കഴിഞ്ഞ രാത്രിയിൽ അത് സംഭവിച്ചു !
'മിന്റി' എന്ന് പേരിട്ട ശാലഭ ലാർവ പ്യൂപ്പയായി മാറി !
ഇന്നലെ ഉച്ചതിരിഞ്ഞ് നീണ്ട നാലുമണിക്കൂറുകൾ 'ടൈം ലാപ്‌സ്' റെക്കോഡ് ചെയ്തു എങ്കിലും ലാർവയിൽ നിന്ന് പൂപ്പയിലേക്കുള്ള നാടകീയമായ രൂപമാറ്റം രേഖപ്പെടുത്താൻ സാധിച്ചില്ല എന്നതിൽ ചെറിയ ഇച്ഛാഭംഗമുണ്ട് .
പ്രാണി ജീവിതം വിസ്മയഭരിതമാണ് !
ജീവപരിണാമ ചരിത്രത്തിലെ അതിജീവനത്തിന്റെ വിചിത്രമായ അനുകൂലനങ്ങൾ !
വൈക്കം മുഹമ്മദ് ബഷീറും മേതിൽ രാധാകൃഷ്ണനുമെല്ലാം തങ്ങളുടെ കഥകളിൽ ജൈവലോകത്തിന്റെ തന്മയത്വമായ 'ചിത്രങ്ങൾ' വരച്ചിട്ടിട്ടുണ്ട് .. !
കുഞ്ഞുങ്ങളുടെ കല്പിതകഥകളിലെമ്പാടും സൂഷ്മജീവിലോകത്തിന്റെ നല്ല വർണ്ണനകൾ കാണാനാകും ..
പ്രകൃതിയും വർണ്ണങ്ങളും വിസ്മയങ്ങളുമെല്ലാം നമുക്ക് ഇഷ്ടമാണ്; രണ്ടുലക്ഷം വർഷങ്ങളുടെ പരിണാമം മനുഷ്യമനസ്സിനെ കരുണാപൂർണമായ ഒന്നായി മാറ്റിയെടുത്തിട്ടുണ്ട് ..
കുട്ടികളുടെ മാനസിക വളർച്ചയിൽ നിരീക്ഷണം, മുൻവിധിയില്ലാത്ത പഠനം എന്നിവയും വളരെ പ്രധാനപ്പെട്ടതാണ് ..
ശാസ്ത്രബോധം കരുണയോട് ചേരുമ്പോഴാണ് നല്ല മനുഷ്യനുണ്ടാകുന്നത് .
'ഈവല്ലിയിൽ നിന്ന് പൂക്കൾ എന്തേ പറന്നുപോകുന്നു' എന്ന് വിസ്മയിക്കുന്ന കുഞ്ഞിന് ; ശലഭങ്ങൾ ഉൾപ്പെടെയുള്ള അനേകം ജീവികളുടെ പരിണാമപരമായ അനുകൂലനങ്ങളും ജീവജാലങ്ങൾ തമ്മിലുള്ള പാരസ്പര്യത്തിന്റെ സിംബയോസിസവും എളുപ്പം മനസ്സിലാകും ..
പഠനം പാട്ടിനോളം, കഥകളോളം മധുരതരമാകട്ടെ ...
ഈ പോസ്റ്റിൽ അബുദാബി നഗരത്തിലെ കെട്ടിടകൂട്ടത്തിനിടയിലെ ഒരു നാരക ചെടിയുടെ ചിത്രമുണ്ട്; അവിടെ നിന്നാണ് ഞങ്ങൾക്ക് 'മിന്റി' എന്നുപേരിട്ടിരിക്കുന്ന ഈ ശലഭ പുഴുവിനെ ലഭിച്ചത് .
ഇന്ന് ചെടിയിൽ എമ്പാടും നോക്കിയിട്ടും 'മിന്റി'യുടെ 'കൂട്ടുകാരെ' ആരെയും കാണാൻ കഴിഞ്ഞില്ല .. ഒരൊറ്റ പുഴുപോലുമില്ല . !
സാധാരണ ഗതിയിൽ ഒരേ ചെടിയിൽ ഒന്നിലധികം ലാർവകളുടെ ബാച്ച് മേറ്റസ് കാണാറുണ്ട് .
ഇവിടുത്തെ വേനൽ കഠിനമാണ് ; അതിജീവനം എളുപ്പമല്ല .
നാട്ടിലെ അങ്ങാടിക്കുരുവികളോളം പോന്ന ചെറുകുരുവികൾ ധാരാളമുണ്ട് ഇവിടെ ; നഗരത്തിലെ അപൂർവ്വമായ ഇലചാർത്തുകൾക്കുള്ളിലാണ് പകൽ വെയിലിൽ അവ ഏറ്റവുമധികം നേരം ചിലവഴിക്കുന്നത്..
'ജ്യൂസി' ആയ ശലഭലാർവകൾ വിശിഷ്ട ഭക്ഷണം തന്നെ ( പലയിനം ലാർവകൾക്കും വിഷമുണ്ട്; പക്ഷെ ഈ ഇനത്തിന് ശരീരത്തിൽ വിഷാംശം ഇല്ല എന്നാണ് മനസ്സിലാക്കിയത് . അതുകൊണ്ട് തന്നെയാവണം; ഇലകളോട് ഏറ്റവും ചേരുന്ന നിറത്തിൽ ഈ ജീവി പരിണമിച്ചത് .. )
പ്യൂപ്പക്ക് ഇപ്പോൾ പച്ച നിറമാണുള്ളത് 'വിരിയുന്നതിന്' മുമ്പേയുള്ള കുറച്ച് ദിവസങ്ങളിൽ അത് ചുരുണ്ട് കരിയിലപോലെ നിറം മാറും..
ഇനിയുള്ളത് നീണ്ട ഉദ്വേഗം നിറഞ്ഞ ദിവസങ്ങളാണ് ..
നമുക്ക് ഒരുമിച്ച് കാത്തിരിക്കാം ..
സ്നേഹപൂർവ്വം




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ