കടൽപക്ഷികളുടെ നഗരം .. !
(Ireland Travelogue Part 2)
ഡബ്ലിൻ എയർപോർട്ടിന് സമീപം പൂർണ്ണ സൗകര്യങ്ങളുള്ള ക്ലെയ്ടൺ ഹോട്ടലിലാണ് ഞങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത് ..
ഹോട്ടലിൽ എത്തുമ്പോൾ നേരം പുലരുന്നതേയുള്ളൂ ..
സംസാരിക്കുമ്പോൾ പുകവലിക്കുന്നതുപോലെ ആവി പറക്കുന്നു !
കുഞ്ഞുനാൾ മുതലേ സാധ്യമായ ഇടങ്ങളിലെല്ലാം തണുത്ത അന്തരീക്ഷത്തിൽ ഇങ്ങനെ 'മഞ്ഞുപുക' ഊതിക്കളിക്കാൻ എനിക്ക് ഇഷ്ടമാണ് .. !
മൊബൈലിന്റെ സെൽഫി ക്യാമറയിൽ 'തണുപ്പ് പുകവലി' പതിപ്പിക്കാൻനോക്കി പരാജയപ്പെട്ടു ..
കൂട്ടത്തിലെ സുന്ദരികളിൽ പലരും ലോബിയിലും ഹോട്ടൽ പരിസസരങ്ങളിലും ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന തിരക്കിലാണ് ..
'നമുക്ക് സമയം അധികം കളയാനില്ല, ടൂർഗൈഡ് വാൾട്ടറും ബസ്സും ഇപ്പോൾ വരും, എല്ലാവരും പെട്ടന്ന് ഫ്രഷായി വന്ന് ബ്രെക്ക് ഫാസ്റ്റ് കഴിച്ചാൽ നന്നായിരുന്നു' രമേഷ് സൗമ്യമായി ഓർമ്മിപ്പിച്ചു ..
ട്രാവൽ കോഡിനേറ്റർ രമേഷ് എല്ലാ മുന്നൊരുക്കങ്ങളും കൃത്യമായി ചെയ്തതിന് ശേഷമാണ് ഞങ്ങളുടെ സംഘത്തോടൊപ്പം അയർലാന്റിലേക്ക് തിരിച്ചത് .
മിസ്റ്റർ കിരൺ, നിങ്ങളുടേത് ആറാം നിലയിൽ റൂം നമ്പർ 657 ആണ് . റിസപ്‌ഷനിലെ യുവതിയോട് നന്ദിപറഞ്ഞ് ഡോർ കാർഡ് വാങ്ങി നടക്കുമ്പോൾ ട്വിൻ ഷെയറിങ് റൂമല്ലല്ലോ എന്ന സ്വാസ്ഥ്യത്തിന്റെ ചെറുനിശ്വാസം ..
പരിമിതമായ സാഹചര്യങ്ങളിൽ ഡോർമെട്രികളിലും, ടെന്റുകളിലും നക്ഷത്രാലംകൃതമായ ആകാശത്തിന് താഴെ വെറും സ്ലീപ്പിങ്ങ് ബാഗിനുള്ളിലുമെല്ലാം ഞാൻ ഒരുപാട് 'ഉറങ്ങി'യിട്ടുണ്ട് ..
പക്ഷെ ഒട്ടുമേ പരിചയമില്ലാത്ത ഒരാളോടൊപ്പം മുറി പങ്കിടാൻ ഇന്നും മടിയാണ് ..
ആറാം നിലയിലെ വിശാലമായ മുറിയുടെ ഒരു ചുമരു മുഴുവനും ചില്ലുപാളിയാണ്.. ചക്രവാളത്തിലെ പരന്നു കിടക്കുന്ന തണുത്ത വെളിച്ചത്തിൽ നഗരത്തിന്റെ മനോഹരമായ പനോരമിക്ക് ദൃശ്യം !
അകലെ റോഡിലൂടെ ട്രാമുകളും ഇരു നില ബസ്സുകളും പോകുന്നു ..
ജോഗിങ്ങ് നടത്തുന്നവരിൽ പലരും ഫ്ളൂറസന്റ് നിറങ്ങളിലുള്ള അലാം വെസ്റ്റുകൾ ധരിച്ചിട്ടുണ്ട് .
ബ്ലൂ അവറിൽ വസ്ത്രങ്ങളുടെ ഫ്ലൂറസെന്റസ് നൽകുന്ന കൊണ്ട്രാസ്റ്റ് വശ്യമാണ് ..
ഗൗരവമായി ഫോട്ടോഗ്രാഫി ചെയ്തിട്ട് എത്രയോ നാളുകളായി ..
ഈയിടെ എല്ലാം മൊബൈൽ ചിത്രങ്ങളാണ്; ക്യാമറയിൽ പകർത്താൻ സാധിക്കാത്തവ എഴുതിയതാണ് തീർക്കുന്നത് ...
എന്തോ കാഴ്‌ചകളെക്കാൾ ഉൾകാഴ്‌ചകൾ കൂടുന്നുണ്ടോ? വയസ്സാകുന്നതായിരിക്കുമോ ??
ഹേയ് അതാവാനിടയില്ല ..
ഹൈക്കിങ്ങ് ശീലം കൊണ്ട് മൈനസ് 6 ഡിഗ്രി തണുപ്പിൽ ആകാശമേൽക്കൂരക്ക് കീഴെ ഒരാഴ്ച്ച കഴിയാനുള്ള സാധന സാമഗ്രികൾ എല്ലാം എന്റെ ബാഗിലുണ്ട് (4 സീസൺ ടെന്റ് ഒഴികെ) പലതും അനാവശ്യമാണ് .
റൂമിലെ പതുത്ത കാർപ്പറ്റിനപ്പുറം കുളിമുറിയിലെ ടൈലുകൾക്ക് സൂചികുത്തുന്ന പോലെ തണുപ്പ് ..
ടബ്ബിൽ ചൂടുവെള്ളം നിറച്ച് ഷവർ ജെൽ ഒഴിച്ചപ്പോൾ ഉന്മേഷകരനായ സ്നിഗ്ദ സുഗന്ധം !
തണുപ്പിനോട് ഏറ്റവും ചേർന്ന് പോകുന്നത് മുല്ലപൂക്കളുടേയും ട്യൂബ്റോസിന്റെയും ലാങ്കി ലാങ്കി പൂക്കളുടെയും സുഗന്ധമാണ്.
ഇത് അതിലേതോ ആണ്, അതല്ലെങ്കിൽ അവയോട് സാമ്യമുള്ള വേറെ ഏതോ ഒരു പൂവിന്റെ !
ചൂടുവെള്ളത്തിൽ കുറച്ച് സമയം കിടന്നപ്പോഴേ എട്ടരമണിക്കൂർ വിമാനയാത്രയുടെ ക്ഷീണമെല്ലാം പോയി ..
ഇന്ന് ഡബ്ലിൻ സിറ്റി ടൂർ ആണ് ..
കാര്യമായി ഒന്നും കയ്യിൽ കരുതാനില്ല .
താഴെയിറങ്ങി, നല്ല ഇംഗ്ളീഷ് ബ്രെക്ക്ഫാസ്റ്റ്; പെട്ടന്ന് കഴിച്ച് ബസ്സിനരികിലേക്ക് നീങ്ങി..
ഫ്ളവേഴ്‌സ് റേഡിയോ ക്രീയേറ്റിവ് ഹെഡ് നമിത ആർജെകളെ വിളിച്ചൊരുക്കി അടുത്തൊരു ലൈവ് പോകാനുള്ള ഒരുക്കമാണ് ..
ഇത്രയേറെ ഉത്തരവാദിത്വങ്ങൾ ഓർത്തുവച്ച് ഈ പെൺകുട്ടിക്ക് എങ്ങിനെ ഒരു യാത്ര ആസ്വദിക്കാൻ പറ്റുന്നു എന്നോർത്തു ..
ചക്രവാളത്തോളം പരന്നുകിടക്കുന്ന ഗ്രാമഭംഗികൾ നഗരപരിസരം മുതലേ തുടങ്ങുന്നു ..
മഴനനവ് തുള്ളിയിട്ടിറങ്ങുന്ന ബസ്സിലെ ചില്ലുജാലകത്തിലൂടെ കാഴ്ചകൾക്കുമപ്പുറത്തെ എന്തോ ഒന്നിലേക്ക് കണ്ണുപായിച്ച് നമിത കാണുന്ന ഉൾകാഴ്ച്ചകളും ചേർന്നതാണ് യാത്ര....
ഒരൊറ്റ വഴി, ഒരൊറ്റ ഐറ്റനറി പക്ഷെ ഞങ്ങളിൽ പലരും നടത്തുന്ന യാത്രകൾ ഒന്നല്ല; കാണുന്ന കാഴ്ച്ചകൾ പലതാണ്; ഞങ്ങളുടെ ചിരികൾ, ഞങ്ങളുടെ ആശങ്കകൾ, യാത്ര ഞങ്ങളുടെ മനസ്സിൽ ഒപ്പിട്ട് പതിപ്പിച്ച നേരറിവുകൾ.. എല്ലാം വ്യത്യസ്തം ..
അതേ നമ്മൾ മനുഷ്യർ അങ്ങിനെയാണ്; ഓരോരുത്തർക്കും അവരവരാകാനേ പറ്റൂ ..
ആത്മ പരിണാമം എന്നത് സുദീർഘ വർഷങ്ങളുടെ രസമാറ്റമാണ് .
ചില കാറ്റലിസ്റ്റുകളുണ്ട്; അവർ നമ്മൾ എന്തായിരുന്നോ അതിനെയൊക്കെ ക്ഷണികനേരം കൊണ്ട് മാറ്റിമറക്കും .
അവർ പോലുമറിയാതെ ..
ബസ്സിൽ എല്ലാവരും കയറി എന്നുറപ്പിച്ചതിന് ശേഷം ടൂർ ഗൈഡ് വാൾട്ടർ ബസ്സിലെ മൈക്ക് കയ്യിലെടുത്തു
"ഗുഡ് മോർണിംഗ് അയർലാന്റ്!! ഐ ആം വാൾട്ടർ റയാൻ; റിപ്പോർട്ടിങ്ങ് ഫോർ ഫ്ളവേഴ്‌സ് എഫ് എം 94.7 ഡബ്ലിൻ !
എളുപ്പം മനസ്സിലാകുന്ന ബ്രിട്ടീഷ് ആക്സന്റിൽ അതിയായ ഉന്മേഷത്തോടെ ടിപ്പിക്കൽ റേഡിയോ ജോക്കി സ്റ്റൈലിൽ വാൾട്ടർ നീട്ടി പറഞ്ഞു .
പൊട്ടിച്ചിരികൾ ..
ബസ്സിൽ പാലിക്കേണ്ട അത്യാവശ്യം സുരക്ഷാ മുൻകരുതലുകളും യാത്രയിൽ ഉടനീളം പാലിക്കേണ്ട മര്യാദകളും ഓർമ്മിപ്പിച്ചുകൊണ്ടാണ് വാൾട്ടർ തന്റെ അതിഗംഭീരമായ ഗൈഡിങ്ങ് തുടങ്ങിയത് ..
ആദ്യം പോകുന്നത് നഗര പ്രാന്തത്തിലുള്ള കിൽഡയർ വില്ലേജ് എന്ന ലക്ഷ്വറി ഷോപ്പിങ്ങ് വില്ലേജിലേക്കാണ് ..
ലോകത്തെ ആഢംഭര വസ്ത്ര ബ്രാന്റുകളെല്ലാം ഒരു ഗ്രാമം പോലെ ഒരുക്കിയിരിക്കുന്ന ഇടം !
അയർലാന്റിലെ ഷോപ്പിങ്ങ് ടൂറിസത്തിന്റെ പറുദീസയാണ് ഈ വില്ലേജ് ..
ദുബായ് പോലൊരു ഷോപ്പിങ്ങ് ഭൂമികയിൽ നിന്ന് വരുന്നതിനാൽ ഞങ്ങളെ കിൽഡയർ ഗ്രാമത്തിലെ പരസ്യ സൂചികകൾ വല്ലാതെ അതിശയിപ്പിച്ചില്ല .
പക്ഷെ അവിടുത്തെ ഉച്ചഭക്ഷണവും നിർമിതികളുടെ ലളിത ഭംഗിയും അതിമനോഹരമായിരുന്നു എന്നു പറയാതെ വയ്യ. .
വാൾട്ടർ, ട്രിപ്പിൽ ഞങ്ങളോടൊപ്പം കൂടിയ അദ്ദേഹത്തിന്റെ ടീനേജുകാരനായ മകന് 'നോർത്ത്ഫെയ്‌സിന്റെ' ഒരു വിന്റ് ജാക്കറ്റ് വാങ്ങി കൊടുത്തു; പയ്യൻസ് ഉടനെ അത് മേൽക്കുപ്പായമായി ധരിച്ചു ..
കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ !
യാത്ര തുടരുകയാണ് ..
വായനാ അറിവുകളിലെ ഞാൻ കാത്തിരുന്ന അയർലാന്റ് ഇനിയും കണ്ട് തുടങ്ങിയിട്ടില്ല ...
ഇപ്പോൾ നഗര മധ്യത്തിലൂടെ ഒഴുകുന്ന ലിഫി നദിക്ക് സമാന്തരമായാണ് ബസ്സ് പതിയെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്; അറ്റ്ലാന്റിക്ക് കടൽ അതിരിടുന്ന ദ്വീപ് രാഷ്ട്രമായതിനാൽ എമ്പാടും കടൽ പക്ഷികൾ പറന്നു നടക്കുന്നു .. !
ശിൽപ്പ ചാരുതയുള്ള നഗരം ..
ബസ്സിൽ പാട്ടുകളും തമാശകളും ...
പാതി ഭൂമി താണ്ടി ദൂരെ, അങ്ങകലെ അയർലാന്റിലെത്തിയില്ലെങ്കിലും ഫ്ളവേഴ്സിലെ ആർ ജെ പെൺകുട്ടികൾക്ക് ഒരു ബസ്സ് നിറച്ചും ആളുകൾ ഉണ്ടെങ്കിൽ ദുബായിലെ എമിറേറ്റ്സ് റോഡിൽ പോലും ഇതുപോലെ സന്തോഷം നിറക്കാൻ കഴിയും എന്ന് എനിക്കുറപ്പുണ്ട് ...
ആനയും ഉറുമ്പും പോലെ എന്തോ ചീള് തമാശകളൊക്കെ പറഞ്ഞ് ബസ്സിലെ കൂട്ടുകാരികൾ പൊട്ടി പൊട്ടി ചിരിക്കുന്നുണ്ട് !!
ചിരിച്ച് ചിരിച്ച് വയറിൽ കയ്യമർത്തി വച്ച് "എന്റമ്മേ ഞാനിപ്പോ ചത്തുപോവുമേ' എന്നൊക്കെയാണ് അവർ പറയുന്നത് !!
സലീം കുമാർ മീം പോലെ രണ്ട് കയ്കളും വശങ്ങളിലേക്ക് ഉയർത്തി എന്തിന്?? എന്നൊക്കെ ചോദിക്കാൻ എനിക്ക് തോന്നുന്നുണ്ട് ..
പിന്നെ പിന്നെ അതിൽ പിടിച്ചാവും ചിരി..
ലളിതമായ എന്തിൽനിന്നും സന്തോഷം കണ്ടെത്താനാകുന്നവരോട് എനിക്കെന്നും ഇഷ്ടമേയുള്ളൂ ..
മൈക്കിലൂടെ പെട്ടന്ന് വോൾട്ടറിന്റെ ശബ്ദം ..
'Look at your left side'
ബസ്സിലെ ചിരി ബഹളനങ്ങൾക്കിടയിൽ "ഐറിഷ് പൊട്ടാറ്റോ ഫാമിൻ മെമ്മോറിയൽ" എന്ന ഒരൊറ്റ വാചകമേ ഞാൻ തെളിഞ്ഞു കേട്ടുള്ളൂ ....
ലിഫി നദിയിക്കരയിലെ കല്ലുകൾ പാകിയ നടപ്പുപാതയിൽ സ്ഥാപിച്ച അഞ്ചു വെങ്കല പ്രതിമകൾ .. !
അവ മനുഷ്യ രൂപങ്ങളാണ്; പട്ടിണിയിൽ വലഞ്ഞ പാലായനത്തിന്റെ അഞ്ചു മനുഷ്യ രൂപങ്ങൾ.. ഏറ്റവും പുറകിൽ വിശന്ന് എല്ലുകൾ മാത്രമുള്ള ഒരു പട്ടി കുരച്ചുകൊണ്ട് അവരെ പിന്തുടരുന്നു..
1997 ൽ അയർലാന്റ് സർക്കാർ നദിക്കരയിൽ സ്ഥാപിച്ചതാണ് ആ ശിൽപ്പം. Rowan Gillespie എന്ന ഐറിഷ് ശിൽപ്പിയാണ് അത് നിർമ്മിച്ചത് ..
ബസ്സ് യാത്ര തുടരുകയാണ് ..
ഉല്ലസിച്ച് പായുന്ന മത്സ്യകൂട്ടത്തിലൊന്നിന്റെ ചങ്കിൽ വായനയോർമ്മകളുടെ കൊരുത്ത് തറഞ്ഞ് കയറി മുറുകിയിരിക്കുന്നു ...
ഞാൻ ബസ്സിന്റെ ജനലിലൂടെ ഡബ്ലിൻ നഗരാകാശത്തിലെ പറക്കുന്ന സീഗളുകൾക്കിടയിലൂടെ ആ പ്രതിമകൾക്ക് നടുവിലേക്ക് തെറിച്ച് വീണു ..
എന്റെ ചങ്കിൽ തറഞ്ഞ ഓർമ്മക്കൊളുത്ത് കൊരുതിട്ട വള്ളി ഒരമ്മ പ്രതിമയുടെ കാൽകീഴിലാണ് കെട്ടിയിരുന്നത് ..
കുനിഞ്ഞു നടക്കുന്ന അവളുടെ മുതുകിൽ ഒരു കുട്ടിയുടെ ശരീരം തുണിപോലെ മുന്നോട്ട് വളഞ്ഞ് കിടപ്പുണ്ടായിരുന്നു ..
മുന്നിൽ നടക്കുന്ന ആളുടെ കയ്യിൽ തുണികഷ്ണം പോലെ ഒരു പിഞ്ചു കുഞ്ഞിന്റെ ശരീരം ചേർത്തു പിടിച്ചിട്ടുണ്ട് ...
ബസ്സ് എനിക്കുമുന്നിൽ ഡബ്ലിൻ നഗരഭംഗികളിലൂടെ പതിയെ മുന്നോട്ട് പോകുന്നതെനിക്ക് കാണാം;
ഡ്രൈവർക്കു പുറകിൽ അഞ്ചാമത്തെ സീറ്റിൽ നഗരത്തിന്റെ കാഴ്‌ചകൾക്കപ്പുറം പഴയ കാലതത്തിന്റെ വിദൂരതകളിലേക്ക് നോക്കി വേറൊരു ഞാനിരിക്കുന്നു ..
കടൽപക്ഷികളുടെ ശബ്ദം; എന്നിക്കുള്ളിലെ എനിക്ക് എങ്ങിനെയാണിനി ബസ്സിനുള്ളിലെ ഊഷ്മള സൗഹൃദങ്ങളിലേക്ക് മടങ്ങിവരാനാവുക ??
ക്യാമറാ ലെൻസില് അപാർച്ചർ ഉയർത്തിവക്കുമ്പോൾ മഴത്തുള്ളികൾ ദൃശ്യങ്ങളെ മങ്ങിക്കുന്നതുപോലെ ഒരുതുള്ളി എന്റെ കാഴ്ചകളെ മറയ്ക്കുന്നു; അത് ഫെബ്രുവരി മാസത്തിലെ ഐറിഷ് നൂൽമഴയാണോ പേരറിയാത്ത ഏതോ ഉൾനനവാണോ എന്ന് എനിക്ക് തിരിച്ചറിയാനാകുന്നില്ല ...
ഇപ്പോൾ ലിഫി ഒഴുകുന്നത് പ്രതിമകളുടെ തീരത്തുനിന്നും സ്ഥലകാലങ്ങളിലൂടെ പുറകിലേക്ക് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്തിലെ ഐറിഷ് ഉരുളക്കിഴങ്ങു പാടങ്ങളിലേക്കാണ് ...
ചങ്കിലെ സങ്കടക്കുരുക്ക് എന്നെ നദിയിലൂടെ ഒരു ഉണങ്ങിയ തടിക്കഷ്ണം പോലെ എന്നെ വലിച്ചുകൊണ്ട് പോകുന്നത് ഞാനറിയുന്നുണ്ട് ...
വെള്ളത്തിൽ ഒഴുകുന്ന എന്റെ കാലിന്റെ പെരുവിരലിൽ ഒരു കടൽ കാക്ക വിശ്രമിക്കുന്നു ..
ബസ്സിൽ ഇരുന്ന് ചലിക്കുന്ന നഗരദൃശ്യങ്ങൾക്കിടയിലൂടെ ഞാൻ എന്നെ തന്നെ കാണുന്നു ....
വിനോദയാത്രാവിവരണങ്ങളിൽ ശോകം ചാലിച്ചതിന് എന്നോട് ക്ഷമനല്കുക ..
പതിനെട്ടാം നൂറ്റാണ്ടിൽ അയർലാന്റിലെ ഉരുളക്കിഴങ്ങുപാടങ്ങളിലെ ദുരന്തങ്ങളുടെ കഥ (Great Famine) വേറൊരു ചാപ്റ്ററിൽ പറയാം ..
(ഫാമിൻ മെമ്മോറിയൽ ചിത്രങ്ങൾ വിക്കി കോമോണിൽ നിന്ന് കടമെടുതാണ്; I don't have better clicks )
നമ്മളെല്ലാവരുടെയും യാത്രകൾ ഒന്നാണെങ്കിലും കാണുന്ന കാഴ്ച്ചകൾ പലതാണ് പ്രിയരേ...
ഈ പോസ്റ്റിന് കീഴ്‌വരുന്ന ഓരോ കമന്റും എനിക്ക് പ്രിയകരമായിരിക്കും ..
നിങ്ങളെന്ന വായനക്കാരാണ് ഞാനെന്ന എഴുത്തുകാരനെ സൃഷ്ടിച്ചത് ..
സ്നേഹപൂർവ്വം
കിരൺ കണ്ണൻ
Link to Facebook Post:
Posted : Dublin, Ireland. March 9 2019






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ