'കറീക്ക്-എ-റീഡ്' നൂൽപാലവും 'ജയന്റ്സ് കോസ് വേ യും'
(Ireland Travelogue Last Part 8 )
വിസ്മയം കൊണ്ട് എഴുതാൻ മടിച്ച ഐറിഷ് വിശേഷങ്ങളുടെ അവസാന ഭാഗം !,
കറീക്ക്-എ-റീഡ്' ഐറിഷ് മെയിൻ ലാന്റിനേയും തീരത്ത് നിന്ന് അടർന്നു മാറി നിൽക്കുന്ന വലിയോരു പാറത്തുണ്ടിനേയും ബന്ധിപ്പിക്കുന്ന കയറുപാലമാണ്..
- ഇരുപത് മീറ്റർ നീളം.
- താഴെ തിരതല്ലുന്ന കടലിൽ നിന്ന് മുപ്പത് മീറ്റർ ഉയരം.
- വർഷത്തിൽ അഞ്ചുലക്ഷത്തോളം ആളുകളാണ് പാലത്തിന് കുറുകെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നത് .
- ആദ്യത്തെ പാലത്തിന് 350 വർഷത്തെ പഴക്കമുണ്ട്.
- മത്സ്യ തൊഴിലാളികൾ പണ്ട് സാൽമൺ മീനുകളെ ചൂണ്ടലിട്ട് പിടിക്കാനായി കടലിലെ പാറമുകളിലേക്ക് പോകാനാണ് ഈ പാലം ഉണ്ടാക്കിയത് എന്ന് പറയപ്പെടുന്നു.
- ഇതുവരെയുള്ള കാലയളവിൽ പാലം ഒരുപാട് തവണ നവീകരിക്കുകയും പുനർ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് .
എന്തുതന്നെയായാലും ഭീതിയുടെ കാന്തികത നിലനിറുത്താണെന്നവണ്ണം ഇന്നും 'കറീക്ക്-എ-റീഡ്' വളരെ പ്രാകൃതമായ നിര്മിതീ രൂപം സൂക്ഷിക്കുന്നുണ്ട് .
ഉയരങ്ങളെ വലിയ പേടിയില്ലാത്തതിനാൽ; പാലം കടക്കാൻ 'പ്രാർത്ഥനയൊന്നും' ചൊല്ലേണ്ടി വന്നില്ല.
പക്ഷെ പാലത്തിനെ നന്നായി പേടിക്കുന്ന പലരെയും കണ്ടു; വീശിയടിക്കുന്ന കടൽ കാറ്റ് പാലത്തിനെ ആട്ടിയുലക്കുന്നതിലാണ് ക്രോസിംഗിന്റെ ത്രില്ല് മുഴുവനുമരിക്കുന്നത് ..
വളരെയൊന്നും ഉറപ്പു തോന്നിക്കാത്ത കൈവരികളും ഇളകുന്ന ചവിട്ടു പലകകളും താഴെ കടലിലേക്കുള്ള ആഴമുള്ള വീഴ്ചയെ 'ദിവാസ്വപ്നം' കാണാൻ സഹായകമാകുന്നു ..!
പാലം കടന്നാൽ കടൽ പാറയുടെ മുകളിലേക്ക് നടവഴിയുണ്ട്; കടൽ പക്ഷികളുടെ നെസ്റ്റിങ്ങ് സീസണായതിനാൽ വഴി പാതിയിൽ അടച്ചിരിക്കുന്നു ..
അവിടെ നിന്ന് നോക്കിയാൽ അങ്ങ് ദൂരെ പന്ത്രണ്ട് മൈലുകൾക്കപ്പുറം സ്‌കോട്ട്ലാന്റിന്റെ തീരം സുഗമമായി കാണാം ..
~~~~~~
"ജയന്റ്സ് കോസ് വേ"
അയർലാൻഡ് യാത്ര, ചിന്തകളിൽ പോലും ഇല്ലാതിരുന്ന കാലത്തേ ഷഡ്‌ഭുജാകൃതിയിലുള്ള അസംഖ്യമായ പാറക്കല്ലുകൾ ലീഗോ ബ്ലോക്കുകൾ പോലെ അടുക്കിയൊതുക്കി വച്ചുണ്ടാക്കിയ സമുദ്രതീര വിസ്മയം ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട് !
ലോകത്തെ അമ്പരപ്പിക്കുന്ന ഭൗമ പ്രതിഭാസങ്ങൾ, തീർച്ചയായും കണ്ടിരിക്കേണ്ട പത്ത് തീരങ്ങൾ, യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകൾ എന്നൊക്കെയുള്ള ഏതൊക്കെ ഇന്റർനെറ്റ് ലിങ്കുകൾ പിൻ തുടർന്നാലും ജയന്റ്സ് കോസ് വേ എന്ന കമനീയ തീരത്തിന്റെ ദൃശ്യങ്ങളിൽ കണ്ണുകൾ ഉടക്കിപോകുമെന്ന് തീർച്ച !!
കടലും പാറക്കെട്ടുകളും ചേരുന്ന തീരങ്ങൾക്കെല്ലാം ഒരു രൗദ്ര ഭംഗിയുണ്ടാവാറുണ്ട് !
കൊടുങ്കാറ്റുകളുടെ പ്രിയസമുദ്രമായ അറ്റ്ലാന്റിക്കിന്റെ തീരങ്ങൾ വൻ തിരമാലകളുടെ ജലഘോഷങ്ങളുടേത് കൂടിയാണ് ..
തല്ലിചിതറുന്ന തിരമാലകൾ കടൽ പക്ഷികളുടെ ശബ്ദം കവർന്നെടുക്കുന്നു ..
ഇവിടെ ഈ തീരം അയർലാന്റിന്റെ വടക്കേ തുഞ്ചാണ് ..
തുറന്ന സമുദ്രവും മഴയും കാറ്റും വിചിത്ര ശിലകളും !!!
കടലിലേക്ക് ഇറങ്ങി കിടക്കുന്ന പാറകളിലേക്ക് സൂക്ഷിച്ച് നടക്കണം ..
ഓരോ അടിവയ്ക്കുമ്പോഴും താഴോട്ട് നോക്കണം ..
വീണുപോകാതിരിക്കാനുള്ള കരുതൽ മാത്രമല്ല മറിച്ച് ആരോ അച്ചിൽ വാർത്തെടുത്തപോലുള്ള ഷഡ്‌ഭുജശിലകൾ എത്ര കൃത്യമായി ചേർന്നിരിക്കുന്നു എന്ന് വിസ്മയപ്പെടാനാണ് !
തിരമാല നനവ് ശ്യാമശിലകളിൽ ചേരുമ്പോൾ പ്രകൃതിയിലെ ലീഗോ ബ്ലോക്കുകൾക്ക് അഭൗമമായ ഭംഗി കൈവരുന്നു .. !
ഒരൊറ്റ വാക്കിൽ 'ഭൂമിയിൽ അല്ലാത്ത ഒരിടം' എന്നേ വിശേഷിപ്പിക്കാൻ തോന്നൂ ...
തൊട്ടപ്പുറത്തെ ഒരു മല മുഴുവനും ഇത്തരത്തിൽ അനേകമനേകം ഷഡ്‌ഭുജ സ്‌തംഭങ്ങളാൽ നിർമിതമാണ് !
ഇതെന്താണ് ഇങ്ങനെ ??
ആരാണ് ഇതിങ്ങനെ വൃത്തിയായി അടുക്കിയടുക്കി വച്ച് ഒരു തീരമുണ്ടാക്കിയത് !!
ഏലിയൻ തിയറികളിൽ അഭിരമിക്കുന്നവർക്ക് ഒരു നൂറു കഥകളുണ്ടാക്കാം .
പക്ഷെ സംഭവം വളരെ ലളിതമായ ഒരു ഭൗമ പ്രതിഭാസമാണ് .
ലാവാശിലകളിൽ അപൂർവ്വമായ താപ രാസ സാഹചര്യങ്ങളിൽ ദശലക്ഷകണക്കിന് വര്ഷങ്ങൾക്കൊണ്ട് സംഭവിക്കുന്ന ഭ്രംശനമാണ് ഇത്തരത്തിലുള്ള ശിലാ ഖണ്ഡങ്ങൾ ഉണ്ടാക്കുന്നത് ..
അതിപരിചിതനായ ശിലാ ശാസ്ത്രകാരന്മാരെപോലും ഭാവനാത്മകളായ ഏതോ ഒരു കാല്പനിക കഥ വിശ്വസിപ്പിക്കാൻ ഈ തീരത്തിന് കഴിയും .. !
ഓരോ ഭൗമ ശാസ്ത്ര വിദ്യാര്ത്ഥിയും ജീവിതത്തിൽ ഒരിക്കലെങ്കിലും 'തീർത്ഥയാത്ര' നടത്തേണ്ടുന്ന ഭൂമിക !
തീരത്ത് അവിടെയും ഇവിടെയുമായി തീഷ്ണ വർണ്ണമേളമുള്ള മഴക്കുപ്പായങ്ങൾ ധരിച്ച സന്ദർശകർ മഴയും തിരമാലകളും കാറ്റും ആസ്വദിക്കുന്നു ..
ശ്യാമ തീരത്തിലെ തിരമാല വെളുപ്പ് വിവാഹവസ്ത്രത്തിന്റെ അയഞ്ഞ തുമ്പ് പോലെ തോന്നിയിട്ടാവണം
ആ കല്ലുകളുടെ അറ്റത് തിരമാലകളുടെ ശുഭ്ര ഭംഗിയോട് ചേർന്ന് കാൽമടമ്പുകളിൽനിന്ന് താഴോട്ട് പരന്നൊഴുകുന്ന വെളുത്ത ഗൗൺ ധരിച്ച ഒരു പെൺകുട്ടി നിലാവിൽ തനിച്ച് നിൽക്കുന്ന രംഗം എന്തോ ഭാവനകളിലങ്ങനെ മനസ്സിൽ തിരയൊഴുകി വന്നു ...
അവളെ ചുറ്റുന്ന വെളുത്ത കടൽ പക്ഷികൾ രാത്രിശലഭങ്ങളെ പോലുണ്ടാവുമല്ലേ !!
ഈ ഭൂമിയിലെ കാഴ്ച്ചകൾ അവസാനിക്കില്ല ...
യാത്രവിശേഷങ്ങൾക്ക് ആർദ്ധവിരാമം ..
ഇനി വേറൊരു നാട്ടിലെ വേറൊരു യാത്രയെക്കുറിച്ച് എന്നെങ്കിലുമൊക്കെ പറയാം ..
പുതിയ സൗഹൃദങ്ങളോടും; എന്നെ വായിച്ചവരോടും നിറച്ചും സ്നേഹം ..
ഫ്ളവേഴ്സ് റേഡിയോ 'കുടുംബത്തോട്' കൃതജ്ഞതയും സന്തോഷവും ...
സ്നേഹപൂർവ്വം
കിരൺ കണ്ണൻ
Facebook Link
Posted : March 26, 2019


















അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ