സാലിഗ്രാം ഒരു ഫോസിലാണ്; കടലാഴങ്ങളിൽ നിന്ന് ഭൂഖണ്‌ഡങ്ങൾ ആകാശത്തേക്കെടുത്തുയർത്തിയ ശംഖ് ജീവികളുടെ !
നേപ്പാൾ യാത്രാ വിശേഷങ്ങളുടെ നാലാം ഭാഗം

സാലിഗ്രാം ഒരു ഫോസിലാണ്; കടലാഴങ്ങളിൽ നിന്ന് ഭൂഖണ്‌ഡങ്ങൾ ആകാശത്തേക്കെടുത്തുയർത്തിയ ശംഖ് ജീവികളുടെ !
നേപ്പാൾ യാത്രാ വിശേഷങ്ങളുടെ നാലാം ഭാഗം :
ചോമ്രോങ്ങിനപ്പുറം ജനവാസമേഖലകളില്ല എന്ന് പറഞ്ഞിരുന്നുവല്ലോ.
താഴ്‌വരയിൽനിന്ന് ട്രയലിൽ ഉടനീളം ക്യാമ്പുകളിലേക്കുള്ള പ്രൊവിഷൻ ലോജിസ്റ്റിക്സിലെ പ്രധാനപ്പെട്ട കേന്ദ്രമാണ് ചോമ്രോങ്ങ്.
നമ്മുടെ ഇടുക്കി ജില്ലയിലെ വനമേഖലകളിൽ ഒറ്റപീടികാ കവലകളെ 'സിറ്റി' എന്നാണ് പറയുക! ആ അർത്ഥത്തിൽ ചോമ്രോങ്ങിനെ 'മെട്രോസിറ്റി' എന്നൊക്കെ പറയേണ്ടി വരും !
അന്നപൂർണ്ണ ഹൈക്ക് റൂട്ടിലെ മറ്റു ക്യാമ്പുകളെ അപേക്ഷിച്ച് ചോമ്രോങ്ങിൽ കൂടുതൽ ടീ ഹൗസുകളും രാത്രി തങ്ങാനുള്ള ലോഡ്ജുകളും, ഒന്നുരണ്ട് സുവനീർപീടികകൾ പോലുമുണ്ട് .
നേപ്പാളിലെ മിക്കവാറും എല്ലാ സുവനീർ ഷോപ്പുകളിലും "സാലിഗ്രാം" എന്ന കറുത്ത 'കല്ല്' വിൽപ്പനക്ക് വച്ചിരിക്കുന്നത് കാണാം.
എന്താണ് സാലിഗ്രാം എന്നല്ലേ ??
കറുത്ത് മിനുസമായ ഒരു 'കല്ല്' രണ്ടായി പിളർന്നത് റബ്ബർബാന്റോ മറ്റോ ഉപയോഗിച്ച് ചേർത്ത് വച്ചിരിക്കും .
വിടുർത്തിയാൽ അതിനുള്ളിൽ ഏതോ ഒരു കവചിത ജലജീവിയുടെ രൂപം എമ്പോസ് ചെയ്തിരിക്കുന്നതുപോലെ രണ്ട് പാതിയിലുമായി പതിഞ്ഞിരിക്കുന്നത് കാണാം .
ചില കല്ലുകൾ പൊട്ടിച്ചിട്ടുണ്ടാവില്ല അത്തരത്തിലുള്ളവയുടെ ഉപരിതലത്തിൽ തന്നെ ജീവീരൂപങ്ങൾ കാണാവുന്നതാണ് .
സാലിഗ്രാം വിശ്വാസവും ഫാന്റസിയുമെല്ലാം ചേർന്ന ദുരൂഹ വസ്തുവാണ്! അപാരമായ മോഹ വിലയാണ് പറയുക; നേപ്പാളിൽ ഹിമാലയ പർവ്വതനിരകൾക്കിടയിലൂടെ ഒഴുകുന്ന ഗണ്ടാക്കി നദിയുടെ പരിസരങ്ങളിലാണ് ഇത്തരം 'ശിലകളുടെ' ഏറ്റവും വലിയ ശേഖരമുള്ളത് ..
ഹിന്ദു മതവിശ്വാസങ്ങളിൽ വലിയ ശക്തിയും പ്രഭാവവുമൊക്കെയാണ് സാലിഗ്രാമിന്* കൽപ്പിച്ചു കൊടുത്തിട്ടുള്ളത്! (*മലയാളത്തിൽ ഇതിന്റെ പേര് 'സാളഗ്രാമം' എന്നാണെന്ന് തോന്നുന്നു) വിഷ്ണുവിന്റെ ശില എന്നറിയപ്പെടുന്ന ഇവ പല ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിലും ആരാധനയുടെ ഭാഗമാണ് .
ഒരു കൂട്ടം മനുഷ്യൻ പണ്ടുമുതലേ അങ്ങിനെയാണ്; വിശ്വസിക്കാനാകാത്തത്ര വിസ്മയകരമായ എന്തിനെയും ആരാധിക്കുന്നതാണ് ശീലം.
സമുദ്രങ്ങളെല്ലാം വിദൂരതയിലാണ്; എത്രയോ ഉയരെ ഹിമാലപർവതനിരകളിൽ ഗ്ലേഷ്യർ ഐസ് ഉരുകിയൊഴുകുന്ന നദീതടങ്ങളിൽ കണ്ട്കിട്ടുന്ന ശംഖ് ജീവികളുടെ രൂപം 'ആലേഖനം' ചെയ്ത വിചിത്ര ശിലാഖണ്ഡങ്ങൾ മനുഷ്യനെ വിസ്മയിപ്പിച്ചില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളൂ .. !
'സാലിഗ്രാം' ശരിക്കും ഒന്നൊന്നര ഫോസിലാണ് ..
അമോനോയ്ഡ്സ് (Ammonoids) എന്നപേരിൽ അറിയപ്പെടുന്ന വംശമറ്റുപോയ ഒരു തരം ശംഖ് ജീവികളുടെ പുറന്തോടിൽ കാലം ധാതുക്കൾ ഊർന്നൊഴുക്കി ശിലയാക്കി രൂപപ്പെടുത്തുന്നതാണ് ഇത്തരം ഫോസിലുകൾ ..
മനുഷ്യന്റെ ഗവേഷണ ചരിത്രത്തിൽ ഇന്നോളം കണ്ടെത്തിയ ഫോസിൽ വിഭാഗങ്ങളിൽ ഏറ്റവും പഴക്കമേറിയവയിൽ ഭൂരിഭാഗവും ഇത്തരം അമോനോയ്‌ഡ് ഫോസിലുകളാണ് ..
66 മില്യൻ മുതൽ 600 മില്യൻ വർഷങ്ങൾ വരെ പുറകിലേക്ക് സാലിഗ്രാമിന്റെ പാലിയന്തോളജിക്കൽ ഹിസ്റ്ററി നീണ്ടു നീണ്ടു കിടക്കുന്നു ..
നാലഞ്ച് പൂജ്യങ്ങൾക്കപ്പുറമിടുന്ന പൂജ്യങ്ങളൊക്കെ നമ്മുടെ മനസ്സിന് എളുപ്പം ഗ്രഹിച്ചെടുക്കാവുന്ന കാലഗണയല്ല; ചുമ്മാ പൂജ്യങ്ങൾ ഇട്ടുപോകാം എന്ന് മാത്രം .
ഉദാഹരണത്തിന് മേൽപ്പറഞ്ഞ അറുന്നൂറ് മില്യനെ ഇങ്ങനെ എഴുതാം 600,000,000 !
ഹിമാലയ പാർവതത്തിന്റെ ഏകദേശം പ്രായമറിയാമോ?? ഇന്ത്യൻ ഭൂഫലകം പതിയെ നീങ്ങി വന്ന് യൂറേഷ്യൻ ഭൂഫലകത്തിൽ തട്ടി അരിക് സമുദ്രത്തിൽ നിന്ന് ഉയർന്ന് തുടങ്ങിയിട്ട് കേവലം 50 മില്യൻ വർഷങ്ങളിൽ താഴെയേ ആകുന്നുള്ളൂ; നമ്മുടെ പശ്ചിമ ഘട്ടത്തെക്കാൾ ചെറുപ്പമാണ് ഹിമവാൻ എന്നു ചുരുക്കം ..
ലോകത്തെ ഏറ്റവും ഉയരമുള്ള ഈ പർവതനിരകളിൽ കടൽ ജീവി ഫോസിലുകൾ കാണപ്പെടുന്നതെന്തുകൊണ്ടാണെന്ന് ഇതിനകം മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു..
"Himalayacetus subathuensis" എന്നത് വംശമറ്റുപോയ ഒരു തിമിംഗലത്തിന്റെ പേരാണ്; ശാസ്ത്ര ലോകത്തിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും പഴക്കമുള്ള ഈ തിമിംഗലഫോസിൽ 1998 ൽ കണ്ടെത്തിയത് ഹിമാലയത്തിൽ നിന്നാണ് ! ( ഇന്ത്യയിലെ അരുണാചൽ പ്രദേശിലെ പർവത ഭാഗങ്ങളിൽ )
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട് !
ഇനി നേപ്പാളിൽ പോകുമ്പോൾ പൊന്നുംവില കൊടുത്ത് അമോനോയ്ഡ് ഫോസിലുകൾ വാങ്ങാനൊരുങ്ങേണ്ടാട്ടോ ..
ചൈന തൊട്ടടുത്താണ്: ഫോസിലെങ്കിൽ ഫോസിൽ; ഒറിജിനലിനെ വെല്ലുന്ന അസ്സൽ കോപ്പികൾ വിപണിയിൽ സുലഭമാണ് !
മാത്രമല്ല ഫോസിലുകളും മറ്റും എയർബാഗേജിൽ വേറൊരു രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നിയമ തടസങ്ങളുമുണ്ട് ..
ചോമ്രോങ്ങിന് അടുത്ത ക്യാമ്പ് 'സിൻവ' ;
ഇനിയങ്ങോട്ട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത കയറ്റമാണ്;
സഹയാത്രികനായ ബിനോയ് എന്നെക്കാൾ ചെറുപ്പം, എല്ലാ ദിവസവും ബാഡ്മിന്റൺ‍‍ കളിക്കുന്ന ശീലമുണ്ട്, സ്റ്റാമിന കൂടുതൽ, സ്വാഭാവികമായും പുള്ളിക്കാരൻ എപ്പോഴും കുറച്ച് മുന്നിലായാണ് നടത്തം .. !
പോരാത്തതിന് ഇടക്കിടക്ക് തെല്ലഹങ്കാരത്തോടെ കിതച്ച്മരിച്ച് ഒരു തിരിഞ്ഞ് നോട്ടവും !
നേപ്പാളിൽ പോകുന്നതിന് മുൻപ് കാർഡിയോളജിസ്റ്റ് ഡോക്ടർ വെങ്കിയുടെ അരികിൽ പോയി ആൾട്രാസൗണ്ട്, ഇ.സി.ജി, ട്രെഡ്മിൽ ടെസ്റ്റ് എല്ലാം നടത്തി ഹൃദയം സൂപ്പർ സ്ട്രോങ്ങാണെന്ന് ഉറപ്പിച്ചിരുന്നു.
ഫ്ലൂ വാക്സിനും എടുത്തു.
അങ്ങിനെ വിട്ടുകൊടുക്കരുതല്ലോ, ശക്തമായി ശ്വാസോച്ഛ്വാസം ചെയ്ത് കാലടികൾ ഉറപ്പിച്ചുറപ്പിച്ച് നടന്നു; ഞെരമ്പുകളിൽ ചീറുന്ന രക്തം കണ്ണ് തുടിപ്പിക്കുന്നു . ഹൃദയമിടിപ്പ് കൈവിരലുകളിൽ പോലുമറിയാം..
വേഗത അനുനിമിഷം കുറയുന്നതല്ലാതെ ഒരല്പം കൂടുന്നില്ല, കാല് വേച്ച് വീണുപോകും എന്നായപ്പോൾ 'ഇങ്ങനെയാണെങ്കിൽ ഈ കളിക്ക് ഞാനില്ല' എന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയും സ്വശരീരത്തിനെ ബഹുമാനിച്ച് എന്റെ സ്വാഭാവികമായ പതിഞ്ഞ വേഗത തിരിച്ച് പിടിക്കുക എന്ന പ്രയോഗികകൗശലത്തിലേക്ക് ചുവട് മാറ്റുകയും ചെയ്തു .
പതിയെ നടക്കുന്നവനേ വഴികാഴ്ചകൾ കാണാനാകൂ .. !
( Note the point Mr. Binoy Babu അല്ലാതെ ക്ഷീണിച്ചിട്ടൊന്നുമല്ല )
ഹൈക്കിങ്ങ് ട്രാക്കിൽ ഓരോരോ ക്യാമ്പുകളിലും ആ സ്ഥലത്തിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അവിടുന്ന് തൊട്ടടുത്ത ക്യാമ്പിലേക്കുള്ള ദൂരം എന്നിവയെല്ലാം എഴുതി വച്ചിരിക്കും പക്ഷെ ദൂരം അടയാളപ്പെടുത്തിയിരിക്കുന്നത് സമയം കൊണ്ടായിരിക്കുമെന്ന് മാത്രം !
രണ്ട് മണിക്കൂർ, മൂന്ന് മണിക്കൂർ എന്നൊക്കെയാണ് ദൂരം എഴുതി വച്ചിട്ടുണ്ടാവുക; വഴിയിൽ ഷെർപ്പകളോട് ചോദിച്ചാൽ 'സമയദൂരം' പറയും മുൻപ് അവർ നമ്മളെ സൂക്ഷിച്ചൊന്നു നോക്കും; വ്യക്തിയുടെ ഫിറ്റ്നസ്, ബാക്ക്പാക്കിന്റെ വലിപ്പം എന്നിവയല്ലാം മനസ്സിലാക്കാനാണ്, എന്നിട്ട് ഫിറ്റ്നസ് അസസ്സ്മെന്റ് പൂർത്തിയാക്കാൻ ഒരു ചോദ്യം കൂടി ചോംറോങ്ങിൽ നിന്ന് നിങ്ങൾ എപ്പോഴാണ് പുറപ്പെട്ടത് ??
സിൻവയിൽ എത്തിയപ്പോഴേക്കും ഉച്ചയായി; ഇനി 1 മണിക്കൂർ സമയ ദൂരം രേഖപ്പെടുത്തിയിരിക്കുന്ന അപ്പർ സിൻവ, അവിടുന്ന് 2 മണിക്കൂർ ദൂരത്തിൽ ബാംബൂ അതും കഴിഞ്ഞ് 2 മണിക്കൂർ കൂടെ ദൂരത്ത് ഡോവൻ .
എത്ര പരിശ്രമിച്ചായാലും രാത്രി ഡോവനിൽ എത്തണം എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു .
കുറച്ച് ലീവേയുള്ളൂ, ഓരോ ദിവസവും വിലപ്പെട്ടതാണ്.
ലോവർ സിൻവയിൽ നിന്ന് ഇഞ്ചിയും ചെറുനാരങ്ങാനീരും തേനും ചേർത്തുണ്ടാക്കിയ ഉന്മേഷകരമായ ഒരു പാനീയം കുടിച്ചു ..
ഇസ്രായേലുകാരനായ ഒരു സഞ്ചാരി അവിടെയിരുന്ന് ഗിറ്റാർ മീട്ടി സ്വയം മറന്ന് പാടുന്നു !
എന്തൊക്കെ തരം ആളുകളാണ് !!
ബെയ്‌സ് ക്യാമ്പിലേക്കും തിരിച്ചുമായി ചുരുങ്ങിയത് 250 പേരെയെങ്കിലും ട്രയലിലും രാത്രി സത്രങ്ങളിലുമായി ദിവസവും കാണും ..
ഫാഷനും ഫാൻസിയും ഫിറ്റ്‌നസ്സുമല്ലാം ഘോഷിക്കപ്പെടുന്ന സ്പോർട്സ് വേഷവിധാനങ്ങൾ !
നിറപ്പകിട്ടുള്ള; ശരീരത്തിനെ ബഹുമാനിക്കുന്ന സ്റ്റൈലിഷ്‌ വസ്ത്രങ്ങൾ !!
കേരളത്തിലെ മഹാഭൂരിപക്ഷത്തിന്റെയും ശേഖരത്തിലുള്ള സ്പോർട്സ് അറ്റയർകളക്ഷൻ ഒച്ചിഴഞ്ഞ് യോഗ ചെയ്യാനുള്ള അയഞ്ഞ കോട്ടൺ പൈജാമായിലേക്കെത്തിയിട്ടേയുള്ളൂ .
പട്ട്സാരിയും ഖാദി സിൽക്ക് ജുബ്ബയും വാങ്ങുന്ന പണമുണ്ടെങ്കിൽ നല്ല ഒന്ന് രണ്ട് ഹൈക്കിങ്ങ് വസ്ത്രങ്ങൾ വാങ്ങാം ..
നാട്ടിൽ ഓരോരുത്തർക്കും രണ്ട് ജോടി സ്‌പോർട്ട്സ് വസ്ത്രങ്ങളെങ്കിലുമുണ്ടാകണം ...
ദുർമേദസ്സിനെ സമർത്ഥമായി ഒളിപ്പിക്കുന്ന നമ്മുടെ യാഥാസ്ഥിതിക വസ്ത്ര ശീലങ്ങൾക്കുള്ളിൽ ആമയെ പോലെ ഒളിച്ചിരുന്നാൽ നമ്മൾ നമ്മുടെ അനാരോഗ്യത്തെക്കുറിച്ച് മറന്ന് പോകും.
ഇടക്ക് കിതക്കണം, നിരപ്പില്ലാത്ത വഴികളിലൂടെ നടക്കണം, സൈക്കിളോടിക്കണം, മലകയറണം, നീന്തി തുടിക്കണം !
നമ്മുടെയൊക്കെ കംഫർട്ട്സോണിന് തൊട്ടപ്പുറത്തുനിന്നാണ് യഥാർത്ഥ ജീവിതം തുടങ്ങുന്നത് എന്ന് മറക്കാതിരിക്കുക ..
നമ്മളിലെ ആണും പെണ്ണും ഉറച്ച മാംസപേശികളുള്ള ശരീരം സ്കിൻഫിറ്റ് വസ്ത്രങ്ങളിൽ എപ്പോഴെങ്കിലുമൊക്കെ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കുക തന്നെ വേണം ..
ഇനിയും എത്രനാളിങ്ങനെ സൽവാറും ദുപ്പട്ടയും പാർദ്ദയുമൊക്കെ ധരിച്ച് കടലിൽ നീന്തും .. ?
'വായ്നോക്കി' നടന്ന് അപ്പർ സിൻവയിലെത്തി ഭക്ഷണം കഴിച്ചു .. താഴെ ചോംറോങ്ങിലെ അതേ മെനു, പക്ഷെ എല്ലാ വിഭാവങ്ങൾക്കും വില കൂടിയിട്ടുണ്ട്. അപ്പർ സിൻവയിലെ എല്ലാ ടീ ഹൗസുകളും ഒരേ മെനു തന്നെയാണ് ഉപയോഗിക്കുക; ട്രയലിൽ ഉടനീളം സർക്കാർ ഇത്തരത്തിൽ ഗുണപരമായ ഏകീകരണം നടത്തിയിട്ടുണ്ട് ..
ഇനിയങ്ങ്‌ വൈദ്യുതിക്ക് ഗ്രിഡ്ഡ് കണക്ടിവിറ്റിയില്ല, മലമുകളിൽ ഒഴുകുന്ന അരുവിയിൽ നിന്ന് പെൻസ്റ്റോക്ക് പൈപ്പിട്ട് ചെറിയ ഹൈഡ്രോ ഇലട്രിക്ക് ജനറേറ്ററിന്റെ ടർബൈൻ തിരിച്ചാണ് ക്യാമ്പുകളിൽ വൈദ്യുതി ഉത്പാദിക്കുക്കുന്നത് .
കൂടാതെ വെള്ളം ചൂടാക്കാൻ സോളാർ തെർമൽ ഹീറ്ററുകളുമുണ്ട് .
ഫോണും ക്യാമറയുമല്ലാം ചാർജ്ജ് ചെയ്യാൻ പണം കൊടുക്കണം, മൊബൈൽ റേഞ്ച് ഇല്ല പകരം ക്യാമ്പുകളിൽ പണം കൊടുത്താൽ വൈഫൈ ആക്സസ് കിട്ടും; അവർ അതിനായി ഡിഷുകളൊക്കെ ഒരുക്കി വച്ചിട്ടുണ്ട്.
അടുത്ത സ്റ്റേഷനായ ബാംബുവിലേക്ക് 2 മണിക്കൂർ 'സമയദൂരമാണ്' എഴുതി വച്ചിരിക്കുന്നത്, ഞങ്ങൾക്ക് അത് പോര, ചുരുങ്ങിയത് മൂന്നര മണിക്കൂറെങ്കിലും എടുക്കും .. ഇപ്പോൾ തന്നെ സമയം ഉച്ചതിരിഞ്ഞ് രണ്ട് മണി കഴിയാറായി, ട്രയലിൽ പെട്ടന്ന് ഇരുട്ട് വീഴും . അടുത്ത സ്റ്റേഷനായ ബാംബുവിലേക്ക് 'വേഗം' നടന്നു ..
നടന്നു പോകുന്ന വഴിയിൽ മാലിന്യങ്ങൾ ഒന്നുമില്ല !
ഹൈക്കേഴ്‌സ് എല്ലാവരും തങ്ങൾ കഴിക്കുന്ന എനർജി ബാറിന്റെയും ചോക്ലേറ്റിന്റെയും പാക്കറ്റുകൾ സ്വന്തം ബാഗിൽ തന്നെ സൂക്ഷിക്കുന്നു .
ഞങ്ങളും അതു തന്നെ ചെയ്തു ..
വഴിയിൽ ബിനോയ് അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് യാത്രികരെ പരിചയപ്പെട്ടു. ഗൈഡിനൊപ്പമാണ് മലകയറ്റം, സ്ത്രീ സിംഗപ്പൂർ സ്വദേശിയാണ്- അമേരിക്കയിൽ ജീവിക്കുന്നു, അവർ സഞ്ചാരികളറിയാതെ ഉപേക്ഷിച്ച ചില കടലാസുകഷ്ണങ്ങൾ കയ്യിൽ കരുതിയ ബാഗിൽ പെറുക്കി നിക്ഷേപിക്കുന്നു !
തണുപ്പിൽ, ശ്രമകരമായ ഹൈക്കിങ്ങിനിടക്ക് താഴെ കുനിഞ്ഞ്, വഴിയിൽ ആരൊക്കെയോ ഉപേക്ഷിച്ച മിഠായി കടലാസുകൾ പെറുക്കുന്ന അവർ പറഞ്ഞത് ഇങ്ങനെയാണ്;
"മിസ്റ്റർ ബിനോയ് ഈ കടലാസുകഷ്ണങ്ങൾ പെറുക്കുക എന്നത് നടത്തത്തിനിടക്കല്ലാം എനിക്ക് ബ്രേക്കെടുക്കാനുള്ള എക്സ്ക്യൂസാണ്, താങ്കളും ഇത് ശ്രമിച്ചു നോക്കൂ !"
അവർ ബിനോയ്ക്ക് രണ്ട് കവറുകൾ കൊടുത്തു ഒന്ന് ബിനോയ്ക്ക് ചവറ് പെറുക്കാനും മറ്റൊന്ന് വഴിയിൽ പരിചയപ്പെടുന്ന പുതിയൊരാൾക്ക് ഇതേ സന്ദേശം പറഞ്ഞ് സമ്മാനിക്കാനും !!
സിൻവ മുതൽ അന്നപൂർന്ന ബെയ്‌സ് ക്യാമ്പ് വരെയും തിരിച്ച് വരുന്ന വഴിയിലും ബിനോയ് കടലാസുകൾ പെറുക്കി അടുത്തുള്ള ക്യാമ്പുകളിലെത്തുമ്പോൾ അവിടുത്തെ ചവറ്റുകുട്ടകളിൽ നിക്ഷേപിച്ചുകൊണ്ടിരുന്നു.
ഞാൻ ബിനോയുടെ പുറകിലായിരുന്നതുകൊണ്ട് എനിക്ക് പെറുക്കാൻ ചവറൊന്നും കിട്ടിയില്ല എന്ന് പറയേണ്ടതില്ലല്ലോ.
വേറൊരിടേത്ത് ഒരു സംഘം ജപ്പാൻ സ്വദേശികളും ഇങ്ങനെ കടലാസ് പെറുക്കി ഹൈക്ക് ചെയ്യുന്നത് കണ്ടു !!
എത്രയോ സഞ്ചാരികൾ പോയിട്ടും ഹൈക്കിങ്ങ് പാത മുഴുവ വൃത്തിയായിരിക്കുന്നതിന് കാരണം ഇത്തരം പരിസ്ഥിതി ബോധമുള്ള സഞ്ചാര സംസ്കാരമാണ് ..
നമ്മൾ ഇന്ത്യാക്കാർ വീർപ്പിച്ച ബലൂണുകൾ പോലെയാണ്; അതി മഹത്തതാരമായ സംസ്കാരം എന്ന് ഉദ്ഘോഷിച്ച് അടിസ്ഥാന സത്യങ്ങൾ മനസ്സിലാക്കാതെ മിഥ്യാഭിമാനബോധത്തിൽ ഉയർന്നു നിൽക്കുന്ന സാന്ദ്രമല്ലാത്ത ഹീലിയം ബലൂണുകൾ ..
യാത്രകൾ നമുക്കൊരുപാട് പാഠങ്ങൾ പഠിപ്പിച്ച് തരും ...
ഒന്നര ദിവസം കൊണ്ട് ആയാസപ്പെട്ട് കയറിയുണ്ടാക്കിയ ഉയരത്തിൽ പകുതിയോളം ബാംബൂവിന് തൊട്ടുമുമ്പുള്ള അരമണിക്കൂറിൽ താഴേക്ക് ഇറങ്ങി നഷ്ടപ്പെട്ടു എന്നത് വളരെ സങ്കടകരമായി തോന്നി ..
ഒരു മലയിൽ നിന്ന് വേറൊന്നിലേക്ക് സഞ്ചരിക്കുമ്പോൾ ഇത്തരം എലിവേഷൻ ലോസ് ഉണ്ടാകും; ഒരുകണക്കിന് ഉയരത്തിനെ നേരിടാനുള്ള 'ശാരീരിക പരുവപ്പെടലിന്' [ Altitude Acclimatization ]
ട്രയലിലെ ഇത്തരം നിമ്നോന്നതികൾ വളരെ സഹായകമാണ് .
ബാംബൂ സമുദ്ര നിരപ്പിൽ നിന്ന് 2300മീറ്റർ ഉയരത്തിലാണ് .
അവിടെ എത്തിയപ്പോഴേക്കും ഇരുട്ട് പരന്നു തുടങ്ങി.
മഴ ചാറുന്നു! റെയിൻ ജാക്കറ്റിന് പുറമെ ബാഗിന് മുകളിലൂടെ ശരീരം മുഴുവൻ കവർ ചെയ്യുന്ന പോൺച്യോ ധരിച്ചു.
ചാറ്റൽ മഴയിൽ നൈറ്റ് ഹൈക്കിങ്ങ് ചെയ്യാൻ ബിനോയ് അൽപ്പം മടിച്ചു.
കുറച്ചോക്കെ അനിശ്ചിതവും സാഹസികവുമാണ് ഇരുട്ടിലെ ഹൈക്കിങ്ങ്, ട്രയലിൽ വേറെ യാത്രികരെയൊന്നും കാണില്ല ..
ഹെഡ്ലാമ്പ് വെളിച്ചത്തിന്റെ ദീർഘവൃത്തിനപ്പുറമുള്ള പരിസരം തീരെ അപരിചിതമായിരിക്കും ..
പക്ഷെ സാവധാനസഞ്ചാരികൾക്ക് സമയത്തിനെ വിജയിക്കാൻ നൈറ്റ് ഹൈക്ക് കൂടിയേതീരൂ എന്ന് ഞാനവനെ ഓർമ്മിപ്പിച്ചു .
ഹെഡ്‌ലാംപുകൾ ഫിറ്റ് ചെയ്തത് രണ്ടുപേരും ഇന്ന് രാത്രിയിലെ ലക്ഷ്യ സ്ഥാനമായ ഡോവനിലേക്ക് പുറപ്പെട്ടു .
കഴിഞ്ഞ വർഷം നാഗാലാന്റിലെ സൂക്കൂ വാലിയാത്രയിൽ ഞാനും കാർത്തിക്കും ഹെഡ്ലാംമ്പ് ഹൈക്കിങ്ങ് പരീക്ഷിച്ചിട്ടുണ്ട് ..
ഡോവനിൽ എത്തിയപ്പോൾ രാത്രി എട്ട് മണിയായി . ..
ഡോവൻ സമുദ്ര നിരപ്പിൽ നിന്ന് 2600 മീറ്ററിൽ ഉയരെയാണ് ..
ശക്തമായ തണുപ്പ്, രണ്ടുപേരും നന്നേ ക്ഷീണിതരായിരുന്നു ..
വല്ലാത്ത തലവേദന, പേശികളെല്ലാം വേദനിക്കുന്നു. ഉറങ്ങാൻ കഴിയുന്നില്ല .
നല്ല ദാഹമുണ്ട്, ഹൈഡ്രേഷൻ ബാഗിലെ വെള്ളം ഐസ് ആയിട്ടില്ല എന്നേയുള്ളു പക്ഷെ അപാരമായ തണുപ്പ് ..
വെള്ളം തണുപ്പ് കുറക്കാൻ സ്ലീപ്പിങ്ങ് ബാഗിനുള്ളിൽ ശരീരത്തോട് ചേർത്തുവച്ചു കിടന്നു; മൂന്ന് ലെയർ വസ്ത്രങ്ങൾ ഇട്ടിട്ടുണ്ട്, കൂടെ ക്യാമ്പിൽ നിന്ന് കിട്ടിയ കട്ടിപ്പുതപ്പും.
ട്വിൻ ഷെയറിങ്ങ് റൂമാണ്, ബിനോയും ശരിക്ക് ഉറങ്ങിയിട്ടില്ല; ഞാൻ ഇടക്ക് ശക്തമായി ചുമക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് കണ്ട് 'കിരൺ ആർ യൂ ഓകെ ?' എന്ന് ബിനോയ് ഇടക്കിടെ ചോദിക്കുന്നുണ്ട് .
ഒരു നല്ല സ്നേഹിതന്റെ കരുതൽ.
ഐ ഫീൽ ടു വോമിറ്റ്; ബിനോയ് പെട്ടന്ന് ഉണർന്ന് ലൈറ്റിട്ടു, "കിരൺ, സിംറ്റംസ് ശരിയല്ല" ഇത് ആൾറ്റിട്യൂഡ് സിക്ക്നെസ്സാണ്. ബിനോയ്ക്ക് പെട്ടന്ന് കാര്യം മനസ്സിലായി ..
കുറെ വെള്ളം കുടിപ്പിച്ചു; കൂടുതൽ ഉയരം ഗെയിൻ ചെയ്യുന്ന ദിവസങ്ങളിൽ കുറഞ്ഞ അന്തരീക്ഷ മർദ്ധത്തിനോടും അന്തരീഷവായുവിലെ താഴ്ന്ന ഓക്സിജൻ സാനിധ്യത്തിനോടും ശരീരം പൊരുത്തപ്പെടാൻ വൈകും ..
ഞങ്ങൾ ഹൈക്ക് പുരോഗമിക്കുന്നത് കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് ..
വലിയ ആൾറ്റിട്യൂഡ് എടുത്ത് ഉറങ്ങുന്നത് വലിയ റിസ്‌കാണ്; ജീവനെ പോലും അപകടപ്പെടുത്താൻ പോന്നത് ..
എന്തെങ്കിലും അസ്വസ്ഥതകൾ തോന്നിയാൽ താഴെയുള്ള ക്യാമ്പിലേക്ക് തിരിച്ചിറങ്ങി അവിടെ വിശ്രമിക്കുക എന്നതാണ് കരണീയമായുള്ളത് അതെന്തായാലും ഇനി നടക്കില്ല.
പൊഖറയിൽ നിന്ന് ആൾറ്റിട്യൂഡ് സിക്ക്നസ്സ് സിംറ്റംസ് കുറക്കുവാനുള്ള Acetazolamide ഗുളികകൾ വാങ്ങി ബാഗിൽ ഇടണം എന്നാണ് കരുതിയിരുന്നത് 'ഡയമോക്‌സ്' എന്ന ബ്രാൻഡ് നാമത്തിൽ ഇന്ത്യയിൽ വാങ്ങാൻ കിട്ടും.; വെളുപ്പിന് അവിടെ എത്തിയപ്പോൾ ഫാർമസികൾ ഒന്നും തുറന്നിരുന്നില്ല .
ബാംബുവിൽ നിന്ന് ഡോവനിലേക്കുള്ള വഴിയിൽ അവസാന രണ്ട് മണിക്കൂർ ഞാൻ അൽപ്പം പോലും വെള്ളം കുടിച്ചിരുന്നില്ല .
ഹൈക്കിങ്ങിലെ നിരക്ഷരമായ അനാസ്ഥ.
ചില അനാസ്ഥകൾക്ക് വലിയ വില കൊടുക്കേണ്ടിവരും.
വെള്ളം ധാരാളം കുടിക്കുകയും ചെവി മൂടുകയും ചെയ്തപ്പോൾ തല വേദന കുറഞ്ഞു ..
സ്വാഭാവികമായ നിലയിലേക്കുള്ള ശരീരത്തിന്റെ സ്ലോ ട്രാൻസിഷൻ മനസ്സിലായപ്പോൾ സമാധാനമായി .
പഞ്ഞിപോലെയുള്ള മഞ്ഞിന്റെയുള്ളില് ഹൈബർനേറ്റ് ചെയ്യുന്ന ശലഭലാർവയെ സ്വപ്നം കണ്ട് പതിയെ ഉറങ്ങി ..
തുടരും ..
സ്നേഹപൂർവ്വം
കിരൺ കണ്ണൻ















Link to Facebook Post
Posted : November 9, 2018

അഭിപ്രായങ്ങള്‍