Empty Quarter Desert Camping ~ 2017

Empty Quarter Desert Camping ~ 2017
അബുധാബിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ ദൂരെയാണ് ലിവ ഒയാസിസ് .
അതിനപ്പുറം ലോകത്തിലെ ഏറ്റവും വന്യമായ മണൽ മരുഭൂമി നാലു രാജ്യങ്ങളുടെ അതിർത്തി പങ്കുവച്ച് പരന്നു കിടക്കുന്നു .. ..
പേരു സൂചിപ്പിക്കുന്നതുപോലെ ലിവ ഒരു മരുപച്ചയാണ് അവിടെ കൃഷിയും ചെറിയ ഒരു ടൗൺഷിപ്പുമുണ്ട്.
ചന്ദ്രക്കല ആകൃതിയിലുള്ള ലിവ ഒയാസിസിന്റെ ഉപഗ്രഹചിത്രം ഈ ആൽബത്തിൽ റഫറൻസ് ആയി ചേർക്കുന്നു.
മരുഭൂമിയിൽ ക്യാമ്പ് ചെയ്യാൻ പോകുന്നവർക്ക് അത്യാവശ്യം വേണ്ട പ്രൊവിഷൻ എല്ലാം ലിവയിൽ കിട്ടും .
ലിവ എത്തുന്നതുവരെയുള്ള യാത്ര ഒട്ടൊരുവിധം വിരസമാണ് ....
ഒന്നുമില്ലാതെ പരന്നുകിടക്കുന്ന ഭൂമി ...
സമാന്തരമായി അബുദാബിയുടെ കാർഗോ റെയിൽ പാത !
അബ്ഷാനിലെ റിഫൈനറികളിൽ നിന്ന് ഗന്ധകവും മറ്റു പെട്രോകെമിക്കൽ ഉൽപന്നങ്ങളുമായി റുവൈസിലെ കെമിക്കൽ പ്ലാന്റുകളിലേക്ക് യൂണിയൻ റെയിലിന്റെ ഗുഡ്‌സ് ട്രെയിൻ യാതൊരു തിരക്കുമില്ലാത്ത ഇഴഞ്ഞു നീങ്ങുന്നു ...
അവിടെ ഇവയെല്ലാം അനേകം മൂല്യവർദ്ധിത പെട്രോകെമിക്കൽ ഉത്പന്നങ്ങളായി മാറും ..
ക്യാമറയും സകലവിധ സന്നാഹങ്ങളുമായി പോയിട്ടും ക്യാംപിൽ ഒരിക്കലും ക്യാമറാ ബാഗ് പുറത്തെടുത്തില്ല ...
മൊബൈൽ ചിത്രങ്ങൾ ഡോക്യൂമെന്റേഷന് പാകത്തിൽ തെളിമയുള്ളതായി തുടങ്ങിയതുമുതൽ ഭാരമുള്ള ക്യമറയും സന്നാഹങ്ങളും ഉപയോഗിച്ച് ചിത്രമെടുക്കാൻ ഇത്തിരി മടി പിടികൂടിയിട്ടുണ്ട് .
ഇത്തവണത്തെ യാത്ര കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു ഒട്ടൊരുവിധം ലിഷ്വർ ക്യാമ്പിങ് ..
ഇള (9) ~ സിദ് (4) ~ അസാൻ (9) ~ ഗഗൻ (9) ~ മേധ(5) ~ ആമി (13) ~ കാർത്തിക്ക് (13)
ഇതിൽ കാർത്തിക്ക് ഒഴിച്ചുള്ള കുട്ടികൾക്ക് സാഹസികത ക്യാമ്പിങ്ങ് എന്നിവയല്ലാം ആദ്യാനുഭവങ്ങളായിരുന്നു !
നഗരം അതിവിദൂരതയിൽ ആയതിനാൽ യാതൊരുവിധ വിസരിത പ്രകാശവവുമില്ലാതെ തെളിഞ്ഞ രാത്രിയാകാശത്തിൽ ഒട്ടനവധി നക്ഷത്രങ്ങൾ !
എത്ര കളിച്ചാലും മതിവരാത്ത വലിയ മണൽകൂനകൾ !
മുതിർന്നവരായി ദീപേഷ് & പ്രിയ, കില & സജീവ്, ഷാമിൽ & റുക്‌സാന, സജീവ് സീനിയർ, ഉണ്ണികൃഷ്ണൻ, പിന്നെ ഞാനും ജിൻജിയും.
ലിവയിൽ നിന്നും വാങ്ങിയ മരകഷ്ണങ്ങൾ കൂട്ടിവച്ച് ക്യാമ്പ് ഫയറിന് തീകൊളുത്തി തീയുടെ ചലിക്കുന്ന പ്രകാശം തിളക്കുന്ന കുഞ്ഞുമുഖങ്ങൾ !
മസാലപുരട്ടികൊണ്ടുപോയിരുന്ന കോഴിയിറച്ചി കനലിൽ ചുട്ടെടുക്കാൻ തുടങ്ങിയപ്പോളാണ് Empty Quarter ന്റെ പരിസ്ഥിതി എത്ര വന്യമാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു കാറ്റ് വീശിയത് .
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള രണ്ട് നിമിഷങ്ങൾക്കുള്ളിൽ
നിവർത്തിവച്ച 7 ടെന്റുകളിൽ 5 എണ്ണം മരുഭൂമിയുടെ ഇരുട്ടിലേക്ക് ക്ഷണനേരം കൊണ്ട് പറന്നുപോയി .
മൂന്നുവർഷം മുൻപത്തെ ക്യാമ്പിങ് അനുഭവം ഉണ്ടായിരുന്നതുകൊണ്ട് ആളൊന്നുക്ക് ഒന്ന് എന്നമട്ടിൽ ടോർച്ചുകളും ഹെഡ് ലാമ്പുകളും കരുതിയിരുന്നു ..
ടെന്റുകളിൽ ഒന്നെങ്കിലും നഷ്ടപ്പെടുക എന്നത് അവിടെ വളരെ കഷ്ടമായ സാഹചര്യം സൃഷ്ടിക്കും .
ടെന്റ് ഇല്ലാതെ ചുമ്മാ സ്ലീപ്പിങ് ബാഗിൽ കിടന്നുറങ്ങാൻ പറ്റിയാ സ്ഥലമല്ല അത്
ഭാഗ്യത്തിന് കാറ്റ് പെട്ടന്ന് നിന്നു.. ഞങ്ങളിൽ കുറേപേർ ഇരുട്ടിൽ നഷ്ടപ്പെട്ട ടെന്റുകൾ തപ്പിയിറങ്ങി ..
ഒടിഞ്ഞു തൂങ്ങിയെങ്കിലും മൂന്നെണ്ണം തിരികെ കിട്ടി.
ഒരു സത്യം പറയട്ടെ ഇന്നലെ ഞങ്ങൾ കഴിച്ചത് മണലിൽ മുക്കി ചുട്ടെടുത്ത കോഴിയായിരുന്നു !!
മസാലപുരട്ടിയ കോഴികഷ്ണങ്ങളെ മനൽകാറ്റ് അക്ഷരാർത്ഥത്തിൽ കിസ്‌പി ചിക്കനാക്കി !!
ചുട്ടെടുത്ത ചിക്കൻ കടിക്കുമ്പോൾ പല്ലുകളിക്കിടയിൽ ഞെരിയുന്ന മനൽത്തരികളുടെ കിരുകിരാരാവാം ! Uhh .
കുട്ടികൾ എല്ലാവരേയും മുതിർന്നവരെ കൂട്ടയല്ലാതെ തനിച്ച് ഒരു വലിയ ടെന്റിൽ കിടത്തി !!
മെഷിനുള്ളിലൂടെ നക്ഷത്രങ്ങൾ നിറഞ്ഞ മാനം നോക്കി കിടന്ന് അവർ വേഗം ഉറങ്ങി . .
അവർക്കവേണ്ടിയാണ് ഞങ്ങളീ യാത്രവന്നത് ....























Link to Facebook post
Posted : November 25, 2017

അഭിപ്രായങ്ങള്‍