അയർലാന്റിലെ പാട്ടുകാർ !
(Ireland Travelogue Part 1)

ഉയർന്ന കസേരകളിലിരുന്ന് കാലുകളാട്ടി ആസ്വദിച്ചാണ് അവർ പാടുന്നത് !
അയർലാന്റിലെ നാടൻ പാട്ടുകാരെല്ലാം അങ്ങിനെതന്നെയാണ്. കാൽമടമ്പുകൾ ഉയര കസേരളിൽ താളം പിടിച്ചാണവർ പാടുക !
യാത്രയുടെ രണ്ടാം ദിവസം അയർലാന്റിലെ 'ക്ലിഫ് ഓഫ് മോഹർ' കണ്ടുകഴിഞ്ഞ് രാജ്യ തലസ്ഥാനമായ ഡബ്ലിനിലേക്ക് വരുന്ന വഴി ഉച്ചഭക്ഷണത്തിനായി കയറിയ നഗരത്തിന് പുറത്തുള്ള ഒരു പബ്ബിലാണ് ആദ്യമായി ഞാൻ അവിടുത്തെ പാട്ടുകാരെ കാണുന്നത്.
പാട്ടുകാർ രണ്ടു പേരുണ്ടായിരുന്നു, എഴുപതിനടുത്ത് പ്രായമുള്ള രണ്ടുപേർ .!
ഫ്യൂവൽ സ്റ്റേഷനുകൾ ഒഴികെയുള്ള വഴിയോര വിശ്രമ സങ്കേതങ്ങളല്ലാം പൊതുവെ പബ്ബ് എന്നു തന്നെയാണ് അറിയപ്പെടുന്നത് ..
നല്ല ഭക്ഷണവും വിവിധയിനം മദ്യവും ധാരാളം ബിയറും ലഭിക്കുന്ന ചെറു ഹോട്ടലുകളാണവ ..
തണുത്ത കാറ്റിലെ ചാറ്റൽ മഴയുടെ നനവിൽനിന്നും ഊഷ്‌മീകരിച്ച ഭക്ഷണശാലയിലേക്ക് കയറുമ്പോൾതന്നെ എന്തോ സ്വാസ്ഥ്യം അനുഭവപ്പെടും ..
മഴയും കാറ്റും ഇഷ്ടമില്ലാഞ്ഞിട്ടല്ല; തണുപ്പിൽ പുതയ്ക്കുന്നതു പോലെയൊരു സുഖം.
മിക്കവാറും എല്ലാ നിർമ്മിതികൾക്കും ഉൾവശത്ത് ധാരാളം മരപ്പണികളും നിരന്തരം കത്തുന്ന മെഴുകുതിരികളുമുണ്ട് ..
ഞങ്ങളുടെ ഫ്ളവേഴ്‌സ് എഫ്.എം റേഡിയോ സംഘത്തിൽ ഇരുപത്തഞ്ചോളം പേരാണുള്ളത് ..
ഐശ്വര്യ, മേഖ, രശ്മി എന്നീ റേഡിയോ ജോക്കികൾ പ്രസരിപ്പിന്റെ അത്യുഗ്രൻ സ്പെസിമനുകളാണ്; ട്രോളുകളും മറുട്രോളുകളുമെല്ലാം അനർഗ്ഗ നിർഗ്ഗളമായി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന ചലിക്കുന്ന റേഡിയോ സ്റ്റേഷനാണോ ബസ്സ് എന്നുപോലും തോന്നിപ്പോകും.
പക്ഷെ റേഡിയോ നിലയത്തിലെ മൈക്കിന് മുന്നിൽ കാണിക്കുന്ന കാഷ്വൽ ഡിപ്ലോമസിയുടെ കരുതൽ ഇവിടെയില്ല; എന്തും പറയും! ഒരു യാത്രയെ വിനോദയാത്രയാക്കി മാറ്റുന്നതിൽ ഈ മിടുക്കി പെൺകുട്ടികൾ കാണിച്ചു കൊണ്ടിരിക്കുന്ന ഇന്ദ്രജാലം ചെറുതൊന്നുമല്ല !
ദുബായിലെ ലക്ഷക്കണക്കിനായ മലയാളികളുടെ ദിവസങ്ങളിലേക്ക് വാർത്തകളും വിനോദങ്ങളും പകരുന്ന നിരന്തര ശബ്ദ സാന്നിധ്യമായ താരങ്ങളാണ് ഈ കുട്ടികൾ.
പബ്ബിലേക്ക് കയറുമ്പോഴേ ഉയർന്ന രണ്ട് കസേരകളിലിരുന്ന് അയർലാന്റിലെ തനത് സംഗീതോപകരണങ്ങൾ വായിക്കുന്ന വൃദ്ധരെ കാണാം ..
ചിറപൊട്ടി വെള്ളമൊഴുകുന്നതുപോലെയാണ് തണുത്ത കാറ്റിനൊപ്പം വിശപ്പിന്റെ ഇത്തിരി കൊതിയോടെ ചറപിറാ വർത്തമാനം പറഞ്ഞ് ഞങ്ങൾ കുഞ്ഞു പബ്ബിനുള്ളിലേക്ക് ഒഴുകിയത് ...
മരപ്പലകകളുടെ മേൽക്കൂരയിൽ ആലിപ്പഴം വീഴുന്ന ശബ്ദം പോലെയാണ് നമ്മൾ മലയാളം സംസാരിക്കുന്നത് എന്ന് മുൻപൊരിക്കൽ ഒരു ലബനീസ് സഹപ്രവർത്തകൻ നമ്മുടെ ഭാഷയെ കോമ്പ്ലിയിട്ടുണ്ട് ! (അതോ ട്രോളിയതോ ?) .
എന്തായാലും അപ്രതീക്ഷിതമായി ഹോട്ടലിലേക്ക് ഇരച്ചുകയറിയ വർത്തമാനകൂട്ടങ്ങൾ അപ്പൂപ്പന്മാരുടെ സംഗീതത്തിനെ ഒരു നിമിഷം പകപ്പിച്ചു നിറുത്തി എന്നു പറയാതെ വയ്യ .
പക്ഷെ ആ നിമിഷത്തിനുമപ്പുറം ഞങ്ങളുടെ കലപിലപ്പുകൾക്കും മേലേക്ക് അവർ ഉയർന്നു പാടി.
എന്തു തീഷ്ണമായ ശബ്ദം !
എത്ര മധുരം !!
"In Dublin's fair city
Where the girls are so pretty
I first set my eyes on sweet Molly Malone..
As she wheeled her wheelbarrow
Through the streets broad and narrow
Crying "cockles and mussels, alive, alive, oh"
ഡബ്ലിൻ നഗരത്തിൽ തന്റെ വീൽബാരോയിൽ കക്കകളും ഓയിസ്റ്ററുകളും വിറ്റു നടന്നിരുന്ന മോളി മെലോൺ എന്ന സുന്ദരിയായ പെൺകുട്ടിയെ കുറിച്ചാണ് കാല്പനികമായ ആ പാട്ട്...
പെട്ടന്ന് തന്നെ ഞങ്ങളുടെ വർത്തമാനകൂട്ടം നിശബ്ദരായി ലഭ്യമായ ഇടങ്ങളിൽ ഇരുന്നു ..
അവർ ഉറക്കെ പാട്ടു തുടർന്നു ..
Alive, alive, oh
Alive, alive, oh
Crying "cockles and mussels, alive, alive, oh"..
ജീവനുള്ള കക്കകളും ഓയിസ്റ്ററുകളും ..
പാട്ടു പാടുന്നത് പബ്ബിലെ വൃദ്ധരാണെങ്കിലും നമ്മൾ ഇപ്പോൾ കേൾക്കുന്നത് ഉറക്കെ മീൻവില്പന പാട്ട് പാടുന്ന മോളി മെലോൺ എന്ന സുന്ദരിയെ തന്നെയാണ് !
പതിയെ പാട്ടിന്റെ കരുത്തൊന്നു കുറഞ്ഞുവോ ???
അവളുടെ അച്ഛനും അമ്മയും മുൻപ് ബാരോ വലിച്ചുകൊണ്ട് പോയിരുന്ന അതേ തെരുവുകളിലൂടെയാണ് അവൾ ഇപ്പോഴും പാടി നടക്കുന്നത് ..
Alive, alive, oh
Alive, alive, oh
Crying "cockles and mussels, alive, alive, oh"..
വീണ്ടും പാട്ടുകാരുടെ ശബ്ദമൽപ്പം കുറഞ്ഞു.. ഒരൽപ്പം ശോകം ചിതറിച്ച ശബ്ദത്തിലാണ് അവരാപാട്ട് പതിയെ പാടി അവസാനിപ്പിച്ചത് ....
She died of a fever,And no one could save her,And that was the end of sweet Molly Malone.But her ghost wheels her barrow,Through streets broad and narrow,Crying, "Cockles and mussels, alive, alive, oh!"..
ഈ പാട്ട് ഐർലാൻന്റിലെ അനൗപചാരികമായ ദേശീയ ഗാനമാണെന്ന് ഞങ്ങളുടെ ടൂർ ഗൈഡ് വാൾട്ടർ പിന്നീട് പറഞ്ഞു തന്നു ..
അദ്ദേഹം മോളീ മേലോണിന്റെ പാട്ടുപാടി അയച്ചു തന്നത് ഞാനീപോസ്റ്റിൽ ചേർത്തിട്ടുണ്ട് .
അടുത്തത് തദ്ദേശീയമായ ഉപകരണസംഗീതം.
വാക്കുകളില്ലാത്ത ഐറിഷ് സംഗീതത്തിന്റെ ചടുലതകളിലേക്ക് വാൾട്ടറും ആർ.ജെ രശ്മിയും ചുവടുവച്ചു !!
സംഗീതത്തിനും സന്തോഷങ്ങൾക്കും എന്ത് രാജ്യാതിർത്തികൾ ..
സംഗീതതാളം പതിയെ പല കാലുകളിലേക്ക് പകർന്നു ..
പേൾജു ചേട്ടനും സീമസിച്ചേച്ചിയും സന്തോഷത്തോടെ കൈകൾ കൊട്ടുന്നു...
നമിത അപ്പോഴേക്കും ഐർലാൻന്റ് വിശേഷങ്ങൾ ഫെയ്‌സ് ബുക്ക് ലൈവ് പോകാൻ ഒരുക്കങ്ങൾ നടത്തുകയാണ് ..
നമിത ഫ്ളവേഴ്‌സ് എഫ് എം 94.7 ക്രീയേറ്റിവ് ഹെഡ് ആണ് .
ശ്രമകരമായ ഉത്തരവാദിത്വങ്ങൾക്കിടയിലും അവർ എപ്പോഴും ശാന്തയാണ് ..
ചങ്ങാതിമാരുടെ കുഞ്ഞു തമാശകൾക്ക്പോലും പൊട്ടിപൊട്ടി ചിരിക്കും.
നിർദ്ദേശങ്ങൾ കൃത്യമായി കൊടുക്കും
നന്മയുടെ കാന്തികതയുള്ള വ്യക്തിത്വം !
ആർജെ അനൂപും സോണിയയും കഴിഞ്ഞാൽ ഫ്ളവേഴ്‌സ് ടീമിൽ എനിക്കറിയാവുന്നത് നമിതയെ മാത്രമാണ് ..
യാത്രയിൽ ഉടനീളം എന്റെ ആത്മമിത്രമായിരുന്നു നമിത !
ഈ പോസ്റ്റിന് കീഴ്‌വരുന്ന ഓരോ കമന്റും എനിക്ക് പ്രിയകരമായിരിക്കും ..
നിങ്ങളെന്നെ വായനക്കാരാണ് ഞാനെന്ന എഴുത്തുകാരനെ സൃഷ്ടിച്ചത് ..









Link to Facebook post
Posted: March 8 2019

അഭിപ്രായങ്ങള്‍