മേഘങ്ങൾക്കുള്ളിലെ മഴ !
Shillong India

മേഘങ്ങൾക്കുള്ളിലെ മഴ !
മഴയനുഭവങ്ങളുടെ നാടാണ്‌ മേഘാലയ*; കാല്പനിക മലയാളം പ്രണയത്തിനോടൊപ്പം ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളത് മഴയെ കുറിച്ചായിരിക്കും .. !!
എനിക്ക് ഇവിടെ എഴുതാനുള്ളതും മഴയെക്കുറിച്ച് തന്നെ .
ആവർത്തന വിരസതയില്ലാതെ 'മഴമലയാളി'യുടെ മനസ്സിലേക്ക് ഇവിടുത്തെ നനവുള്ള വിശേഷങ്ങൾ എങ്ങിനെ പകർത്തും ?
ചിറാപുഞ്ചിയിലെ രണ്ടാമത്തെ ദിവസം കില അച്ചൂനെ വിളിച്ചപ്പോൾ അവൻ ആവേശത്തോടെ പറഞ്ഞ വാക്കുകളാണ് ആദ്യം ഓർമ്മവരുന്നത് . .
"അമ്മേ ഞങ്ങൾ ഇവിടെ മേഘങ്ങൾക്കുള്ളിലാണ് താമസിക്കുന്നത് !"
മേഘാലയ പീഠഭൂമിയാണ്, തൊട്ടടുത്ത് ബംഗ്ളാദേശിന്റെ സമതലങ്ങളിൽ നിന്നും ഉയർന്ന് നിൽക്കുന്ന നാട് !!
ആസാം മഴയല്ലാം മഹാ ബ്രഹ്മപുത്രയിലൂടെ ചാലിട്ടൊഴുക്കുമ്പോൾ
മേഘാലയ അനവധിയനവധിയായ വെള്ളച്ചാട്ടങ്ങളിലൂടെയും കാലു, റിങ്‌ജി, ടാറിംഗ്, സാന്താ, സിംസങ്, മിന്റ്ടു, ദിഗാരു, ഉംഖരി ക്യൻചിയാങ് തുടങ്ങിയ ചെറുതും വലുതുമായ നദികളിലൂടെയും വെള്ളം ബംഗ്ളാദേശിലേക്ക് ഒഴുക്കിവിടുന്നു .. !
ചിറാപ്പുഞ്ചിയും മോസിൻറാമും തലസ്ഥാനമായ ഷില്ലോങ്ങിനെക്കാളും താഴെ, ഭൗമാന്തരീക്ഷത്തിലെ മഴമേഘങ്ങൾ 'താമസിക്കുന്ന' അതേ വിതാനത്തിൽ തന്നെയാണ്.
അച്ചു അവന്റെ അമ്മയോട് ചുമ്മാ കളിപറഞ്ഞതല്ല, മേഘങ്ങൾക്കൊപ്പം തന്നെയാണ് ഞങ്ങൾ താമസിച്ചത് .. !!!
ചിറാപുഞ്ചിയിലെ മൂന്ന് ദിവസങ്ങളിൽ പെരുമഴയൊഴിഞ്ഞ ഒരു മിനുട്ടുപോലും ഉണ്ടായിരുന്നില്ല .. അവിടെ ഇങ്ങനെ ആറുമാസത്തോളം മഴപെയ്യുമത്രെ !!!
മഴപെയ്യാത്തപ്പോൾ മേഘം നനയ്ക്കും !
കുഞ്ഞു കടകളല്ലാം കതക് ചാരിയിട്ടിരിക്കും നമ്മൾ കതക് തുറന്ന് അകത്ത് ചെല്ലണം .. കടക്കുള്ളിൽ ഒന്നോരണ്ടോ കസേരകളിൽ കുറച്ചുപേർ നനഞ്ഞ കോഴികുഞ്ഞുങ്ങളെപോലെ തണുത്തൊതുങ്ങി ഇരിപ്പുണ്ടാവും ..
മഴയും മേഘങ്ങളും കവർന്ന കുഞ്ഞുപകലുകളുള്ള ഈ നാട്ടിൽ ഇവരെങ്ങിനെ തിരക്കുകളില്ലാതെ ജീവിക്കുന്നു എന്ന് അതിശയം തോന്നിപ്പോകും .. !
ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും വെത്തില മുറുക്കുന്നവരാണ് !! ചുവന്ന ചുണ്ടുകൾ ! സൗഹൃദം നിറഞ്ഞ കുഞ്ഞുകണ്ണുകളുള്ള ചെറിയ മനുഷ്യർ ! പലചരക്ക് പീടിക നടത്തുക ഹോംസ്റ്റേ നടത്തുക എന്നിങ്ങനെ പ്രത്യക്ഷത്തിലുള്ള ഒട്ടുമിക്ക ജോലികളും സ്ത്രീകൾ ചെയ്യുമ്പോൾ പുരുഷന്മാർ ടാക്സി ഓടിക്കുകയും കൃഷിക്ക് നിലമൊരുക്കുകയും ചെയ്യുന്നു ..
"നശിച്ച മഴ" എന്ന് നമ്മുടെ നാട്ടിലേതുപോലെ ആരും അവിടെ പറയില്ല ...
മഴയോട് ചങ്ങാത്തംകൂടി ജീവിക്കുന്നവരാണ് അവർ, മഴ നിറഞ്ഞ് പെയ്യുമ്പോളാണ് അവിടെ കൂടുതൽ സഞ്ചാരികളെത്തുന്നത് ..!
സഹസ്രാബ്ദങ്ങളിലൂടെ മഴ മണ്ണിലെയും മനുഷ്യമനസ്സിലെയും ചെളിമുഴുവനും ഒഴുക്കി കളഞ്ഞിരിക്കുന്നു !!
ആസാമിലൂടെ ഒഴുകിയെത്തുന്ന ബ്രഹ്മപുത്രയും മേഘാലയയിലെ പെരുമഴയും ബംഗ്ളാദേശിലെ സമതലങ്ങളിൽ മഹാ പ്രളയങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും ആ നാട്ടിലെ കാർഷിക ജീവിതം ഇതേ ജലത്തിൽ ഊന്നിയുള്ളതാണ് !!
ബ്രഹ്മപുത്രയുടെ ഡെൽറ്റ സുന്ദർബൻ, മേഘാലയായിൽ നിന്ന് ഒഴുകിയെത്തുന്ന എക്കൽ മണ്ണ് .. ബംഗ്ളാ ജനത വടക്കുകിഴക്കൻ ഇന്ത്യയുടെ മഴമണ്ണിനോട് കടപ്പെട്ടിരിക്കുന്നു !!
മേഘാലയക്കും ബംഗ്ളാദേശിനും ഇടയിൽ സംഘർഷങ്ങളില്ലാത്ത അതിർത്തിയാണുള്ളത് .. അതിർത്തി ചന്ത കൗതുകകരമാണ് ബംഗ്ലാദേശിന്റെ പരുത്തി തുണികൾ, സിറാമിക്ക് പാത്രങ്ങൾ, പണിയായുധങ്ങൾ. ഇന്ത്യയുടെ വനവിഭവങ്ങൾ, പഴങ്ങൾ പച്ചക്കറികൾ ...
മഴയത്ത് കാനന പാതകളിലൂടെ വണ്ടിയോടിക്കുമ്പോൾ പുഴയൊഴുകുന്നത് മലയിൽനിന്ന് റോഡിലെ വാഹനങ്ങൾക്ക് മുകളിലൂടെയാണ് ...
ഇളകുന്ന മണ്ണൊക്കെ ഒഴുകിയടങ്ങി ഉറപ്പുള്ള മലകളാണ് ഈ ദേശത്ത്, അതുകൊണ്ട് തന്നെ നാഗാലാന്റിനെ അപേക്ഷിച്ച് മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും തുലോം കുറവ് ..
ഉറപ്പുള്ള നല്ല റോഡുകൾ! ആസാമിൽ തലസ്ഥാനമായ ഗുവാഹാതിയിൽ നിന്നും കേവലം 2.5 മണിക്കൂർക്കൊണ്ട് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെത്താം ..
മഴ ആലോസരമല്ലാത്തവർക്ക് മേഘാലയ ഒരു സ്വർഗഭൂമിയാണ് ..
മലയോരങ്ങളിൽ പലയിടത്തും "Sacred Groves" എന്ന ബോർഡ് കാണാം ..
കാസി ഗോത്രവിശ്വാസത്തിന്റെ ഭാഗമാണ് കിലോമീറ്ററുകളോളം നീണ്ട് പരന്ന് കിടക്കുന്ന ഇത്തരം സംരക്ഷിത വനങ്ങൾ .. !
ഇവിടുത്തെ ജനം ഇത്തരം കാടുകളിൽ നിന്നും ഒരു ഇല പോലും പറിക്കില്ല .. അവിടുത്തെ പൂവും കായയും മരവും തേനുമല്ലാം കാടിന് സ്വന്തം !
തിരക്കുകളില്ലാതെ ജീവിക്കുന്ന ജനതക്ക് ചേർന്ന ഒരു വിനോദമുണ്ട് അവിടെ ..
വലിയ മീൻ വളർത്തൽ കുളങ്ങളിലെ ചൂണ്ടൽ മത്സരങ്ങൾ !!!
ഒരു കുളത്തിനു ചുറ്റും പതിരുന്നൂറ് പേരൊക്കെ ചൂണ്ടാണുണ്ടാവും! ഏറ്റവും ഭാരകൂടുതല്ലുള്ള മീൻ പിടിക്കുന്ന ആൾക്കാണ് സമ്മാനം മൽത്സരത്തിൽ പങ്കെടുക്കാനും പണം കൊടുക്കണം ..
ഇരുപത്തി അയ്യായിരം രൂപ മുതൽ നാലു ലക്ഷം വരെ പ്രൈസ് മണി ഉള്ള ഇത്തരം മത്സരങ്ങൾ ഓരോ ആഴ്ചയും ഉണ്ടാകും !!!
ഒരുപക്ഷേ മേഘാലയൻ യുവത ക്ഷമ പഠിക്കുന്നത് ഇത്തരം ചൂണ്ടൽ കുളങ്ങളിൽ നിന്നാകാം !!
മഴയൊതുങ്ങുമ്പോൾ വീണ്ടും അവിടെയൊക്കെ പോണം :
കണ്ണാടിച്ചില്ലുപോലെ സുതാര്യമായ ധ്വാക്കി നദിയിലൂടെ ബംഗ്ളാദേശിന്റെ തീരം വരെ ..
ഓഫീസിലെ നേപ്പാളി പെണ്കുട്ടി പറഞ്ഞ എലിമാളങ്ങൾ പോലെയുള്ള കൽക്കരി ഖനികൾ കാണണം .
ഏഷ്യയിലെ ഏറ്റവും ശുചിത്വമാർന്ന ഗ്രാമം എന്നറിയപ്പെടുന്ന മൗളിൻ നോംഗ്, സ്ട്രോബറി വില്ലേജ്, മോസിൻറാം എല്ലാം ഒരിക്കൽ കൂടെ കാണണം..
യാത്രകൾ അവസാനിക്കുന്നില്ല ...
ഇത്തവണ മഴകാണാൻ വേണ്ടി മാത്രമാണ് പോയത് ....
ഇലട്രോണികം പണിമുടക്കിയതുകൊണ്ട് വളരെ കുറച്ച് മഴച്ചിത്രങ്ങളേയുള്ളൂ .. ..
മഴയെ കുറിച്ച് പറയുക എന്നത് എളുപ്പമൊന്നുമല്ല ..
മഴ കൊതിച്ച് കൊണ്ടറിയേണ്ടതാണ് ......

[ മേഘാലയിലേക്ക് പോകാനാഗ്രഹിക്കുന്നവർ Hepz Bhakupar Khongphai നെ വിളിക്കുക +918794009160 ചിറാപുഞ്ചിയിലാണ് ഹെപ്പിന്റെ വീട് ഹെപ്പും സഹോദരനും മേഘാലയായിൽ ടാക്സി ഓടിക്കുന്നു .. നന്നായി ഇംഗ്ളീഷ് സംസാരിക്കും .. റോക് മ്യൂസിക്ക് ഇഷ്ടമുള്ള ന്യൂജൻ ആണ്.. വലിയ തുകയൊന്നും ആവശ്യപ്പെടാതെ ക്ഷമയോടെ കുഞ്ഞുമേഘാലയ മുഴുവനും കാണിച്ചു തരും ]





















Link to Facebook Post
Link to Newspaper article Deshabhimani
Posted Date : July 14, 2017 ·


അഭിപ്രായങ്ങള്‍