ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് ശാസ്ത്രത്തിന് എന്താണ് കാര്യം ??
Rally For Science #4

ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് ശാസ്ത്രത്തിന് എന്താണ് കാര്യം ??
ശാസ്ത്ര ലേഖനങ്ങളുടെ സീരീസിലെ നാലാമത്തെ പോസ്റ്റ് :
കുഞ്ഞാവയും ഏട്ടനും ശാസ്ത്ര കഥകളും ചർച്ചകളും ചെറു പാരവെയ്പുകളും ചിത്ര രചനയും പുസ്തക വായനയും ഒക്കെയായി പതിയെ വളർന്നു ...
ഏട്ടന്റെ ബെസ്റ് ഫ്രണ്ട് ആണ് കുഞ്ഞാവ !
അന്നത്തെ കാലത്ത് വീട്ടിലെ രണ്ടാമത്തെ കുഞ്ഞിന് മുതിർന്ന കുട്ടിയുടെ പേരിന്റെ ആദ്യാക്ഷരം ചേർത്ത് പേരിടുക എന്നത് ഒരു സാധാരണ രീതിയായിരുന്നു . അതുകൊണ്ട് തന്നെ രണ്ടാമത്തെ കുഞ്ഞുങ്ങൾക്ക് വിചിത്രമായ പല പേരുകളും ലഭിക്കും, ഇനി മൂന്നാമത് ഒരു കുഞ്ഞു കൂടെ പിറന്നാൽ പേര് വിചിത്രം എന്നതിൽ നിന്ന് അതിവിചിത്രമായി മാറും !
അക്ഷരങ്ങളുടെ പ്രാസമൊപ്പിക്കലിനുമപ്പുറത്ത് അത്തരം പേരുകൾക്ക് വലിയ അർത്ഥമൊന്നും കാണില്ല ..
അച്ഛനും അമ്മയും എന്നെ 'കിരൺ' എന്നും കുഞ്ഞാവയെ 'കില' എന്നും വിളിച്ചു !
ആദ്യമൊക്കെ കുഞ്ഞാവാക്ക് അവളുടെ പേരിനോട് ഇത്തിരി പിണക്കമുണ്ടായിരുന്നുവെങ്കിലും ഒരു പേരിന് ശരിയായ അർത്ഥം നൽകുന്നത് ആ പേര് 'ധരിക്കുന്നവരാണ്' എന്ന് വളരെ ചെറുപ്പത്തിലേ അവൾ മനസ്സിലാക്കിയെടുത്തിരുന്നു !
ഏട്ടനും കുഞ്ഞാവയും വലുതായി, ഏട്ടൻ ഇപ്പൊ യുവാവാണ്!, കുഞ്ഞാവ കൗമാരത്തിലും !
ആയിടക്കാണ് ഏട്ടന് ഒരു പ്രണയപനി പിടിച്ചത് !!
"ജീവിതം യൗവ്വന തീഷ്ണവും, ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന കാലം !"
~ രാത്രി ജനലരികിലിരുന്ന് നിലാവിന്റെ തണുത്ത വെളിച്ചത്തിൽ കത്തെഴുതാൻ ശ്രമിക്കുക .
~ ഒറ്റക്ക് നിൽക്കുന്ന ചില്ലക്ഷരങ്ങളുടെ അപൂർണ്ണതയെ കുറിച്ച് സംസാരിക്കുക ..
~ ചോറിൽ പൊരിച്ച് വച്ച ചാളയുടെ കടലിൽ ഒറ്റക്കായിപോയ ഇണയെ കുറിച്ചോർത്ത് ഉറക്കെ നെടുവീർപ്പിടുക !! തുടങ്ങിയ അസാധാരണമായ സ്വഭാവ വൈചിത്ര്യങ്ങളൊക്കെ ഏട്ടൻ കാണിച്ച് തുടങ്ങിയപ്പോളേക്കും കിലക്ക് കാര്യം മനസ്സിലായി ..
ഏട്ടനെ തോട്ടിയിടാനുള്ള ഒരവസരവും അന്നും ഇന്നും അവൾ പാഴാക്കാറില്ല !
"മിസ്റ്റർ റാഷണലിസ്റ്, താങ്കൾ ഇപ്പോൾ ഒരു പ്രണയത്തിലാണെന്ന് മനസ്സിലായി, പറയൂ ഏട്ടാ പ്രണയത്തിനും ശാസ്ത്രത്തിനും ഇടയിലെ എട്ടുകാലി നൂലുകൾ ഏതൊക്കെയാണ് ??"
"നശിപ്പിച്ച്" ഈ ചോദ്യകുട്ടി എന്റെ സകല മൂഡും കളഞ്ഞല്ലോ എന്ന് നെറ്റി ചുളിച്ചു !
കുഞ്ഞായിരിക്കുമ്പോൾ മുതൽ ഇന്നുവരെ കുഞ്ഞാവയെറിഞ്ഞ ചോദ്യവിത്തുകളിലൊന്നുപോലും മനസ്സിൽ മുളക്കാതെ പോയിട്ടില്ല .. !
അവളെ ചോദ്യം ചോദിക്കാൻ പഠിപ്പിച്ചതാണ് ഏട്ടനെന്ന നിലയിൽ ഞാനിതുവരെ ചെയ്തതിൽ ഏറ്റവും നല്ല കാര്യം 
പ്രണയത്തെ കുറിച്ച്, സമൂഹ ബന്ധങ്ങളെ കുറിച്ച്, നന്മ - കാല്പനികത - സ്നേഹം എന്നിവയെ കുറിച്ചെല്ലാം ഏട്ടനും കുഞ്ഞാവയും അന്നൊരുപാടൊരുപാട് സംസാരിച്ചു .....
അതെല്ലാം എഴുതി നിറക്കാൻ ഈ ഫെയ്‌സ് ബുക്ക് ചുമരുകൾ തികയാതെ വരും ....
എങ്കിലും "പ്രണയത്തിനും ശാസ്ത്രത്തിനും ഇടയിലെ എട്ടുകാലി നൂലുകളെ" കുറിച്ചുള്ള ചില ആശയങ്ങൾ ഇവിടെ പങ്കുവയ്ക്കാം ..
സാമൂഹ്യ മന: ശാസ്ത്രവും വികാരങ്ങളെക്കുറിച്ചുള്ള പഠനവും സോഷ്യൽ സയൻസിലെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങളിൽ ഒന്നാണ്. സോഷ്യൽ സൈക്കോളജി ഈ മേഖലയുടെ വികസനത്തിന് ഒരുപാട്സ ഹായകമായിട്ടുണ്ട്.
പ്രത്യേകിച്ച്, വികാരങ്ങളും ഭാഷയുമായുള്ള ബന്ധം .
ഒരു വികാര നിർമ്മാണത്തെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാന സൂചകങ്ങൾ എന്തൊക്കെയാണ് ??
∞ വ്യത്യസ്ത പശ്ചാത്തല-കാഴ്ചപ്പാടുകളിൽ നിന്നുള്ള സംഭാവനകൾ;
∞ ഇമോഷന്റെ നിർമ്മാണവും നിർവ്വഹണ പഠനങ്ങളും,
∞ വികാരത്തിന്റെ നവ പഠനങ്ങൾ.
∞ വികാരത്തിന്റെ തത്ത്വചിന്ത-നിർമ്മാണം.
∞ വികാരത്തിന്റെ മുഖ്യധാര മനഃശാസ്ത്രം.
∞ വികാരം-ഭാഷ-സാമൂഹിക നിർമ്മാണം എന്നിവ തമ്മിലുള്ള ബന്ധം
ഗർഭ പാത്രത്തിൽ നിന്നും പുറത്തെത്തുന്ന കുഞ്ഞ് ജീവിതം ആരംഭിക്കുന്നത് കരച്ചിലിലൂടെയാണ്, അതുകൊണ്ടത് തന്നെ വികാരമാണ് നമ്മുടെ ആദ്യ ഭാഷ എന്ന് ആംഗ്ലോ കനേഡിയൻ നോവലിസ്റ്റും സൈക്കോളജിസ്റ്റുമായ Keith Oatley പറഞ്ഞിട്ടുണ്ട് .
എന്താണ് ദുഃഖം? എന്താണ് കോപം ? എന്താണ് ഭയം ??
അവയെല്ലാം കേവലമായ വാക്കുകളാണോ ?? അതോ അതിനപ്പുറമുള്ള വേറെന്തൊക്കെയോ ആണോ ?
തത്ത്വത്തിൽ, ദുഃഖവും, കോപവും, ഭയവും വികാരമാണ്, അതുപോലെ തന്നെയാണ് സ്നേഹവും, വികാരത്തെ സംബന്ധിച്ച മനുഷ്യന് സ്ഥിര പരിചിതമായ പദമാണ് "സ്നേഹം" .
പ്രകൃത്യായുള്ള അനുഭവങ്ങൾ ആണ് ഇവയെല്ലാം - കാല്പനികമായത് യുക്തിരഹിതമായത് എന്നൊക്കെ വിവിക്ഷിക്കാറുണ്ടെങ്കിലും അങ്ങിനെയല്ല കാര്യങ്ങങ്ങൾ .
ജനിതകപരമായി കൈമാറ്റം ചെയ്ത് കിട്ടുന്ന ചില ചോദനകളെ വിശേഷ ബുദ്ധിയും ഭാവനയും ഉപയോഗിച്ച് ഇമ്പ്രോവൈസ് ചെയ്യുന്നവയാണ് വികാരങ്ങളിൽ ഏറെയും .
ജനിതകപരമായ കൈമാറ്റം ചെയ്തു കിട്ടുന്ന ജീവികളുടെ സ്വഭാവ സവിശേഷതകൾ കുറിച്ച് ശ്രീ Ravi Chandran C വളരെ വിശദമായി പറഞ്ഞിട്ടുള്ളത് കേൾക്കുവാൻ ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്കിയാൽ മതിയാകും
ബുദ്ധിയും സ്നേഹവും ചേരുന്നതെങ്ങനെ ?
കുഞ്ഞാവ ചെക്ക് പറഞ്ഞു !!
ആൺ പെൺ ആകർഷണങ്ങളുടെ ജനിതകവും പരിണാമപരവുമായ നിർവചനം സന്താനോത്പാദനം / പുതു തലമുറ നിർമ്മാണം എന്നീ ലക്ഷ്യങ്ങളിലേക്കും, ഒരു സമൂഹത്തിലെ അംഗങ്ങളുടെ ഇടയിലെ സ്നേഹാധിഷ്ഠിതമായ ഇടപെടലുകൾ ബാഹ്യമായ അപകടങ്ങളിൽ നിന്നുള്ള സുരക്ഷാ എന്ന ലക്ഷ്യത്തിലേക്കും എത്തിച്ചേരും . .
അൽപ്പബുദ്ധി കളായ വിവിധ ഷഡ്പദങ്ങളും മത്സ്യങ്ങളുമെല്ലാം ഇത്തരത്തിൽ സാമൂഹ ജീവിതം നയിക്കുന്നുണ്ടെന്ന് നമുക്കറിയാം ..
ഇവിടെ എങ്ങിനെയാണ് മനുഷ്യൻ വേറിട്ട് നിൽക്കുന്നത് ?
ഇതേ സീരീസിലെ കാലിഡോസ്കോപ്പ് എന്ന ടൈറ്റിലിൽ എഴുതിയത് മാതിരി കേവലമായ തരണം ചെയ്യലിന് വേണ്ടതിനേക്കാളും ഒരുപാട് ബുദ്ധി മനുഷ്യനുണ്ട് ....
നമ്മുടെ ഉപകരണങ്ങളെ ( Tools ) എങ്ങിനെയൊക്കെയാണോ നമ്മൾ മെച്ചപ്പെടുത്തുന്നത് അതുപോലെ തന്നെ നമ്മൾ നമ്മുടെ വികാരങ്ങളെയും നൈസർഗികമായി ഇമ്പ്രോവൈസ് ചെയ്തുകൊണ്ടിരിക്കുന്നു !!
ടെക്‌നോളജി / സയൻസ് എന്നിവയിൽ ഗണിതം, റിസേർച്ച് പേപ്പറുകൾ, രേഖാചിത്രങ്ങൾ വർക്കിങ്ങ് മോഡൽസ് എന്നിവയൊക്കെ ആശയ കൈമാറ്റത്തിനുള്ള പ്രമാണ രേഖകളാകുന്നു എങ്കിൽ; വികാര വിചാരങ്ങളെ പ്രചരിപ്പിക്കുന്നത് ഭാഷയും സംഗീതവും ചിത്രകലയും നൃത്തവുമൊക്കെയാണ് !!!
മാറ്റങ്ങളുടെ നൈരന്തര്യമാണ് മാനവികത ( Science is embedded within it )
കോടികണക്കിന് വര്ഷങ്ങളായി ഇലമുറിയൻ ഉറുമ്പുകൾ ( Leafcutter Ants ) ഇല ചുമന്ന് നടക്കുന്നു പരിണാമപരമായി വലിയ മാറ്റങ്ങളൊന്നും അവയുടെ ദിനചര്യയിൽ സംഭവിച്ചിട്ടില്ല .
പാപ്വാ ന്യൂ ഗുന്യാ ( Papua New Guinea ) യിലെ ബേർഡ് ഓഫ് പാരഡൈസ് പക്ഷികൾ ഇണയെ ആകർഷിക്കാൻ ശദാബ്ദങ്ങളായി ഒരേ 'നൃത്തം ചവിട്ടുന്നു' മനുഷ്യന്റെ കാര്യം അങ്ങിനെയല്ല ...
നമ്മുടെ രീതികൾ ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നു ...
പഴയ സിനിമകളിലെ പ്രണയ രംഗങ്ങൾ ഇന്നത്തെ ബ്രോസിന് അരമണിക്കൂർ പോലും ഇരുന്നു കാണാൻ ക്ഷമയുണ്ടാകണം എന്നില്ല ...
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് മാക്സ് പണ്ട് പറഞ്ഞിട്ടുണ്ട് !
കുഞ്ഞാവ കണ്ണ് മിഴിച്ച് ചോദിച്ചു, മാറ്റം / ഇമ്പ്രോവൈസേഷൻ ഇതൊക്കെ ചേർന്നതിനെ പറയുന്ന പേരാണോ സയൻസ് എന്ന് ??
കുഞ്ഞാവയുടെ ഈ ചോദ്യത്തിൻറെ ഉത്തരത്തിലാണ് ശാസ്ത്രബോധം എന്ന സംജ്ഞയുടെ യഥാർത്ഥ അർഥം ഒളിച്ചിരിക്കുന്നത് .. !
ഞാൻ ഈ സീരീസിൽ ഇതിനു മുൻപ് പറഞ്ഞതും ഇനി ഒരുപക്ഷെ ഒരു അദ്യായം കൂടി എഴുതിയാൽ അതിൽ പറയാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്ന പ്രധാന ആശയം "ശാസ്ത്ര ബോധം"എന്താണെന്നുള്ളതാണ് ...
ഭൂമിയുടെയും മനുഷ്യരുടെയും നന്മക്കായി അറിവുകളെ ഉപയോഗിക്കുന്നതിനെയാണ് ലളിതമായി ശാസ്ത്ര ബോധം എന്ന് പറയുന്നത് ...
അറിവും വിജ്ഞാനവും തമ്മിലുള്ള അന്തരമാണത്, അതുകൊണ്ട് തന്നെ ആറ്റം ബോംബ് ഉണ്ടാക്കുന്നത് ശാസ്ത്രമാകില്ല
അതെ സമയം ന്യൂക്ലിയാർ മെഡിസിൻ ശാസ്ത്രമാകുകയും ചെയ്യും .
( ഈ വിഷയങ്ങളിലെല്ലാം തുറന്ന ചർച്ചകൾ ക്ഷണിക്കുന്നു )
"മിസ്റ്റർ ചേട്ടൻ, ഇനി പറയൂ ശാസ്ത്രീയ പ്രണയം എന്നൊക്കെയുണ്ടോ ??
ഉഹ്ഹ്! ഇവളുടെ ഇരുതല മൂർച്ചയുള്ള ചോദ്യങ്ങൾക്ക് മുന്നിലല്ലാതെ ഞാൻ ഇത്രമാത്രം ചിന്തയുടെ തടവിൽ പെട്ടുപോയിട്ടില്ല ! 
ചെയ്തികളെയെല്ലാം വിവേകപരമായി അപഗ്രഥിച്ചാൽ പിന്നെന്ത് പ്രണയം ???
സൈക്കോളജി എന്നത് വളരെയധികം സങ്കീർണ്ണമായ ഘടകങ്ങൾ ഉൾപ്പെടുന്ന പഠന ശാഖകയാണ്, സോഷ്യൽ സൈക്കോളജി എന്നുവരുമ്പോൾ സങ്കീർണ്ണത ഇനിയും ഏറെ കൂടും .
അമൂർത്തം എന്ന് പരിഹസിച്ചു തള്ളാൻ വരട്ടെ .
സോഷ്യൽ സയന്റിസ്റ്റുകൾ വളരെ നല്ല പഠനങ്ങളും പ്രവചനങ്ങളും നടത്തിയിട്ടുണ്ട് .
വാവക്ക് എളുപ്പം മനസ്സിലാക്കാൻ "അശാസ്ത്രീയ പ്രണയത്തിന്" ചില ഉദാഹരണങ്ങൾ പറയാം :
- ഇഷ്ടമുള്ള ഒരാളെ അടിമയായി കരുതുന്നത് ,
- മതം ധനം എന്നിങ്ങനെയുള്ളവ പ്രണയത്തിനെ സ്വാധീനിക്കുന്നത് .
- പ്രണയത്താൽ ഒരാൾ മറ്റൊരാളെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് .
- താൻ ആസ്വദിക്കുന്ന സ്വാതന്ത്രം പങ്കാളിക്ക് അനുവദിക്കാതിരിക്കുന്നത് .
അങ്ങിനെ ഒരുപാട് കാര്യങ്ങൾ ...
ഇനിയെന്ത് എന്നമട്ടിൽ ഒരു ബുദ്ധി ജീവി കണക്കെ ഞാൻ കുഞ്ഞാവയുടെ മുഖത്തേക്ക് നോക്കി ?
അവൾ ചോദിച്ചു; അപ്പോൾ ചേട്ടോയ് ഇലട്രിക്ക് ബൾബ് ഓഫ് ചെയ്‌ത് മുറിയിൽ ഇരുട്ടാക്കി ജനാലയിലൂടെ വരുന്ന ചാന്ദ്രവെളിച്ചത്തിൽ കത്തെഴുതുന്നത് ശാസ്ത്രീയ പ്രണയമോ അശാസ്ത്രീയ പ്രണയമോ ??
അത് പിന്നെ ; പ്രണയമെന്നതിൽ ഭാവനയുടെ ഘടകങ്ങൾ കുറെയുണ്ട് എന്ന് പറഞ്ഞല്ലോ ; അത് കലാപരമായ ചില ചേരുവകളാണ് ... അങ്ങിനെയൊക്കെ ചെയ്താലും ചാന്ദ്ര ശോഭയേക്കാൾ തെളിച്ചം ഫ്ലൂറസെന്റ് ബൾബിനാണ് എന്നെനിക്ക് അറിയാതിരിക്കില്ലല്ലോ .
എന്നൊക്കെ ചില ആശയങ്ങൾ കൂടി അവളോട് പങ്കുവച്ചു ..
കുറച്ചു നേരത്തെ നിശബ്ദത :
അവൾ തുടരൂ എന്ന ഭാവത്തിലിരിക്കുകയാണ് ഞാൻ പെട്ടു .
ങ്ഹാ ഹാ അങ്ങനെയാണോ: ഞാൻ അപ്പോൾ എവല്യൂഷണറി സൈക്കോളജി, എവല്യൂഷണറി ബയോളജി, അന്ത്രോപോളജി, ന്യുറോ കെമിസ്ട്രി എന്നീ പദാവലികളൊക്കെ ചേർത്ത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണുന്നതുപോലെ ചിലതെല്ലാം പറഞ്ഞു ...
അതിന് ശേഷം ആത്മവിശ്വാസത്തോടെ ഞാൻ അനിയത്തിയോട് ചോദിച്ചു, നിനക്ക് എന്ത് മനസ്സിലായി ???
അവൾ പറഞ്ഞു "മണ്ടൻ ചേട്ടൻ, മര്യാദക്ക് പ്രേമിക്കാൻ പോലും അറിയില്ല "
അവൾ കള്ളം പറയുകയാണ് എന്ന് എനിക്ക് ഉറപ്പായിരുന്നു !


Link to Facebook post
Posted: November 12, 2017

അഭിപ്രായങ്ങള്‍