പൊഖറയിൽ നിന്നാണ് എവറസ്റ് ബേസ് ക്യാമ്പ് ഒഴികെയുള്ള ഒട്ടുമിക്ക ഹിമാലയൻ ഹൈക്കിങ്ങ് ട്രയലുകളും ആരംഭിക്കുന്നത്.
നേപ്പാളിന് ഹിമാലയൻ മലനിരകളിലെ മൗണ്ടനീയറിങ്ങും എക്കോ ടൂറിസവും പകരുന്ന സാമ്പത്തിക ശാക്തീകരണം ചെറുതൊന്നുമല്ല.
ഞങ്ങൾ ( ഞാനും ബിനോയും Binoy Babu ) പോകാനൊരുങ്ങുന്നത് ഹിമാലയത്തിലെ അന്നപൂർണ പർവതനിരകളുടെ സമ്മിറ്റിനുള്ള ബേസ് ക്യാംപിലേക്കാണ് .
എണ്ണായിരം മീറ്ററിനധികം ഉയരമുള്ള അന്നപൂർണ്ണ 1 അടക്കം ഏഴായിരം മീറ്ററിലധികം ഉയരമുള്ള പതിമൂന്ന് കൊടുമുടികളും ആറായിരം മീറ്ററിലധികം ഉയരമുള്ള പതിനാറോളം കൊടുമുടികളും ഉൾച്ചേരുന്നതാണ് അന്നപൂർണ റെയ്ഞ്ച് .
(ഉയരത്തിൽ എവറസ്റ്റിനോളം വലിപ്പമില്ലെങ്കിലും കയറാനുള്ള ബുദ്ധിമുട്ടിൽ അന്നപൂർണ്ണ കൊടുമുടികൾ എവറസ്റ്റിനേക്കാളും അപകടകാരികളാണ്)
ഇത് ഇന്നൊരു ഹൈ ആൾറ്റിട്യൂഡ് നാഷണൽ റിസർവ് ആണ് .
മഹാ പർവ്വതങ്ങളിൽ പാതിയോളം കയറിയാൽ ട്രീലൈൻ കഴിഞ്ഞ് കുത്തനെ എഴുന്നു നിൽക്കുന്ന കൊടുമുടികളുടെ താഴെയുള്ള താരതമ്യേന പരന്ന ചെറിയ പ്രദേശങ്ങളാണ് സാധാരണ ബെയ്‌സ് ക്യാമ്പുകളായി മാറുക .
അതിസാഹസികരായ പർവ്വതാരോഹകർ സമ്മിറ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനു മുൻപ് ഉയരക്കൂടുതലിന്റെ അനുരൂപീകരണത്തിനായി ദിവസങ്ങളോളം താമസിക്കേണ്ടുന്നതും, ഗ്രൗണ്ട് സപ്പോർട്ടിങ്ങ് ക്യാമ്പ് ഒരുക്കുന്നതും, സപ്ലെ / റെസ്ക്യൂ കോപ്ടറുകൾ ഇറക്കാവുന്നതുമായ ഏറ്റവും ഉയർന്ന, പക്ഷെ താരതമ്യേന പരന്ന പ്രദേശം .
ഒക്ടോബർ 12 വെള്ളിയാഴ്ച വൈകീട്ട് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ചെന്ന ഉടനെ രാത്രി ബസ്സ് പിടിച്ച് 9 മണിക്കൂറോളം റോഡ് ദൂരമുള്ള പൊഖറ എന്ന ഹിൽസ്റ്റേഷനിൽ ശനിയാഴ്ച രാവിലെ തന്നെ എത്തണം .
ട്രക്കേഴ്സ് ഇൻഫോർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരിൽ (TIMS) ഒരു ട്രാക്കിങ്ങ് കാർഡും, അന്നപൂർണ നാച്വർ കൺസെർവേഷൻ സോണിൽ പ്രവേശിക്കുന്നതിനായി ഒരു എൻട്രി പെർമിറ്റും മുൻകൂട്ടി എടുക്കേണ്ടതായുണ്ട് .
ശനിയാഴ്ച നേപ്പാളിൽ പൊതു അവധി ദിവസമാണ്;
ബസ് ടിക്കറ്റ്, ട്രാക്കിങ്ങ് കാർഡ്, ഹൈക്കിങ്ങ് പെർമിറ്റ് എന്നിവയെല്ലാം മുന്നേക്കൂട്ടി തരപ്പെടുത്താൻ നേപ്പാളിൽ ഒരു ലീഡ് തിരയുമ്പോളാണ് നിഷാദ് കൈപ്പള്ളി Nishad Kaippally പ്രിയ ചങ്ങാതി ഷിജു ബഷീറിന്റെ Shiju Basheer നേപ്പാൾ കണക്ഷൻസിനെ കുറിച്ച് പറഞ്ഞത് !
വർഷങ്ങൾക്ക് മുൻപ് ഫോട്ടോ ക്ലബ്ബ് കാലം മുതലേ അറിയാവുന്നതാണ് 'പകൽ കിനാവനെ' !
പണ്ടൊക്കെ പകൽകിനാവൻ ഓരോ ചിത്രങ്ങൾക്കും അടിക്കുറിപ്പായി രണ്ടുവരി കവിത എഴുതി ചേർക്കുമായിരുന്നു !
ചിത്രങ്ങളും ഹെയ്ക്കുവും തമ്മിലെ നിശ്ശബ്ദ മത്സരം!
പിന്നീടിങ്ങോട്ട് ഫ്രെയ്‌മിനും ആസ്വാദക മാനസത്തിനുമിടയിൽ കവിത എന്ന നിർവചനം ആവശ്യമില്ല എന്നു തോന്നിയതുകൊണ്ടാകണം ഇപ്പോൾ ചിത്രങ്ങൾ മാത്രമേയുള്ളൂ; കവിതയിപ്പോൾ ഡിജിറ്റൽ ഇന്റർഫെയ്‌സിൽ കമ്പോസിഷനിലും നിറങ്ങളിലും പ്രകാശവ്യന്യാസങ്ങളിലുമായി ചിത്രങ്ങളിൽ അലിയിച്ച് ചേർത്തിരിക്കുകയാണ് !
കാഠ്മണ്ഡുവിന് തൊട്ട്തന്നെ 'തമൽ' എന്നൊരു ഇടമുണ്ട്! 'നേപ്പാളിന്റെ ഷോപ്പിങ്ങ് ഡെസ്റ്റിനേഷൻ' എന്നൊക്കെയുള്ള വിശേഷണങ്ങളാണ് തമലിനെ കുറിച്ച് ട്രാവൽ ബ്ലോഗുകളിൽ വായിച്ചറിഞ്ഞത് !
പക്ഷെ എനിക്ക് 'തമൽ' മനുഷ്യവൈവിധ്യങ്ങളുടെ ഹ്രസ്വ ചതുരമായാണ് അനുഭവപ്പെട്ടത് !
അതെ; പല ചർമ്മ വർണ്ണങ്ങൾ! വിടർന്നതും, കൂമ്പിയതുമായ കണ്ണുകൾ, ഡെഡ്‌ലോക്ക് 'ൠഷിമുടി'കൾ, പിറുപിരാന്ന് സ്പ്രിങ്ങ് പോലെ എഴുന്നുയർന്ന് നിൽക്കുന്ന ഇലട്രിഫൈഡ് കേശാലങ്കാരങ്ങൾ !
കൊറിയ, വിയറ്നാം, ചൈന, ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്, നോർവേ, സ്വീഡൻ, അമേരിക്ക, അർജന്റീന, ഇസ്രായേൽ, എത്രയെത്ര രാജ്യങ്ങളിൽ വസിക്കുന്നവർ! ഹൈ ആൾറ്റിറ്റിയൂഡ് ഹൈക്കിങ്ങിന് ബാക് പാക്കിൽ ചേർക്കാൻ വിട്ടുപോയ അവസാനത്തെ ഗിയറും തപ്പി നടക്കുന്നവർ!
ഗ്ലേഷ്യർ ഐസിൽ ഗ്രിപ്പുനൽകാൻ കരുത്തുള്ള സ്‌പൈക്ഡ് ഷൂ, ഹൈക്കിങ്ങ് സ്റ്റിക്‌സ്, റോക്ക് റോപ്പ്, ഗൂസ് ഡൗൺ തൂവലുകൾ നിറച്ച വിന്റർ ജാക്കറ്റുകൾ, മൈനസ് 20 ഡിഗ്രീ സ്ലീപ്പിങ്ങ് ബാഗുകൾ, ഹിമാലയത്തിലെ വിവിധ ട്രയലുകളുടെ ടോപ്പോളജിക്കൽ മാപ്പുകൾ ...
വേണ്ടുന്നതെല്ലാം ലഭിക്കുന്ന കടകൾ !
ഇരുട്ട് പരക്കുമ്പോൾ തമലിന്റെ വിവിധ പബ്ബുകളിൽ നിന്നും ഇടുങ്ങിയ തെരുവുകളിലേക്ക് ചാലിടുന്ന സംഗീതത്തിന്റെ അനുരണനങ്ങൾ !!
ഷിജു പരിചയപ്പെടുത്തി തന്ന സുവാസ് മഹാരാജ് Suwas Maharj അവിടെ ഡൗൺ ടൗൺ എന്നൊരു ചെറിയ ഹോട്ടലിന് മുകളിൽ Dreamers Café [ സ്വപ്നാടകരുടെ കാപ്പിക്കട ! wow !! ] എന്നൊരു കോഫീ ബാർ നടത്തുകയാണ് !
നേപ്പാളിൽ എല്ലായിടത്തുമെന്നപോലെ, 'സ്വപ്നാടകരുടെ കാപ്പിക്കടയിലും' ബിയർ വൈൻഡിങ്ങ് മെഷീനുകളും വോഡ്കയും വൈനുമല്ലാമുണ്ട് !!
ഒരു ചെറിയ മേൽക്കൂര എത്രമനോഹരമായാണ് വീണ്ടും വീണ്ടും വരാൻ തോന്നുന്ന വിധം കലാപരമായ വിരുന്നിടമായി ഒരുക്കിയിരിക്കുന്നത് എന്ന് അതിശയിച്ചുപോകും !!
ഒരുവശത്ത് നിലത്ത് അലസമായി ചടഞ്ഞിരിക്കാൻ പരുത്തി തലയിണകളും യാക്ക് വൂളിൽ നെയ്തെടുത്ത പായകളും !
തൊട്ടടുത്ത കെട്ടിടത്തിന്റെ ചുമരിൽ വലിച്ചു കെട്ടിയ ക്യാൻവാസിലേക്ക് ക്ലാസിക്ക് ഇംഗ്ലീഷ് വീഡിയോ ആൽബങ്ങൾ പതിഞ്ഞ ശബ്ദത്തിൽ പ്ലേ ചെയ്യുന്നു ..
ആർക്കും എടുത്ത് ഉപയോഗിക്കാൻ ഒരു ഗിറ്റാർ, ടാഗോറിന്റെയും ജിബ്രാൻറെയും കവിതാ പുസ്തകങ്ങൾ, ഹിമാലയ കഥകൾ !!
ഒരു വശത്ത് കുഞ്ഞു മേശകൾ, തണുത്തുറഞ്ഞ് കത്തുന്ന മെഴുതിരി വെളിച്ചം!
Dreamers Café യിലെ ഓരോ മൂലയും സർഗാത്മകമായി നിർവചിക്കാൻ ഷിജു ബഷീർ എന്ന വിഖ്യാതനായ ഫോട്ടോഗ്രാഫർ സുവാസ് മഹാരാജ് എന്ന ചങ്ങാതിയെ ഒരുപാട് സഹായിച്ചിട്ടുണ്ടാവുമെന്ന് എനിക്കുറപ്പാണ്!
ഒരു സ്വപ്നാടകന്റെ കയ്യൊപ്പ് പതിഞ്ഞ സ്ഥലമൊരുക്കങ്ങൾ !
12ന് വൈകുന്നേരം ബസ് ടിക്കറ്റുകളും ഹൈക്കിങ്ങ് പെർമിറ്റുകളുമെല്ലാം വാങ്ങി ചടുപിടാ പൊഖറ ബസ്സ് പിടിച്ചതിനാൽ ഹൈക്കിങ്ങ് ഒക്കെ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം കാഠ്മണ്ഡുവിൽ തിരിച്ച് വന്നിട്ടാണ് സുവാസിനോട് ഒരുപാട് നേരമൊക്കെ സംസാരിച്ചിരിക്കാൻ കഴിഞ്ഞത് ..
സുവാസ് കുറെ കാലം സഹോദരിയോടൊപ്പം ഓസ്‌ട്രേലിയയിലാണ് പഠിച്ചത്, പാശ്ചാത്യനെ അതിശയിപ്പിക്കും വിധം ഇംഗ്ലീഷ് കൈകാര്യം ചെയ്യും ..
സംസാരിച്ചു തുടങ്ങിയാൽ സംസാരിച്ചുകൊണ്ടേയിരിക്കും !!
ഒരു തമാശയിൽ നിന്ന് വേറൊന്നിലേക്ക്; സ്വന്തം ജീവിതം തന്നെയാണ് തമാശകളിലൂടെ കെട്ടഴിച്ചിടുന്നത്!
വർഷങ്ങൾക്ക് മുൻപ് ദുബായിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു അവിടെ വച്ചാണ് അപർണ്ണയെ പരിചയപ്പെടുന്നത് !
സ്വഹൃദം, പ്രണയം, വിവാഹത്തിന് വീട്ടുകാരല്ലാം പെട്ടന്ന് സമ്മതിച്ച പകപ്പിൽ സുവാസ് ചുമ്മാ ഒരുമാസം ഇന്ത്യയിലേക്ക് ഒളിച്ചോടി പോയി !!
ഇപ്പോൾ വിവാഹമൊക്കെ കഴിഞ്ഞു സന്തോഷ ജീവിതം !
സുവാസ് കഫേയിൽ ജോലി ചെയ്തിരുന്ന ഒരു പയ്യൻസിനെ കുറിച്ച് പറഞ്ഞു !
ഒരു സീസണിലെ ഒരുമാതിരി നല്ല കളക്ഷനും മുക്കി കഫേയിൽ നിന്ന് ചാടിപ്പോയ അനിയനെപോലെയൊരു ജോലിക്കാരൻ !!
സുവാസിന് കഥ പറഞ്ഞു തുടങ്ങിയപ്പോഴേ ചിരിപൊട്ടി; ചിരിച്ച് ചിരിച്ച് കണ്ണീരൊഴുക്കികൊണ്ടാണ് കഥനം !
ആഴ്ചകളുടെ അപ്പുറത്ത് പറ്റിച്ചുപോയ ജോലിക്കാരനെ കണ്ട് കിട്ടി, അവനെയും കൂടി പയ്യൻസിന്റെ വീട്ടിലേക്ക്; "ആ ഹാ നിന്നെ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ വീട്ടുകാരോട് പൈസ വാങ്ങിയിട്ട് തന്നെ കാര്യം !"
പയ്യൻസിനെയും കൊണ്ട് അവന്റെ വീട്ടിൽ ചെന്ന് കയറിയപ്പോൾ 'ഫ്ഹാ' എന്നൊരാട്ടാണ് സ്വാഗതമായി ലഭിച്ചത്.. "ഈ തെമ്മാടിയെ കുറിച്ച് ഞങ്ങളോട് ഒരു വാക്ക് പറഞ്ഞു പോകരുത്" എന്ന് സാരാംശം !
സുവാസ് പയ്യനുമായി ഡീലുണ്ടാക്കി; "നീ മോഷ്ടിച്ച തുക പതിയെ പണിയെടുത്ത് വീട്ടൂ" എന്ന കരാറിൽ വീണ്ടും café യിൽ നിയമനം !
ഒരാഴ്ച തികഞ്ഞില്ല; ഇത്തവണ സാധ്യമായതിൽ വലിയ ഒരു കളക്ഷനുമെടുത്ത് പയ്യൻസ് വീണ്ടും മുങ്ങി !
സുവാസിന് കാമുകി ആദ്യമായി സമ്മാനിച്ച കൂളിങ്ങ് ഗ്ലാസും കൂടെ അടിച്ചു മാറ്റിയിരുന്നു!
'പുല്ല് പോട്ട്' എന്ന് സമാധാനിച്ച് നിൽക്കുമ്പോളാണ് പയ്യൻസിന്റെ ഫെയ്‌സ് ബുക്ക് നോട്ടിഫിക്കേഷൻ !
ചെത്ത് കൂളിങ്ങ് ഗ്ളാസ് ഒക്കെ വച്ച പ്രൊഫൈൽ ചിത്രത്തിന് ലൈക്കോട് ലൈക്ക് !!
ധർമ്മ സങ്കടം! അമർഷം, കൂട്ടുകാരിയുടെ പിണക്കം!
എത്രയെത്ര അനുഭവ കഥകളാണ് രസകരമായി ആ യുവാവ് പറഞ്ഞുകൊണ്ടേയിരുന്നത്!
നേപ്പാളിൽ ഞങ്ങൾ എത്തിച്ചേർന്ന ഒക്ടോബർ ദാഷിയാൻ ഉത്സവകാലമാണ്!
(വടക്കേ ഇന്ത്യയിലെ ദാസ്‌റയുടെ നേപ്പാളി വേർഷൻ)..
ദിവസങ്ങൾക്ക് മുൻപേ മൺ ചട്ടിയിൽ മണലും ഉണക്കി പൊടിച്ച ചാണകവുമിട്ട് ബാർലി വിത്തുകൾ പാകി നനയ്ക്കും ഉത്സവമാകുമ്പോഴേക്ക് വിത്തുകളല്ലാം മുളപൊട്ടി വളർന്നിരിക്കും!
അവ ചെവിയിൽ ചൂടിയാണ് 'ദാഷിയാൺ' ഉത്സവദിനങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങുക; തെരുവുകളിൽ എമ്പാടും വർണ്ണ തോരണങ്ങൾ, ആകാശം നിറയെ വർണ്ണ പട്ടങ്ങൾ!! മുള ഉയർത്തികെട്ടിയുണ്ടാക്കിയ ഊഞ്ഞാലിൽ കുഞ്ഞുങ്ങൾ വിരലുകൊണ്ട് ആകാശം തൊടാൻ ആഞ്ഞ് കുതിച്ചാടും!!
പെൺകുട്ടികൾ കുങ്കുമത്തിൽ മുക്കിയ ചുവന്ന് തുടുത്ത അരിമണികൾ നെറ്റിയിൽ ഒട്ടിച്ചിരിക്കും !
ദാഷിയാൻ ദുർഗയുടെ ഉത്സവമാണ്;
ദുർഗ , രക്ത ദാഹിയാണ് എന്നാണ് വിശ്വാസം..
പോത്തും എരുമയും താറാവുകളും ആടുകളുമെല്ലാമായി ഒരു മില്യൻ മൃഗങ്ങളെയെങ്കിലും കാഠ്മണ്ഡുവിലെ ദുർഗാ ക്ഷേത്രങ്ങളിൽ അന്ന് തന്നെ ബലികൊടുക്കപ്പെടും!
പുതിയ വാഹനങ്ങൾക്ക് ചുറ്റിലും, വീടിന് ചുറ്റിലുമെല്ലാം പാതിയറുത്ത് രക്തം ചീറ്റുന്ന മൃഗ ശരീരങ്ങളുമായി പ്രദക്ഷിണം വയ്ക്കും.. !
വീട്ടിലെ ഓരോ അംഗത്തിനും സീനിയോറിറ്റി, ജെണ്ടർ ഹൈറാർക്കിയുണ്ട്..
മാംസം കറിവയ്ക്കുകയോ ചുട്ടെടുക്കുകയോ ചെയ്താൽ വീട്ടിലെ ഏറ്റവും മുതിർന്ന ആളിന് ജീവികളുടെ രുചികരമായ ഭാഗങ്ങളാണ് ലഭിക്കുക !
കുട്ടികൾക്ക് പലപ്പോഴും വാൽ, പല്ലോട് കൂടിയ താടിയെല്ല് എന്നിങ്ങനെയുള്ള അനാകർഷകമായ ഭാഗങ്ങളാണ് അവസാനം വീതിച്ചു കിട്ടുക!!
വീട്ടിലെ ഏറ്റവും ഇളയ സന്താനമായ സുവാസ്, ഫാമിലി ഹൈറാർക്കിയുടെ ഭക്ഷണ വിതരണ ക്രമത്തിലെ നീതി നിഷേധത്തിനോട് പ്രതിഷേധിച്ച് ചെറുപ്പത്തിൽ ഒരു പ്രഖ്യാപനം നടത്തി ..
"ഞാൻ ഇന്നുമുതൽ ഒരു പൂർണ്ണ സസ്യഭുക്കായിരിക്കും" 'vegan'.
നിശബ്ദമായ രണ്ട് നിമിഷങ്ങൾ; ക്യൂരിയോസിറ്റിയുടെ സ്വതസിദ്ധമായ അക്ഷമ പേറുന്ന ഞാൻ ചോദിച്ചു "എന്നിട്ട് ?? "
സുവാസ് നെടുവീർപ്പിട്ടു .. ഞാൻ ഇപ്പോൾ വളർന്നു, വിവാഹം കഴിച്ചു, ഫാമിലിയിലെ രണ്ട് തലമുറ മുതിർന്ന പലരും മരിച്ചുപോയി ... !
കഴിഞ്ഞ ദാഷിയാന് മോശമല്ലാത്ത ഒരു ഭാഗമാണ് എനിക്ക് ആചാരപ്രകാരം വിളമ്പിയത്; ഫാമിലി ഹൈറാർക്കിയിൽ ഞാൻ ഇപ്പോൾ ഏറെ മുന്നിലായിട്ടുണ്ടല്ലോ!!
വീണ്ടും നിശബ്ദത !
ക്ഷമയൊട്ടുമില്ലാത്ത എന്റെ ക്യൂരിയോസിറ്റി വീണ്ടും ; എന്നിട്ട്???
സുവാസ് ഒരു നെടുവീർപ്പോടെ പറഞ്ഞു - "കൊതിപ്പിടിച്ച് ഞാൻ എന്റെ പത്ത് വർഷത്തെ വെജിറ്ററിയനിസം അവസാനിപ്പിച്ചു"!
നേപ്പാളിലേക്ക് പോകുന്നവർ എന്ത് ആവശ്യമുണ്ടെങ്കിലും സുവാസിനോട് പറയാൻ മടിക്കരുത്; ഹൈക്കിങ്ങ് പാക്കേജുകളോ താമസമോ ഗൈഡോ എന്തുവേണമെങ്കിലും സുവാസ് സഹായിക്കും ..
+977 984-1363146
Kausi Dreamer's Terrace Café
Saat Ghumti Marg 3, Kathmandu 44600, Nepal
+977 985-1225321
ഓഹ് : കഥ പറഞ്ഞ് പറഞ്ഞ് പോസ്റ്റ് കുറച്ച് നീണ്ടു പോയല്ലോ, ക്ഷമിക്കൂ..
യാത്രാവിവരണത്തിന്റെ അടുത്ത ലക്കം മുതൽ ഇത്തിരി ചുരുക്കിയെഴുതാൻ ശ്രമിക്കാം .. 
സ്നേഹപൂർവ്വം
കിരൺ കണ്ണൻ
Posted: October 23, 2018 · Kathmandu, Nepal ·







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ