യു.എ.ഇ യുടെ ഉള്ളിലെ ഒമാൻ ! അതിനുള്ളിലെ യു.എ.ഇ !!
അതായത് ; ഫുജൈറയുടെ ഉള്ളിലെ ഒമാൻ !!! അതിനുള്ളിലെ ഷാർജ !!!!
പറഞ്ഞുവരുന്നത് ആഴ്ചാവസാനത്തിലെ ഏറ്റവും പുതിയ യാത്രയുടെ വിശേഷങ്ങളാണ് !!
ഈ കഴിഞ്ഞ ഫെബ്രുവരി 9 ന് ഫുജൈറ മലനിരകളിലേക്ക് സഹയാത്രികരെ തേടി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. അല്പസമയത്തിനകം തന്നെ ഇഷ്ടമറിയിച്ച അബുദാബിയിൽ നിന്നും ഫിറോസ് , ദുബായിൽ നിന്നും ജേക്കബ് സുധീർ, ബിനോയ്, ഫുജൈറയിൽ നിന്ന് നൗഫൽ എന്നീ കൂട്ടുകാരോടൊപ്പം ഒരാഴ്ച്ചത്തെ പ്ലാനിങ്ങോടെയാണ് യാത്ര സാധ്യമായത് ;
ഫെയ്‌സ് ബുക്ക് നോട്ടിഫിക്കേഷനുകളിൽ പോലും കണ്ടിട്ടേയില്ലാത്ത, ഒട്ടുമേ പരിചയമില്ലാത്ത നാലുപേരോടൊപ്പമുള്ള യാത്ര !!
അപരിചിതത്വത്തിൽ നിന്ന് പരിചയത്തിലേക്കുള്ള പരിണാമങ്ങളാണ് ഓരോ പുതിയ ദേശവും ഓരോരോ പുതിയ സൗഹൃദങ്ങളും !!
പേപ്പർവേയ്റ്റ് മേശമേൽ ഇട്ട് വിരലുകൾകൊണ്ട് വട്ടം ചുറ്റിക്കുന്നതുപോലെ കമ്പ്യൂട്ടർ ഡെസ്ക്‌ടോപ്പിൽ ഗൂഗിൾ എർത്ത് തോണ്ടി കറക്കാൻ ഇഷ്ടപ്പെടുന്ന എത്ര പേർ ഈ കുറിപ്പ് വായിക്കുന്നുണ്ടാവുമെന്ന് എനിക്കറിയില്ല ..
( അങ്ങിനെ ചിലരെങ്കിലുമുണ്ടാവും ! )
എന്റെ യാത്രകൾ എനിക്കും യാത്രാ കുറിപ്പുകൾ അവർക്കും വേണ്ടിയുള്ളതാണ് .. ...
ഫുജൈറയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ വിസ്മയിപ്പിക്കുന്നതാണ് !!
ഇത് ഭൂമി തന്നെയാണോ എന്ന് സംശയിച്ചുപോകും !!
എന്റെ സ്ഥിരം travel buddy കാർത്തിക്കിനെയും കൊണ്ട് പോകാനൊരുങ്ങിയ യാത്രയായിരുന്നു ഇതും; പക്ഷെ പരീക്ഷാത്തിരക്കുകൾക്കിടയിൽ 'അച്ചൂനെ' അമ്മാവനൊപ്പം മലയും മണലും അലയാൻ വിട്ടുതരില്ല എന്ന് കില (എന്റെ അനിയത്തി) അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെയാണ് പുതിയ സഹയാത്രികരെ തേടാൻ നിര്ബന്ധിതനായത് .
ഒരു രാഷ്ട്രത്തിന്റെ അതിർതിരേഖകൾക്കിടയിൽ കുരുങ്ങി കിടക്കുന്ന മറ്റൊരു രാജ്യത്തിന്റെ തുണ്ടിനെ എൻക്ലേവ് എന്നാണ് പറയുക ..
രാജ്യങ്ങളുടെ സമുദ്രാതിർത്തികൾക്കിടയിൽ കുരുങ്ങി കിടക്കുന്ന ദ്വീപുകളും മറ്റൊരു രാജ്യത്തിന്റെ കരമേഖലക്കുള്ളിൽ തന്നെ കുരുങ്ങി കിടക്കുന്ന വേറൊരു രാജ്യത്തിന്റെ ചെറു പ്രദേശങ്ങളുമല്ലാമുണ്ട് ..
ചരിത്രപരമായ പല പല കാരണങ്ങൾ ഇത്തരം അപൂർവമായ രാഷ്ട്രീയ ഭൂപട രചനകൾക്ക് കാരണമായിട്ടുണ്ടാവാം ..
ഇനി 'X' എന്ന രാഷ്ടത്തിനുള്ളിൽ ലാൻഡ് ലോക്ഡ് ആയികിടക്കുന്ന മറ്റൊരു രാഷ്ട്രത്തിന്റെ 'Y' ഭൂമികക്കുള്ളിൽ വീണ്ടും 'X' എന്ന രാഷ്ട്രത്തിന്റെ ഒരു തുണ്ട് കിടക്കുന്നു എന്നു സങ്കല്പിക്കാമോ ??
അതിനെ സെക്കൻഡ് ഓർഡർ എൻക്ലേവ് എന്നു പറയും .. !!
അപൂർവ്വങ്ങളിൽ അപൂർവമാണ് ഇത്തരം പ്രദേശങ്ങൾ ..
ഇതു വായിക്കുന്ന കൂട്ടുകാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരു സാങ്കൽപ്പിക ഉദാഹരണം പറയാം ..
കേരളത്തിലെ തൃശൂർ ജില്ലക്ക് നടുവിൽ ശ്രീലങ്കയുടെ 20 സ്ക്വയർ കിലോമീറ്റർ സ്ഥലമുണ്ട് എന്നു കരുതുക അത് ഒരു എൻക്ലേവാണ് ! ഇനി ആ കുഞ്ഞു ശ്രീലങ്കക്കുള്ളിൽ കർണാടകയുടെ ഇച്ചിരി ഭൂമിയുണ്ടെങ്കിലോ !!!
വിചിത്രം അല്ലേ ??
ഞങ്ങൾ പോയത് ഫുജൈറയുടെ മലമടക്കുകൾക്കുള്ളിലെ ഒമാന്റെ എൻക്ലേവ് ആയ മദ്ഹ എന്ന കുഞ്ഞു ഗ്രാമത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഷാർജയുടെ ഭാഗമായ ഒരു പീക്കിരി ഗ്രാമത്തിലേക്കാണ് "നഹ്'വ" എന്നാണ് ആ പ്രദേശത്തിന്റെ പേര് !!
ഒരു തളികയായി ഫുജൈറയെ സങ്കല്പിച്ചാൽ അതിലിരിക്കുന്ന ഡോണറ്റ് ഒമാൻ പ്രവിശ്യയായ "മദ്ഹയും"
ഡോണറ്റിനുള്ളിലെ കുഞ്ഞു വട്ടമായ "നഹ്'വ" ഷാർജയിലെ പ്രവശ്യയും !
യു.എ. ഇ ൽ ഉള്ളവർക്ക് പാസ്പോർട്ടോ എൻട്രി പേർമിറ്റോ കൂടാതെ യഥേഷ്ടം ഈ പ്രദേശങ്ങളിലൊക്കെ പോയിവരാം ..
കുറച്ച് കാലം മുൻപ് വരെ താരതമ്യേനെ വിലക്കുറവിൽ പെട്രോൾ കിട്ടാൻ വേണ്ടി മദ്ഹയിലെ കുഞ്ഞു പെട്രോൾ സ്റ്റേഷനിൽ യു എ ഇ യിലെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടാവാറുണ്ടത്രെ !
ഇപ്പോൾ രണ്ട് രാജ്യങ്ങളിലെയും ഇന്ധന വില ഏറെക്കുറെ സമമായതിനാൽ ആ പെട്രോൾ സ്റ്റേഷനും സമീപപ്രദേശവും ഒട്ടൊരുവിധം വിജനമാണ് ..
റോഡരികിലെ ഒമാൻ പതാകകൾ, ഒമാൻ പോസ്റ്റോഫീസ്, ഒമാൻ പോലീസ് സ്റ്റേഷൻ, തവിട്ടുനിറമുള്ള ശീല തനതു ശൈലിയിൽ തലയിൽ കെട്ടിയിരിക്കുന്ന ഒമാനി പൗരന്മാർ, ഇച്ചിരി ചെറിയ റോഡ് ..
മൊബൈലിൽ ഒമാൻ ടെൽ ബീപ്പ് ബീപ്പ് റോമിങ്ങ് മെസ്സേജുകൾ !!
ഭൗമഘടനക്ക് മാറ്റമൊന്നുമില്ല .. !
അല്ലെങ്കിലും ആര് എവിടെയൊക്കെ അതിർതിരേഖകൾ വരച്ചാലും ഭൂമിക്കെന്ത് !
മലയിടുക്കുകളിലൂടെ വളഞ്ഞ് പുളഞ്ഞ് ഇച്ചിരിയങ്ങ് പോകുമ്പോൾ മൊബൈലിൽ വീണ്ടും ബീപ്പ് ബീപ്പ് ശബ്ദം ഇത്തവണ യു.എ.ഇ യുടെ എത്തിസലാത്താണ് !
(ഇവിടെയൊക്കെ പോകുമ്പോൾ മൊബൈലിൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ പോസ്റ്റ് പെയ്ഡ് ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി; രാജ്യാതിർത്തികൾ ഇലട്രോമാഗ്നറ്റിക്ക് വേവ്സിന് കൃത്യമായറിയില്ല. ബില്ല് വരുമ്പോൾ പണി കിട്ടും )
പിന്നീട് നഹ്'വ അവിടെ ഷാർജ സുൽത്താന്റെ ചിത്രങ്ങൾ !
ഷാർജ പോലീസ് സ്റ്റേഷൻ, യു എ ഇ പതാകകൾ .. !!
ഇതിനകം തന്നെ വരണ്ടുണങ്ങി കിടക്കുന്ന രണ്ട് ഡാമുകൾ കണ്ടു; ഒന്ന് ഒമാന്റെയും വേറൊന്ന് ഷാർജയുടെയും പ്രവശ്യകളിൽ..
യു എ ഇ യുടെ മലമടക്കുകളിൽ ഇത്തരത്തിൽ നാമറിയാതെ ഒരുപാട് ഡാമുകളുണ്ട് !! വർഷത്തിൽ ശരാശരി പത്ത് പന്ത്രണ്ട് മില്ലീമീറ്റർ മാത്രം മഴലഭിക്കുന്ന ഇവിടെ എന്തിനാണ് ഇത്രയധികം അണക്കെട്ടുകൾ എന്ന് അതിശയം തോന്നുന്നുണ്ടോ ??
നമ്മുടെ നാട്ടിലെ ഡാമുകൾ പോലെ വൈദ്യുതി ഉത്പാദനത്തിനോ ജലസേചനത്തിനോ ഉപയോഗിക്കുന്നവയല്ല ഇവ; മറിച്ച് ഭൂഗർഭ വാട്ടർ റീചാർജിങ്ങിനുള്ളതാണ് .
നമ്മുടെ മഴകുഴികളുടെ വളരെ വലിയ വേർഷനുകൾ ~ വെള്ളമില്ലാത്തിടത്തേ വെള്ളത്തിന്റെ വിലയറിയൂ ..
ഫുജൈറയിൽ ഈ ഭാഗത്തുള്ള മലനിരകൾ ഒമാനിലെ ഹജാർ പർവത നിരകളുടെ തുടർച്ചയാണ്; ഉറപ്പില്ലാത്ത അടരു പാറകൾ! ചവിട്ടുന്ന ഓരോ അടിയും സൂക്ഷിച്ചുവേണം ; മുകളിൽ പോകുന്നവരുടെ കാലടികൾ കല്ലുമഴപെയ്യിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ വരിവരിയായി ഒരേ പാതയിലൂടെ കയറുക എന്നത് ഏറെ ദുഷ്കരമാണ് .
ഏറ്റവും മുകളിൽ കയറിയ നൗഫലിന്റെ കാലടിയിൽ അടർന്ന് പൊഴിഞ്ഞ കല്ലുകളിലൊന്ന് ചെയിൻ റിയാക്ഷൻ പോലെ പുറകിലുള്ളവരുടെ കാലുകളിൽ വളർന്ന് പെരുകി കല്ലുമഴയായി താഴെക്കൊഴുകിയപ്പോൾ കഴിഞ്ഞ ഒരാഴ്ച മുഴുവനും ഫുജൈറയിലെ മലകളില് വെന്നിക്കൊടി നാട്ടും, ആനയാണ് ചേനയാണ് എന്നൊക്കെ തള്ളിമറിച്ചിരുന്ന ജേക്കബ് അച്ചായന്റെ 'കിളി' എല്ലാരുടെയും തലക്കുമുകളിലൂടെ പറന്ന് മലയുടെ ഉച്ചിയിലിരുന്ന് കൂവി !!
"യ്യോ" #$@% "ഞാനിപ്പോ പേടിച്ചേനെ"
ഏകദേശം ആ കിളിമൊഴിയെ മലയാളത്തിൽ ഇങ്ങനെ പരിഭാഷപ്പെടുത്താമെന്ന് തോന്നുന്നു . !
ടാറിങ്ങ് ഇല്ലാത്ത - പൊടിപറക്കുന്ന വഴികൾ; ഇരുവശവും ഉയർന്നുനിൽക്കുന്ന ഉറപ്പില്ലാത്ത അടരു പാറകൾ !!
മലയിടുക്കിൽ കിടങ്ങുകൾ പോലെ ആഴത്തിൽ പൊടിപാറുന്ന മണ്ണ്'വഴിച്ചുറ്റിനും വെള്ളമൊഴുകിയ ചാലുകൾക്കുംനടുവിൽ ഒരു പരന്ന പീഠം പോലെ ഇരുനൂറ് മീറ്ററോളം എഴുന്നു നിന്ന ക്യാംപ് സൈറ്റ് പണ്ടെന്നോ കണ്ട സയൻസ് ഫിക്ഷൻ സിനിമയെ ഓർമ്മിപ്പിച്ചു !!!
അബുധാബിയിൽ നിന്ന് എന്നോടൊപ്പം കൂടിയ ഫിറോസായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ചെറുപ്പം! ആവേശവും ജിജ്ഞാസയും പൊട്ടിച്ചിരികളും !!
രാത്രി തീ കൂട്ടി.
മഞ്ഞവെളിച്ചം തിളങ്ങുന്ന മുഖങ്ങളിലേക്ക് പരസ്പരം നോക്കിയിരുന്നപ്പോൾ കാലങ്ങൾക്ക് മുൻപേ Hunter Gatherers ആയി അലഞ്ഞ് തിരിഞ്ഞ് ഇരുട്ടിൽ അഗ്നിയുടെ ചുറ്റും മുഖം നോക്കിയിരുന്ന പ്രാഗ് മനുഷ്യരെ കുറിച്ചോർത്തുപോയി ... !!
മനുഷ്യന്റെ കലകളും ഭാവനകളും സമൂഹമെന്ന ആശയവുമല്ലാം തീയിൽ കുരുത്തതാണ് !!
പ്രണയത്തെ കുറിച്ചാണ് അന്ന് എല്ലാവരും സംസാരിച്ചത്!!! ആരാണ് ആദ്യം പറഞ്ഞത് എന്നോർമ്മയില്ല; പക്ഷെ എല്ലാവർക്കും ഒരുപാട് ഓർമ്മ കഥകൾ !!!
ഒന്നോർത്തുനോക്കൂ; ആദ്യമായി പരസ്പരം കാണുന്ന അഞ്ച് മനുഷ്യർ, പിറന്ന നാടിന് ഒരുപാടാകലെ, ഹജാർ മലനിരകളുടെ അറ്റത്തൊരിടത്ത്, നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് കീഴെ, എരിഞ്ഞു കത്തുന്ന തീയുടെ ചുറ്റുമിരുന്ന് രാവേറെ ചെല്ലുവോളം പ്രണയത്തെ കുറിച്ച് സംസാരിക്കുക !!
'മാനവികത' എന്ന് ഞാനാ സംഗമത്തിന് പേരിടാനാഗ്രഹിക്കുന്നു !
തീയൊക്കെ അണഞ്ഞ് എല്ലാവരും അവരവരുടെ ടെന്റുകളിൽ കിടന്നു....
ബിനോയും നൗഫലും ഞാനും പരസ്പരം ഉറക്കെ അയൽപക്ക ടെന്റുകളോട് വീണ്ടും ഒരുപാട് നേരം സംസാരിച്ചു ...
ശബ്ദങ്ങൾ ചുറ്റുമുള്ള മലകളുടെ ചുമരുകളിൽ പ്രതിധ്വനിച്ചു .. ...
രാവിലെ പടിഞ്ഞാറ് ~ മലയുടെ തുഞ്ചത്ത് അഗ്നിപ്രകാശം പടർത്തി കിഴക്കേവിടെയോ സൂര്യനുദിച്ചു !! മലമടക്കുകളിൽ പ്രകാശത്തിന്റെ ചിത്രവരകൾ !! മലയിടുക്കിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഞങ്ങൾക് സൂര്യനെ കാണാൻ ഇനിയും ഏറെ വൈകും ..
നന്നായി വെളിച്ചം വീണപ്പോൾ എല്ലാരും ഒന്നിച്ച് അവിടെയാകെ ചുറ്റി നടന്നു !!
പലനിറങ്ങളിൽ ഭംഗിയുള്ള കല്ലുകൾ !
കുറച്ചകലെ കല്ലുകൾ കൊണ്ട് ഒരാൾ പൊക്കത്തിൽ മേല്കൂരയില്ലാത്ത മുറിപോലെ ഒരു നിർമിതി ! എന്തായിരിക്കും അത് ?? കൗതുകം !
അതിന് അടുത്തടുത്തായി ബങ്കറുകൾ പോലെ പലയിടങ്ങളിൽ കല്ലുകൾ അടുക്കി വച്ചിരിക്കുന്നു! വർണ്ണ വൈവിധ്യമുള്ള കല്ലുകൾ പെറുക്കി നടക്കുന്നതിനിടയിൽ ഒരു ഫയറിങ്ങ് പെല്ലറ്റ് കണ്ണിൽ പെട്ടു !
ഒരുപാട് പഴയത് !! അവിടെയും എവിടെയുമായി വീണ്ടും കുറെയെണ്ണം ..
അതിൽ 303.B എന്ന് എമ്പോസ് ചെയ്തിരിക്കുന്നു !
( It was the standard British and Commonwealth military cartridge from 1889 until the 1950s - Wikipedia )
യുണൈറ്റഡ് അറബ് എമിരേറ്റ്സും ഒമാനും അതിർത്തി പങ്കിടുന്ന മുസാണ്ടം ഉപദ്വീപ്മേഖലയും പരിസരവും ബ്രിറ്റീഷ് എമ്പയർ കാലത്തെ വളരെ തന്ത്ര പ്രധാനമായിരുന്നു ..
ഒരുപക്ഷേ അവിടം പഴയ ബ്രിറ്റീഷ് മിലിറ്ററി ട്രെയിനിങ്ങ് പ്രദേശമായിരുന്നിരിക്കണം ...
എന്തായാലും പ്രകൃതിയും മനുഷ്യനും രഹസ്യങ്ങളും വിസ്മയങ്ങളും സാഹസികതയും ഒരുക്കിവച്ചിട്ടുള്ള വിസ്മയ ഭൂമിയാണത് ...
അടുത്ത യാത്ര എവിടെക്കായിരിക്കും? ആരോടൊപ്പം ?? അറിയില്ല.
"അപരിചിതത്വത്തിൽ നിന്ന് പരിചയത്തിലേക്കുള്ള പരിണാമങ്ങളാണ് ഓരോ പുതിയ ദേശവും ഓരോരോ പുതിയ സൗഹൃദങ്ങളും !!"
ഇത് വായിക്കുമ്പോൾ നിങ്ങളോരോരുതരും എന്റെ സഹയാത്രികരാകുന്നു ...
സ്നേഹപൂർവ്വം : കിരൺ .
Newspaper Link : Mathrubhumi Link
Posted : March 16, 2018








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ