കാലിഡോസ്കോപ്പിനുള്ളിലെ കുട്ടി !
Rally For Science #2

"കാലിഡോസ്കോപ്പിനുള്ളിലെ കുട്ടി !"
ശാസ്ത്ര ലേഖനങ്ങളുടെ സീരീസിലെ രണ്ടാമത്തെ പോസ്റ്റ് !
#Keralarallyforscience
ഈ സീരീസിലെ ഒന്നാം ലക്കത്തിൽ എഴുതിയ ചേട്ടന്റേയും കുഞ്ഞാവയുടെയും കഥയിൽ നിന്നു തുടരാം..
എഴുതിയെഴുതി എവിടെയൊക്കെ പോകും എന്ന് വലിയ ധാരണയില്ല ...
°ഉണ്ണി ജനിച്ചപ്പോൾ മഴ പെയ്തു !
°മഴ പെയ്തപ്പോൾ ഉണ്ണി ജനിച്ചു !
°ഉണ്ണി പിറന്നത് മഴത്തണുപ്പിനോടൊപ്പം !
°മഴ പെയ്തത് ഉണ്ണികരച്ചിലിനോടൊപ്പം !
°ഉണ്ണി ജനിച്ചതുകൊണ്ടാണ് മഴ പെയ്തത് !
°ഉണ്ണിക്ക് പിറക്കാനായാണ് മഴ പെയ്തത് !
എന്നിങ്ങനെ സംഭവങ്ങളെ എങ്ങിനെ വേണമെങ്കിലും അവതരിപ്പിക്കാം !
വഴക്ക് മൂത്തപ്പോൾ 'അമ്മ രണ്ടാളെയും വിളിച്ച് പറഞ്ഞു, അങ്ങിനെയൊന്നുമല്ല കാര്യങ്ങൾ ;
"മഴപെയ്യേണ്ട സമയമായപ്പോൾ മഴ പെയ്തു; ഉണ്ണി ജനിക്കേണ്ടെ സമയമായപ്പോൾ ഉണ്ണി ജനിച്ചു"
കുഞ്ഞാവ യൂറിക്ക വായിക്കുന്ന കുട്ടിയാണ് ...
അവൾ തിരുത്തി അല്ല അമ്മേ,
"മഴ പെയ്തതാണ് മഴ പെയ്ത സമയം, ചേട്ടൻ ജനിച്ചതാണ് ചേട്ടൻ ജനിച്ച സമയം !"
ആദ്യ പോസ്റ്റിൽ അവതരിപ്പിച്ച കോറിലേഷൻ എന്ന ഈ വിഷയം വലിയ ചിന്തയും വിശദീകരണവും ചർച്ചകളും അവശ്യമായതാണ് ..
അത് പിന്നീടൊരിക്കലാകാം
തത്കാലം കല ~ ഭാവന ~ വിശേഷബുദ്ധി എന്ന വിഷയത്തിലേക്ക് വരാം .
************
ഏട്ടനും കുഞ്ഞാവയും പണ്ട് കാലിഡോസ്കോപ്പ് ഉണ്ടാക്കി കളിക്കുമായിരുന്നു !
കണ്ണാടിച്ചില്ലുകൾ ചേർത്തൊട്ടിച്ച കാലിഡോസ്കോപ്പുണ്ടാക്കി കളിച്ചിട്ടുണ്ടോ നിങ്ങൾ ... ?
ഓരോ തവണ കിലുക്കുമ്പോളും പലനിറമുള്ളവളപൊട്ടുകൾ വേറെ വേറെ പാറ്റേൺ രചിക്കുന്നതിന്റെ നിരന്തരമായ വിസ്മയമാണ് ആ ചെറിയ കളിയുപകരണം !!
ഞാനൊരിക്കൽ അതിനുള്ളിലേക്ക് ജീവനുള്ള പുളിയെറുമ്പിനെ പിടിച്ചിട്ടു !!
ഉറുമ്പിന്റെ ഓരോ ചലനങ്ങളും കാലിഡോസ്കോപ്പിലൂടെ നോക്കുന്ന എനിക്ക് വളരെ വിസ്മയമായി തോന്നി !!
ഒരു നൂറ് ഉറുമ്പുകൾ!! വളപൊട്ടുകളും ഉറുമ്പുകളും കൂടി കുഞ്ഞുകണ്ണിലൂടെ തലച്ചോറിൽ വിസ്മയകാഴ്ചകൾ പകർന്നു !!
ഉണ്ണി തള്ളിന്റെ മഹാരാജാവായിരുന്നല്ലോ
അഭിമാനത്തോടെ കുഞ്ഞാവയുടെ കണ്ണിലേക്ക് കാലിഡോസ്കോപ്പിന്റെ ചെറു സുഷിരം വച്ചു കൊടുത്ത് ചേട്ടൻ അലറി കൂവി; നോക്കൂ ഞാനുണ്ടാക്കിയ ചലന ദൃശ്ച്യങ്ങളുടെ കാലിഡോസ്കോപ്പ് . !
കുഞ്ഞാവ തന്റെ വിസ്മയകണ്ണ് കാലിഡോസ്കോപ്പിനുള്ളിലേക്ക് തുറന്നുവച്ചു !!
ഏട്ടന് കൊടുക്കാതെ അവൾ വീണ്ടും വീണ്ടും അതിലേക്ക് നോക്കികൊണ്ടേയിരുന്നു !!!
ഏട്ടൻ അഭിമാനം കൊണ്ട് വീർത്തുമുട്ടി ഇപ്പൊ മാനത്തേക്ക് പറന്നുപോകുമോ എന്നുവരെ സംശയിച്ച് നിൽപ്പാണ് !!
"ഏട്ടാ" ഇമ്മണി വലിയ ഒരു കാലിഡോസ്കോപ്പ് ഇണ്ടാക്കിത്തരുമോ ??
എനിക്ക് അതിനുള്ളിൽ ഇറങ്ങി ഉറുമ്പിനെ പോലെ നടക്കണം !!
മഴയോടൊപ്പം പിറന്ന ഉണ്ണി കുഞ്ഞാവയുടെ ആ ആശയത്തിൽ ആവിയായി പോയി !
എങ്ങിനെ അത്രേം വലിയ കാലിഡോസ്കോപ്പ് ഉണ്ടാക്കാം എന്നതിന്റെ സാങ്കേതികതയേക്കാൾ അവൻ അപ്പോൾ വിസ്മയിച്ചത് കുഞ്ഞാവയുടെ സ്വപ്നം ഓർത്ത് തന്നെയായിരുന്നു ... !
"കാലിഡോസ്കോപ്പിനുള്ളിലെ കുഞ്ഞാവ !!!! "
*************
കഥകളുടെയും കലാരൂപങ്ങളുടെയും നാടാണ് ഇന്ത്യ !
പ്രോജ്വലമായ ഭാവനകൾ, ഇതിഹാസങ്ങൾ, നാട്ടിടവഴികളിൽ പാടി പാടി നടന്ന ബാവുൾ ഗായകർ ...
സൂഫി സംഗീതം, വടക്കൻ പാട്ടുകൾ, പടയണി, ചാക്യാർ കൂത്ത്, കഥകളി, കക്കാരിശ്ശി നാടകം, നാഗപാട്ട്, ഒപ്പന, ദഫ്മുട്ട്, ചവിട്ടുനാടകം, പരിചമുട്ട്, മാർഗം കളി !
ഫ്‌ളാഷ് മോബ്, ബൊളീവുഡ്ഡ് ഡാൻസ്, എത്രയെത്ര കലാരൂപങ്ങൾ !! 
കലാജാഥകൾ, വിപ്ലവ ഗാനങ്ങൾ, തെരുവ് നാടകങ്ങൾ .....
സാഹിത്യം, ശില്പകല, ചിത്രണം....
ഭാണഭട്ടനെഴുതിയ 'കാദംബരി' യുടെ മലയാള പരിഭാഷ കൂട്ടുകാരിക്ക് പ്രണയസമ്മാനം കൊടുക്കാനായി വാങ്ങിയത് ഏകദേശം 15 വർഷങ്ങൾക്ക് മുൻപാണ് .. !
ഭാവനകളുടെ അതിവിസ്മയങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്ന പ്രാചീന ഗ്രന്ഥമാണ് കാദംബരി !!
~ 'നിലാവിന്റെ ചൂടേറ്റ് ' മാത്രം അലിയുന്ന 'ചന്ദ്രകാന്ത' കല്ലുകൾ നിറഞ്ഞ താഴ്വരകൾ ...
~ സിംഹത്തിന്റെ അടിയേൽക്കുന്ന ഗജവീരന്റെ പിളർന്ന മസ്തകത്തിൽനിന്നും പൊഴിയുന്ന വിശേഷമായ ചുമന്ന മുത്തുകൾകോർത്ത മാലകൾ നെഞ്ചിലണിഞ്ഞിരിക്കുന്ന ചന്ദ്രപീഡൻ !
~ തേജ്വസ്സിയായ ചന്ദ്രപീഡനെ ആദ്യമായി കാണുന്ന മാത്രയിൽ തന്നെ പ്രണയ പരാവശ്യം കൊണ്ട് മോഹാലസ്യപ്പെട്ട് വീഴുന്ന കാദംബരി !!!!
കാദംബരിയുടെ സ്റ്റോറി ലൈൻ പ്രണയാർദ്രമായി അവതരിപ്പിച്ച ഭാണഭട്ടന്റെ ഭാവനാത്മകമായ ക്രാഫ്റ്റിനെ സൂചിപ്പിക്കാനാണ് മുകളിലെ ചില കഥാ സന്ദർഭങ്ങൾ പറഞ്ഞത് .. !
കലയുടെ ആയുധങ്ങളാണ് ഭാവന, അതിശയോക്തി എന്നിവ!
പക്ഷെ കലയിലും ഇങ്ങനെ മാറ്റമില്ലാത്ത ഒരു നരന്തര്യമുണ്ടോ ?? ഇല്ല എന്നാണുത്തരം !
ഇന്റസ് വാലിയിലെ ഹാരപ്പൻ സിവിലൈസേഷൻ സൈറ്റിൽ നിന്നും കണ്ടെടുത്ത Dancing Girl എന്ന ശിൽപ്പം കണ്ടിട്ടില്ലേ ..
കുഞ്ഞുങ്ങൾ വരക്കുന്ന ചിത്രങ്ങളിലേത് പോലെ മനുഷ്യരൂപത്തിന്റെ ചില പ്രാഥമിക ഘടനകൾ ചേർത്തുണ്ടാക്കി എന്നതല്ലാതെ ദൃശ്യപരമായ വലിയ ആകർഷണീയതയൊന്നും ആ ശില്പത്തിനില്ല !
അതേസമയം സമകാലീനമായ കലാ രൂപങ്ങൾ നോക്കൂ ..
ദ്വിമായ കാൻവാസിൽ നിന്ന് ഒരേസമയം കാലത്തിലൂടെ പലയിടങ്ങളിലേക്ക് സഞ്ചരിക്കുന്ന ആശയങ്ങൾ !!
അനുവാചകന്റെ ബുദ്ധിക്കും ( അതേ ബുദ്ധി എന്നുതന്നെയാണ് പറഞ്ഞത് ) ഭാവനയ്ക്കും അനുസരിച്ച് ഒരേ കലാരൂപം പല പല ഭാവത്തിൽ അവതരിക്കുന്നു !!
**********
ക്ഷമിക്കൂ ഇന്ന് അവധിദിവത്തിന്റെ സ്വാതന്ത്രം ഉപയോഗിച്ചാണ് ഇത്തിരി നീണ്ട ഈ കുറിപ്പെഴുതി നിങ്ങളെ മുഷിപ്പിക്കുന്നത് .
പറയാനൊരുങ്ങിയത് ഇത്രമാത്രമാണ് ..
കല ഭാവന എന്നിങ്ങനെയുള്ള വിശേഷ ബുദ്ധികൾ വിശ്വാസത്തിന് കീഴ്പ്പെടുമ്പോൾ എന്തെല്ലാമാണ് സംഭവിക്കുന്നത് ??
ഭാവനയിലെ കഥാപാത്രങ്ങൾ യാഥാര്ഥമാണ് എന്നുവരും . .
കലാരൂപത്തിന് വിശേഷ ജീവൻ കല്പിക്കും .
ചോദ്യം ചെയ്യലുകൾ അവസാനിക്കുന്നിടത്താണ് വിശ്വാസം ആരംഭിക്കുന്നത് ..
ലക്ഷം ലക്ഷം പിന്നാലെ, വിപ്ലവ സൂര്യൻ, ഗാന്ധിയുടെ അവതാരം, നടനകലയുടെ ദൈവം, ഭാരതാംബയുടെ അരുമ മകൻ എന്നൊക്കെയുള്ള സാമൂഹ്യ സംജ്ഞകൾ തന്ത്രപരമായ അതിശയോക്തികളുടെ ചില ഭാഷാ സാങ്കേതങ്ങളാണ് ...
ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കുന്നവർക്ക് താൻ ഇന്ദ്രജാലക്കാരനായ വിശുദ്ധനല്ല എന്ന് കൃത്യമായ ധാരണയില്ലെങ്കിൽ
അല്ലെങ്കിൽ വിശ്വാസികൾക്കും അണികൾക്കും ഫാന്സിനും ആ അപദ്ധ ധാരണയാണ് ഉള്ളത് എങ്കിൽ വലിയ പ്രശ്നമാണ് ...
നിരന്തരമായി ചോദ്യം ചെയ്യുക പരിഷ്കരണങ്ങൾക്ക് വിധേയമാകുക വിമർശനങ്ങൾക്ക് വാതിൽ തുറന്നിടുക എന്നിവയല്ലാം ശാസ്ത്രീയ ശീലങ്ങളാണ് ..
*********
കഥ തുടരാം ..
ചേട്ടനും അനിയത്തിയും കൂടി ഇമ്മിണി വലിയ ഒരു കാലിഡോസ്കോപ്പ് ഉണ്ടാക്കി .. !
ഒരു വലിയ കയറിൽ കെട്ടി കുഞ്ഞാവയെ കാലിഡോസ്കോപ്പിനുള്ളിലേക്ക് ഇറക്കി .
ഏട്ടൻ സുഷിരത്തിലൂടെ കുഞ്ഞാവയെ നോക്കി !!
ഒരു നൂറ് കുഞ്ഞാവകൾ !!
കാലിഡോസ്കോപ്പിനുള്ളിലെ വളപൊട്ടുകളും മഞ്ചാടിമണികളും അവർ കൈകളിൽ എടുത്ത് കണ്ണാടിചുമരുകളിൽ നോക്കുന്നു !!!
കുഞ്ഞാവകളുടെ വിസ്മയം വിടർന്ന കണ്ണുകൾ മുകളിലേക്കുയരുന്നു !!
കുറെ കഴിഞ്ഞ് കുഞ്ഞാവ മുകളിലേക്ക് കയറിവന്നപ്പോൾ ഏട്ടൻ ആർദ്രമായി ചോദിച്ചു ..
"വാവേ നിനക്ക് അതിനുള്ളിൽ എന്തു കാഴ്ചയാണ് ഏറ്റവും ഇഷ്ടമായത് ?? "
" അതിനുള്ളിലോ ?? ഓഹ് ഈ ചേട്ടായിക്കെന്നാ നേരം വെളുക്കാ ?? ഞാൻ അതിനുള്ളിൽ പോയത് ഉള്ളിൽ നിന്ന് മുകളിലെ സുഷിരത്തിലൂടെ പുറത്തേക്ക് നോക്കാനാണ് !!"
നമ്മളിൽ എത്രപേർക്ക് കുഞ്ഞാവയെ പോലെയാവാൻ പറ്റും ??
അറിവിൽ നിന്ന് തിരിച്ചറിവിലേക്കുള്ള ദൂരമാണ് ശാസ്ത്രം !
ഒരു പ്രശ്നത്തിനെ അല്ലെങ്കിൽ സ്വപ്നത്തിനെ പല പല വീക്ഷണകോണുകളിലൂടെ മുൻവിധികളില്ലാതെ അപഗ്രഥിച്ച് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വിശകലനം ചെയ്യുമ്പോളാണ് നല്ല ഉത്തരങ്ങൾ ലഭിക്കുക ..
ഉത്തരങ്ങളിൽ പൂർണ്ണമായി തൃപ്തിയില്ലാതെ അവയെ ധീരമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുക . !!
കാലിഡോസ്കോപ്പിനുള്ളിലായാലും പൊട്ടകിണറ്റിലായാലും പുറത്ത് ഒരു ലോകമുണ്ട് എന്നും അത് സാധ്യതകളുടേതാണ് എന്നും മനസ്സിലായാൽ നമുക്കോരോരുത്തർക്കും നല്ലതാണ് ..
#കുഞ്ഞാവയ്ക്കൊപ്പം .
ഈ സീരീസിലെ ആദ്യ ലേഖനത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത് ..
ഈ നവംബറിനെ ശാസ്ത്രമാസമാക്കുക എന്ന ആഹ്വാനമനുസരിച്ച് കുറെയേറെ പുതിയ കൂട്ടുകാർ എഴുതി തുടങ്ങിയിരിക്കുന്നു . . !
ശാസ്ത്രത്തിൽ വെള്ളം ചേർക്കാതെ ധീരമായി എഴുതുക എന്നാണ് അവരോടെനിക്ക് പറയാനുള്ളത് .
ഒരുപാട് പുതിയ കൂട്ടുകാർ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ..
ഫെയ്‌സ് ബുക്ക് അനുവദിച്ചു തന്നിരിക്കുന്ന ചങ്ങാതികളുടെ എണ്ണത്തിലുള്ള സാങ്കേതികമായ പരിധി തീരാറായിരിക്കുന്നു ..
ഇനിയുള്ളവർക്ക് ഈ പ്രൊഫൈൽ ഫോളോ ചെയ്യേണ്ടതായി വരും . .
നല്ല ചർച്ചകൾ ഉയർന്നു വന്നില്ല എന്നത് എഴുതാനുള്ള ആവേശം ഇത്തിരി കുറച്ചിട്ടുണ്ട് ..
ചർച്ചകൾക്ക് സ്‌പേസ് ഇട്ടുകൊണ്ടാണ് ഈ പരമ്പര എഴുതുന്നത് ..
ഇതിൽ ഓരോ കുറിപ്പുകൾ വായിച്ചുനോക്കിയാലും ഒഴിച്ചിട്ട ചില വിടവുകൾ കാണാനാകും .
അത് മനഃപൂർവ്വം ചെയ്യുന്നതാണ് ..
ചിന്തകളെ പ്രകോപിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഉറക്കെ പറയാനും ചർച്ച ചെയ്യാനും പഠിക്കാനും പ്രചോദിപ്പിക്കാനായാൽ മാത്രമേ ശാസ്ത്ര ലേഖനങ്ങൾക്ക് മികവുണ്ടാവുകയുള്ളൂ ..
ലേഖനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക കുത്തിടുക എന്നീ മാർഗ്ഗങ്ങളാണ് കഴിഞ്ഞ പോസ്റ്റിൽ നിര്ദേശിച്ചിരുന്നത് .
പക്ഷെ അത് ശരിയായ രീതിയല്ല എന്നു തോന്നുന്നു ..
കുത്തിടുക എന്നതിന് പകരം ഇതുവായിച്ചപ്പോൾ തോന്നിയ ഒരു ചിന്ത .. അല്ലെങ്കിൽ ഒരു വാക്ക് ഇവിടെ കമന്റ് ഇടാൻ നോക്കൂ ...
അത് വിമര്ശനമോ തുടർചിന്തകളോ ആകാം ..
സ്നേഹപൂർവ്വം
കിരൺ കണ്ണൻ

Link to Facebook Post
Posted : November 3, 2017

അഭിപ്രായങ്ങള്‍