മാന്ത്രിക വാതിലുകൾ ..
(Ireland Travelogue Part 5 )

മാന്ത്രിക വാതിലുകൾ ..
(Ireland Travelogue Part 5 )
നോർത്തേൺ അയർലാന്റിലേക്കുള്ള യാത്രക്കിടയിൽ ഉച്ചഭക്ഷണം കഴിച്ച Fullerton Arms എന്ന ചെറിയ ഹോട്ടലിന് ചില പ്രത്യേകതകളുണ്ട്; ചായം പൂശിയിട്ടില്ലാത്ത മരവാതിലിൽ മുഴുവനായി ഒരു വ്യാളീരൂപം കൊത്തിവച്ചിരിക്കുന്നു..
മുഖവാതിൽ കൂടാതെ ഭക്ഷണശാലയിലേക്ക് കടക്കുന്നതിന്റെ വലത് വശത്തായി വേറൊരു വാതിൽ; അത് ചെറിയ ഒരു മുറിയിലേക്കാണ് തുറക്കുന്നത് ..
ആ മുറിയിൽ വിഖ്യാതമായ ഗെയിം "ഓഫ് ത്രോൺസ്" എച്ച് ബി ഒ യുടെ ടി.വി സീരീസിലെ വിചിത്രമായ ചില സാധനസാമഗ്രികളാണ് ഒരുക്കി വച്ചിരിക്കുന്നത്! മുറിയുടെ മൂലയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന 'വാളുകൾ കൊണ്ട് നിർമ്മിച്ച' ഇരുമ്പ് സിംഹാസനം കൂടിയാകുമ്പോൾ ആകപ്പാടെ ഭീതിദമായ ഒരുതരം ദുരൂഹ സൗന്ദര്യം ആ ഹോട്ടലിനെ മൂടിയിരിക്കുന്നതായി തോന്നിപ്പോകും ..
അയർലാന്റിന്റെ വന്യ സൗന്ദര്യം വിഖ്യാതമായ ഒട്ടനവധി ഭ്രമാത്മക ചലച്ചിത്രങ്ങൾക്കും ടെലിവിഷൻ സീരീസുകൾക്കും ലൊക്കേഷനായിട്ടുണ്ട് ..
STAR WARS, HARRY POTTER, TRANSFORMERS, GAME OF THRONES, BRAVEHEART...
കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായത് ഗെയിം ഓഫ് ത്രോൺസ് സീരീസ് തന്നെയാണ് ..
ഗെയിം ഓഫ് ത്രോൺസ് രണ്ടാമത്തെ സീരീസിൽ ചിത്രീകരിച്ച ഡാർക്ക് ഹെഡ്ജസ് (Dark Hedges) എന്ന വഴിയോര വൃക്ഷ സമുച്ചയം പ്രത്യക്ഷത്തിൽ തന്നെ ദുരൂഹത നിറഞ്ഞതാണ് !
വീതി കുറഞ്ഞ റോഡിന്റെ രണ്ട് വശങ്ങളിൽ നിന്നും ചില്ലകൾ വളഞ്ഞ് പിരിഞ്ഞ് മുകളിലേക്ക് പടർന്ന് ഒരു ജീവനുള്ള തുരങ്കം പോലെ നിൽക്കുന്ന ആ വൃക്ഷങ്ങൾ വർഷം തോറും വലിയ അളവിൽ സഞ്ചാരികളെ ആകർഷിക്കുന്നതാണ് !
2016 ൽ വടക്കൻ അയർലാന്റിൽ വീശിയ വലിയ കൊടുംകാറ്റ് ആ വൃക്ഷങ്ങളിൽ ചിലതിനെ പറിച്ച് മറച്ചിട്ടു..
അയർലാന്റിന്റെ സിഗ്നേച്ചർ സീനിക് സ്പോട്ടിന്റെ ഭാഗമായിരുന്ന ആ വൃഷത്തിന്റെ ചരിത്രം അവിടെ അവസാനിക്കരുത് എന്ന് ഗെയിം ഓഫ് ത്രോൺ ടീം അംഗങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു അവർ വീണുപോയ ആ മരങ്ങൾ ഉപയോഗിച്ച് പത്ത് മര വാതിലുകളുണ്ടാക്കി; ലോകപ്രസസ്ത്രരായ കലാകാരന്മാരാണ് ആ വാതിലുകൾ ഓരോന്നിന്റെയും ഡിസൈൻ വരച്ചുണ്ടാക്കിയത് ..
വടക്കൻ ആർലന്റിലെ പല കൗണ്ടികളിലായി പത്ത് വ്യത്യസ്തമായ ഗ്രാമീണ പബ്ബ്കളിൽ അവർ ആ വാതിലുകൾ ഓരോന്നും സ്ഥാപിച്ചു ..
തീർന്നില്ല; ഗെയിം ഓഫ് ത്രോൺസ് സീരീസ് 6 ലെ ഓരോ എപ്പിസോഡും ഇവയിൽ ഓരോരോ വാതിലുകൾ തുറക്കുന്ന മിസ്റ്ററിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ..
ഇന്നിപ്പോൾ ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ച Fullerton Arms അടക്കമുള്ള പത്ത് പബ്ബ്ൾ ചേർന്ന ഒരു ടൂറിസം റോഡ് റൂട്ട് നോർത്തേൺ അയർലാൻഡ് വികസിപ്പിച്ചെടുത്തിരിക്കുന്നു .. !
ലോകമെമ്പാടുമുള്ള ഗെയിം ഓഫ് ത്രോൺസ് ആരാധകരെ Explore Northern Ireland, Game of Thrones® territory എന്നപേരിൽ ഒരു ട്രാവൽ ഐറ്റിനറി എത്രമേൽ ആകർഷിക്കുന്നു എന്നത് വല്ലാത്ത അതിശയമാണ് .. !!
നമുക്ക് കുഞ്ഞു കേരളത്തിൽ വേണമെങ്കിൽ 'ചന്ദന മഴ' സീരീസ് ട്രാവൽ ഐറ്റനറി പരുവപ്പെടുത്തി എടുക്കാമല്ലേ ??
***
ഒരു പകുതി ദിവസത്തെ യാത്രമുഴുവനും വടക്കുപടിഞ്ഞാറൻ അയർലാന്റിലെ ബാരൻ ( The Burren ) എന്ന ഭൂപ്രദേശത്തിലൂടെയായിരുന്നു ..
Burren ഇന്ന് അയർലാന്റിലെ ഒരു നാഷണൽ പാർക്കാണ് ..
പേര് ദ്യോതിപ്പിക്കുന്നത് പോലെ അത് വൃക്ഷങ്ങളും കൃഷിസ്ഥലങ്ങളുമില്ലാത്ത ഒരു 'തരിശു' ഭൂമിയാണ് ..
250 സ്ക്വയർ കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ മേഖല ഒരുകാലത്ത് സമുദ്രത്തിന്റെ അടിതട്ടായിരുന്നു; കടൽ ജീവികളുടെ അസ്ഥികളും തൊണ്ടുകളും പരിണമിച്ചുണ്ടായ ലൈം സ്റ്റോൺ മേഖലയാണ് അത് ..
എപ്പോഴോ ഭൂഫലക ചലനങ്ങളുടെ ഭാഗമായോ മറ്റോ കരയായി മാറിയപ്പോൾ ഇത് മറ്റൊരു ഭൗമവിസ്മയമായി മാറി !
പരിചിതമായ വൃക്ഷങ്ങളോ കൃഷിസ്ഥലങ്ങളോ ഇല്ലാത്തതിനാലും വേരോടാൻ ആഴമണ്ണില്ലാത്തതിനാലും നമ്മളങ്ങിനെ നമ്മുടെ സ്വഭാവം കൊണ്ട് വിളിക്കുന്നതാണ് തരിശ് എന്ന് ..
കിരൺ, "നിങ്ങളുടെ പശ്‌ചിമഘട്ടത്തിലെ ഹരിതവനങ്ങളിലേതിനേക്കാൾ ജൈവ വൈവിധ്യം ഞങ്ങളുടെ മരുഭൂമികൾക്കുണ്ട്" പണ്ടൊരിക്കൽ ഒരു അറേബ്യൻ എൻവയോൺമെന്റലിസ്റ്റ് എന്നോട് പറഞ്ഞിട്ടുണ്ട് ..
ഞാൻ അന്ന് അത് അവിശ്വസിച്ചു..
എല്ലാ അവിശ്വാസങ്ങളും അനന്തമായ ചോദ്യങ്ങളുടെ ട്രിഗറാണ് എനിക്ക് ..
അന്നു മുതലാണ് 'തരിശുഭൂമികളുടെ' ജൈവ വൈവിധ്യം ഞാൻ കൂടുതലായി വായിച്ചു തുടങ്ങിയത് ..
സ്നേഹിതനായ നിഷാദ് കൈപ്പള്ളി Nishad Kaippally യു.എ.ഇ യുടെ ഡെസർട്ട് എക്കോസിസ്റ്റത്തിന്റെ ജൈവ വൈവിധ്യം സ്പീഷീസുകൾ എണ്ണിയെണ്ണി പറഞ്ഞ് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട് !
മണൽ മരുഭൂമിയിൽ ഇരുട്ടു വീഴുമ്പോൾ ജീവികളെ കൊണ്ട് സജീവമാകുന്നത് ഞാൻ കണ്ടിട്ടുണ്ട് ..
തൽക്കാലം മരുഭൂമിയിൽ നിന്ന് നമുക്ക് അയർലാന്റിലെ ബാരനിലേക്ക് വരാം ..
നിരന്തരമായി മഴ ലഭിക്കുന്ന പ്രദേശമാണെങ്കിലും മണ്ണാഴമില്ലാത്തതും അതിശീതമായ കാറ്റും ഈ പ്രദേശത്ത് സസ്യങ്ങളുടെ വളർച്ചയും കൃഷിയും ദുഷ്കരമാക്കുന്നു ...
പക്ഷെ ഐറിഷ് ഭൂമികകളിൽ ചിത്രീകരിച്ച മിസ്റ്റിക്കൽ ചലച്ചിത്രങ്ങളിലേതുപോലെ വലിയ ജൈവ രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ച ഭൂമേഖലയാണ് ബാരൻ . !
നമ്മുടെ നാട്ടിലൊക്കെ ചളിപ്പാടങ്ങളിൽ വേനൽ കടുക്കുമ്പോൾ നിറയെ വിണ്ടുകീറി വിടരാറില്ലേ? ഏതാണ്ട് (കാഴ്ച്ചയിൽ) അതുപോലെ ലൈം സ്റ്റോൺ പാറകളിൽ തലങ്ങും വിലങ്ങും ധാരാളം ആഴത്തിലുള്ള വിള്ളലുകളുണ്ട്..
മഴപെയ്യുമ്പോൾ അന്തരീക്ഷത്തിലെ കാർബണ്ഡയോക്സൈഡുമായി ചേർന്ന് ജലത്തിന് വളരെ നേർത്ത അമ്ലത കൈവരും, അത് ദശലക്ഷക്കണക്കിന് വർഷങ്ങൾ ലൈംസ്റ്റോണിൽ ഉണ്ടാക്കിയ 'അലിവ് ചാലുകളാണ്' വല നെയ്തതുപോലെ അവിടെ മുഴുവനും കാണുന്ന വിള്ളലുകൾ ..
യഥാർത്ഥത്തിൽ ജൈവ വൈവിധ്യത്തിന്റെ മഹാശ്ചര്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് ബാരനിലെ പാറവിള്ളലുകളുടെ മഹാ ശൃംഖലകൾക്കുള്ളിലാണ് ..
നേരിട്ട് തണുപ്പ് കാറ്റ് വീശാത്തതിനാലും സൗരതാപം അല്പമൊക്കെ ഇരുണ്ട നിറത്തിലുള്ള ലൈം സ്റ്റോൺ ആഗിരണം ചെയ്ത് സൂക്ഷിക്കുന്നതിനാലും ..
വിള്ളലുകൾക്കിടയിൽ ജൈവാവാശിഷ്ടങ്ങളുടെ ഇത്തിരി വളമണ്ണ്തരികൾ ഉള്ളതിനാലും ലോകത്ത് വേറെ ഒരിടത്തും കാണാത്ത അതിവിചിത്രമായ ഒരു ആവാസ വ്യവസ്ഥ പാറവിള്ളലുകളുടെ മഹാ ശൃംഖലകൾക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്നു !!
ഒട്ടനവധിയായ സപുഷ്പി സസ്യങ്ങൾ; അനേകം ഓർക്കിഡുകൾ, ശലഭങ്ങൾ, ഷട്പദങ്ങൾ, ഉരഗങ്ങൾ, കാട്ടുമുയലുകൾ എന്നിവയെല്ലാം ഒറ്റനോട്ടത്തിൽ ശൂന്യമെന്നു തോന്നുന്ന ഈ മഹാ തരിശു ഭൂമിയിൽ 'ഒളിവുജീവിതം' നടത്തുന്നു !!
ലോകം മുഴുവനുമുള്ള ബോട്ടാണിസ്റുകൾക്കും ജൈവഗവേഷകർക്കും പാലിയന്തോളജിസ്റ്റുകൾക്കും വളരെയേറെ പ്രിയപ്പെട്ടതാണ് ഈ പ്രദേശം ..
***
ഇളമോളുടെ ശേഖരത്തിലുള്ള സ്മർഫുകളുടെയും പീക്കിരിമാലാഖമാരുടെയും (Fairy) സിനിമകളിലേത് പോലെ രഹസ്യ സാമ്രാജ്യങ്ങൾ !!
ഗള്ളിവറുടെ യാത്രകളിലേത് പോലെ ഞാനൊരു ഇത്തിരി കുഞ്ഞനായി മാറിയാൽ ബാരൻ വിള്ളലുകൾക്കിടയിലെ വിസ്മയലോകത്ത് സാഹസികയാത്ര നടത്തിയേനെ !!
ഒന്നോർത്തതുനോക്കൂ, അനവധി പൂക്കൾ വിരിയുന്ന ശലഭങ്ങളും കുഞ്ഞു ജീവികളുമൊക്കെയുള്ള വിടവ് ലോകം !!
ആകാശമിങ്ങനെ വെയിൽ വിരിച്ച് അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ സ്പടിക നീലിമ പ്രതിഫലിപ്പിച്ച് മുകളിലുണ്ടാകും !!
കണിശതയില്ലാത്ത അതിരുപോലെ പൂക്കളെല്ലാം വിളളുകൾക്ക് ഉള്ളിൽ വിരിയും ..
ആകാശമല്ലി പൂക്കളെ (Cosmos Flowers) വെയിലുള്ള ദിവസം താഴെ ഒരാങ്കിളിൽ നിന്ന് ചിത്രമെടുത് നോക്കിയിട്ടുണ്ടോ?? അര്ദ്ധസുതാര്യമായ ഇതളുകളിൽ സൂര്യവെളിച്ചം വിസ്മയം സൃഷ്ടിക്കുന്നത് കാണാം ...
"ഓം ഹ്രീം" എന്ന് ചൊല്ലി ചെറുതാവാനും തരിശുഭൂമികളിലെ രഹസ്യ സന്തോഷങ്ങൾ കണ്ടുപിടിക്കാനും ആരൊക്കെ എന്നോടൊപ്പം വരുന്നുണ്ട് ??
മണ്ണിനെയും മനസ്സിനെയും തരിശെന്ന് പ്രാകിവിളിക്കാതിരിക്കുക യഥാർത്ഥത്തിൽ തരിശില്ല കൂട്ടരേ; അത് ആരാലും കണ്ടെത്താത്ത നന്മയുടെ നിഗൂഢോദ്യാനങ്ങളാണ് ..
"What makes the desert beautiful is that somewhere it hides a well." - Antoine de Saint -Exupery (The Little Prince)
തുടരും ..
സ്നേഹപൂർവ്വം
കിരൺ
(എന്റെ പ്രിയ ചിത്രകാരി ജാസിയുടെ Jasy Kasim 'ബീയിങ്ങ് ജെ' സീരീസിൽ നിന്ന് ചില സ്കെച്ചുകൾ ഞാൻ ഈ ചാപ്റ്ററിനായി കടമെടുത്തിട്ടുണ്ട്; ഒപ്പം വിക്കി കോമോണിൽ നിന്ന് ബാരൻ എക്കോ സിസ്റ്റത്തിന്റെ ചില സൂഷ്മ ചിത്രങ്ങളും)














Link to Facebook Post
Posted: March 12 2019

അഭിപ്രായങ്ങള്‍