മഴയോടൊപ്പം ജനിച്ച ഉണ്ണി
Rally For Science #1

ഞാൻ ചെയ്യാമെന്നേറ്റ ശാസ്ത്ര ലേഖനങ്ങളുടെ സീരീസിലെ ആദ്യ പോസ്റ്റ് !
#keralarallyforscience
പണ്ട് പഴയൊരു കാലത്ത് കേരളത്തിൽ തൃശൂർ ജില്ലയില് പടിയൂർ എന്നൊരു കുഞ്ഞു ഗ്രാമത്തിൽ സുന്ദരനായ ഒരുണ്ണി പിറന്നു .. !
ഇന്നത്തെപ്പോലെ ജീവിതത്തിലെ ഓർമ്മകളൊക്കെയും അടുക്കിയൊരുക്കി വയ്ക്കാൻ സോഷ്യൽ മീഡിയാ ടൈംലൈനോ ഇ മെയിൽ ലിങ്ക്ഡ് ഡിജിറ്റൽ കലണ്ടറുകളോ ഇല്ലാതിരുന്ന കാലം ..
പല പല സംഭവങ്ങളെ പരസ്പരം കൂട്ടിയിണക്കി ചേർത്ത് വച്ചാണ് മനസ്സിനുള്ളിലെ ഓർമ്മയാൽബം കാലത്തിന്റെ ചിതലരിക്കാതെ സൂക്ഷിച്ച് വച്ചിരുന്നത് !!
ഉദാഹരണത്തിന് ഉണ്ണി പിറന്നതിന്റെ തൊട്ട് പിറ്റേ ദിവസമാണ് അടിയന്തിരാവസ്ഥ അവസാനിച്ചത് .. !
അമ്മക്ക് ഇനിയും ഓർമ്മകളുണ്ട് കൊടും വേനലിൽ പെട്ടന്ന് മഴ മഴ തിമർത്ത് പെയ്ത ദിവസങ്ങൾ .. !
മുറ്റത്തെ മാവിലെ ഉണക്കയിലയൊക്കെ ഓടുമേഞ്ഞ വീട്ടിലെ തകര പാത്തിക്ക് മുകളിൽ നിറഞ്ഞു കിടന്നിരുന്നു..
വർഷ കാലമാകുന്നതിന് മുൻപേ പുരമുകളിൽ ഏണിവച്ച് കയറി അതല്ലാം തൂത്ത് വാരി കളയുകയും തേങ്ങാ വീണു പൊട്ടിയ പുരയോടുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു ..
കൊടും വേനലിലെ മഴയായത് കൊണ്ട് ഇത്തരം മുന്നൊരുക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല ..
പാത്തിയിൽ ഇലതടഞ്ഞ് മഴ മുഴുവനും പുരയ്ക്കകത്തേകൊഴുകി ...
ഉണ്ണിയുടെ കിടക്ക നനഞ്ഞു !
അച്ഛൻ മഴ നനഞ്ഞ് പുരപ്പുറത്തേക്ക് കയറുന്നു ....
അമ്മൂമ്മ കൈതയോല പനമ്പെടുത്ത് മുറ്റത്ത് ഉണക്കാനിട്ട കൊപ്ര മൂടുന്നു ....
അമ്മ ; തണുക്കാതിരിക്കാൻ ഉണ്ണിയെ പരുത്തി തുണിയിൽ പൊതിയുന്നു ....
ആകെ ബഹളം .. ഉണ്ണി പക്ഷെ മഴപ്പാട്ട് കേട്ട് പൊട്ടി പൊട്ടി ചിരിക്കുകയാണ് .. ..!!
ഇന്നും മഴ കണ്ടാൽ 'ഉണ്ണി' ക്ക് ഒത്തിരി സന്തോഷമാണ് .. ..
ഓരോ മഴയിലും 'അമ്മ അതല്ലാം വീണ്ടും വീണ്ടും ഓർത്തെടുത്ത് പറയും ..
വിണ്ടു കീറിയ പുഞ്ചയിൽ ആ മഴ വലിയ ആശ്വാസമായാണ് പെയ്തിറങ്ങിയത് ..
അക്കൊല്ലം നാട്ടില് നല്ല വിളവ് കിട്ടി .. !
******
ഇങ്ങനെയുള്ള ഓർമ്മകളിലാണ് നമ്മൾ ജീവിതത്തിലെ നല്ലതും ചീത്തയുമായ നിമിഷങ്ങളെ കൊരുത്തിടാറുള്ളത് .. !
സങ്കടമുള്ള ഓർമ്മകളെ റിലേറ്റ് ചെയ്യാൻ ചീത്ത ഓർമ്മകളെ ചേർത്തുവയ്ക്കും .. .
ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും
എഴുത്തുകാരന്റെയും സമ്പൂർണ്ണ സ്വാതന്ത്രമാണ് അത് ..
ഗബ്രിയേൽ ഗാർസിയ മാർക്വേസ്ന്റെ കഥകളിലും നോവലുകളും ഓർമ്മ നൂല്നൂൽക്കുന്ന അതിമനോഹരമായ ഒരുപാട് സന്ദര്ഭങ്ങളുണ്ട് !!
*******
ശാസ്ത്രമെഴുതാമെന്നേറ്റ് ഞാൻ എങ്ങോട്ടാണ് ഈ പോകുന്നത് എന്നാവും അല്ലേ ?? തുടർന്നു വായിക്കൂ ...
ഉണ്ണി വലുതായി , കുറച്ച് നാളു കഴിഞ്ഞ് ഉണ്ണിക്ക് ഒരു കുഞ്ഞനിയത്തി പിറന്നു ..
കുറുമ്പി പെണ്ണിന് കഥകേൾക്കാൻ ഒത്തിരിയിഷ്ടം! ചുമ്മാ ഓർമ്മകൾ പറയുന്ന 'അമ്മ കഥകളിൽ അവൾ ഉറങ്ങില്ല ....
'അമ്മ ഓർമ്മകളിൽ നിറം ചേർത്തുപറഞ്ഞു ;
ഉണ്ണിപിറന്നപ്പോൾ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്നും ...
ഉണ്ണികരച്ചിലിൽ സന്തോഷിച്ച് മഴ മേഘങ്ങൾ തിമിർത്തു പെയ്തു എന്നും ...
വരൾച്ചയിൽ നിന്നും നിന്റെ ഏട്ടൻ നാടിനെ രക്ഷിച്ചു എന്നുമൊക്കെ ഭാവനാത്മകമായ കഥകൾ അവൾക്ക് പറഞ്ഞു കൊടുത്തു .. !
ഉറങ്ങാതെ ഉറക്കം നടിച്ച് കണ്ണ് മുറുക്കിയടച്ച് കിടക്കുന്ന ചേട്ടനാരാ മോൻ
പിറ്റേന്ന് 'അമ്മ പറഞ്ഞ കഥകളിൽ പെരും നുണകൾ ചേർത്ത് അപാരമായ കഥകളുണ്ടാക്കി ...
പാവം കുഞ്ഞ് പെങ്ങള് കുറച്ചൊക്കെ വിശ്വസിച്ചു !
ഏട്ടന് ബഹുമാനം നിറഞ്ഞ സ്നേഹം ഫ്രീ !
കുറെകൂടെ വളർന്നപ്പോൾ അവൾക്ക് കാര്യം മനസ്സിലായി ...
ഒരൂസം കുഞ്ഞാവ ഏട്ടനോട് പറഞ്ഞു
എന്റെ പൊന്നു ചേട്ടോ ഇമ്മാതിരി തള്ള് തള്ളാതെ; ചേട്ടൻ ജനിച്ചത് കൊണ്ടല്ല മഴ പെയ്തത് 
മഴ പെയ്ത ദിവസം ചേട്ടൻ ജനിച്ചതാ ..
ഏട്ടൻ പ്ലിങ്ങ് !
*******
മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായി കേവലമായ തരണം ചെയ്യലിന് വേണ്ടതിനെക്കാൾ കൂടുതലായുള്ള ബ്രെയിൻ സ്‌പേസ് മനുഷ്യനുണ്ട് ..
ഭാവനകളും സ്വപ്നങ്ങളും അപാരമായ യുക്തിചിന്തയും ചേർന്ന് ഈടും പാവും നെയ്ത് ചേർത്ത മനസ്സുകളാണ് മനുഷ്യന്റേത് !
യുക്തിപ്രചാരകരെ വെല്ലുവിളിക്കുന്നവർ എപ്പോളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് കലക്കും ഭാവനയ്ക്കും യുക്തിചിന്തകരിൽ സ്‌പെയ്‌സ് ഉണ്ടോ എന്ന് ?
ഉണ്ട് ~ ഇവിടെ ഭാവനയും സ്വപ്നങ്ങളും നല്ല നാളിനെ പ്രതീക്ഷിക്കാനും ചീത്ത സാധ്യതകളെ പ്രവചിക്കാനുമുള്ള നൈസർഗിക ചോദനകളാണ് ( Human Instincts )
കേവല വിശ്വാസികൾക്കും ശാസ്ത്ര ചിന്തയുള്ളവർക്കും ഭാവന സ്വപ്നം കല എന്നിവയല്ലാമുണ്ട് ...
ഇനി ശാസ്ത്ര ബോധത്തിലേക്ക് വരാം ..
അവിടെ ഭാവന എന്നത് ഒരു വിദൂര സാധ്യത മാത്രമാണ് ..
വസ്‌തുതകളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെടേണ്ട അറിവിലേക്കുള്ള അന്വേഷണത്തിനെ പ്രേരിതമാക്കുന്ന ആദ്യ ചവിട്ടുപടി എന്ന് വേണമെങ്കിൽ പറയാം . ..
ശാസ്ത്രം തെളിവ് തേടുമ്പോൾ വിശ്വാസം ഭാവനകളെ സാധൂകരിക്കാനുള്ള തെളിവുകൾ സൃഷ്ടിക്കുന്നു ..
ഇവിടെ ശാസ്ത്രത്തിന്റെ തെളിവ് തേടൽ ആശയത്തിനെ സാധൂകരിക്കുക എന്ന ഏകപക്ഷീയമായ ലക്ഷ്യത്തോടെയല്ല മറിച്ച് തന്റെ മനസ്സിലെ തന്നെ ഒരാശയതെ ശിഥിലമാക്കാനുള്ള, മുൻവിധികൾ ഒട്ടുമേയില്ലാത്ത, വിരുദ്ധമായ തെളിവുകളുടെ ശേഖരണം കൂടിയാണ് അത് .. .
ശാസ്ത്രസമൂഹത്തിന് 'ഉത്തരങ്ങൾ' എന്നത് ഇനിയും കണ്ടുപിടിക്കപ്പെടാനുള്ളതും നിരന്തരമായി നവീകരിച്ചുകൊണ്ടിരിക്കേണ്ടതും ചോദ്യം ചെയ്യപ്പെട്ടണ്ടതുമായ കാര്യമാണ് .
വിശ്വാത്തിൽ നേരെ മറിച്ചാണ് ഭാവനകളെ സാധൂകരിക്കുന്ന 'തെളിവുകൾ?' ആണ് അവർ തേടിക്കൊണ്ടിരിക്കുന്നതും നിർമ്മിച്ച് കൊണ്ടിരിക്കുന്നതും .
ഇവാ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട് ..
അത് ഇനിയും മനസ്സിലാകാത്തവർക്ക് ഈ പോസ്റ്റിന് ചുവടെയുള്ള ചർച്ചകളിലേക്ക് സുസ്വാഗതം . .
എനിക്ക് ഇവിടെ മുഖ പുസ്തകത്തിൽ ശാസ്ത്ര പ്രചാരകരായുള്ള കുറേയേറെ നല്ല കൂട്ടുകാരുണ്ട് .
നിങ്ങളുടെ ഓരോരുത്തരുടെയും ആശയങ്ങളും ചിന്തകളും ഒരുപാട് വിലപ്പെട്ടതാണ് ...
ഈ കുറിപ്പ് ആരിലെക്കൊക്കെ എത്തണം എന്നു തോന്നുന്നുണ്ടോ അവരുടെ ശ്രദ്ധയിൽ പെടുത്താൻ നിങ്ങളുടെ സഹായം തീർച്ചയായും വേണം ..
ഞാൻ ചെയ്യാമെന്നേറ്റ ശാസ്ത്ര ലേഖനങ്ങളുടെ സീരീസിലെ ആദ്യ കുറിപ്പാണ് ഇത് അതുകൊണ്ട് തന്നെ ഇതിലെ പ്രതികരണങ്ങളും ഇതിന്റെ പ്രചാരവും കൂടുതൽ എഴുതാനുള്ള പ്രചോദനമാകും! പ്രിയപ്പെട്ട കൂട്ടുകാർ അതിനന്നെ സഹായിക്കും എന്നു കരുതുന്നു ...
തുടരും ......

Link to Facebook post
Posted: November 2, 2017

അഭിപ്രായങ്ങള്‍