പ്ലാസ്റ്റിക്ക് അമൂല്യമാണ് അത് പാഴാക്കരുത് !

പീക്കിരി സിഡ്‌ 'പുതുതായി' ലഭിച്ച വർണ്ണാഭമായ അക്ഷരകൂട്ടങ്ങളിൽ ഒരുപാട് സന്തോഷവാനാണ്!
ഓരോ പ്ലാസ്റ്റിക്ക് അക്ഷരങ്ങളുടെയും പുറകിൽ കുഞ്ഞു കാന്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് , അവ ഇരുമ്പ് പ്രതലങ്ങളിലെല്ലാം ഒട്ടിപിടിച്ചിരിക്കും ..
ഫ്രിഡ്ജിലും അലമാരയിലുമെല്ലാം അനവധിയായ പാറ്റേണുകൾ മാറ്റിമാറ്റി ഒരുക്കിവക്കുക എന്നതാണ് പിറുണാസുകളുടെ പുതിയ ഇഷ്ടവിനോദം !
ഈ പറഞ്ഞതിൽ എന്താണ് കൗതുകം എന്ന് വായിക്കുന്നവർ ചിന്തിക്കുന്നുണ്ടാവുമല്ലേ ??
മുതിർന്നവരെ സംബന്ധിച്ച് ഇതൊരു പുതിയ കൺസപ്റ്റ് കളിപ്പാട്ടമൊന്നുമല്ല ..
സ്വന്തമായിരുന്നില്ലെങ്കിലും ഞാൻ എന്റെ ബാല്യകാലത്ത് തന്നെ കൗതുകത്തോടെ ഇത്തരം അക്ഷരങ്ങളെ കണ്ടിട്ടും കൊതിച്ചിട്ടുമുണ്ട് .. !
കുട്ടികൾ ജനിക്കുമ്പോൾ ജനിതക ജീവ സ്മൃതികൾക്കപ്പുറം ഒഴിഞ്ഞ ക്യാൻവാസുപോലെ ഏറെക്കുറെ ശൂന്യമായ തലച്ചോറുകളാണുള്ളത് ..
പുതിയ ഓരോ കാഴ്ചകളും കളിപ്പാട്ടങ്ങളും അനുഭവങ്ങളുമെല്ലാം അവരിൽ ജിജ്ഞാസയുടെ ആവേശപെരുമഴ പെയ്യിക്കും ..
സിഡിന്റെ (ക്ഷമിക്കൂ മലയാളത്തിൽ എളുപ്പത്തിൽ എഴുതാൻ കഴിയാത്ത ZiD എന്ന പേരാണ് ഞങ്ങൾ അവന് നല്കിയിരുക്കുന്നത് നിങ്ങൾക്ക് സിദ്, സിഡ്, സിദ്ധ് എന്നാല്ലാം താല്പര്യം പോലെ വിളിക്കാം) ഈ 'പുതിയ' കളിപ്പാട്ടത്തിന് 30 വർഷത്തിൽ കുറയാത്ത പ്രായമുണ്ട് !!
ഈ കഴിഞ്ഞ ദിവസം അബുദാബിയിലെ ഒരു നോർവീജിയൻ സ്ത്രീയിൽ നിന്ന് നാമമാത്രമായ പൈസ കൊടുത്ത് വാങ്ങിയതാണ് ഞാനീ അക്ഷരങ്ങൾ ..
അവർ ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയാ സെക്കൻഡ് ഹാൻഡ് പരസ്യ പേജുകളിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കാനുണ്ട് എന്ന് എഴുതിയിരുന്നു ..
പരസ്യത്തിൽ കണ്ട നമ്പറിൽ വിലയൊക്കെ ചോദിച്ച് ബന്ധപ്പെട്ടപ്പോൾ വരൂ കുറെയുണ്ട് നേരിട്ട് കാണുമ്പോൾ പറയാം എന്നാണ് പറഞ്ഞത് ..
നേരിട്ട് കണ്ടപ്പോൾ ഒട്ടുമേ വിശ്വസിക്കാനാകാത്ത നാനോ പ്രൈസിങ്ങ് !!!
ഓഹ് ! It's too low എന്ന് സത്യസന്ധമായി പറയാതിരിക്കാനായില്ല .
അവർ നൽകിയ മറുപടി എനിക്ക് ഒരു ഹരിത പാഠമായിരുന്നു ..
നിങ്ങൾക്കും അങ്ങിനെയാകും എന്ന് തോന്നിയതുകൊണ്ടാണ് ഞാനീ കുറിപ്പ് ഇവിടെ ചേർക്കുന്നത്
അവരുടെ നാലാം ക്ലാസ്സിൽ പഠിക്കുന്ന ഇളയ കുഞ്ഞിന്റേതായിരുന്നു ഈ കളിപ്പാട്ടങ്ങൾ, അതിനു മുൻപ് ഇപ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മൂത്തമകൾ കളിച്ച് ഉപേക്ഷിച്ചവ!
ഈ അക്ഷരങ്ങളുടെ കഥ അവിടെയും തീരുന്നില്ല; വില്പനക്കാരിയായ സ്ത്രീക്ക് നന്നേ ചെറുപ്പത്തിൽ യൂറോപ്പിൽ വച്ച് അവരുടെ 'അമ്മ തൊട്ടടുത്ത flea മാർക്കറ്റിൽ നിന്ന് (https://en.m.wikipedia.org/wiki/Flea_market) വാങ്ങിസമ്മാനിച്ചതാണ് ഈ 'പ്ലാസ്റ്റിക്ക്' കളിപ്പാട്ടങ്ങൾ !!!
തലമുറകൾ കൈമാറിവന്ന അക്ഷരങ്ങൾ !
അവർ എന്നോട് പറഞ്ഞു " കിരൺ, വിൽക്കുക എന്നതിനപ്പുറം "പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം" എന്ന വലിയ സാധ്യതയെക്കുറിച്ച് പുതിയ ഒരു ചങ്ങാതിക്ക് പരിസ്ഥിതി സന്ദേശം പങ്കുവെക്കാനാണ് ഇത്തവണ ഈ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഈ കളിയക്ഷരങ്ങൾ വില്പനക്കിട്ടത് !!!
ഇതുവരെ പാരിസ്ഥിതിക ക്ലാസ്സുകളിൽ ഒന്നും കേൾക്കാത്ത ഒരു പുതിയ സ്ലോഗൻ അവർ എന്നോട് പറഞ്ഞു "Plastic is Precious ; do not waste it"
പ്ലാസ്റ്റിക് എന്നാൽ മാലിന്യമാണ് എന്ന മുൻവിധിയും ആ മാലിന്യത്തെ എങ്ങിനെയൊക്കെ സംസ്കരിക്കാം എന്നുമെല്ലാമാണ് നമ്മൾ ഏറ്റുപാടുന്ന മുദ്രാവാക്യങ്ങൾ ; പക്ഷെ ഇത് അങ്ങിനെയല്ല !!!
ആ സ്ത്രീ ചുരുക്കി പറഞ്ഞ സമയചിത്രത്തിനെ അവിശ്വസിക്കേണ്ടതായി എനിക്ക് തോന്നിയേയില്ല ..
ആലങ്കാരികതകളോ അതിശയമോ ചേർക്കാതെ ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത് !
നമുക്കെല്ലാം അറിയുന്നതുപോലെ സഹസ്രലക്ഷകണക്കിന് വർഷങ്ങൾ ജൈവാവാശിഷ്ടങ്ങൾ മണ്ണിനടിയിൽ ഓക്സിജന്റെ അഭാവത്തിൽ പരിണമിച്ചുണ്ടായ പദാർഥങ്ങളാണ് ഹൈഡ്രോകാർബൻ സംയുക്തങ്ങൾ .
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ, പല പല വസ്ത്രങ്ങൾ, പെയിന്റുകൾ, റോഡുകൾ, കൃത്രിമ അവയവങ്ങൾ, മേക്ക് അപ്പ് വസ്തുക്കൾ, മരുന്നുകൾ, മേക്കപ്പ് സാമഗ്രികൾ, കോണ്ടാക്റ്റ് ലെൻസുകൾ, കൃഷി വളങ്ങൾ, എന്തിന് പാചകത്തിൽ പോലും ! പുതിയ ലോക ജീവിതത്തിൽ കണ്ണുതുറന്നാൽ എവിടെയും കാണുന്ന ഒന്നാണ് നമ്മൾ നിർമ്മിച്ചെടുത്ത ഹൈഡ്രോ കാർബൺ സംയുക്തങ്ങൾ !
എല്ലാം ആ അർത്ഥത്തിൽ ഭൂമിയുടെ അമൂല്യ നിക്ഷേപം തന്നെയാണ്
തൻമാത്രാ തലത്തിൽ പല പല മാറ്റിയെഴുതലുകളിലൂടെ വൈവിധ്യവും വിചിത്രവുമായ ഘടനാ രൂപങ്ങളിൽ പല പല പ്ലാസ്റ്റിക്ക് പോളിമറുകൾ നിർമ്മിച്ചെടുക്കാനാകും, ഉരുക്കിയും, രാസമാറ്റങ്ങൾങ്ങൾ വരുത്തിയും പ്ളാസ്റ്റിക്കിനെ വീണ്ടും വീണ്ടും പുതിയ പുതിയ രാസസംയുക്തങ്ങളാക്കി മാറ്റി ഉപയോഗിക്കാം ..
ഒരു ഉപയോഗത്തിന് ശേഷം പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞാൽ പരിസ്ഥിതിക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കും ..
ജൂൺ അഞ്ചിന് വൈകുന്നേരം അബുദാബിയിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് കൂട്ടുകാർ സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്ലാസിൽ ശ്രീ സുജിത്ത് കുമാർ അവതരിപ്പിച്ച ക്ലാസ്സിൽ നിന്നും ലഭിച്ച കുറച്ച് അറിവുകളും ചേർത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനെ കുറിച്ച് ചിലത് പറയാം
~~~~
പുഴയൊഴുക്കി കടലിലെത്തിച്ച പ്ലാസ്റ്റിക്ക് മൈക്രോ പാർട്ടിക്കിൾസ് സമുദ്രങ്ങളിൽ പ്ലവകങ്ങൾക്ക് ന്യൂക്ലിയസ്സുപോലെ പ്രവർത്തിക്കും ..
ചിലയിനം പ്ലാസ്റ്റിക്കുകൾ കാലക്രമത്തിൽ രാസഘടനയിൽ വരുന്ന മാറ്റങ്ങൾ നമ്മുടെ ശരീരത്തിന് വിഷകരമായി മാറും, പ്ലവകങ്ങളെ ഭക്ഷിക്കുന്ന ചെറിയ മീനുകളിലൂടെ അവയെ ഭക്ഷിക്കുന്ന വലിയമീനുകളിലേക്കും അവയെ ഭക്ഷിക്കുന്ന മനുഷ്യരിലേക്കുമെല്ലാം ഇങ്ങനെ വിഷ വസ്തുക്കൾ സ്വരൂപിക്കപെടും ..
വലിയ പ്ലാസ്റ്റിക്ക് കഷ്ണങ്ങളും പ്ലാസ്റ്റിക്ക് കവറുകളും കേടായ വലകണ്ണികളും മറ്റും ഒട്ടനവധിയായ സമുദ്ര ജീവികളെ ദിനംപ്രതി അപകടത്തിൽ പെടുത്തുന്നുണ്ട് ..
മണ്ണടരുകളിൽ പ്ലാസ്റ്റിക്ക് കവർ പാളികൾ നിറയുമ്പോൾ നീരൊഴുക്ക്, വേരുകളുടെ സുഗമ സഞ്ചാരം എന്നിവക്കെല്ലാം തടസ്സമാകും ..
നമ്മുടെ സുന്ദരമായ താഴ്വരകളും കടൽ തീരങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുമിഞ്ഞു കൂടിയാൽ ഒട്ടുമേ ഭംഗിയില്ലാതാവും ..
പ്ലാസ്റ്റിക്ക് കത്തിച്ചു കളഞ്ഞാൽ ഭൂമിയുടെ ഓസോൺ പാളിയെ അപകടപ്പെടുത്തുന്ന , നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന വിഷ വാതകങ്ങൾ അന്തരീക്ഷത്തിൽ കലരും ..
ഇതിനേക്കാൾ ഒക്കെ പ്രധാനപ്പെട്ട ഒരു പരിസ്ഥിതി നീതി നിഷേധം ഇതൊന്നുമല്ല ..
ക്രൂഡിൽ നിന്ന് പ്ലാസ്റ്റിക്കിലേക്കുള്ള പരിണാമത്തിന് നമ്മൾ പല രീതിയിൽ പല ഘട്ടങ്ങളിൽ പലരീതിയിലുള്ള ഊർജ നിക്ഷേപം നടത്തുന്നുണ്ട് ..
ഒരൊറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയുമ്പോൾ നമ്മൾ മാനവികതയെ തന്നെയാണ് വഞ്ചിക്കുന്നത് ...
പുനരുപയോഗ ഊർജസ്രോതസ്സുകളുടെ പ്രചാരണം ഊർജ്ജവശ്യത്തിനുള്ള ഫോസിൽ ഫ്യുവൽ ഉപഭോഗം കുറച്ചുകൊണ്ടുവരും എന്നുറപ്പ്; അതേസമയം നിലവിൽ ക്രൂഡ് ഓയിൽ പ്രോസസിങ്ങിലെ കെമിക്കൽ ഫോർമുലേഷനിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ക്രൂഡിൽ നിന്ന് വേർതിരിക്കുന്ന ഇന്ധനത്തിന്റെ ശതമാനം കുറച്ച് അതുകൂടി പ്ലാസ്റ്റിക്ക് പോലുള്ള ഇന്ധനേതര ഉല്പന്നങ്ങളാക്കി മാറ്റാനാകും ..
ഈ രീതിയിലുള്ള കൂടുതലായ ഉത്പാദനം പ്ലാസ്റ്റിക്കിന്റെ വില ഇനിയും കുറക്കുകയും ഉപഭോഗം കൂട്ടുകയും പുനരുപയോഗം കുറക്കുകയും ചെയ്യും അത് തീർച്ചയായും അപകടകരമായ ഒരു സ്ഥിതി വിശേഷമാണ് ..
Reduce, Reuse, Recycle എന്നിങ്ങനെയുള്ള മൂന്ന് മാർഗങ്ങളാണ് പ്ലാസ്റ്റിക്ക് മാലിന്യം കുറക്കാനുള്ള വഴികൾ .
പരിസ്ഥിതി ദിന ശപഥങ്ങളിൽ ഞാൻ ഇത്തവണ ഏറ്റെടുക്കുന്ന ഉഗ്ര ശപഥം ചുവടെ ചേർക്കുന്നു , കഴിയുന്നത്ര സാധനങ്ങൾ സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ നിന്ന് വാങ്ങണം ..
ഇതുവായിക്കുന്ന കൂട്ടുകാരിൽ ഒ എൽ എക്സിലോ, ഡുബിസിലിലോ, നെക്സ്റ്റ് വർത്തിലോ, യൂ സെല്ലിലോ, ഫെയ്സ്ബുക്കിലോ Pre loved സാമഗ്രികൾ തിരഞ്ഞ് വാങ്ങുന്നവർ എത്രപേരുണ്ട് എന്ന് എനിക്കറിയില്ല ..
അങ്ങിനെയുള്ളവർക്ക് അഭിമാനത്തോടെ കൈപൊക്കാം, നിങ്ങൾ ചെയ്യുന്നത് വലിയ ഭൗമസംരക്ഷണമാണ് ..
പലപ്പോളും സൂക്ഷിച്ച് ഉപയോഗിച്ച നല്ല ഉഗ്രൻ ഉൽപ്പന്നങ്ങൾ വിപണി വിലയുടെ നാലിലൊന്ന് വിലക്ക് കിട്ടും ..
വികസിത രാജ്യങ്ങളിലൊക്കെ വളരെ മുൻപേ തന്നെ പ്രീ യൂസ്ഡ് സാധനങ്ങൾക്ക് നല്ല വിപണിയുണ്ട് ..
നമ്മളും അത് ശീലമാക്കണം, വാങ്ങുന്നതോടൊപ്പം നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുകയുമാകാം ...
ഉദാഹരണത്തിന് എന്റെ കയ്യിൽ വളരെ കുറച്ച് മാത്രം ഉപയോഗിച്ച കാനോൺ ക്യാമറക്ക് ഉയപയോഗിക്കുന്ന കിടുക്കാച്ചി വൈഡ് ആംഗിൾ ലെൻസ് വില്പനക്കുണ്ട് (Tokina 11-16mm F2.8 PRO DX II Lens for Canon ) ..
ഇത് വായിക്കുന്ന ഫോട്ടോ ഗ്രാഫേഴ്‌സിൽ ആർക്കെങ്കിലും താത്പര്യമുണ്ടെങ്കിൽ കുറഞ്ഞ വിലക്ക് വിൽക്കാൻ തയ്യാറാണ് 
ആരും മടിച്ചു നിൽക്കേണ്ടതില്ല നാണിക്കേണ്ടതില്ല, പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരും, പ്രീ യൂസ്ഡ് സാധനം വാങ്ങുന്നവരുമൊക്കെയാണ് ഭൂമിയുടെ യഥാർത്ഥ ഹീറോസ് !
ഇനിയും പരിസ്ഥിതി ശപഥങ്ങൾ എടുക്കാത്തവരുണ്ട് എങ്കിൽ ഒരു റീ സെല്ലിങ്ങ് പേജ് തുടങ്ങുക, പതിവായി ഇത്തരം പരസ്യങ്ങൾ ശ്രദ്ധിക്കുക, ഉപയോഗിച്ച് ഇഷ്ടം കുറഞ്ഞത് വലിച്ചെറിയാതെ കുറഞ്ഞ വിലക്ക് വിൽക്കാൻ തയ്യാറാക്കുക, കൂടുതൽ പേരിൽ സന്ദേശമെത്താൻ ഈ പോസ്റ്റ് ഷെയർ ചെയ്യുക എന്നിങ്ങനെയൊക്കെയുള്ള ഉഗ്ര ശപഥങ്ങൾ ചെയ്യാവുന്നതാണ് ..
~~~
സിഡും ഇളയും അക്ഷരങ്ങൾകൊണ്ട് കളിക്കുകയാണ് തലമുറകളിലൂടെ പല രാജ്യങ്ങൾ സഞ്ചരിച്ചെത്തിയ കരുതലാണ് ആ അക്ഷരങ്ങൾ .
ഒരുപക്ഷേ ഇന്നേവരെ ഞാൻ അവർക്ക് വാങ്ങികൊടുത്ത സമ്മാനങ്ങളിൽ ഏറ്റവും മൂല്യമേറിയത് ..
എത്രയെത്ര കുഞ്ഞു കൈകൾ !
എത്രയെത്ര ഭാവനകൾ ... !
എത്രയെത്ര ഭൗമദിനങ്ങൾ ... !
" പ്ലാസ്റ്റിക്ക് അമൂല്യമാണ് അത് പാഴാക്കരുത് "
സ്നേഹപൂവ്വം
കിരൺ കണ്ണൻ



Link to Facebook post
Posted : June 9, 2018

അഭിപ്രായങ്ങള്‍