ഗിന്നസ്സ് !
(Ireland Travelogue Part 7 )

ഗിന്നസ്സ് !
(Ireland Travelogue Part 7 )
ആദ്യദിവസത്തെ ഡബ്ലിൻ സിറ്റി ടൂറിന്റെ രണ്ടാമത്തെ പാതിമുഴുവനും ഞങ്ങളുടെ സംഘം ചിലവഴിച്ചത് ഗിന്നസ് സ്റ്റോർഹൗസ് വിസിറ്റിലാണ്..
ഐറിഷ് തലസ്ഥാന നഗരത്തിന്റെ ഹുദയഭാഗത്ത് തന്നെയാണ് ലോകപ്രസിദ്ധമായ ഗിന്നസ് ബിയറിന്റെ പ്രധാന ഫാക്ടറിയുമുള്ളത് ..
ആധുനിക അയർലാന്റിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് ഗിന്നസ് എന്ന കറുത്ത ബിയറിനും.
ഇന്ന് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ബാർലിയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഗിന്നസ്സ് ബ്രൂവറി.
1759ൽ ആർതർ ഗിന്നസ്, നീണ്ട 9000 വർഷത്തേക്കാണ് തലസ്ഥാന നഗരമായ ഡബ്ലിന്റെ ഹൃദയഭാഗത്ത് തന്നെ ഫാക്ടറിക്കാവശ്യമായ സ്ഥലം വാടകക്കെടുത്തത് !
സ്ഥലം മാത്രമല്ല; ബ്രൂവറിക്ക് ആവശ്യമായ ശുദ്ധജലത്തിന്റെ ലഭ്യതയും കരാറിൽ ചേർത്തിരുന്നു !
അയർലൻഡ് മഴ ധാരാളം ലഭിക്കുന്ന ഭൂപ്രദേശമാണ്; ഭൂജല ക്ഷാമം വലുതായൊന്നുമില്ല. പക്ഷെ പലപ്പോഴായി ചെറിയ ചില ജനകീയ പ്രതിഷേധങ്ങൾ ഭൂവിഭവചൂഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്. അതിനെയല്ലാം നിയമ യുദ്ധങ്ങളിലൂടെ എതിരിട്ട് വളർന്ന ഗിന്നസ് ഇന്ന് ലോകത്തെ ഏറ്റവും വലിയ "സ്റ്റൗട്ട് ബിയർ' ബ്രൂവറിയാണ്.
ഐറിഷ് ജനത അവരുതെ സമകാലിക ചരിത്രത്തോട് ചേർത്തു പിടിച്ചു തന്നെയാണ് ബ്രൂവറിയുടെ കഥയും പറയുന്നത്.
ബാർലിക്ക് ലോകത്ത് വേറെ എവിടെ ലഭിക്കുന്നതിനെക്കാളും വില കൂടുതൽ അയർലാന്റിൽ ലഭിക്കുന്നതിന് കാരണവും ഗിന്നസ് തന്നെയാണ് .
ഒരു വർഷം പതിനേഴ് ലക്ഷത്തോളം പേരാണ് ഇപ്പോൾ ഡബ്ലിനിലെ ഗിന്നസ് സ്റ്റോർ ഹൗസ് സന്ദർശിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രികരുടെ ട്രാവൽ ഐറ്റിനറിയിൽ മുഖ്യമായ ഒന്നാണ് സ്റ്റോർ ഹൗസ് വിസിറ്റ്. .
സ്റ്റോർ ഹൗസ് അവർ ശരിക്കും ഒരു മ്യൂസിയം പോലെ ക്രമീകരിച്ചിട്ടുണ്ട് .
ഓരോ സംഘത്തിനോടൊപ്പവും ഓരോ ഗൈഡും ഉണ്ടാവും ..
എല്ലാവരുടെയും ഹെഡ്‌ഫോണിലേക്ക് ഗൈഡിന്റെ സംഭാഷണം കേൾക്കാം ...
ഗൈഡ് വളരെ രസകരമായാണ് ലോകത്തെ ഏറ്റവും പ്രിയകരമായ "സ്റ്റൗട്ട് ബിയറിന്റെ" കഥ പറയുന്നത്.
കാർബണേറ്റഡ് ബിയറുകളിൽ നിന്ന് വ്യത്യസ്തമായി ഗിന്നസ്സിൽ നൈട്രജനാണ് ചേർക്കുന്നത്.
നിഷ്ക്രിയ വാതകമായതിനാൽ സ്റ്റൗട്ടിന്റെ തനത് ഗന്ധവും 'രുചിയുമെല്ലാം അതുപോലെ തന്നെ നിൽക്കും (രുചി എന്നതിനെ ചവർപ്പ് എന്ന് വായിക്കുന്നതാണ് ഉചിതം). കാർബോണിക്ക് അമ്ലതയും ഇല്ല.
ബിയർ കുടിക്കാൻ ഓടിപ്പോയി വൈന്റിങ്ങ് മെഷീനിൽ നിന്ന് ഗ്ളാസ് നിറയുന്ന പാടെ എടുത്ത് മോന്താവുന്ന ഒന്നല്ല ഗിന്നസ്.
കൃത്യമായി പറഞ്ഞാൽ 119.5 സെക്കന്റ് ഗ്ളാസ്സിലെ സൂഷ്മമായ നൈട്രജൻ കുമിളകൾ മുകളിൽ ഒരു 'കട്ടിപുതപ്പാവുന്നതു'വരെ വെയിറ്റർ ഗ്ളാസ് കയ്യിൽ തരില്ല.
ഭൗതിക നിയമങ്ങളെ ലംഘിക്കുന്ന രീതിയിൽ ചെറുകുമിളകൾ ഗ്ലാസ്സിന്റെ ഉൾവശങ്ങളിലൂടെ താഴോട്ടൊഴുകുന്ന വിസ്മയമൊക്കെ മേൽപറഞ്ഞ 119.5 സെക്കന്റിലെ കാഴ്‌ചകളാണ്.
താഴോട്ടൊഴുകുന്ന കുമിളകൾക്ക് പ്രഗത്ഭരായ ഇന്റസ്ട്രിയൽ ഭൗതിക ശാസ്ത്രജ്ഞന്മാരൊക്കെ ഗവേഷണം നടത്തി കണ്ടെത്തിയ വിശദീകരണം ടൂലിപ്പ് പൂവിന്റെ ആകൃതിയിലുള്ള ഗ്ലാസ്സും വശങ്ങളിലെ സാന്ദ്രത കൂടിയ ദ്രാവകത്തിന്റെ കീഴോട്ടുള്ള ചാക്രിക ചലനവും ഉള്ളിൽ പെട്ടുപോയ ചെറുകുമിളകളുടെ വ്യാപ്തവുമൊക്കെ ബന്ധപ്പെടുത്തിയുള്ള അതി സങ്കീർണ്ണമായ ഗണിതമാണ് . !
പ്ലാന്റിന്റെ അഞ്ചാം നിലയിൽ ഗ്രാവിറ്റി എന്നൊരു പബ്ബ് ക്രമീകരിച്ചിട്ടുണ്ട് നഗരത്തിലെ 360 ഡിഗ്രീ പനോരമിക്ക് ദൃശ്യവും ഗിന്നസ് പ്രൊഡക്ഷൻ ഫെസിലിറ്റിയും പൂർണ്ണമായും കണ്ടുകൊണ്ട് ബിയർ രുചി നുകരാം..
അതി പ്രശസ്തരായ ലോക നേതാക്കളും ഹോളീവുഡ് താരങ്ങളുമെല്ലാം സ്റ്റോർ ഹൗസിൽ വന്ന് ബിയർ രുചിക്കുന്നതിന്റെ ചിത്രങ്ങൾ അവിടിവിടെയായി ചുമരുകളിൽ തൂങ്ങുന്നുണ്ട് !
ബിയറിന്റെ പത മേൽ ചുണ്ടിൽ പറ്റിച്ച് ഗിന്നസ് ഗ്ളാസ് പിടിച്ചു നിൽക്കുന്ന ബരാക്ക് ഒബാമയുടെ ചിത്രം ചൂണ്ടിക്കാട്ടി ഗൈഡ് പറഞ്ഞു "look at this picture Guys; this is how we should gulp the Guinness !"
ങ്ഹേ ! കുടിക്കുന്നതിനും രീതിയോ?
ചോദ്യം മുഴുമിപ്പിക്കും മുൻപ് അദ്ദേഹം തുടർന്നു; നൈട്രജൻ ഫോം രുചി രഹിതമാണ്, പക്ഷെ അതേസമയം ഗ്ളാസ് കാലിയാകുന്നതുവരെ പതപ്പുതപ്പ് ബിയറിന്റെ മുകളിൽ ഉണ്ടാവണം. ( അത് അരോമ പ്രിസർവ് ചെയ്യാൻ അത്യാവശ്യമാണത്രെ !)
നാട്ടിലെ പേരുകേട്ട പഴയ കള്ളുകുടിയൻമ്മാരൊക്കെ വലിയ മീശക്കാരായിരുന്നു, ചെത്തുകള്ളിൽ പെട്ടുപോകുന്ന തേനീച്ച, വണ്ട്, ഉറുമ്പ്, മറ്റു പ്രാണികൾ എന്നിവയെ അരിച്ചു കുടിക്കാനാണ് അവരൊക്കെ മീശ വളർത്തിയിരുന്നത് എന്ന് ആത്മാര്ഥമായി വിശ്വസിച്ചു പോയിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.
എന്തായാലും ഗിന്നസ് കുടിക്കാൻ ഒരിത്തിരി മീശ നല്ലതാണ് എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ പറയും.
ടെക്സ്റ്റ് ബുക്ക് സ്റ്റൈലിൽ പതയിങ്ങനെ മേൽ മീശയിൽ പറ്റിച്ച് തടഞ്ഞു നിറുത്തിയാണ് ഞാൻ ഗിന്നസ് രുചിച്ചത് ..
പാവം നമിത; സ്വന്തമായി മീശയില്ലാത്തതിനാൽ സ്വന്തം ഗ്ളാസ്സിലെ പകുതി കണ്ണൊന്ന് ചിമ്മിയപ്പോൾ എന്റെ ഗ്ലാസ്സിലേക്ക് കമഴ്ത്തി!
ഭൗതികശാസ്ത്രത്തിനെ അതിജീവിക്കുന്ന ബിയറിലെ കുമിളകളും, ചവർപ്പും, നൈട്രജനും, അതാര്യതയും, ഒഴിക്കുന്ന ഗ്ളാസ്സും, 119.5 സെക്കന്റിന്റെ കാത്തിരിപ്പും ബിയറിന്റെ പരസ്യ ചരിത്രവുമെല്ലാം ചേർത്ത് ഒരു അവിയൽ മാർക്കറ്റിങ്ങ് സ്ട്രാറ്റജിയാണ് കമ്പനി ഇപ്പോൾ അവലംബിക്കുന്നത് !
വളരെ വിജയകരമാണ് ഈ രീതി; ഗിന്നസ്സിന്റെ പേരിൽ ലോകത്ത് ഒരൊറ്റ എക്സ്ക്ലൂസ്സീവ് പബ്ബ്കളും ഇല്ലാതിരുന്നിട്ടുകൂടി സ്റ്റൗട്ട് ബിയറിന്റെ ലോകവിപണി കയ്യടക്കാൻ ഗിന്നസിന് കഴിഞ്ഞിട്ടുണ്ട് .
ഗിന്നസ് സ്റ്റോർ ഹൗസ് ടൂറിന്റെ ഒരു നില ക്രമീകരിച്ചിരിക്കുന്നത് മുഴുവൻ അവരുടെ കാലാകാലങ്ങളായുള്ള പരസ്യ ചരിത്രം പറയാനാണ് ..
വിഖ്യാതമായ പല പരസ്യങ്ങളും അവരുടേതായുണ്ട്.
സൈക്കിൾ ചവിട്ടുന്ന മത്സ്യത്തിന്റെ വിചിത്ര ദൃശ്യത്തോടെ "A woman needs a man like a fish needs a bicycle" എന്നുള്ള വിന്റേജ് പരസ്യ പ്രദർശനത്തിന് മുന്നിൽ അപ്രതീക്ഷിതമായി ഞങ്ങളുടെ കൂട്ടത്തിലെ ആൻസി ഗൈഡിനോട് കെറുവ് പറഞ്ഞു .. "മിസ്റ്റർ ഇത് ഒരു സെക്സിസ്റ് പരസ്യമാണ്. . . " രസികനായ ഗൈഡ് കേരളത്തിലെ വിപ്ലവ കന്യയുടെ രോക്ഷത്തിൽ പെട്ടന്ന് ഒന്നു പതറി പോയി, എങ്കിലും "yes it was" എന്ന് കണ്ണിറുക്കി സമ്മതിച്ചു .
ഇങ്ങോട്ട് നോക്കൂ "ഗിന്നസ് കീപ്പ് ദ ഡോക്ടർ എവേ" ഇത് മറ്റൊരു പിൻവലിച്ച പഴയ പരസ്യമാണ് അദ്ദേഹം തുടർന്നു ..
- Guinness is good for you
- Guinness is strength
- My Goodness My Guinness
- Lovely Day for a Guinness
പഴയകാല പോസ്റ്ററുകൾ കമ്പനിയുടെ പരസ്യ ചരിത്രം കൊറിയിടുന്നു...
ഇന്ന് അയർലാന്റിന്റെ നികുതിവരുമാനത്തിൽ വലിയൊരു ഭാഗം കമ്പനിയിൽ നിന്നാണ് ; തൊട്ടപ്പുറത്ത് നിന്ന് ബ്രിട്ടൻ ഭൂമിയും സൗകര്യങ്ങളും തരാം ഇങ്ങോട്ട് വരൂ എന്ന് കമ്പനിയെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു എന്നറിയുമ്പോഴാണ് ഗിന്നസ്സിന്റെ മൂലധന വ്യാപ്തി നമുക്ക്‌ മനസ്സിലാക്കുക ..
ആയർലാന്റിന്റെ ഹരിത ചിഹ്നനമായ ഷാംറോക്ക് ഇലകളെ പോലെ തന്നെ ഗ്ളാസ്സിൽ കൊഴുത്ത പത നുരയ്ക്കുന്ന കറുത്തഗിന്നസ് ബിയറും ഒരു രാഷ്ട്ര ചിഹ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു ..
സ്റ്റോർ ഹൗസിന് ഉള്ളിൽ തന്നെ വിശാലമായ ഗിന്നസ് സുവനീർ ഷോപ്പുണ്ട് ..
വിന്റേജ് ക്ലാസ്സുകൾ; ഗിന്നസ് ടീ ഷർട്ട്, തൊപ്പികൾ, മിനിയേച്ചർ മാഗ്നറ്റുകൾ ബിയർ കാനുകൾ..
അയർലാന്റിന്റെ എയർപോർട്ട് ഡ്യൂട്ടീ ഫ്രീ ഷോപ്പിൽ പോലും ഗിന്നസ് സുവനീറുകൾ സുലഭമാണ് . ഒരു മദ്യം അനൗദ്യോഗിക രാഷ്ട്ര ചിഹ്നനമായി മാറുന്ന കൗതുകം ..
രണ്ട് കൗതുകങ്ങൾ കൂടി പറഞ്ഞ് ഈ ചാപ്റ്റർ അവസാനിപ്പിക്കാം .
****
ഗിന്നസ് ബിയർ വൈന്റിങ്ങ് മെഷീനിൽനിന്നല്ലാതെ ക്യാനുകളിൽ വിൽക്കേണ്ടതുണ്ട് .
വൈന്റിങ്ങ് മെഷീനുകളിലേത് പോലെ കൊഴുത്ത പത നുരയുന്നില്ല..
നിരന്തരമായ ഗവേഷണങ്ങൾക്കൊടുവിൽ മറ്റേത് ക്യാൻ ബിയറുകളിലും കാണാത്ത ഒരു സൂത്രം ഗിന്നസ് അവരുടെ ബിയർ ക്യാനുകളിൽ ഒളിപ്പിച്ചു .
രണ്ട് സെന്റീമീറ്ററോളം വ്യാസമുള്ള, അകം നിറയെ നൈട്രജൻ നിറച്ച ഒരു പ്ലാസ്റ്റിക്ക് ബോൾ ക്യാനിൽ നിക്ഷേപിക്കുന്നു ~ അതിന് സൂഷ്മമായ ഒരു സുഷിരവുമുണ്ട് .
ക്യാൻ സീൽ ചെയ്യുന്നതിന് തൊട്ട് മുൻപ് അതിമർധത്തിലുള്ള ക്യാനിലേക്ക് ഒരിറ്റ് ദ്രവ നൈട്രജൻ കൂടെ ചേർക്കുന്നു ..
ഇനി ക്യാൻ പൊട്ടിക്കുന്ന നിമിഷാർദ്ധത്തിൽ നൈട്രജൻ നിറച്ച ബോളിനുള്ളിലെ മർദ്ധ വ്യത്യാസത്തതാൽ കുഞ്ഞു സുഷിരത്തിലൂടെ വാതകം പുറത്തേക്ക് ചീറ്റിക്കുന്നു ഒപ്പം ക്യാനിൽ ഇറ്റിച്ച ദ്രവ നൈട്രജനും വാതക രൂപത്തിൽ കുമിള മേളമുണ്ടാക്കുന്നു.
അങ്ങിനെയാണ് ബിയർ ക്യാനിൽ പോലും ഗിന്നസ്സിന്റെ കയ്യൊപ്പായ കൊഴുത്ത പത നിറക്കാൻ അവരുടെ ഇൻഡസ്ട്രിയൽ എൻഞ്ചിനീയറിങ്ങിന് കഴിഞ്ഞത് !
*******
1950 ൽ അന്നത്തെ ഗിന്നസ് ബിയർ മാനേജിങ്ങ് ഡയറക്ടറായ Sir Hugh Beaver അതിഥിസൽക്കാരത്തിനിടയിൽ ചങ്ങാതിമാരോട് ഒരു ചോദ്യമെറിയുന്നു; ലോകത്തിലെ ഏറ്റവും വേഗതയേറിയ *'ഗെയിം ബേർഡ്' ഏതാണ്? (*Game bird = വേട്ടയാടി പിടിക്കാനായി പറത്തിവിടുന്ന പക്ഷി). ആർക്കും കൃത്യമായി ഒരു ഉത്തരമില്ല പലരും പലയിനം പക്ഷികളുടെ പേര് പറഞ്ഞു ..
ഇതിങ്ങനെ പോര, ലോകത്തിലെ ഇത്തരം റെക്കോഡുകളൊക്കെ രേഖപ്പെടുത്തിവയ്ക്കാൻ ഒരു പുസ്തകം വേണം.
അഞ്ചു വര്ഷങ്ങൾക്കപ്പുറം 1955 ൽ കട്ടി പുറം ചട്ടയുള്ള മനോഹരമായി ബൈൻഡ് ചെയ്ത ലോക റെക്കോർഡുകളുടെ ആദ്യത്തെ പുസ്തകം പുറത്തിറക്കി.
ഇന്ന് ലോകമറിയുന്ന The Guinness Book of Records ന്റെ ചരിത്രം തുടങ്ങുന്നത് അവിടെ നിന്നാണ് !
~~~~
സ്റ്റോർഹൗസിന് പുറത്ത് ചാറ്റൽ മഴ; നിരത്തിൽ പാകിയ കല്ലുകൾക്ക് നനവിന്റെ തിളക്കം ..
ക്ലാസ്സിക് ബ്രിട്ടീഷ് ശൈലിയിലുള്ള ഒന്നു രണ്ട് കുതിരവണ്ടികൾ പുറത്ത് കിടപ്പുണ്ട് ..
കരുത്തരായ കറുപ്പ് കുതിരകൾ ..
കുതിരവണ്ടിയിൽ കയാറാനൊന്നും നേരമില്ല ..
ഞങ്ങൾ ബസിലേക്ക് തിരിച്ചു ..
വാൾട്ടർ അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ട് വഴിയിൽ ഓസ്കാർവൈൽഡിന്റെ പ്രതിമയും ട്രിനിറ്റി കോളേജുമെല്ലാം അദ്ദേഹം ഞങ്ങൾക്ക് കാണിച്ചു തന്നു ...
തുടരും
സ്നേഹപൂർവ്വം
കിരൺ കണ്ണൻ


















Link to Facebook Post
Posted : March 21, 2019 Guinness Storehouse. Dublin, Ireland

അഭിപ്രായങ്ങള്‍