വീണ്ടും 'എംറ്റി ക്വോട്ടർ' !
ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമിയിലേക്ക് ഇത്തവണത്തേത് അഞ്ചാമത്തെ യാത്രയായിരുന്നു ; അതിൽ മൂന്നുതവണയും ടെന്റടിച്ച് രാത്രി അവിടെ ചെലവിട്ടു ...
ഈ വർഷം ഇനിയും അവസരം ലഭിച്ചാൽ ഞാനവിടെ വീണ്ടും പോകുമെന്നുറപ്പാണ് ..
യു എ യിൽ വന്നിട്ട് എന്നെ ഏറ്റവുമധികം ഭ്രമിപ്പിച്ച പ്രദേശമാണിത് !
മണൽ കടൽ ~ മണൽ ചുഴലികൾ ~ മണൽ മലകൾ !!!!
ഇത്തവണ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അബുദാബി കൂട്ടുകാരോടൊപ്പമായിരുന്നു ( Friends Of KSSP ) യാത്ര ..
മുപ്പത് പേരുള്ള, പല പ്രായത്തിലുള്ള, സാഹസികത അത്രമേൽ പരിചയമില്ലാത്ത ഒരു സംഘത്തോടൊപ്പം വന്യമായ മരുഭൂമിയിലെ ക്യാമ്പിങ് എന്നത് പൂർണ്ണമായും ആസ്വാദ്യകരമായത്തിന് കാരണം അവർ പ്രകൃതിയെ അറിയുന്ന കൂട്ടുകാരായിരുന്നു എന്നത് മാത്രമാണ് !!
ഇവിടെ മണലല്ലാതെ എന്തുകാണാനുണ്ട് എന്നൊക്കെ ചോദിക്കുന്ന ഒരാളുണ്ടായാൽ മതി ഇത്തരം യാത്രകളുടെ രസം കളയാൻ ...
സിദിനും ഇളക്കുമെല്ലാം ഇതിനോടകം ടെന്റ് സ്ലീപ്പിങ്ങ് ബാഗ് ക്യാമ്പിങ് എന്നിവയൊക്കെ വീടിന്റെ അതിസ്വാഭാവികമായ ഒരു എക്സ്റ്റൻഷൻ മാത്രമായിരിക്കുന്നു !
ഒരാഴ്ചയുടെ കുറ്റമറ്റ പ്ലാനിംഗ് !
ഓരോ ഉത്തരവാദിത്വവും ഏറ്റെടുത്തവരുടെ കൃത്യമായ നിർവഹണം ....
മുന്നനുഭവങ്ങളിൽ നിന്ന് എന്തെല്ലാമാണ് ഒരുക്കേണ്ടത് എന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു;
ഏത് സമയത്ത് അവിടെ എത്തണം, എത്ര വിറക് കരുതണം, തണുപ്പുകുപ്പായങ്ങൾ, കാർഗോ സൂക്ഷിക്കാനുള്ള സ്‌പെഷൽ ടെന്റ്, വെള്ളം, ഒരു കുഞ്ഞു കടലാസുപോലും മരുഭൂമിയിൽ ഉപേക്ഷിക്കാതെ കെട്ടിവലിച്ച് കൊണ്ടുവരാൻ പാകത്തിന് ഉറപ്പുള്ള വലിയ ഗാർബേജ് സാക്ക്, ചായ തിളപ്പിക്കാനുള്ള ചെറിയ ചാർകോൾ സ്റ്റൗ, പൊള്ളലിനും മുറിവിനുമുള്ള പോളിമെറിക്ക് ലിക്വിഡ് ബാൻഡ്ജ്, ടെന്റ് ലൈറ്റുകൾ, ടോർച്ചുകൾ ഹെഡ്‍ലാംപുകൾ പിന്നെ ഒരു നല്ല കൂട്ടായ്മ !
കൊളോസിയത്തിന്റെ പകുതിവലിപ്പമുള്ള ഒരു വലിയ മണൽകുഴിക്കുള്ളിലാണ് ഇത്തവണ 11 ടെന്റുകൾ ഒരുക്കിയത്; രാത്രി പരക്കുന്നതിന് തൊട്ടുമുൻപ് മരുഭൂമിയിൽ ഏതാനും മിനിറ്റുകൾ ശക്തിയുള്ള കാറ്റുവീശും..
കഴിഞ്ഞ തവണ ഞങ്ങളുടെ 5 ടെന്റുകൾ പറന്നുപോകുകയും അതിൽ മൂന്നെണ്ണം പൂർണ്ണമായും ബാക്കി രണ്ടെണ്ണം ഭാഗികമായും കേടുവന്നിരുന്നു, ഇത്തവണ അത്കരുതി തന്നെ ടെന്റ് പിച്ചിങ്ങ് നടക്കുന്നതിന് ഒപ്പം ടെന്റിനുള്ളിൽ ബാഗേജുകൾ വച്ച് ഭാരം ഉറപ്പുവരുത്തിയതുകൊണ്ട് ഒന്നും പറന്നുപോയില്ല. പക്ഷെ മരുഭൂമി പുതിയ ചില പാഠങ്ങൾ പഠിപ്പിച്ചു..
മണൽകുഴിക്കുള്ളിൽ കാറ്റ് ചുഴലി വീശി 5 നിമിഷം കൊണ്ട് എല്ലാവരെയും ആശങ്കയിലാഴ്ത്തി ...
കൺപോളകൾക്കടിയിൽ മണലിന്റെ കിരുകിരുപ്പൻ ലെയർ ... !
കണ്ണ് ചിമ്മുമ്പോൾ ക്രിസ്പി ക്രിസ്പി . .. !
അറേബ്യൻ വേഷധാരണത്തിൽ ആണിനും പെണ്ണിനും എങ്ങിനെയാണ് തലയിൽ ശീല വന്നത് എന്നതിന്റെ ഭൂമിശാസ്ത്രപരമായ കാരണം മനസ്സിലാക്കാൻ ആ അഞ്ചുനിമിഷത്തെ കാറ്റ് മാത്രം മതിയായിരുന്നു ..
അറിഞ്ഞു തന്നെ പഠിക്കണം മറക്കൂല്ല !
കുഞ്ഞു സിദ് കമ്പിളി തൊപ്പി മുഖത്തേക്ക് വലിച്ചിട്ട് ഒതുങ്ങിയിരുന്നു ..
കാറ്റ് ഒന്ന് ഒങ്ങിയപ്പോൾ എല്ലാവർക്കും സന്തോഷം !!
വിസരണ പ്രകാശമില്ലാത്ത രാത്രിയാകാശത്തിൽ നിറയെ നക്ഷത്രങ്ങൾ !!
ഒറിയോണിന്റെ വാളും ബെൽറ്റിലെ നടു നക്ഷത്രവും തലയിലെ നക്ഷത്രവും ചേർത്തുവരക്കുന്ന സാങ്കല്പിക രേഖ ദ്രുവനക്ഷത്രത്തിലേക്കാണെന്ന് ചൂണ്ടി വരച്ചും, കാനിസ് മേജറിന്റെ തലയിൽ ആകാശത്തെ ഏറ്റവും തിളക്കമുള്ള സിറിയസ്സ് നക്ഷത്രത്തെ ചൂണ്ടിയും കുട്ടികളോടും കുട്ടികളെക്കാൾ കൗതുകമുള്ള പരിഷത്ത് കൂട്ടുകാരോടും തള്ളോട് തള്ള് !
പെട്ടന്ന് ശ്യാം റിഫ്ളക്റ്റീവ് സ്ട്രാപ്പുകൾ പിടിപ്പിച്ച കടും മഞ്ഞകവറോളുമിട്ട് ടെന്റിന് വെളിയിൽ പ്രത്യക്ഷപ്പെട്ടു ! !
പിന്നെ കുട്ടികൾക്കായി Hazards & Safety Awareness Training, അസംബ്ലി പോയിന്റ് മാർക്കിങ്, മോക്ക് ഡ്രിൽ ... ജഗപൊഗ !
ഇതിനിടക്ക് മണൽകൂനയിൽ നിന്ന് താഴോട്ട് സോഫ്റ്റ് ലാന്റ് ചെയ്ത ഷീനയുടെ കാലിൽ നിന്ന് സാൻഡ് പേപ്പർ ഉരച്ചപോലെ തൊലിയിത്തിരി പോയി ..
വേദന കടിച്ചമർത്തി സ്ലീപ്പിങ് ബാഗിൽ പകുതി ഒളിച്ച് മണലിൽ ചരിഞ്ഞിരുന്ന ഷീനയെ കാണാൻ കാലുകളില്ലാത്ത ഒരു ഉണ്ടപക്രു മൽസ്യകന്യകയെ പോലെയുണ്ടായിരുന്നു !
അപ്പപ്പോൾ ചുട്ടെടുത്ത ചോളവും കപ്പയും മധുരകിഴങ്ങും, തോരെ തോരെ ചുടുകാപ്പി !
ഷെറീന്റെ നേതൃത്വത്തിൽ ഒരുപാട് കളികൾ ...
നാരായേനേട്ടൻ, ദീപ്തി എന്നിങ്ങനെ പാട്ടുകാർ ...
നിലാവിൽ മണൽ കുന്നുകളിൽ ടോർച്ച് ലൈറ്റ് പിടിച്ച് വരിവരിയായി കയറിയിറങ്ങുന്ന കുട്ടികൾ ....
റെഡ് മൂൺ കഴിഞ്ഞ് രണ്ട് ദിവസം മാത്രമേ ആയിരുന്നുള്ളൂ എന്നതുകൊണ്ടതന്നെ ചുവന്നു തുടുത്ത വലിയ ചന്ദ്രൻ !
പിന്നെ രാത്രിയങ്ങോട്ട് മണൽപരപ്പിൽ പൂനിലാവ് വെള്ളി വെളിച്ചത്തിന്റെ പായ വിരിച്ചു !!
മാസ്മരികമായ ദൃശ്യം !
മരുഭൂമിയെ അറിയേണ്ടതും പ്രണയിക്കേണ്ടതും രാതിയിലാണ് ...
Empty Quarter ന്റെ നിശ്ശബ്ദതക്ക് വല്ലാത്ത ഒരു തരം വശ്യമായ നിഗൂഢതയുണ്ട് !!
ഈദ് പറഞ്ഞപോലെ
"മൗനം പുതച്ച മരുഭൂമി, നിന്നെയുണർത്താതെ, നിന്റെ തണുപ്പിലുറയാൻ ഒരു രാത്രി. വീശുന്ന കാറ്റൊക്കെ ഉടലാകെ മണൽ ചൊരിയുമ്പോൾ, നിന്നോട് മല്ലിട്ടു മരുഭൂമി താണ്ടിയവരും, നീ വിഴുങ്ങിയവരുമൊക്കെ ചിന്തകളിൽ കനൽ കോരിയിടുന്നു…."
1931 ൽ ബ്രിടീഷ് സാഹസികനായ Bertram Thomas ആണ് ആദ്യമായി 650,000 km2 വിസ്തീർണ്ണവും 1000 കിലോമീറ്റർ നീളവുമുള്ള ലോകത്തിലെ ഏറ്റവും വന്യമായ മണൽ മരുഭൂമി താണ്ടുന്നത്. പിന്നീടങ്ങോട്ട് ചക്രവാളങ്ങളെ സാധ്യതയായികണ്ട എത്രയെത്ര സാഹസികർ !! വെയില് പൊള്ളിച്ച് വായു ഒരുക്കിവച്ച മരീചികകൾ . ...
എത്ര ജീവിതങ്ങൾ ഇവിടെ തുലഞ്ഞിരിക്കണം ...
കരുതിയ അവസാനത്തെ വിറകുകൊള്ളി കനാലാവുന്നതുവരെ ഞങ്ങളെല്ലാം ഒരുമിച്ചിരുന്നു ..
കഥകൾ~പാട്ടുകൾ~കളികൾ~ചർച്ചകൾ ...
ഒരുപാട് വർഷങ്ങൾ മുൻപ് നാഷണൽ ജിയോഗ്രാഫിക്ക് ചാനലിൽ വന്ന വൈൽഡ് അറേബ്യാ സീരീസിലാണ് ഈ മണൽ മരുഭൂമി ഭ്രമിപ്പിക്കുന്ന കാന്തികതയായി എന്നിലേക്ക് പടർന്നത് ...
George Steinmetz എന്ന ഏരിയൽ ഫോട്ടോഗ്രാഫർ ഈ മരുഭൂമിയിൽ എടുത്ത് നാഷണൽ ജിയോഗ്രാഫിക്ക് മാസികയിൽ പ്രസിദ്ധീകരിച്ച ഒട്ടക നിഴലുകളുടെ വിഖ്യാതമായ ചിത്രം നിങ്ങളിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ ??
രാവിലെ കരിയിട്ട് അടുപ്പുകൂട്ടി കാപ്പിയൊക്കെ കുടിച്ച് ഓരോന്നായി എല്ലാ ടെന്റുകളും പാക് ചെയ്തു സൂക്ഷ്മതയോടെ ഓരോ കടലാസു തരിയും പെറുക്കി വലിയ ഗാർബേജ് ബാഗിലിട്ട് മരുഭൂമിയിലൂടെ കെട്ടിവലിച്ച് റോഡിലേക്ക് കൊണ്ട് വന്നു പിന്നെ യാത്ര ഇത്തവണത്തെ ഹൈലൈറ്റായ "മൊറീബ് ഡ്യൂണിലേക്കായിരുന്നു" https://en.m.wikipedia.org/wiki/Moreeb_Dune
ലോകത്തിലെ തന്നെ ഏറ്റവും വലിയ മനൽകൂനകളിൽ ഒന്നാണ് മൊറീബ് ഡ്യൂൺ ...
റിലേറ്റ് ചെയ്യാൻ ഒന്നുമില്ലാത്തതിനാൽ മൊറീബ് കയറാൻ ശ്രമിച്ചാലേ അതിന്റെ വലിപ്പം മനസ്സിലാവൂ ...
സംഘാംഗങ്ങളിൽ എല്ലാവരും തന്നെ കയറാൻ തുടങ്ങി എങ്കിലും ഞാനും ജിൻജിയും റൂഷും മാത്രമാണ് നെറുകയിൽ എത്തിയ മുതിർന്നവർ !
ബാക്കിയെല്ലാവരും പകുതി ഉയരത്തിന് കീഴെതന്നെ തളർന്നു പോയി ..
പക്ഷെ ഞങ്ങളെ ഞെട്ടിച്ചത് കുട്ടിപട്ടാളമാണ്! ഇഴജന്തുക്കളെ പോലെ അവറ്റകൾ ഞങ്ങളെക്കാൾ മുന്നേ മുകളിൽ എത്തി !!
പിള്ളേർസ് കയറി മുകളിൽ എത്തിയിരുന്നില്ലായിരുന്നെങ്കിൽ കിളിമഞ്ചാരോ സമ്മിറ്റിൽ ഉള്ളപ്പോലെ ഒരു ഗ്ലേഷ്യർ മൊറീബിന് മുകളിലും ഉണ്ട് എന്നൊക്കെ ഞങ്ങൾ വച്ച് കീച്ചിയേനെ.
ഇത്തവണ ചിത്രങ്ങളിൽ കൂടുതലും ക്യാമ്പ് അംഗങ്ങൾ എടുത്തതാണ് ..
Sunil Ep സുനിലേട്ടന് ജോലി തിരക്ക് മൂലം വരാനാകാതിരുന്നത് എല്ലാവർക്കും സങ്കടമായിപോയി ..
ഇനിയുമിനിയും അവിടെ പോകും ...
വീണ്ടും എഴുതും ...
വീണ്ടും വീണ്ടുമെഴുതും ..







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ