കാൻ തുനിഞ്ഞിറങ്ങിയവരോടാണെനിക്ക് പ്രണയം ..
~~~
അടുത്ത പോസ്റ്റ് മുതൽ എഴുതാനുള്ളത് ഹൈക്കിങ്ങ് വിശേഷങ്ങളാണ്, കൂടുതൽ നല്ല ചിത്രങ്ങളും വിശേഷങ്ങളും, പക്ഷെ പോസ്റ്റുകൾ ഇതുപോലെ നീണ്ട് പോയേക്കില്ല ..
എഴുത്ത് ഒരു ഉറവപോലെയാണ്... ചിലപ്പോൾ അങ്ങനെയങ്ങ് ഒഴുകും ...
മറ്റുചിലപ്പോൾ ഉറഞ്ഞ് മൂർച്ചയുള്ള ഐസ് ക്രിസ്റ്റൽ പോലെ മനസ്സിനെ നോവിച്ചുകൊണ്ടേയിരിക്കും ...
പരിമിതമായ വായനക്കാരാണ് എനിക്കുള്ളത്; സ്ഥിരം വായിക്കുന്നവരെ കൂടാതെ കൂടുതൽ പുതിയ വായനക്കാരിലേക്കെത്തിക്കാൻ നിങ്ങൾക്കൊരുപക്ഷേ സഹായിക്കാനായേക്കും ...
വായിക്കപ്പെടണം എന്ന ആഗ്രത്തിലാണ് ഞാൻ എഴുത്തുന്നതെല്ലാം ..
സ്നേഹപൂർവ്വം
കിരൺ കണ്ണൻ









Link to Facebook Post
Posted : October 27, 2018

അഭിപ്രായങ്ങള്‍