പൂത്താങ്കീരികൂട്ടത്തിന്റെ സൗരോർജ്ജ പഠനം !
Rally For Science #5

പൂത്താങ്കീരികൂട്ടത്തിന്റെ സൗരോർജ്ജ പഠനം !
ശാസ്ത്ര ലേഖനങ്ങളുടെ സീരീസിലെ അഞ്ചാമത്തെ പോസ്റ്റ് :
"ഏട്ടാ മ്മടെ പുരപ്പുറത്തൊരു സോളാർ മേൽക്കൂര വച്ചാലോ ??"
കില പതിവ് പോലെ ഒരു പുതിയ ചർച്ചാവിഷയം തുടങ്ങിവച്ചു ;
പുരപ്പുറത്തെ പവർ സ്റ്റേഷൻ എന്ന ആശയത്തിൽ നിന്നാണ് എല്ലാം തുടങ്ങിയത് .
ചോദ്യങ്ങളെ പിൻതുടർന്ന് വായിച്ചും ചർച്ച ചെയ്തും ലഭിച്ച അറിവുകളെല്ലാം അടക്കിയൊതുക്കി വയ്ക്കുകയും ''പൂത്താങ്കീരിക്കൂട്ടം'' എന്ന് ഞങ്ങൾ പേരിട്ടിരിക്കുന്ന നാട്ടിലെ പഠന കൂട്ടായ്‌മയിൽ ആ വിഷയങ്ങൾ അവതരിപ്പിക്കുകയും , ചർച്ച ചെയ്യുകയും ചെയ്യുക എന്നിവയെല്ലാം അക്കാലത്തെ പ്രധാന വിനോദ വിജ്ഞാന പരിപാടികളായിരുന്നു ... !!
ഈ വിഷയത്തിൽ കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുൻപ് ആ നാട്ടുകൂട്ടായ്മ എന്താണെന്ന് കൂടി പറഞ്ഞാലേ പൂത്താങ്കീരികളോട് ഇതുവായിക്കുന്ന കൂട്ടുകാർക്ക് ഒരു അടുപ്പം തോന്നൂ ..
'കരിയില പക്ഷികൾ', 'സെവൻ സിസ്റ്റേഴ്സ്' എന്നിങ്ങനെയൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്ന നാട്ടുപക്ഷിക്കൂട്ടമാണ് പൂത്താങ്കീരികൾ ... !
എപ്പോളും കലപിലയുണ്ടാക്കി തൊടിയിലും തോപ്പിലുമെല്ലാം ചിക്കിപ്പെറുക്കി നടക്കുന്ന ആ പക്ഷികളെപോലെയായിരുന്നു ഞങ്ങൾ കുറച്ചുപേർ ഒരു കാലത്ത് !
ഞാനും കിലയും മാത്രമല്ല, ജിന്ജി (ജിഞ്ചിയെ പിന്നീട് ജീവിതത്തിൻറെ കൂട്ടുകാരിയായി കൂടെ കൂട്ടി), ഹനീഷ്, ഷാൻ, രഞ്ജിത്ത്, മനോജ്, ജിഷി, ജിഷാന്ത്, അനൂപ്, മണികണ്ഠൻ, സുജേഷ്, അനീറ്റ, ജിജു, ഷാജീവ്, ദിനു... സീനിയർ മെമ്പേഴ്‌സ് ആയി മെറ്റി ടീച്ചർ, സെറാഫിൻ മാഷ് അങ്ങിനെ ഒരുപാട് പേർ !!
സൗരോർജ്ജം എന്ന പഠനവിഷയം പൂത്താങ്കീരികൂട്ടത്തിൽ ചർച്ചക്കിട്ടത് കിലതന്നെയാണ് , പിന്നെ എല്ലാം പെട്ടന്നായിരുന്നു,~ ഒരു വര്ഷം നീണ്ടുനിന്ന പഞ്ചായത്ത് ജലവിഭവ പഠനം തീർന്ന് റിപ്പോർട്ട് പുസ്തകമായി പ്രസിദ്ധീകരിച്ചത്തിന്റെ ആവേശം കെട്ടടങ്ങിയിരുന്നില്ല .
ഓരോരുത്തരുടെ താത്പര്യമനുസരിച്ച് സൗരോർജ്ജ പഠനത്തെ പല മേഖലകളായി തരം തിരിച്ചു - ലൈബ്രറികളും തൊട്ടടുത്ത കോളേജുകളിലെ അധ്യാപകരും ഇരിഞ്ഞാലകുടയിലെ ഇന്റർനെറ്റ് കാഫെകളുമൊക്കെയായിരുന്നു ഞങ്ങളുടെ റിസോഴ്സ് .
പുനരുപയോഗ ഊർജ്ജം, ഫോസിൽ ഫ്യുവൽ, ക്ഷമതയുള്ള അടുപ്പുകൾ, വീടുകളിലെ എനർജി എഫിഷ്യന്റ് നിർമ്മാണ രീതികൾ, പാലക്കാട് മുണ്ടൂരിലുള്ള IRTC ( Integrated Rural Technology Centre) സന്ദർശനം, കൃഷിയിടങ്ങളിലെ ഊർജ സംരക്ഷണം, കമ്പോസ്റ്റിംഗ്, ബയോഫ്യുവൽ എന്തിന് സ്‌പെയ്‌സ് പ്രോഗ്രാമുകളിലെ ഊർജ ഉപയോഗത്തിന് കുറിച്ച് വരെ പല പല ടൈറ്റിലുകളിൽ പഠനം നടന്നു !
തൊട്ടടുത്ത വേനൽ അവധിക്ക് ഊർജം എന്ന പ്രമേയത്തിലാണ് തിര്യാത്ത് സ്‌കൂളിൽ പത്തു ദിവസം നീണ്ടുനിന്ന സയൻസ് വർക്ഷോപ്പ് സംഘടിപ്പിച്ചത് !
ഞങ്ങൾ പൂത്താങ്കീരിക്കൂട്ടത്തിന്റെ 'പഠനം' എന്നതിന് ഊർജ്ജ ചിന്തകൾ ശേഖരിക്കുക / അവ ക്രോഡീകരിക്കുക എന്നേ അർത്ഥമാക്കേണ്ടതുള്ളൂ ..
വലിയ രീതിയിലുള്ള പരീക്ഷണങ്ങളൊന്നും നടത്താനുള്ള സാഹചര്യം ഞങ്ങള്ക്ക് അന്നുണ്ടായിരുന്നില്ല .
അന്നത്തെ കുഞ്ഞു പൂത്താങ്കീരി യൂസഫ് ഇപ്പോൾ ഫോട്ടോവോൾട്ടിക്‌ സെല്ലുകളിൽ ഉപയോഗിക്കാവുന്ന ഓർഗാനിക് ഡൈ വികസിപ്പിക്കുന്നതിൽ ഗവേഷണം നടത്തുന്നു !!
അനീറ്റ മൈക്രോബയോളജിയിൽ മാസ്റ്റർ ബിരുദമെടുത്തതിന് ശേഷം ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ സോഷ്യൽ സയൻസിൽ എം ഫിൽ എടുത്തിനു ശേഷം ഇപ്പോൾ റൂറൽ സസ്‌റ്റൈനബിൾ ഡെവലപ്പ്മെന്റിൽ പി എച് ഡി ചെയ്യുന്നു.
ബിസിനിയും വിക്രമനും ഷാജീവുമെല്ലാം അധ്യാപകരാണ് .
മെറ്റിൽഡടീച്ചർ വിരമിക്കാൻ ഒരുവർഷം മാത്രം ബാക്കിയുള്ളപ്പോൾ എം. എ എക്കണോമിക്സ് പരീക്ഷ എഴുതിയെടുത്തു !!
സെറാഫിൻ മാഷിന് ഏറ്റവും നല്ല അദ്യാപകനുള്ള കേരള സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും അംഗീകാരങ്ങൾ ലഭിച്ചു ..
കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ !!!
( പഴയ പൂത്താങ്കീരികളിൽ പേരുപരാമര്ശിക്കാതെ പോയ ആരെങ്കിലും ഈ കുറിപ്പ് വായിക്കുകയാണെങ്കിൽ ഇവിടെ കമന്റ് ഇടാൻ മറക്കരുതേ .. ഇപ്പോൾ എന്ത് ചെയ്യുന്നു എന്നും എഴുതണം )
ക്ഷമിക്കൂ; പൂത്താങ്കീരികൂട്ടത്തിനെ കുറിച്ചുള്ള പഴയ ഓർമ്മകളിൽ ഇന്നത്തെ എഴുത്തുവിഷയത്തിൽ നിന്നും വഴിമാറിപോയി ~
പൂത്താങ്കീരികളെ കുറിച്ച് വിശദമായി പിന്നീടെഴുതാം ..
സൗരോർജത്തിലേക്ക് തിരികെ :
ഊർജവിവരങ്ങൾ മുഴുവനും ഈയൊരു പോസ്റ്റിൽ എഴുതി നിറക്കാൻ കഴിയില്ല പകരം രസകരമായ ഒരു കാര്യം ചെയ്യാം. കുറെ ടൈറ്റിലുകൾ പിന്നെ ഉപ ടൈറ്റിലുകൾ എന്നമട്ടിൽ അധികം വിശദീകരിക്കാതെ എഴുതിവയ്ക്കാം കമന്റുകളിൽ വരുന്ന ചോദ്യങ്ങൾക്കും നവ ആശയങ്ങൾക്കും ഒപ്പം പോസ്റ്റിലെ ആശയങ്ങൾ വളരട്ടെ !
ടൈറ്റിലുകൾ മാത്രം എഴുതിവയ്ക്കുന്ന ഈ രീതി ഞാൻ പഠനകാലത്ത് പരീക്ഷിച്ചിട്ടുള്ളതാണ് ~ ചരിത്രം, വലിയ ആശയങ്ങൾ എന്നിവയെല്ലാം ഇങ്ങനെ എഴുതിവച്ചാൽ പഠനം എളുപ്പമാകും
സൗരോർജ്ജം
1 ) സൂര്യതാപ അടുപ്പുകൾ :
( സൗര താപത്തിനെ കറിപാത്രത്തിലേക്ക് ഫോക്കസ് ചെയ്യുന്നത് / റിഫ്ളക്റ്റ് ചെയ്യുന്നത് / കറുത്ത പെയിന്റ് അടിച്ച ഇന്സുലേറ്റഡ് ചുമരുകളുള്ള അടുപ്പിൽ ഗ്ളാസ്സുകൊണ്ട് മൂടിവച്ചാൽ ഗ്രീൻ ഹൌസ് എഫക്റ്റ് മൂലം താപം കേന്ദ്രീകരിക്കപ്പെടുന്നത് / ഉണക്കിയെടുക്കുന്നത് / ഇത് കൂടാതെ ഇതിന്റെയെല്ലാം പല പല കോമ്പിനേഷനുകൾ )
2 ) സൂര്യ താപ ഇലട്രിസിറ്റി
~ പാരാബോളിക്ക് മിറർ പവർ പ്ലാന്റുകൾ :
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അകം കണ്ണാടിയായ വലിയ പൈപ്പുകൾ മുറിച്ച് വച്ചതുപോലെയുള്ള അനേകം പാരാബോളിക്ക് കണ്ണാടികൾ സൂര്യകാന്തി പൂക്കളെ പോലെ സൂര്യനെ പിന്തുടരുന്നു
കണ്ണാടികൾക്ക് നടുവിലെ ഗ്ളാസ് ട്യൂബുകളിലൂടെ തിള നില കൂടിയ ചില രാസ ദ്രാവകങ്ങൾ പതിയെ ഒഴുകികൊണ്ടിരിക്കും ഒരു വളഞ്ഞ കണ്ണാടിയിൽ നിന്ന് അടുത്ത കണ്ണാടിയിലേക്ക് !
റിസീവിങ്ങ് അറ്റത്തെത്തുമ്പോളേക്കും ഒഴുകുന്ന ദ്രാവകത്തിന്റെ താപം വളരെ ഉയർന്നതായിട്ടുണ്ടാകും ആ താപം ഉപയോഗിച്ച് ഹീറ്റ് എക്ചേഞ്ചറുകൾ ഉപയോഗിച്ച് വെള്ളം തിളപ്പിക്കുകയും വെള്ളം തിളച്ച നീരാവി കൊണ്ട് ടർബൈൻ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉണ്ടാക്കുന്നു .
ഏതാനും മീറ്ററുകൾ മുതൽ കിലോമീറ്ററുകളോളം പറന്നു കിടക്കുന്ന ഇത്തരം സോളാർ തെർമൽ പ്ലാന്റുകൾ ലോകം എമ്പാടും ഇപ്പോൾ ഉണ്ട്
~ കോണ്സന്ട്രേറ്റഡ് ടവർ സോളാർ പവർ പ്ലാന്റ്
ഈ മാതൃകയിൽ സൂര്യനെ നോക്കുന്ന കണ്ണാടികൾ പരന്ന പ്രതലമുള്ളവയാണ് പക്ഷെ കേന്ദ്രീകൃതമായി കമ്പ്യൂട്ടർ കൺട്രോളിൽ ഉള്ള മോട്ടോറുകൾ പിടിപ്പിച്ച അവയെല്ലാം സോളാർ പാടത്തിന്റെ ഒരു വശത്ത് എഴുന്നുനിൽക്കുന്ന ഒരു കൂറ്റൻ ടവറിനു മുകളിൽ കേന്ദ്രീകരിക്കും അതിനുള്ളിലെ മോൾട്ടൻ സാൾട്ട് ( അതിസാന്ദ്രമായ വലിയ തിള നിലയുള്ള ദ്രാവകം ) താഴെയുള്ള വെള്ളത്തിനെ തിളപ്പിച്ച് നീരാവിയാക്കി ടർബൈൻ കറക്കി വൈദ്യുതി ഉണ്ടാക്കുന്നു )
സൂര്യ താപ വൈദ്യുതി അത്ര നിസ്സാരമായി കണക്കാക്കരുത് നിലവിൽ 5 ജിഗാവാട്ട് വൈദ്യുതി ലോകമാസകലം ഈ രീതികളിൽ ഉണ്ടാക്കുന്നുണ്ട് നിലവിൽ പ്രഖ്യാപിച്ചച്ചിട്ടുള്ള പദ്ധതികൾ പ്രകാരം അടുത്ത രണ്ട് മൂന്ന് വർഷങ്ങളിൽ ഇത് ഇരട്ടിയിൽ ഏറെ ആകാനാണ് സാധ്യത .
നിലവിൽ സോളാർ തെർമൽ വൈദ്യുതി നിർമ്മാണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് .
3 ) സോളാർ ഫോട്ടോവോൾട്ടിക്ക് ഇലട്രിസിറ്റി
സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിൽ ഏറ്റവും വലിയ വിപ്ലവങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് ഈ മേഖലയിലാണ് ...
നമ്മുടെ കുഞ്ഞു കാൽകുലേറ്റർ മുതൽ സ്‌പേസ് സ്റ്റേഷൻ വരെ പ്രവർത്തിക്കാൻ ഫോട്ടോവോൾട്ടിക്ക് ഇലട്രിസിറ്റി ആണ് ഉപയോഗിക്കുന്നത് !
ലോകമെമ്പാടും നിലവിൽ 80.5 ഗിഗാവാട്ട് വൈദ്യുതി ഫോട്ടോവോൾട്ടിക്ക് മാർഗത്തിലൂടെ ഉത്പാടിപ്പിക്കുന്നുണ്ട് എന്നറിയുക !!
ഫോട്ടോവോൾട്ടിക്ക് സെല്ലുകൾ പണ്ട് വളരെ വില കൂടുതലായിരുന്നു എങ്കിൽ ഇപ്പോൾ അനുദിനം വില കുറഞ്ഞു വരുന്നു , ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഫോട്ടോ വോൾട്ടിക്ക് സെല്ലുകൾ സപ്ലൈ ചെയ്യുന്നത് ..
കെട്ടിടങ്ങളിൽ കൂളിങ്ങ്ങ് ഫിലിം പോലെ ഒട്ടിക്കാവുന്നവയും പെയിന്റ് പോലെ കോട്ടിങ്ങ് ചെയ്യാവുന്നവയുമായുള്ള ഫോട്ടോ വോൾട്ടിക്ക് സെല്ലുകളിലുള്ള ഗവേഷണം തകൃതിയായി നടക്കുന്നു .. !
സൗരോർജം വെല്ലുവിളികൾ
രാത്രി സൂര്യനുണ്ടാവില്ല സ്റ്റോറേജിന് എന്തുചെയ്യും ???
ചെറിയ ഉപകരണങ്ങളിലൊക്കെയും ബാറ്ററി സ്റ്റോറേജാണ്
പക്ഷെ ഈ മാർഗം ഉപയോഗിച്ച് വലിയ അളവിൽ സ്റ്റോർ ചെയ്തു വയ്ക്കുക എന്നത് വളരെ ചെലവേറിയതും അപ്രായോഗികവും ആണ് .
വളരെ വിരളമായ മൂലകങ്ങളാണ് നല്ല ബാറ്ററി നിർമ്മാണത്തിന് ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ചിലവ് ഇനിയും കൂടും .
പിന്നെ എന്ത് ചെയ്യാനാകും ??
പമ്പ്ഡ് സ്റ്റോറേജ് :
സൂര്യനുള്ളപ്പോൾ വെള്ളം പമ്പ് ചെയ്ത് സൂക്ഷിച്ച് രാത്രി ആ വെള്ളം കൊണ്ട് ടർബൈൻ കറക്കി വൈദ്യുതി ഉണ്ടാക്കിയാലോ ???
അത്രമാത്രേം എനർജി എഫിഷ്യന്റ് അല്ലെങ്കിലും ഇന്ത്യയിൽ അടക്കം പല രാജ്യങ്ങളും ഈ മാർഗ്ഗം സ്വീകരിക്കുന്നുണ്ട് ..
വലിയ റിസർവോയറുകൾ വേണ്ടിവരും ...
വെള്ളം രാത്രി പകൽ സൈക്കിൾ ആയതുകൊണ്ട് പുഴ ഒഴുക്കിനെ കാര്യമായി ബാധിക്കില്ല ..
മോൾട്ടൻ സാൾട്ട് :
സൗര താപം ഉപയോഗിക്കുന്ന പവർപ്ലാന്റുകൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രായോഗികമാർഗ്ഗമാണ് മോൾട്ടൻ സാൾട്ട് :
ഈ രീതിയിൽ ഉപ്പ് പോലെയുള്ള ലവണങ്ങൾ പകലത്തെ സൂര്യ താപം കൊണ്ട് ഉരുക്കി ഇന്സുലേറ്റ് ചെയ്ത പടുകൂറ്റൻ ടാങ്കിനുകളിൽ സൂക്ഷിക്കുന്നു രാത്രി ഹീറ്റ് എക്‌ചേഞ്ചിങ്ങ്ങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മോൾട്ടൻ സാൾട്ട് ശേഖരിച്ചിരിക്കുന്ന ടാങ്കുകളിലെ ചൂടിൽ നിന്ന് വെള്ളം തിളപ്പിച്ച് ആവിയിൽ ടർബൈൻ കറക്കി വൈദ്യുതി ഉണ്ടാക്കുന്നു .
ലോകമാസകലം വ്യാപിച്ചു കിടക്കുന്ന ഒരു ഇലട്രിസിറ്റി ഗ്രിഡ്ഡ് ഉണ്ടെങ്കിൽ സൗരോർജ്ജം സ്റ്റോറേജ് ഇല്ലാതെ എല്ലാവര്ക്കും എപ്പോഴും ഉപയോഗിക്കാനാകുമോ ??
തീർച്ചയായും സാങ്കേതികമായി പ്രായോഗികമായ രീതിയാണ് ഇത്, പ്രശ്‌നം രാഷ്ട്രീയമാണ് - രാജ്യങ്ങൾക്കിടയിലെ തർക്കം ഒരു പ്രശ്നമാകും .
ആഫ്രിക്കയിലെ മരുഭൂമി രാജ്യങ്ങൾക്ക് സൂര്യ വൈദ്യുതി കയറ്റുമതി ചെയ്യാനായാൽ അത് വലിയ നേട്ടമായിരിക്കും .
നിലവിലുള്ള പഠനങ്ങൾ കാണിക്കുന്നത് സോളാർ സെൽ ഉത്പാദനത്തിന് വേണ്ട ഊർജ്ജആവശ്യവും സിലിക്ക മൈനിങ്ങും എല്ലാം കൂട്ടി നോക്കിയാലും ഫോസിൽ ഇന്ധനങ്ങളെക്കാൾ ഒരുപാട് കുറവ് കാർബൺ കാൽപാടുകളെ സോളാർ എനർജി ഭൂമിക്ക് കൈമാറൂ എന്നാണ് ..
ഇതുവരെ ഇവിടെ പറഞ്ഞ കാര്യങ്ങൾ സൊരോര്ജ്ജം എന്ന ആശയത്തിന്റെ ഉപരിതലം മാത്രമേ സ്പർശിച്ചിട്ടുള്ളൂ ...
ഇവിടെ കൂട്ടിച്ചേർക്കലുകളും ചോദ്യോത്തരങ്ങളും ചേർക്കേണ്ടത് നിങ്ങൾ ഓരോരുത്തരുമാണ് ...
സൗരോർജ മേഖലയിൽ തൊഴിൽ ചെയ്യുന്നവർ, ബിസിനസ്സ് ചെയ്യുന്നവർ, ഗവേഷണം നടത്തുന്നവർ, വീട്ടിൽ സൗരോർജ്ജ മേൽക്കൂര വെച്ചവർ എന്നിവരെല്ലാം ഒന്ന് കൈപൊക്കൂ നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൂ ???
~ കേരളത്തിന്റെ ഇലട്രിസിറ്റി ക്ഷാമത്തിന് സൗരോർജം ഒരു പരിഹാരമാകുമോ ??
~ എന്തൊക്കെയാണ് സാധ്യതകൾ ?
എന്തൊക്കെയാണ് പ്രശ്നങ്ങൾ ??
~ ഭൂമിയിലെ ട്രോപ്പിക്കൽ മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന ഫോട്ടോവോൾട്ടിക്ക് ഫാമുകൾ ഏതൊക്കെയാണ് ???
~ ഗ്രിഡ്ഡ് കണക്ടിവിറ്റി വിദേശരാജ്യങ്ങളിൽ വിജയിക്കുമ്പോൾ നമ്മുടെ രാജ്യത്തിൽ നടപ്പില്ല എന്ന് ചിലർ പറയുന്നത് എന്തുകൊണ്ടാണ് ?
~ പ്രശ്‌നം ആസൂത്രണകുറവും ഇച്ഛാശക്തി ഇല്ലായ്മയും മാത്രമാണോ ?
~ സാമ്പത്തികമാണെങ്കിൽ നമ്മൾ എങ്ങിനെ അത് നേരിടണം ??
~ വരാനിരിക്കുന്ന വമ്പൻ സോളാർ പദ്ധതികൾ ഏതൊക്കെയാണ് ???
~ ഊർജത്തിന്റെ വികേന്ദ്രീകരണത്തിന് പുരപുറത്തെ സോളാർ പവർസ്റ്റേഷനുകൾ സഹായമാകുമോ ??
~ അഞ്ചാറുമാസം സൂര്യൻ ചക്രവാളത്തിൽ മാത്രം നിൽക്കുന്ന നോർവെയിൽ മലകൾക്കിടയിലായിപോയ ഗ്രാമത്തിന് സൂര്യ വെളിച്ചം ലഭിക്കാൻ മലമുകളിൽ ട്രാക്ക്ചെയ്യാവുന്ന റിഫ്ളക്റ്റീവ് കണ്ണാടികൾ വച്ച കഥ നിങ്ങളിൽ ആർക്കൊക്കെ അറിയാം ??
~ കേരളത്തിൽ പുരപ്പുറത്ത് ഗ്രിഡ്ഡ് കണക്ടിവിറ്റി സാധ്യമാണോ ?
~ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ഫോട്ടോ വോൾട്ടിക്ക് മേക്കാനിസത്തിന് കേരളത്തിൽ എന്തു ചിലവ് വരും ??
~ അനേർട്ടിന്റെ സബ്‌സിഡികൾ എന്തെല്ലാമാണ് ??
~ നിലവിൽ കേരളത്തിലെ വലിയ ഫോട്ടോവോൾട്ടിക്ക് പ്ലാന്റുകൾ എവിടെല്ലാമാണ് ??
~ സൗരോർജ്ജ ഉൽപാദനത്തിൽ പല പല ടെക്നൊളജികൾ കൂട്ടുചേർത്തുള്ള ഹൈബ്രിഡ്ഡ് പ്ലാന്റുകൾ സാധ്യമാണോ ?
~ ഫ്ലോട്ടിങ്ങ് ഫോട്ടോവോൾട്ടിക്ക് പവർപ്ലാന്റുകൾ കേരളത്തിൽ എവിടെയല്ലാമുണ്ട് ??
~ നെടുമ്പാശേരി എയർപോർട്ടിലെ സൗരോർജ്ജ പ്ലാന്റ് ഏതു തരത്തിലുള്ളതാണ് അതിന്റെ കപ്പാസിറ്റിയും ചിലവും എത്ര ?
~ ഇന്ത്യയുടെ മൊത്തം ഊർജ്ജ ഉൽപാദനത്തിൽ സൗരോർജ്ജം എത്ര ശതമാനമാണ് ?? അതിൽ തന്നെ ഫോട്ടോ വോൾട്ടിക്ക് എത്ര സോളാർ തെർമൽ എത്ര ??
~ എനര്ജി എഫിഷ്യൻറ്റ് നിർമ്മിതികൾ എങ്ങിനെയൊക്കെയാണ് ഊർജ്ജ ലാഭം തരിക ?
ഞങ്ങളുടെ എല്ലാ പഠനവും അവസാനിക്കാറുള്ളത് നൂറു നൂറു പുതിയ ചോദ്യങ്ങളിലാണ് !
ഇലട്രിക്ക് വാഹനങ്ങൾ കുറച്ചുനാളുകൾക്കകം പൊതുനിരത്തുകൾ കൈയേറും .
പുകയും ശബ്ദവുമില്ലാത്ത സ്റ്റൈലിഷ് വാഹനങ്ങൾ !
ലൻഡ്‌ലൈനിൽ നിന്നും മൊബൈൽ ഫോണുകളിലേക്കുള്ള ചടുലമായ പ്രയാണം പോലെ വലിയ ഒരു മാറ്റത്തിനാണ് നമ്മുടെ റോഡുകൾ കാത്തിരിക്കുന്നത് !!
ഗതാഗതതിന് കൂടി ഉപയോഗം വരുന്നതോടെ വൈദ്യുതിയുടെ ആവശ്യം വളരെ അധികം വർധിക്കും ...
വേഗമാകട്ടെ ചിന്തകൾക്ക് സ്വാഗതം ..
സൗരോർജ്ജ പ്ലാന്റുകളുടെ നല്ല ചിത്രങ്ങൾ കയ്യിലുണ്ടെങ്കിൽ ഇവിടെ കമന്റായി ഇടൂ ...
'Selfie with a solar plant' നമുക്കൊരു ക്യാമ്പയിൻ ആയി എടുത്താലോ ??
'റാലി ഫോർ സയൻസ്' തീർന്ന നിലക്ക് ആ ടൈറ്റിലിൽ എഴുതുന്ന അവസാന പോസ്റ്റ് ആയി ഇതിനെ കണക്കാക്കുക .
കൂട്ടുകാർക്ക് താത്പര്യമുണ്ടെങ്കിൽ പൂത്താങ്കീരികൂട്ടത്തിന്റെ വിശേഷങ്ങളൊക്കെ പിന്നീട് എഴുതാം ...


Link to Facebook Post
Posted : November 20, 2017

അഭിപ്രായങ്ങള്‍