'ഐറിഷ് പൊട്ടാറ്റോ ഫാമിൻ'
(Ireland Travelogue Part 6 )

'ഐറിഷ് പൊട്ടാറ്റോ ഫാമിൻ'
(Ireland Travelogue Part 6 )
പ്രിയരേ, യാത്രാ സീരീസിൽ ഉൾപെടുത്തിയെങ്കിലും ഇന്നെഴുത്തുന്നത് ഒരു യാത്രാവിവരണമല്ല ...
യാത്രാദിവസങ്ങളിൽ പലപ്പോഴായി ടൂർ ഗൈഡ് വാൾട്ടർ റയാനോട് സംസാരിച്ചറിഞ്ഞ 'ഐറിഷ് പൊട്ടാറ്റോ ഫാമിൻ' എന്ന കാർഷിക ദുരന്തത്തെക്കുറിച്ചാണ് ഞാനിന്ന് നിങ്ങളോട് പറയാനൊരുങ്ങുന്നത് ..
"യാത്രയിലെ വർത്തമാനങ്ങൾ .."
അറ്റ്ലാന്റിക്കിന്റെ ചിതറുന്ന തിരമാലകളുടെ ഊർജ്ജസ്മിതങ്ങളും മഴക്കാറ്റിന്റെ കുളിർമയും മഴവിൽ തുടർച്ചകളുടെ വർണ്ണഭംഗിയും ഈ ചാപ്റ്ററിൽ ഉണ്ടാവില്ല ..
പതിനെട്ടാം നൂറ്റാണ്ടിന്റെ പാതിയിൽ ഏതോ ഒരു ഐറിഷ് കർഷകന്റെ ഉരുളകിഴങ്ങ് പാടത്തുനിന്ന് നിന്ന് അപരിചിതമായ ഗന്ധം പടർന്നു ...
വിളവെടുപ്പിനോടടുത്ത ഉരുളക്കിഴങ്ങ് ചെടികളിലൊന്ന് പിഴുതെടുത്തപ്പോളാണത് മനസ്സിലായത്; കിഴങ്ങുകൾ ഉലർന്ന് ചീഞ്ഞിരിക്കുന്നു .. !
തൊട്ടടുത്ത ചെടി, അതിനടുത്തത്, ആ തോട്ടം മുഴുവനും ..
അതിനപ്പുറത്തെ തോട്ടം .. ..
സദാ കടൽക്കാറ്റ് കുളിരുപരത്തിയിരുന്ന മനോഹരദ്വീപിലേക്ക് മഹാദുരന്തത്തിന്റെ കൊടുങ്കാറ്റ് വീശിയടിച്ചു ..
അതിന് ചീഞ്ഞ ഉരുളകിഴങ്ങുകളുടെ ദുർഗന്ധമുണ്ടായിരുന്നു...
ഒരാഴ്ച്ച; ആ ഒരൊറ്റ ആഴ്ചകൊണ്ട് ഐറിഷ് ഉരുളക്കിഴങ്ങുപാടങ്ങളിലെ ഹരിതഭംഗി മുഴുവനും ചീഞ്ഞ തവിട്ടിലേക്ക് അഴുകി കുനിഞ്ഞു വീണു...
അക്കാലത്ത് അയർലാന്റിന്റെയും സമീപത്തുള്ള രാഷ്ട്രങ്ങളുടെ ആകമാനവും പ്രധാന ഭക്ഷണം ഉരുളക്കിഴങ്ങുകളായിരുന്നു ..
പൊട്ടാറ്റോ ബ്ലൈറ്റ്* എന്ന ഒരിനം ഫംഗസ്സുകളായിരുന്നു വില്ലൻ ..
(*തിരുത്ത് പൊട്ടാറ്റോ ബ്ലൈറ്റ് രോഗത്തിന്റെ പേരാണ്; Phytophthora infestans ആണ് ഫംഗസ്)
ഇതിനുമുൻപ് ബ്രിട്ടനിലും സമീപ പ്രദേശങ്ങളിലും ഈ രോഗം വന്നിട്ടുണ്ടെന്ന സ്ഥിതീകരണം ഉണ്ടായെങ്കിലും പൊട്ടാറ്റോ ബ്ലൈറ്റ് ഐറിഷ് കിഴങ്ങുപാടങ്ങളോടും അവിടുത്തെ മനുഷ്യരോടും ചെയ്തത് ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരന്തമായിരുന്നു ..
ഏതാനും ആഴ്ചകൾക്കകം തന്നെ ഭാഗ്യഹീനരായ ജനത വിശപ്പിൽ കൊഴിഞ്ഞു വീണ് മരിച്ചു തുടങ്ങി..
ഉരുളക്കിഴങ്ങുകളല്ലാതെ വേറൊന്നും അവർക്ക് ഭക്ഷിക്കാനില്ലായിരുന്നു ...
അയർലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസ പ്രവാഹത്തിന്റെ ചിത്രം അന്ന്മുതലാണ് തുടങ്ങുന്നത് ..
ക്ഷമിക്കൂ; പ്രവാസം എന്നത് ഏറ്റവും തെറ്റായ പദപ്രയോഗമാണ്; അത് പലായനമായിരുന്നു ..
അല്ല പലായനം പോലുമല്ല ; 'Evacuation' എന്നതിന് സമാന മലയാള പദം എന്താണ് ??
എട്ട് ദശലക്ഷം ജനസംഖ്യയിലെ രണ്ട് ദശലക്ഷത്തോളം ജനങ്ങൾ പട്ടിണിയിൽ മരിച്ചു വീണു; വളർത്തുനായകൾ വിശപ്പിനെ തരണം ചെയ്യാൻ മനുഷ്യരുടെ കുഴിമാടങ്ങൾ മാന്തിതുരന്നു ...
പച്ച പുല്ല് തിന്ന് കറപിടിച്ച പല്ലുകളുള്ള; അസ്ഥികൾക്കിടയിലേക്ക് ചർമ്മം വലിഞ്ഞൊട്ടി കുഴിഞ്ഞുപോയ സോംബികളെ പോലെയുള്ള മനുഷ്യർ ....
അവർ വേച്ച് വേച്ച് തുറമുഖങ്ങളെ ലക്ഷ്യമാക്കി നടന്നു ..
അവരിൽ ചിലർക്ക് ഡിഫ്തീരിയായും കോളറയും ടൈഫോയിഡ്ഡും പനിയും മറ്റു പല പല പകർച്ചവ്യാധികളുമുണ്ട് ...
മനുഷ്യ ശരീരങ്ങൾ ഞെരുക്കി നിറച്ച് കാനഡയുടെയും അമേരിക്കയുടെയും ഹോളണ്ടിന്റെയും ബ്രിട്ടന്റെയുമെല്ലാം തീരങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ ആ പലായന നൗകൾക്ക്; കോഫിൻ ഷിപ്പ്‌സ് എന്നാണ് വിളിപ്പേര് വന്നത് ..
അക്ഷരാർത്ഥത്തിൽ വലിയ ശവമഞ്ചകളായിരുന്നു ആ കപ്പലുകൾ; പകർച്ചവ്യാധികൾ കപ്പലുകളെ മരണമുറികളാക്കി ..
മരണവും രോഗപീഡയും പേറുന്ന ആ കപ്പലുകളിൽ പലതിനെയും ഭീതിമൂലം തീരത്ത് അടുപ്പിക്കാൻ പോലും പലരാജ്യങ്ങളും കൂട്ടാക്കിയില്ല..
ഇന്ത്യയിലും ഓസ്‌ട്രേലിയയിലും തെക്കൻ ആഫ്രിക്കയിലും ന്യൂസിലാന്റിലും വടക്കേ അമേരിക്കയിലുമെല്ലാം അധികാരത്തിന്റെ പിടിമുറുക്കി സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടൻ പരന്നു പടരുന്ന കാലം ..
ലാഭനഷ്ടങ്ങളുടെ കൊളോണിയൽ കണക്കെടുപ്പുകളിൽ തുലാസ് താഴാതിരുന്നതിനാലാക്കണം എന്നും മുഷ്ടിയിൽ ഒതുക്കിഞെരിച്ച തൊട്ടരികിലെ മനോഹര ദ്വീപിനെ പട്ടിണി കൊന്നൊടുക്കുമ്പോൾ പോലും ബ്രിട്ടൻ ഒട്ടൊരുവിധം ക്രൂരമായ നിസംഗത പാലിച്ചു ...
രോഗസ്ഥരായ മനുഷ്യജീവനുകളുടെ മരണ നൗകൾ പലതും തിരിച്ചയച്ചു..
ഭാഗ്യമുള്ള ചിലർ മറ്റുപല രാജ്യങ്ങളിലെത്തി രക്ഷപെട്ടു ..
പലരും കപ്പലുകളിൽ തന്നെ ചത്തൊടുങ്ങി ..
അപൂർവ്വം ചിലർ രക്ഷാതീരങ്ങളിൽ തിരസ്കരിക്കപ്പെട്ട് പിറന്ന മണ്ണിൽ തിരിച്ചെത്തി മരിച്ചുവീണു ....
ഇന്നും ഐറിഷ് ഗ്രാമങ്ങളിൽ ഒന്നര നൂറ്റാണ്ടുകൾക്ക് മുൻപ് പുറകിൽ വാതിലുകളടച്ച് കുടിയിറങ്ങിപോയ ജനതയുടെ അനാഥമായ വീടുകൾ കാണാം ..
മരിച്ചുവീണ മാനവസ്വപ്നങ്ങളുടെ അസ്ഥികളിൽനിന്ന് മുളച്ചുവളർന്ന 'അറ്റ്ലാന്റിക്ക് ഐവികൾ' ആ വീടുകളുടെ ചുമരുകളിൽ ജീവനൊടുങ്ങാത്ത പ്രതീക്ഷകൾ പോലെ പടർന്നു കയറുന്നു ..
മരിച്ചു വീണവരും പാലായനം ചെയ്തവരും മരിച്ചു ജീവിച്ചവരുമായ കർഷകരുടെ ഭൂമികളല്ലാം വൈദേശികരായ ബ്രിട്ടീഷ് മുതലാളിത്വം കയ്യടക്കി..
കർഷകരുടെ അനാഥമായ ചെറുകൂരകൾ അവരുടേതല്ലാതായിത്തീർന്ന ഭൂമിയിൽ അഭിശപ്ത മുറിവുകളുടെ ശോക സ്മാരകങ്ങളായി ..
ബ്രിട്ടന്റെ ഫാമിൻ സ്‌പെഷൽ എഡിഷൻ സോഷ്യോ ഏക്കണോമിക്ക് പഠനസംഘങ്ങൾ അതിവിചിത്രമായ സിദ്ധാന്തങ്ങൾ അവതരിപ്പിച്ച്; അധികാരം, സമ്പത്ത്, ഐറിഷ് ജനതയുടെ അടിമത്തം എന്നിവ സ്വാർത്ഥ ലാഭത്തിനായി പൊലിപ്പിച്ചുകൊണ്ടിരുന്നു ..
ഏഴാം നൂറ്റാണ്ടിലെ വൈക്കിങ്ങ് അധിനിവേശങ്ങൾ മുതൽ നിരന്തര പ്രതിസന്ധികളെ നേരിട്ട് പരിശീലിച്ച ജനതയെ ബാരനില പാറ വിടവുകളിൽ അതിജീവനം തേടുന്ന സപുഷ്പി സസ്യങ്ങളോടുപമിക്കാനാണ് എനിക്ക് തോന്നുന്നത് ....
ഇന്ന് അയർലാൻഡിലെ ജനസംഖ്യ കേവലം ആറ് മില്യൻ മാത്രമാണ്, ഒന്നര നൂറ്റാണ്ട് പുറകിലെ ഫാമിന് മുൻപ് അത് എട്ട് മില്യൻ ആയിരുന്നു എന്നോർക്കുക !
ഈപോസ്റ്റിൽ ചേർത്തിരിക്കുന്ന വാൾട്ടറുടെ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നതുപോലെ അയർലൻന്റ് എന്ന കുഞ്ഞു ദ്വീപിന് പുറത്ത് പല പല നാടുകളിലായി ഐറിഷ് രക്തം സിരകളിലോടുന്ന എഴുപത്ത് മില്യൻ ജനങ്ങൾ ഉണ്ടെന്നറിയുക. 
അയർലൻഡിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമ്പത്തിക മേഖലകളെയൊക്കെ തിരുത്തിയെഴുതാൻ ഫാമിൻ തുടർ സംഭവങ്ങൾക്ക് കഴിഞ്ഞു; ദേശീയത, സ്വാതന്ത്രത്തിനൊടുള്ള ജനതയുടെ അഭിനിവേശം എന്നിവയെല്ലാം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ വലിയ ആരവമായി ഉയർന്നു !
'ഐറിഷ് ഭൂമി ഐറിഷ് കർഷകന്' എന്ന മുദ്രാവാക്യം അറ്റ്ലാന്റിക്കിലെ കുളിർ കാറിനോടൊപ്പം ദ്വീപുമുഴുവറും പ്രതീക്ഷയുടെ സംഗീതയായി പടർന്നു..
"ഐറിഷ് ലാൻന്റ് വാർ" എന്ന വലിയ ഭൂപരിഷ്കരണ സമരം ആരംഭിച്ചു ..
ഇന്ന് ദ്വീപിലെ ഭൂമി ഒട്ടൊക്കെ കർഷകന്റെ സ്വന്തമാണ്; കാർഷിക ഗവേഷണ സ്ഥാപനങ്ങൾ വളരെ ഫലപ്രദമായ രാസകീടാനാസിനികളും; ആധുനിക കൃഷി രീതികളും കൂടുത വിളവ് തരുന്ന വിത്തിനങ്ങളും അവതരിപ്പിച്ചു ...
കൃഷി ലാഭകരമായി..
കാലാവസ്ഥ പ്രവചിക്കാൻ നൂതനമായ മാർഗങ്ങൾ വന്നു; ഗിന്നസ് ബിയർ പോലെയുള്ള വലിയ പ്രാദേശിക ബ്രാൻന്റുകൾക്ക് വേണ്ടി പൊന്നും വിലയിൽ ബാർലി ഉൽപ്പാദിപ്പിക്കാനായി..
അയർലൻന്റ് ഇന്നും ഒരു വലിയ കാർഷിക ഗ്രാമം തന്നെയാണ് ..
ഓർമകൾ പാഠങ്ങളാക്കിയ ജനതയുടെ ഉൾക്കരുത്തിൽ അഭിമാനത്തോടെ എഴുനേറ്റു നിൽക്കുന്ന രാജ്യം . !
ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന വാൾട്ടറിന്റെ അഭിമുഖം പോലെ തന്നെ അയർലൻഡിലെ ഓരോ പൗരനും അവരുടെ കാർഷിക ദുരന്ത ചരിത്രം മനഃപാഠമാണ് ..
2 മില്യൻ പട്ടിണി മരണങ്ങൾ !! ഭീതിദം അല്ലേ ??
പോകാൻ വരട്ടെ;
നമ്മുടെ ഇന്ത്യയിലെ ഈ കണക്ക് കൂടി വായിക്കൂ ..
- 1769–70 (Bihar, Northern and Central Bengal) പട്ടിണി മരണം 10 മില്യൻ.
- 1783–84 (Delhi, Western Oudh, Eastern Punjab region, Rajputana, and Kashmir) പട്ടിണി മരണം 11 മില്യൻ.
- 1791–92 ( Hyderabad, Southern Maratha country, Deccan, Gujarat, and Marwar ) പട്ടിണി മരണം 11 മില്യൻ.
- 1837–38 ( Agra & Delhi ) പട്ടിണി മരണം എണ്ണൂറായിരം.
- 1860–61 ( Upper Doab of Agra; Delhi and Hissar divisions of the Punjab) പട്ടിണി മരണം 2 മില്യൻ.
- 1865–67 ( Orissa and Bihar; Bellary and Ganjam districts of Madras ) പട്ടിണി മരണം 1 മില്യൻ.
- 1868–70 (1869Ajmer, Western Agra, Eastern Punjab) പട്ടിണി മരണം 1.5 മില്യൻ.
- 1876–78 (Madras and Bombay) പട്ടിണി മരണം 5.5 മില്യൻ.
- 1896–97 ( Northern and eastern Rajputana, parts of Central India and Hyderabad ) പട്ടിണി മരണം 1 മില്യൻ.
- 1899–1900 ( Hyderabad, Rajputana, Central India, Baroda, Kathiawar, Cutch ) പട്ടിണി മരണം 1 മില്യൻ.
- 1943–44 ( Bengal ) പട്ടിണി മരണം 1.5 മില്യൻ.
നമ്മളിൽ എത്രപേർക്ക് നമ്മുടെ ചരിത്രമറിയാം ??
ചരിത്രം എങ്ങിനെയാണ് പഠിക്കേണ്ടത് ??
ചില ഉത്തരങ്ങൾ നമ്മൾ സ്വയം കണ്ടെത്തണം ..
സ്നേഹപൂർവ്വം
കിരൺ കണ്ണൻ
An 1849 depiction of Bridget O'Donnell and her two children during the famine.
Illustrated London News, December 22, 1849 • Public domain
The Emigrants' Farewell, engraving by Henry Doyle (1827–1893), from Mary Frances Cusack's Illustrated History of Ireland, 1868
Henry Edward Doyle • Public domain
Abandoned house during Famine .
Photograph : Arjun Sasi

Link to Facebook Post
Posted: March 18, 2019

അഭിപ്രായങ്ങള്‍