മഴനനയാനുള്ള കുടകൾ !
(Ireland Travelogue Part 4)

മഴനനയാനുള്ള കുടകൾ !
(Ireland Travelogue Part 4)
എനിക്ക് ഇന്ന് അയർലാന്റിന്റെ തെക്കുപടിഞ്ഞാറ്, അറ്റ്ലാന്റിക്ക് സമുദ്രത്തിലെ പൊട്ടിത്തെറിക്കുന്ന തിരമാലകളോട് എതിർത്ത് നിൽക്കുന്ന ക്ലിഫ് 'ഓഫ് മൊഹർ' എന്ന മാസ്മരികമായ അജ്ഞേയതീരത്തിനെ കുറിച്ചാണ് എഴുതാനുള്ളത് ..
എങ്ങിനെയാണ് വിശാലമായ ഒരു പ്രകൃതി ദൃശ്യത്തിന്റെ ചിത്രമെടുക്കുക ??
- ചക്രവാളരേഖ കൃത്യമായും തിരശ്ചീനമായിരിക്കണം.
- ആകാശവും ഭൂമിയും തമ്മിലുള്ള അനുപാതം 50:50 അല്ലെങ്കിൽ 75:25 അതുമല്ലെങ്കിൽ 25:75 എന്നിങ്ങനെയൊക്കെ ആകാം.
- ദൃശ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നിലേക്ക് കണ്ണിനെ ക്ഷണിച്ചുകൊണ്ട് പോകുന്ന രീതിയിൽ ഒരു നടപ്പാതയോ, റെയിൽ പാളമോ ഒരു പ്രകാശ രേഖപോലുമോ വഴികാട്ടിയായി ക്രമീകരിക്കുക; ഫോട്ടോഗ്രാഫിയിൽ ഇതിന് ലീഡിങ്ങ് ലൈൻ എന്നു പറയും.
- വളരെ വിശാലമായ ക്യാൻവാസാണെങ്കിൽ ചിത്രത്തിൽ ഒന്നോ രണ്ടോ മനുഷ്യ രൂപങ്ങളോ മറ്റെന്തെങ്കിലും പരിചിതമായവയോ ഉൾപ്പെടുത്തിയാൽ ദൃശ്യത്തിന്റെ ആനുപാതികവ്യാപ്തി കാണുന്നവർക്ക് ഉൾക്കൊള്ളാനാകും.
മുകളിൽ പറഞ്ഞതെല്ലാം നിശ്ചല ചിത്രണത്തിന്റെ സൗന്ദര്യ സാങ്കേതികതകളാണ്..
എനിക്കുള്ളത് വാക്കുകളാണ്; രാത്രി ഏറെ വൈകിയിരിക്കുന്ന് ഓർമ്മകളെ അക്ഷരങ്ങളായി ഗൂഗിൾ കീപ്പിൽ പെറുക്കി വയ്ക്കുകയാണ് ഞാൻ ..
എഴുത്തിന്റെ രാത്രിയോർമ്മകളിലെ കാഴ്ച്ചകൾ നിലാവുള്ള കടൽത്തീരത്തെ ബയോലൂമിനസെൻസ് പോലെയാണ് ..
ചിന്താശകലങ്ങളിങ്ങനെ മാന്ത്രികമായ നീലവെളിച്ചം മിന്നിച്ച് മറഞ്ഞ്‌ പോയിക്കൊണ്ടിരിക്കും ..
എങ്ങിനെയാണ് എന്റെ ജീവിതത്തിൽ ഇതേവരെ കണ്ട ദൃശ്യങ്ങളിൽ ഏറ്റവും മാസ്മരികമായ ഒന്നിനെ തെളിമയുള്ള ഭംഗിയിൽ നിങ്ങളോട് അവതരിപ്പിക്കുക ??
ഞാൻ ക്ലിഫിലേക്ക് നടന്നുകയറിയത് നമിതയോടൊപ്പമാണ്; 'കിരൺ, പോൺച്യോ എടുക്കേണ്ട നമുക്ക് കുടയിൽ മഴനനയാം ! !'
അറ്റ്ലാന്റിക്ക് സമുദ്രോപരിതലത്തിൽ വൻ തിരമാലകളുയർത്തി ആഞ്ഞുവീശുന്ന തണുത്ത കടൽക്കാറ്റ് എഴുനൂറടിയോളം ഉയർന്നു നിൽക്കുന്ന ക്ലിഫിന് ലംബമായി ഉയർന്ന് മുകളിലെ പുൽമേടയിലേക്ക് പരന്നു പറക്കുമ്പോൾ മഴയിവിടെ വശങ്ങളിലേക്കാണ് പെയ്യുന്നത് !!
നമിത എന്ന സ്നേഹിതയെ ചേർത്തുവച്ചല്ലാതെ ഇവിടുത്തെ ദൃശ്യങ്ങൾ എഴുതിയിടാൻ കഴിയില്ല ..
നമിതയെ കണ്ടാലിപ്പോൾ ഒരിനം കൊലുന്നനെയുള്ള അപ്പൂപ്പൻ താടിപോലെപോലെയാണ്!! മഴക്കാറ്റിൽ കൈതുമ്പിലെ കുടയിങ്ങനെ പുറകിലോട്ട് വിരിഞ്ഞ് മലർന്ന് മഴയിൽ പറക്കാൻ കൊതിക്കുന്ന ഒരപ്പൂപ്പൻ താടി !!
മഴയിൽ എന്തു ഭംഗിയാണവർക്ക് !
മഴക്കാറ്റിനൊപ്പം അവൾ അപ്പോൾ പറന്നുപോകുമോ എന്നു പോലും തോന്നിപ്പോയി .. !
നനഞ്ഞ മണ്ണിൽ അമർത്തി ചവിട്ടുന്ന ഓരോരോ ചുവടുകളും ബാല്ല്യത്തിലേക്കാണ്.. ..
ജീവിതം പലപ്പോഴും സ്നിഗ്ദസ്മൃതികളുടെ പിൻനടത്തം കൂടിയാണ് എന്ന് ഓർമ്മിപ്പിക്കുന്നത് ഇത്തരം പ്രദേശങ്ങളും ഊഷ്മള സൗഹൃദങ്ങളുമാണ് ..
അടരുപാറകളുടെ, കടലിന്റെ, കാറ്റിന്റെ, കടൽ പക്ഷികളുടെ, നനഞ്ഞ പുൽതുഞ്ചുകളുടെ, മഴ നനയാനെടുക്കുന്ന കുടകളുടെ..
ഇല്ല, ഈ കരത്തുണ്ട് തനിച്ചാസ്വദിക്കാനുള്ളതല്ല .. !
ക്ലിഫിന്റെ വശങ്ങളിൽ പതിനായിരക്കണക്കിന് കടൽപക്ഷി കോളനികൾ കാണാം !!
ഒരുകൂട്ടം ചെറുമീനുകളെ ഒരുമിച്ച് കൊത്തിപിടിച്ചിരിക്കുന്ന വലിയ ചുവന്ന കൊക്കുകളുള്ള 'അറ്റ്ലാന്റിക്ക് പഫിൻ' എന്ന 'ഗുണ്ടുമണി' പക്ഷികളുടെ ചിത്രങ്ങൾ കണ്ടിട്ടില്ലേ ??
ക്ലിഫിന്റെ ഓരം അവയടക്കം മറ്റ് ഇരുപതോളം ഇനത്തിൽപ്പെട്ട കടൽ പക്ഷികളുടെ പ്രജനന മേഖലയാണ് ..
സീസണിൽ അവിടെ ചുരുങ്ങിയത് മുപ്പതിനായിരം ജോടി പക്ഷികളെങ്കിലും ഉണ്ടാവുമെത്രെ..
ക്ലിഫ് ഓഫ് മൊഹറിന് പുറകുവശത്തതായി കടൽ കരയിലേക്ക് വളഞ്ഞഞ്ഞെത്തുന്ന മനോഹരമായ ഒരു തീരമുണ്ട്, മീറ്ററുകളോളം ഉയരത്തിൽ തിരയടിക്കുന്ന അവിടം സാഹസികരായ സർഫേഴ്സിന്റെ സ്വർഗ്ഗമാണ് .
താഴെ പാർക്കിങ്ങ് യാഡിനും ഇൻഫോർമേഷൻ സെന്ററിനും അടുത്തുള്ള കൽപടവുകൾ നിറയെ സമുദ്ര ജീവികളുടെ ഫോസിലുകൾ! ഓരോ പടവിലും മൂന്നോ നാലോ എണ്ണം വച്ച് !!
പരിണാമത്തിന്റെ പ്രാഗ് ചരിത്രത്തിൽ എപ്പോഴോ കടലിൽ നിന്ന് കുറിയ കാലുകളോടെ പതിയെ കരയിലേക്ക് കയറിവന്ന ഉരഗമത്സ്യങ്ങളുടെ കാലടയാളങ്ങളും ഫോസിൽ തെളിവുകളും അയർലാന്റിന്റെ വിവിധ തീരങ്ങളിൽ നിന്നും സമീപ രാജ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട് ..
വശ്യമായ കാന്തികതയുള്ള ക്ലിഫ്! അവിടുന്ന് പിൻതിരിയാൻ മനസ്സ് സമ്മതിക്കുന്നില്ല ...
കടലിലേക്ക് നീണ്ടുപോകുന്ന ക്ലിഫിലെ പുല്ല് മാറിയ നടവഴിലേക്ക് ഒന്നൂടെ നോക്കി; സമയം വൈകിയിരിക്കുന്നു .
ഇനി തിരിച്ചു പോകണം, താഴേക്ക് നടക്കാൻ തിരിഞ്ഞപ്പോൾ കുറച്ച് പുറകിലായി നമിത നിൽക്കുന്നു ..
അവർ തിരക്കില്ലാതെ ഓർമ്മിപ്പിച്ചു, കിരൺ, വരൂ സമയം വൈകി ..
സന്തോഷിക്കുന്ന മനുഷ്യരൂപങ്ങളെക്കാൾ മനോഹരമായ വേറെ എന്ത് പ്രകൃതി ദൃശ്യമുണ്ട് ഭൂമിയിൽ ??
തുടരും ..
സ്നേഹപൂർവ്വം
കിരൺ















Link to Facebook Post
Posted: March 14 2019

അഭിപ്രായങ്ങള്‍