പ്രിയപ്പെട്ട അനിയത്തീ, നീ സുരക്ഷിതയായിരിക്കട്ടെ .. !
നേപ്പാൾ യാത്രാ വിശേഷങ്ങളുടെ അഞ്ചാം ഭാഗം

പ്രിയപ്പെട്ട അനിയത്തീ, നീ സുരക്ഷിതയായിരിക്കട്ടെ .. !
നേപ്പാൾ യാത്രാ വിശേഷങ്ങളുടെ അഞ്ചാം ഭാഗം:
മുറിക്ക് പുറത്ത് സഞ്ചാരികളുടെ പൊട്ടിച്ചിരികളും കൂക്കി വിളികളും കേട്ടുകൊണ്ടാണ് ഡോവനിലെ പ്രഭാതത്തിലേക്ക് വാതിൽ തുറന്നത് !
തണുത്ത് മരവിച്ച വിരൽതുമ്പ് വാതിൽപടിയിൽ തട്ടിയതിന്റെ സൂചീചുംബനം 'യ്യോ ന്റമ്മേ' ന്ന് കരയിച്ചെങ്കിലും കാലിന് ഇപ്പോഴും ജീവനുണ്ടല്ലോ എന്ന ആശ്വാസമാണ് ആദ്യം തോന്നിയത് ..
രാത്രി തണുപ്പ് അത്രമേൽ കഠിനമായിരുന്നു .. !
കല്ല് പാകിയ മുറ്റത്ത് ഇന്ത്യാ ഹൈക്കിന്റെ 20 പേരടങ്ങുന്ന ഒരു സംഘം .!
ഞാനും ബിനോയും ഹൈക്കിങ്ങ് തുടങ്ങിയതിന് ശേഷം കാണുന്ന ആദ്യത്തെ ഇന്ത്യൻ സംഘമാണ് ഇത് !
സ്ത്രീകളും പുരുഷന്മാരുമുണ്ട്; കൂടുതലും ബാഗ്ലൂരിലും പൂനയിലുമെല്ലാം ജോലി ചെയ്യുന്ന ടെക്കികളാണ്..
ഗൈഡിന്റെ നേതൃത്വത്തിൽ സംഘനൃത്തം പോലെ തമാശകലർന്ന ചുവടുകളോടെയുള്ള വാമപ്പ് എക്സർസൈസ് !
അവരിൽ എല്ലാവർക്കും ഓരോരോ ഹെൽത്ത് കാർഡുണ്ട്; ക്യാപ് ലീഡർ ഓരോരുത്തരുടെ വിരലിലും ഓക്സി മീറ്റർ വച്ച് രക്തത്തിലെ പ്രണവായുവിന്റെ അളവ് പരിശോധിക്കുന്നു , കാർഡിൽ രേഖപ്പെടുത്തുന്നു , തലവേദനയേ കുറിച്ചും , ശാരീരിക ക്ഷമതയെ കുറിച്ചുമെല്ലാം ഓരോരുത്തരോടും അന്വേഷിക്കുന്നു !
തലേന്ന് രാത്രി നെറ്റിയിൽ വിളക്കും കത്തിച്ച് മിന്നാമിന്നികളെപോലെ കാട് കേറി വന്ന ഞങ്ങളെ അവർ ശ്രദ്ധിച്ചിട്ടുണ്ട് ..!
ചെറിയ കുശാലാന്വേഷണങ്ങൾക്കപ്പുറം സാന്ദർഭികമായി ഞാൻ നേരിടുന്ന ആൾടിറ്റിയൂഡ് സിക്ക്നസിന്റെ പ്രശ്നങ്ങൾ പറഞ്ഞു ..
ഹൈക്കേഴ്സിൽ നൈസർഗികമായ സഹായമാനസം .. !
ഇന്ത്യാ ഹൈക്ക് ടീംലീഡറും രണ്ടുമൂന്ന് സംഘാംഗങ്ങളും ഒത്തു കൂടി ചില പ്രാഥമിക പരിശോധനകൾ ..
Altitude Sickness സിംപ്റ്റംസ് നേരിടാനുള്ള ടാബ്‌ലറ്റ് തന്നു ഒപ്പം ഒരുപാട് വെള്ളം കുടിക്കാനും ചെവി മൂടാനുമുള്ള നിർദ്ദേശവും ..
തിളപ്പിച്ച ഓട്‌സിൽ ആപ്പിൾ കഷ്ണങ്ങൾ ഇട്ട 'കുറുക്കാണ്' പ്രഭാത ഭക്ഷണമായി ട്രയലിൽ ഉടനീളം ഞാൻ ഞാൻ തിരഞ്ഞെടുത്തുകൊണ്ടിരുന്നത് ..
വയറ് വല്ലാതെ നിറക്കാത്ത നല്ല എനർജി സോഴ്സ് ; മാത്രമല്ല ദഹനം വളരെ എളുപ്പം .
ബ്രേക്ഫാസ്റ്റ് കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഒക്കെ മാറി ..
സമയം വൈകാനില്ല; ഓരോ ദിവസവും രാവിലെ ചുമൽ ബാഗ് റീപാക്ക് ചെയ്യുക എന്നത് ശ്രമകരമായ പണി തന്നെയാണ് ...
തെർമൽ ഇന്നറുകൾ, സ്ലീപ്പിങ്ങ് ബാഗ് എന്നിവ കമ്പ്രഷൻ ബാഗിലിട്ട് വലിച്ച് മുറുക്കി സൈസ് എത്ര കുറക്കാമോ അത്രയും ചെറുതാക്കണം ..
രാത്രിയിൽ ചാർജ് ചെയ്യാനെടുത്ത ബാറ്ററി പാക്കുകളും ഗോപ്രോ ബാറ്ററികളുമല്ലാം റീ പാക്ക് ചെയ്യണം ..
പുതിയ ദിവസത്തിലെ പ്രത്യേകത അനുസരിച്ച് എപ്പോഴും ആവശ്യം വരുന്ന സാധന സാമഗ്രികൾ എളുപ്പത്തിൽ എടുക്കാവുന്ന രീതിയിൽ അറേഞ്ച്ച് ചെയ്യണം ..
ട്രയലിൽ ബാഗ് തുറന്ന് അതിന്റെ അന്തരാളങ്ങളിൽ നിന്ന് ആവശ്യമുള്ളവ അപ്പോഴപ്പോൾ തപ്പിയെടുക്കുക എന്ന രീതി തീർത്തും അപ്രായോഗികമാണ് ..
(ഇത്തരം കാര്യങ്ങളൊക്കെ വിശദീകരിച്ച് എഴുതുന്നത് ലിഷ്വർ റീഡിങ്ങ് നടത്തുന്നവർക്ക് ഇഷ്ടപ്പെട്ടില്ല എന്നു വരാം; ക്ഷമിക്കൂ ശരിക്കുമുള്ള ഹൈക്കേഴ്സിന് ഇതെല്ലാം അത്യാവശ്യമായ നിർദേശങ്ങളാണ്)
അന്നു രാവിലെ മുതൽ വിന്റർ ജാക്കറ്റ് ധരിക്കേണ്ടിവരും എന്ന് ഉറപ്പായിരുന്നു; ബാക്ക് പാക്ക് & വിന്റർ ജാക്കറ്റ് കോമ്പിനേഷൻ അത്രക്ക് സുഖകരമല്ല .
ചലന സ്വാതന്ത്രം വല്ലാതെ നഷ്ടപ്പെടും ..
തത്കാലം ജാക്കറ്റ് ചെറിയ കമ്പ്രഷൻ ബാഗിലാക്കി എളുപ്പത്തിൽ എടുക്കാൻ പാകത്തിന് കാരാബീനർ ഉപയോഗിച്ച് ബെൽറ്റിൽ കൊരുത്തിട്ടു ..
ഇന്നത്തെ യാത്ര തുടങ്ങുന്നതിന് മുൻപ് ഈ യാത്രയിലെ; അല്ല എന്റെ ജീവിതത്തിൽ തന്നെ ഏറ്റവുമധികം പ്രത്യാശാപൂർണ്ണമായ ഒരു കാഴ്ച കണ്ടു !!
ഇരുപത്തിമൂന്ന് പേരുടെ ഒരു സംഘം ഒട്ടുമേ കാഴ്ച്ചയില്ലാത്ത ആറു പേരെ അന്നപൂർണ്ണാ ബെയ്‌സ് ക്യാമ്പ് 'കാണിച്ച്'മടങ്ങുന്നു !
'ബ്ലൈന്റ് ചാലഞ്ച്' എന്നാണ് ആ കൂട്ടായ്മയുടെ പേര് !!
കണ്ണുകാണാത്തവരെകൊണ്ട് അസാധ്യമായവ സാധ്യമാക്കുന്നവർ !!!
ബെൽജിയം സ്വദേശികളാണ് കൂടായ്മയിലെ സന്നദ്ധപ്രവർത്തകരിൽ അധികവും.
കണ്ണുകാണാത്തവരായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട് ..
കനേഡിയൻ സ്വദേശിയായ ലിന്റാ എന്ന വനിത ബ്ലൈൻറ് ചാലഞ്ച് ഗ്രൂപ്പിനെ കുറിച്ച് സംസാരിച്ചത് റെക്കോർഡ് ചെയ്തിട്ടുണ്ട് ; വീഡിയോ ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു .
യാത്രകളോട് എന്താണിത്ര ഇഷ്ടമെന്ന് പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് .
കാഴ്ചകൾക്കപ്പുറം എന്തൊക്കെയാണ് യാത്രകളിലുള്ളത് ??
ജനപഥങ്ങൾ, സംസ്കാരങ്ങൾ, പുതിയ രുചികൾ? എന്തൊക്കെ പെറുക്കിയെടുത്ത് വച്ചാലും കാഴ്ച്ച എന്ന സെൻസിനോട് ചേർത്തല്ലാതെ എങ്ങിനെ ??
ഇല്ല; നമുക്കതൊന്നും എളുപ്പത്തിൽ മനസ്സിലാകില്ല ..
അവരുടെ കാലുകളിൽ അനേകം വീഴ്ച്ച പരിക്കുകളുടെ ചോരപാടുകൾ .. !
പക്ഷെ ഉറക്കെ സംസാരിച്ച് പൊട്ടിച്ചിരിച്ചാണ് ആ ആറുപേരും യാത്ര നടത്തുന്നത് .. !
അന്നപൂർന്ന ബേസ് ക്യാമ്പ് അവർ എന്തായിരിക്കും 'അനുഭവിച്ചിരിക്കുക' ??
മച്ചാപിച്ചറ കൊടുമുടിയോരത്തിലൂടെ അന്നപൂർണ്ണാ ഹിമശൈലങ്ങൾക്കിടയിൽ ചുറ്റിതിരിഞ്ഞ കാറ്റിന്റെ അതിശൈത്യ ചുംബനങ്ങളോ ??
വായ് തുറന്ന് ശ്വാസം ആഞ്ഞുവലിക്കുമ്പോൾ രൂപപ്പെടുന്ന ക്ഷിപ്ര ഹിമം രൂപപ്പെടുത്തുന്ന തൊണ്ടയൊട്ടിപ്പോ ??
അതൊന്നുമല്ലെങ്കിൽ തങ്ങൾക്ക് സാധിക്കാത്തത് ഒന്നുമില്ല എന്നുള്ള ദൃഢ പ്രഖ്യാപനമോ ??
ഈ ഭൂമിയിൽ മനുഷ്യരാരും തനിച്ചല്ല ; മാനവികത മരിക്കുകയുമില്ല ..
കാഴ്ചയില്ലാത്ത ആ ആറുപേരെക്കാളും ഈ യാത്രയിൽ ഏറെയേറെ സന്തോഷിച്ചത് അവരെ ബേസ് ക്യാമ്പിൽ എത്തിച്ച 23 പേരുടെ ആ സന്നദ്ധ സംഘമായിരിക്കും ഉറപ്പ് ..
അവർ നടത്തം തുടങ്ങിയിട്ട് പതിനഞ്ച് ദിവസമാകുന്നു! ഇനിയും തീരാറായിട്ടില്ല വേറെ ഏതൊക്കെയോ ഹിമാലയ താഴ്വരകളിൽ അവരുടെ യാത്ര തുടരും ...
നിറകൺചിരികൾ !
സമയം അധികം വൈകാനില്ല യാത്ര തുടർന്നു ...
അടുത്ത സ്റ്റേഷൻ ഹിമാലയ എന്ന ക്യാമ്പാണ്..
ഉയരം 2920 മീറ്റർ.
അവിടെ എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞു .
അവിടെ ഒരു തിണ്ണയിൽ ഹൈകേർസിന്റെ ബാക്പാക്കുകൾ നിരനിരയായി ചാരിവച്ചിരിക്കുന്നു ..
പതിവിലും കൂടുതൽ ക്ഷീണം; കാലുകൾ ഒക്കെ വേച്ചു പോകുന്നതുപോലെ ..
ഇന്ന് രാത്രി മച്ചാപിച്ചറെ ബെയ്‌സ് ക്യാമ്പ് പിടിക്കാം എന്നു കരുതിയതാണ് ഇനി നടക്കില്ല ..
അസാന്ദ്രമായ വായുവും തണുപ്പും .
കിതപ്പ് കൂടുന്നതുപോലെ, കഴിഞ്ഞ ദിവസങ്ങളിലെ ദൂരങ്ങൾ താണ്ടാനാകുന്നില്ല..
ഇന്ന് രാത്രി ഡ്യൂറാലിയിലെങ്കിലും എത്താൻ സാധിക്കുമോ ??
ടെന്റ്, ഇതുവരെ ഉപയോഗിച്ച മുഷിഞ്ഞ തുണി എന്നിങ്ങനെ കുറച്ച് സാധന സാമഗ്രികൾ ഹിമാലയാ ക്യാമ്പിൽ സൂക്ഷിക്കാനേൽപ്പിച്ചു ..
ബാക്‌പാക്കിന്റെ ഭാരം ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട് ..
ഹിമാലയാ ക്യാമ്പിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ സമയം വൈകീട്ട് നാല്മണി കഴിഞ്ഞു .. കോടമഞ്ഞ്; വിസിബിലിറ്റി നന്നേ കുറവ്..
ഒരു മണിക്കൂറിനകം ഇരുട്ട് ട്രയലിൽ പരക്കും എന്ന് ഉറപ്പുണ്ടായിരുന്നു..
ഹെഡ് ലാമ്പ് നേരത്തെ തന്നെ തലയിൽ ഉറപ്പിച്ചു ..
ഇനിയങ്ങോട്ടുള്ള യാത്രയിൽ 4 സീസൺ ടെന്റ് കയ്യിലില്ല അത് ഹിമാലയൻ ക്യാമ്പിൽ സൂക്ഷിക്കാൻ ഏല്പിച്ചാണ് മലകയറുന്നത് ..
ഇതുവരെ ടെന്റ് ഉപയോഗിക്കേണ്ടി വന്നില്ലായിരുന്നു എങ്കിലും ടെന്റ് കയ്യിൽ ഉള്ളത് വലിയ ആത്മവിശ്വാസമായിരുന്നു ..
അഥവാ തൊട്ടടുത്ത ക്യാമ്പിൽ എത്താൻ കഴിഞ്ഞില്ല എങ്കിൽ വഴിയോരത്ത് ടെന്റ് പിച്ച് ചെയ്ത് മഴമൂടിയിട്ട്.. തെർമലും വിന്റർ ജാക്കറ്റും റെയ്ൻ ജാക്കറ്റും ധരിച്ച് സ്ലീപ്പിങ്ങ് ബാഗിനുള്ളിൽ കിടന്നാൽ ഏറെക്കുറെ സുരക്ഷിതമായി നേരം വെളുപ്പിക്കാം ..
ഇനി അത് നടക്കില്ല; മാത്രമല്ല ഓരോ മീറ്റർ കയറും തോറും അന്തരീക്ഷത്തിലെ തണുപ്പ് കൂടി കൂടി വരുന്നു ..
ഇനിയങ്ങോട്ട് വായും മൂക്കും മൂടുന്ന മുഖാവരണം ധരിക്കണം ..
ഇല്ലെങ്കിൽ ശ്വസിക്കുമ്പോൾ വയ്ക്കുള്ളിലെ തൊലി തണുത്തുണങ്ങി ഒട്ടിപിടിക്കും ..
വെള്ളം കുടിക്കാൻ പോലും വലിയ പ്രയാസമാണ് ..
ഡ്യൂറാലി എത്തുന്നതിന് തൊട്ട് മുൻപ് ഒരു വലിയ ലാൻഡ് സ്ലൈഡ് കടന്നു പോണം ..
എഴുന്നു നിൽക്കുന്ന കൂറ്റൻ പർവതങ്ങൾക്കിടയിലൂടെയാണ് യാത്ര ..
മുകളിൽ എങ്ങോ നിന്ന് അടർന്നു വീണ പാറകൾക്കും കല്ലുകൾക്കുമിടയിൽ കൂറ്റൻ ഐസ് ബ്ലോക്കുകൾ !!
ഒന്നല്ല അനവധി !
ഒറ്റനോട്ടത്തിൽ ഐസ് ആണെന്ന് മനസ്സിലാവില്ല കറുത്ത മണ്ണ് പുത്തഞ്ഞ് കിടക്കുകയാണ്.
ഓരോന്നും ടൺ കണക്കിന് ഭാരമുണ്ടാവും ..
ശിശിരമാക്കാൻ ഇനിയും ഒരു മാസം കൂടിയുണ്ട്; ബേസ് ക്യാമ്പിൽ പോലും ഇപ്പോൾ ഐസ് ഉണ്ടാവണം എന്നില്ല പക്ഷെ ഇവിടെ പാറക്കെട്ടുകൾ നിറഞ്ഞ മലയിടുക്കിൽ ഇത്രവലിയ ഐസ് ബ്ലോക്കുകൾ !!
ഉരുകാൻ ഒട്ടുമേ താൽപര്യമില്ലാത്ത പാറകൾ പോലെ അങ്ങിനെ അനവധി കിടപ്പുണ്ട് ..
ഗ്ലേഷ്യർ സ്ലൈഡ് ആണ് ..
കൊടുമുടി തുമ്പുകളിൽ നിന്ന് വേനലിന്റെ മൂർധന്യത്തിൽ ഐസ് ആണ് ആദ്യം അടർന്നു വീഴുന്നത് ..
ഒപ്പം വഴിത്താരയിൽ പാറയും കല്ലും മണ്ണും ...
ഇരുട്ട് കനത്ത് തുടങ്ങി; ഇരുളിലൂടെ സമാശ്വാസത്തിന്റെ അരുവിപോലെ കുറച്ച് ദൂരെനിന്ന് ഡ്യൂറാലി ക്യാമ്പിലെ വെളിച്ചം മൂടൽ മഞ്ഞിലൂടെ ഒഴുകിയടുക്കുന്നു ...
ഡ്യൂറാലിയിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായ ഷോക്ക്. റൂമെല്ലാം ഫുൾ ബുക്ക്ഡ്. തണുപ്പ് പൂജ്യത്തിനടുത്ത്; ടെന്റ് ഭാരം കുറക്കാൻ കഴിഞ്ഞ ക്യാമ്പിൽ ഏല്പിച്ചാണ് വന്നത് 
ക്യാമ്പിന്റെ ഡൈനിങ് ഹാളിൽ കിടക്കാൻ അനുവാദം കിട്ടി ..
എല്ലാവരും കഴിച്ചു പോയിട്ടെ ഉറങ്ങാൻ കഴിയൂ ..
ഞങ്ങളുടെ 'ബെഡ് റൂമിൽ' തായ്ലാൻഡിൽ നിന്നുള്ള ഇരുപതു പേരുടെ ടീം ഭക്ഷണം കഴിക്കുക്കുന്നു, ജർമൻസ്, സ്കോട്ടിഷ്ഷ്, ജപ്പാൻ, യു എസ്, ഇസ്രായേൽ പല നാടുകളിൽ നിന്നുമുള്ള ഒരുപാട് പേർ ഇനിയും ഭക്ഷണം കഴിക്കാനുണ്ട് ..
ഒരു മൂലയിലെ ടേബിളിൽ നേപ്പാളി ഷെർപ്പകൾ കാശുവച്ച് ചീട്ടുകളിക്കുന്നു..
'പുല്ല്' പുകക്കുന്ന മണം ..
തണുപ്പ് തലവേദനിപ്പിക്കുന്നുണ്ട്; കിടന്നാലും ഉറങ്ങാൻ കഴിയുമോ എന്നുറപ്പില്ല. നാളെ വെളുപ്പിന് 5 മണിക്ക് ബാക് പാക്ക് ഒന്നുമില്ലാതെ 1000 മീറ്റർ എലിവേഷന്റെ അവസാന ലാപ്പ് പിടിക്കണം, നാളെ രാവിലെയും ഹെഡ് ലാമ്പ് ഉപയോഗിക്കേണ്ടണ്ടിവരും, ക്യാമ്പിൽ പരിചയപ്പെട്ട ഇസ്രായേലിൽ നിന്നുള്ള ഒരു ചങ്ങാതി ഞങ്ങളോടൊപ്പം ഏഴര വെളുപ്പ് ഹൈക്കിന് കൂടാമെന്ന് പറഞ്ഞിട്ടുണ്ട് ..
വിശേഷിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഡൈനിങ്ങ് ഹാളിൽ ഇപ്പോൾ കലപില കൂട്ടുന്ന ഏഴിൽ പരം വ്യത്യസ്ത ഭാഷാസങ്കലനങ്ങളുടെ താളം കേട്ടിരുന്നു .. !
നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ വെളുപ്പിന് 5 മണി കഴിഞ്ഞപ്പോഴേക്കും ഇസ്രയേലിൽ നിന്നുള്ള ഹൈക്കറും ഞാനും ബിനോയും കൂട് ഹെഡ് ലാമ്പിന്റെ വെളിച്ചത്തിൽ ട്രയൽ തുടങ്ങി ..
"ഐ ആം എ സിറ്റി ബോയ് നോട്ട് ദാറ്റ് ഫിറ്റ്" എന്നൊക്കെ ഇസ്രായേലി ചങ്ങാതി പറഞ്ഞു എങ്കിലും, പുള്ളിക്കാരൻ ശരം വിട്ടപോലെ മുന്നിലെവിടെയോ മഞ്ഞിൽ അപ്രത്യക്ഷനായി ..
ഡ്യൂറാലിയിൽ ക്യാമറയും ഹൈഡ്രേഷൻ സിസ്റ്റവും ഒഴിച്ചുള്ള എല്ലാ സാധന സാമഗ്രികളും സൂഷിക്കാനേല്പിച്ചാണ് അന്നപൂർണയിലേക്കുള്ള അവസാന ലാപ്പ് പിടിച്ചത് ..
അടുത്തത് മനോഹരമായ മച്ചാപിച്ചറ കൊടുമുടിയുടെ ബെയ്‌സ് ക്യാംമ്പ് .. അതിനടുത്ത് സാക്ഷാൽ അന്നപൂർന്ന ബെയ്‌സ് ക്യാമ്പ് !!
ഇന്ന് രാത്രി തിരിച്ച് ഡ്യൂറാലിയിൽ എത്തണം ..
ഡ്യൂറാലി കഴിഞ്ഞാൽ പിന്നെ മരങ്ങളൊന്നുമില്ല ...
ഹിമാലയത്തിലെ ഉയർന്ന വിതാനങ്ങളിൽ കാണപ്പെടുന്ന സൂചീമരകാടുകൾ പോലും 3000 മീറ്ററിന് മുകളിൽ അപ്രത്യക്ഷമാകും ..
മൊട്ടയായ പർവത പാർശ്വത്തിലൂടെയാണ് യാത്ര ചെയ്യേണ്ടത് ..
ഹിമാനികൾ ഉരുകി പൊട്ടിചിതറി ഒഴുകുന്ന അരുവികളും വലിയ ഒഴുക്കുകളും കാണ്മാനുണ്ട് ..
കുത്തനെയുള്ള കയറ്റമൊന്നുമല്ല ഒരു മല ചുറ്റിവളഞ്ഞ് അങ്ങേ അറ്റതാണ് മച്ചാപിച്ചറ ബേസ് ക്യാമ്പ് ..
'മീൻ വാല്' എന്നാണത്രെ മച്ചാ പിച്ചറ എന്ന വാക്കിന്റെ അർത്ഥം ..
ജലോപരിതലത്തിൽ ചാടിമറിയുന്ന മത്സ്യത്തിന്റെ ഉയർന്ന് പിടക്കുന്ന വാലുപോലെ തന്നെയാണ് മച്ചാ പിച്ചറ .
അന്നപൂർന്നമേഖലയിലെ ഏറ്റവും ഭംഗിയുള്ള കൊടുമുടി അതുതന്നെ ഉയരത്തിൽ അന്നപൂർന്ന കൊടുമുടികളെക്കാൾ ചെറുതാണ് മച്ചാപിച്ചറെ (6,993 മീറ്റർ) പക്ഷെ ഘടനാപരമായ പ്രത്യേകതകൾ കൊണ്ട് ആ കൊടുമുടി കീഴടക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല .
കൊടുമുടിയുടെ ബേസ്ക്യാമ്പിന് അരികിലൂടെ ഒരു വലിയ അരുവി ഒഴുകുന്നുണ്ട്.. അരിക്കുകളിൽ ഐസ് ലേസ് പിടിപ്പിച്ച സുന്ദരിയായ അരുവി !!
പ്രകൃതി നാടകീയമായി മാറിയിരിക്കുന്നു! MBC യിൽ നിന്ന് ലെഫ്റ്റ് ടേൺ എടുക്കുന്നതോടെ അന്നപൂർന്ന മലനിരകളുടെ അതിമനോഹരമായ പനോരമിക്ക് വ്യൂ നമ്മളെ ശരിക്കും ഞെട്ടിക്കും !!!
MBC (Machapuchare Base Camp) മുതൽ ABC (Annapoornna Base Camp) വരെ അത്രയധികം ദൂരമൊന്നുമില്ല ..
പക്ഷെ ഓരോ കാൽ വയ്പിലും ഞാൻ തളർന്ന് വീഴാനാഞ്ഞു ..
ശ്വാസം കിട്ടുന്നില്ല, അതിശൈത്യമുള്ള കാറ്റ് വീശുന്നുണ്ട് പക്ഷെ വല്ലാതെ കിതക്കുന്നു ..
ഓക്സിജൻ സാന്ദ്രത വളരെ കുറവാണ് ..
കയ്യിൽ ക്യാമറ മാത്രമേ ഭാരമായുള്ളൂ എന്നിട്ടും നടക്കാനാകുന്നില്ല ..
ബിനോയ് മുന്നിലെവിടെയോ ആണ് ..
എനിക്ക് വല്ലാതെ വൈകാനാകില്ല ഉച്ചക്ക് 12 മണി കഴിഞ്ഞാൽ എ ബി സി ആകെ മൂടൽ മഞ്ഞുനിറയും പിന്നെ മല നിരകളുടെ ഭംഗി കാണാനാകില്ല ..
വേച്ച് വേച്ച് നടന്നു; വഴിയിൽ ഒരിടത്ത് കുഴഞ്ഞു വീണ ഒരു സഞ്ചാരിയെ രണ്ട് ഷേർപ്പകൾ ചുമലിൽ താങ്ങി ഇഴച്ച് കൊണ്ടുവരുന്നു ..
ട്രയലിൽ ഞാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത് മച്ചാ പിച്ചറായിൽ നിന്നും അന്നപൂർണ്ണ ബേസ് ക്യാംപ് വരെയുള്ള ദൂരമാണ് ..
തലേന്ന് വന്ന് MBC യിൽ രാത്രി ക്യാമ്പ് ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നം വരില്ല ..
തോറ്റ് പോകുമെന്ന് വരെ തോന്നി ഇല്ല ഇനി പുറകൊട്ടില്ല ..
ശാരീരിക ക്ഷമതയെ ഇച്ഛാശക്തി വിജയിക്കുക തന്നെ ചെയ്തു
അങ്ങകലെ അകലെ സാക്ഷാൽ അന്നപൂർന്ന ബെയ്‌സ് ക്യാമ്പ് !!
വർണ്ണപകിട്ടുള്ള കൊടിതോരണങ്ങൾ !
ഉയരം 4130 മീറ്റർ ..
ബിനോയ് ചുവന്ന വിന്റർ ജാക്കറ്റുമിട്ട് ഒരു കല്ലിൽ എന്നെ കാത്തിരിക്കുന്നു !!
താപനില പൂജ്യത്തിന് താഴ മൈനസ് അഞ്ചോ ആറോ ഡിഗ്രി ആണ് ..
പക്ഷെ ഉച്ചിയിൽ വെയിൽ വീഴുന്നു ..
തെർമലിനും സ്വെറ്ററിനും മീതേയുള്ള വിന്റർ ജാക്കറ്റ് ഉരിഞ്ഞുമാറ്റി ..
ആർത്ത് കൂവി ..
വിയർപ്പും കണ്ണുനീരുമെല്ലാം മുടിയിഴകളിലും കൺപീലികളിലും ഖനീഭവിച്ച് ചില്ലുമുത്തുകളാകുന്നു !!
ഈ "ഈ ഒരു നിമിഷത്തിന് വേണ്ടിയാണ് കഴിഞ്ഞ ആറുമാസങ്ങൾ ഞാൻ വായിച്ചുകൊണ്ടിരുന്നതും പ്രായത്നിച്ചതും .."
ഇങ്ങനെ എഴുതി അവസാനിപ്പിക്കണം എന്നാണ് കരുതിയത് പക്ഷെ എനിക്കതിനാവില്ല ..
ABC എന്ന ലക്ഷ്യമായിരുന്നില്ല എന്റെ യാത്ര; യാത്രയിലെ ഓരോരോ ചുവടുകളും കാഴ്ചകളും അനുഭവങ്ങളുമല്ലാമായിരുന്നു ലക്ഷ്യം ..
ABC യിലെ മാസ്മരികമായ ദൃശ്യങ്ങളെക്കാൾ വിസ്മയകരമായ പലതും അറിയാനും അനുഭവിക്കാനും കഴിഞ്ഞു ..
അത്തരത്തിൽ ഒരു ദൃശ്യം കൂടെ പറഞ്ഞ് നിറുത്താം ...
ബേസ് ക്യാമ്പിൽ നിന്ന് ഞങ്ങൻ തിടുക്കപ്പെട്ട് താഴേക്ക് കുതിച്ചു, എത്ര വൈകിയാലും ഡ്യൂറാലിയിൽ എത്തണം; സ്ലീപ്പിങ്ങ് ബാഗെല്ലാം അവിടെയാണ് .
5 മണി കഴിഞ്ഞപ്പോഴേ ഇരുട്ട് പരന്നു ഹെഡ്ലാംമ്പ് വെളിച്ചത്തിന് ഒരു മീറ്ററിനപ്പുറം മുന്നിലേക്ക് കാണാൻ കഴിയുന്നില്ല ..
ഇപ്പോൾ കൂരിരുട്ടാണ്..
എവിടെ എത്തി? ഡ്യൂറാലിയിലേക്ക് ഇനി എത്ര പോകാനുണ്ട് എന്നൊന്നും മനസ്സിലാകുന്നില്ല, വഴിയിൽ ആരുമില്ല ...
രാത്രി 7.30 ആയിട്ടുണ്ടായിരിക്കും ഞങ്ങൾക്ക് മുന്നിൽ പൂവിവിരിഞ്ഞതുപോലെ ഒരു ബോബൈലിന്റെ കുഞ്ഞു വെട്ടം !
കട്ടിമഞ്ഞിൽ വിസരിത പ്രകാശം ശരിക്കും പൂവിരിഞ്ഞതുപോലെ തന്നെയാണ് !!
മൊബൈൽ വെളിച്ചത്തിൽ വരുന്നത് ചൈനീസ് സ്വദേശിനിയായ പെൺകുട്ടിയാണ് !
"നിങ്ങൾ എന്തേ ഇത്ര വൈകി ബേസ് ക്യാമ്പിൽ നിന്ന് തിരിച്ചത്" എന്നൊക്കെ ആ പെൺകുട്ടി ചോദിച്ചു ..
ചെറിയ കുശാലാന്വേഷണങ്ങൾക്കപ്പുറം മൂന്നടി ദൂരത്തിന്റെ അകലത്തിൽ അവളും അവളുടെ കുഞ്ഞുമൊബൈൽ വെളിച്ചവും ഞങ്ങൾക്ക് പുറകിൽ മഞ്ഞിൽ അലിഞ്ഞു പോയി ..
5 നിമിഷങ്ങൾക്കപ്പുറം ഞങ്ങളുടെ സാധന സാമഗ്രികൾ ഇരിക്കുന്ന ഡ്യൂറാലി ക്യാമ്പിലെ വെളിച്ചം കണ്ടു ..
സമാധാനം ..
"നിങ്ങൾ എന്തേ ഇത്ര വൈകി പുറപ്പെട്ടു?" എന്ന് കുശലം ചോദിച്ച പെൺകുട്ടിക്ക് കൂരിരുട്ടിൽ മൊബൈലിന്റെ മിന്നാമിന്നി വെളിച്ചത്തിൽ, മജ്ജ മരവിപ്പിക്കുന്ന തണുപ്പിൽ, തനിച്ച് ഇനിയൊരു മൂന്ന് മണിക്കൂറെങ്കിലും നടന്നാലെ അടുത്ത ക്യാമ്പിൽ എത്താനാകൂ എന്ന് ഞങ്ങൾ ഞെട്ടലോടെ ഓർത്തു .. !!
അവൾക്ക് അതറിയാതിരിക്കില്ല ...
ചില മനുഷ്യർ അങ്ങിനെയാണ് ..
സ്വപ്നങ്ങളെ വന്യമായി പിന്തുടരുന്നവർ .
സ്ഥലകാലങ്ങളെ കീഴ്പെടുത്തുന്നവർ !
പ്രിയപ്പെട്ട അനിയത്തീ നീ സുരക്ഷിതയായിരിക്കട്ടെ ..
സ്നേഹപൂർവ്വം
കിരൺ കണ്ണൻ
























Link to Facebook Post
Posted: December 17, 2018

അഭിപ്രായങ്ങള്‍