മഴവില്ല് വരയ്ക്കാം .. !
(Ireland Travelogue Part 3 )
ഞാനീ അയർലാന്റ് യാത്ര എഴുതുന്നത് ദിനംപ്രതിയായി അടുക്കിപെറുക്കിയൊന്നുമല്ല, പെട്ടന്ന് ഓർമ്മയിൽ തെളിയുന്നവ ഓരോന്നായി എഴുതിയിടുകയാണ് ..
കുഞ്ഞായിരിക്കുമ്പോൾ കിഴക്കേ പാടവരമ്പിലൂടെ അനുജത്തിയുടെ കൈപിടിച്ച് വലിച്ച് മഴവില്ലിനരികിലേക്ക് ഓടി കിതച്ചത് എനിക്കോർമ്മയുണ്ട്; ചാറ്റൽ മഴയൊക്കെ കഴിഞ്ഞ് ആർദ്രമായ അന്തരീക്ഷത്തിലേക്ക് സൂര്യൻ വെയിൽ വീശുമ്പോഴാണ് നല്ല ഭംഗിയുള്ള മഴവില്ലുകളുണ്ടാവുക .. !
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ സെവൻ സിസ്റ്റേഴ്‌സ് എന്നൊരു വെള്ളച്ചാട്ടസമൂഹമുണ്ട് ചിറാപുഞ്ചിയിലെ പെരുമഴമുഴുവനും അങ്ങ് കീഴെ ബംഗ്ലാദേശിലേക്ക് ഒഴുകിയിറക്കുന്ന മനോഹരമായ ജലപാതത്തിന് മുൻപിൽ നിരന്തരമായി ഒരു കുഞ്ഞു മഴവില്ല് കാണാം .. !
ഫെബ്രുവരി അയർലാന്റിൽ മഴവില്ലുകളുടെ കാലമാണ് ..
നൂൽമഴകൾക്കിടയിലുള്ള മൃദുവെയിലിൽ പുൽമേടുകളിൽ ഒരറ്റം മുതൽ മറ്റെയറ്റം വരെ ഭംഗിയിൽ മഴവില്ലുകൾ വിരിയും !!
ഭംഗിയിൽ എന്ന് ഒരൊറ്റ വക്കിൽ പറഞ്ഞൊതുക്കുന്നതെങ്ങിനെ .. !
സഖീ, നീ ചിത്രം വരക്കാനിരിക്കുന്ന ഒരു കുട്ടിയാണെന്ന് കരുതുക; അയർലാന്റിലെ മഴവില്ലുകൾ വരക്കേണ്ടത് എങ്ങിനെയെന്ന് ഞാൻ പഠിപ്പിച്ചുതരാം.
ഭൂമിയുടെ സൗമ്യമായ നിമ്നോന്നതികൾ പച്ചച്ചായം ചേർത്ത് വരക്കൂ ...
നമ്മുടെ മണൽമരുഭൂമികളിൽ നോക്കെത്താ ദൂരം പച്ച പുല്ലുകളുടെ പരവതാനി വിരിച്ചതുപോലെ !
അവിടിവിടെ ഒറ്റ തിരിഞ്ഞ് ഓരോരോ മരങ്ങൾ വരക്കണം ..
പിന്നെ ദൂരമിടവിട്ട് ചെറിയ കുറ്റിച്ചെടികളും...
കഴിഞ്ഞില്ല, മരം മുഴുവനും, ചെറു പൊന്തകൾ മുഴുവനും പുതപ്പ് മൂടിയപോലെ തിളക്കമുള്ള മഞ്ഞ പൂവുകൾ വരയ്ക്കൂ .. !
ശ്ശ്ശ്.. ചിത്രത്തിൽ മഴവില്ല് വരച്ചു ചേർക്കാൻ തിരക്ക് കൂട്ടാതിരിക്കൂ ...
പുൽമേടുകളിൽ സർവ്വ സ്വതന്ത്രരായി മേഞ്ഞു നടക്കുന്ന കുതിരകളെയും പശുവിൻ പറ്റങ്ങളേയും വരക്കാതെയെങ്ങിനെ .. ??
ഇനി പഞ്ഞി മേഘത്തുണ്ടുകളിങ്ങനെ മാനത്തുനിന്ന് പുൽമൈതാനിയിൽ പൊഴിഞ്ഞു വീണതുപോലെ ആട്ടിൻ പറ്റങ്ങളെ വരക്കണം ...
പിന്നെ കൂട്ടമായി പറക്കുന്ന കടൽപക്ഷികൾ പുല്ലിൽ വിശ്രമിക്കുന്ന ദൃശ്യം വരച്ചു ചേർക്കൂ ...
അതെളുപ്പമാണ്, പച്ചപ്പിൽ ഒരു കൂട്ടം വെളുത്ത കുത്തുകൾ വരച്ചാൽ മതിയാകും; കണിശതയ്ക്കായി വേണമെങ്കിൽ മഞ്ഞ കൊക്കുകളും കാലുകളും കോറിയിടാമല്ലേ ?
കഴിഞ്ഞില്ല, എഴുന്ന് ചുറ്റുന്ന വലിയ കാറ്റാടി പങ്കകൾ വരക്കണം .. ..
പുൽപരപ്പിൽ ഇരുവശവും ചെടികൾ വച്ച്പിടിപ്പിച്ചിട്ടുള്ള ഒരു നീണ്ടവഴിയുടെ അറ്റത്ത് കാല്പനിക ഭംഗിയുള്ള ചില വീടുകൾ കാണാനില്ലേ ... ??
ബാർലി കൊയ്ത പാടത്ത് ചിതറിക്കിടക്കുന്ന ജ്യാമിതീയഭംഗിയുള്ള വൈക്കോൽ സിലിണ്ടറുകൾ വരക്കൂ ..
മാനത്ത് ഏലിയൻ സ്‌പെയ്‌സ്ഷിപ്പുകളുടെ ദുരൂഹമായ സൗന്ദര്യത്തോടെ നിശ്ചലമായി നിൽക്കുന്ന 'ലിന്റികുലർ' മേഘങ്ങളെ വരക്കണം ..
കടലാഴങ്ങളുടെ സ്ഫടിക നീലിമ പ്രതിഫലിക്കുന്ന ആകാശം വരക്കണം
ഇനി നമുക്ക് മഴവില്ല് വരയ്ക്കാം ..
വോൾട്ടർ ഗൈഡിങ്ങ് മൈക്കും എടുത്ത് ഒരു കൊച്ചു കുഞ്ഞിനെപോലെ ആർത്തു കൂവുകയാണ്..
വയലറ്റ്, ഇന്റിഗോ, ബ്ലൂ, ഗ്രീൻ, ഓറഞ്ച്....
ബസ്സിങ്ങനെ പോകുമ്പോൾ ഇടക്കിടെ എന്തോരം മഴവില്ലുകൾ !!
ഞങ്ങളെല്ലാം അയർലാന്റിന്റെ ഗ്രാമ ഭംഗിയിൽ അങ്ങിനെ പൂത്തുലഞ്ഞിരിക്കുകയാണ്!!
വോൾട്ടർ ഇതാ മൈക്കെടുത്ത് മഴവില്ലിനെ കുറിച്ച് ഒരു ഐറിഷ് ആശംസാ ഗാനം പാടുന്നു .. !
For every storm a Rainbow,
For every tear a smile,
For every care a promise, and a blessing in each trial. For every problem life sends, a faithful FRIEND to share... !
For every storm 🌈Rainbow..
എത്ര ഉജ്ജ്വലമായ കാഴ്ച്ചകൾ ..
പക്ഷെ ഈ ഗ്രാമ്യഭംഗികൾക്കും അപ്പുറത്ത് ദ്വീപ് ആശങ്കകളുടെ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത് ..
ഈവരുന്ന മാർച്ച് 29ന് ശേഷം ബ്രക്സിറ്റ്വ ടക്കൻ അയർലാന്റിനും തെക്ക് അയർലാന്റിനും ഇടക്ക് കണിശതയുള്ള അതിർത്തി രേഖ വരക്കുമോ എന്ന് അവർ ഓരോരുത്തരും അസ്വസ്ഥമായ ആശങ്കയോടെ ഓർക്കുന്നു ..
ഒരുപക്ഷേ അയർലാന്റിന് തെക്കുവടക്ക് വ്യതസ്ത വിസയില്ലാതെ സഞ്ചരിക്കുന്ന അവസാനത്തെ ഇന്ത്യൻ യാത്രാ സംഘം ഞങ്ങളുടേതായിരിക്കും ..
വാൾട്ടർ തുടരുകയാണ്; ടൂറിസം ഗൈഡിങ്ങിനെ കുറിച്ചുള്ള പ്രാഥമിക പാഠങ്ങളിലോന്ന് ഞങ്ങൾ രാഷ്ട്രീയത്തെയോ മതങ്ങളെയോ കുറിച്ച് അതിഥികളോട് സംസാരിക്കരുത് എന്നാണ്. പക്ഷെ അയർലാന്റ് പോലെ അധിനിവേശങ്ങളുടെയും ആവർത്തനങ്ങളായ ദുരന്തങ്ങളുടെയും അതിജീവനത്തിന്റെയും ഭൂമികയിൽ എനിക്കെങ്ങനെ രാഷ്ട്രീയം പറയാതിരിക്കാനാകും ??
നിങ്ങൾ ഇന്ത്യാക്കാർ എത്രകാലമാണ് ബ്രിട്ടന്റെ കോളനി ആയിരുന്നിരിക്കുക?? എറിവന്നാൽ ഇരുനൂറ്റിഅൻപത് വർഷം അല്ലെ ??
ഞങ്ങളെ ഓർക്കൂ ..
നീണ്ട 800 വർഷങ്ങൾ, പക്ഷെ ഇന്നും ഞങ്ങളുടെ അയർലാന്റ് പൂർണ്ണമായും സ്വതന്ത്രയല്ല .. ..
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ പൊട്ടാറ്റോ ഫാമിൻ അയർലാന്റിലെ ഇരുപത് ലക്ഷം ജനങ്ങളെ പട്ടിണി മരണത്തിന് ഇടയാക്കിയപ്പോഴും ബ്രിട്ടന്റെ മൂക്കിന് തൊട്ടുമുന്നിലുള്ള ഈ കുഞ്ഞു ദ്വീപ് സൂര്യനമസ്തമിക്കാത്ത സാമ്രാജ്യ സൗഭാഗ്യമുള്ള ബ്രിട്ടീഷ് എമ്പയറിന്റെ കീഴിലായിരുന്നു ..
അവർ ഞങ്ങളെ രക്ഷിക്കാൻ വലുതായൊന്നും ചെയ്തില്ല, വാൾട്ടർ തുടർന്നു ..
ഇപ്പോൾ തെക്കൻ അയർലാന്റിൽ നിന്ന് ബ്രിട്ടന്റെ അധീനതയിലുള്ള വടക്കൻ അയർലാന്റിലേക്ക് കടക്കുന്ന ബോർഡർ ദിശാ സൂചിക കാണിച്ചു തരാം ..
ഞങ്ങളെല്ലാം വാഹനത്തിന് പുറത്തേക്ക് കണ്ണുംമിഴിച്ച് വിഭജന വഴിയടയാളം കാത്തിരിക്കുകയാണ് !
റോഡരികിൽ ആകമാനവും മഞ്ഞ പൂവുകളുള്ള ചെടികൾ വളർന്നു നിൽക്കുന്നു; പുരാതന കാലത്ത് വസ്ത്രങ്ങളിൽ ചായം പിടിപ്പിക്കാൻ ഈ പൂവുകൾ ഉപയോഗിച്ചിരുന്നുവത്രെ !
പൂക്കളെ കുറിച്ച് പറയുന്നതിനിടയിൽ വാൾട്ടർ അതിർത്തി സൂചിക കാണിച്ചു തരാൻ വിട്ടുപോയി ..
ഒരു നിമിഷത്തെ നിശ്ശബ്ദതക്കപ്പുറം അദ്ദേഹം നെടുവീർപ്പ് പോലെ പറഞ്ഞു ..
നോക്കൂ തെക്കിനും പടിഞ്ഞാറിനും ഇടക്ക് ഈ മഞ്ഞ പൂക്കളുടെ തുടർച്ച കാണുന്നില്ലേ .. ??
അതൊരു പ്രതീക്ഷയാണ് ..
ആരൊക്കെ വിഭജിച്ചാലും ഈ പൂക്കൾ ഇവിടെയൊക്കെ കാണും ..
വീണ്ടും വലിയൊരു മഴവില്ല് ..
തൊട്ടരികിലിരുന്ന് നമിത പറഞ്ഞു; അടുത്ത ആഴ്ച്ച മുസുവിന്റെ ബോർഡ് എക്സാം തുടങ്ങുകയാണ് .. !
നമിത മഴവില്ലിന്റെ വര്ണ്ണമേളങ്ങൾക്കിടയിലൂടെ പാതിഭൂമിക്കപ്പുറമുള്ള അവളുടെ മകളെയോർത്തു ..
നമ്മളാരും തനിച്ചൊന്നുമല്ല; കയ്യിൽമാത്രമല്ല, മനസ്സിലും ആത്മ ബന്ധങ്ങളുടെ വലിയ ഭാരം ചുമന്നുകൊണ്ടാണ് നമ്മൾ യാത്ര പോകുന്നത് ..
ഓരോരുത്തർക്കും അവരവരാകാനേ കഴിയൂ ...
ഈ പോസ്റ്റിന് കീഴ്‌വരുന്ന ഓരോ കമന്റും എനിക്ക് പ്രിയകരമായിരിക്കും ..
നിങ്ങളെന്ന വായനക്കാരാണ് ഞാനെന്ന എഴുത്തുകാരനെ സൃഷ്ടിച്ചത് ..
തുടരും
സ്നേഹപൂർവ്വം
കിരൺ കണ്ണൻ
Posted: March 10,2019, Ireland












അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ