ആരെല്ലാം കൂടുന്നു ഞങ്ങൾക്കൊപ്പം ?
അബൂദാബിയിൽ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ( FKSSP ) കുഞ്ഞു കൂട്ടുകാർ ഈവർഷം ഏറ്റെടുത്തിരിക്കുന്ന ശലഭ നിരീക്ഷണ പ്രോജക്ടിന്റെ പേരാണ് പ്യൂപ്പ !
'ശലഭ നിരീക്ഷണ പ്രോജക്റ്റ്' എന്ന് എളുപ്പത്തിൽ പറഞ്ഞുവെങ്കിലും പ്രാണികളുടെ ജീവചക്രവും രൂപപരിണാമങ്ങളുമെല്ലാം കൂട്ടിച്ചേർത്തുള്ള ഒരു വലിയ ക്യാൻവാസണ് മനസ്സിലുള്ളത് .
പ്രോജക്റ്റ് നോട്ട് ബുക്ക്, ചോദ്യോത്തര കൂട്ടം, ഫോട്ടോഗ്രാഫി, ചിത്ര രചന, ലാർവകളെ കണ്ടെത്തലും കൈമാറ്റവും, ടൈം ലാപ്‌സ് വീഡിയോ റെക്കോർഡിങ്ങ് എന്നിവയൊക്കെ കൂടാതെ ഓരോ മാസവും കുട്ടികൾ കുട്ടികൾക്കായി നടത്തുന്ന ക്ലാസുകളുമെല്ലാം പ്ലാൻ ചെയ്യുന്നുണ്ട് !
Vijayakumar Blathur Haneesh Km Nishad Kaippally എന്നീ വിദഗ്ധർ റിമോട്ട് പ്രോജക്റ്റ് ഗൈഡുകളായി കുട്ടികളുടെ കൂടെ ചേർന്നിട്ടുണ്ട് .
അബുദാബിയിലെ ഈ പ്രോജക്റ്റിനോപ്പം സഹകരിക്കാനും സമാന്തരമായി പ്രാണികളുടെ രൂപാപരിണാമങ്ങളെ കുറിച്ച് പഠിക്കാനും ലോകത്തിൽ എവിടെ നിന്നായാലും നിങ്ങൾക്ക് സാധിക്കും .
പല പല ഭൂപ്രദേശങ്ങൾ ! വൈവിധ്യമുള്ള സ്പീഷീസുകൾ .. !
ലാർവയെ ലഭിച്ചാൽ ചിത്രം അടക്കം മെസ്സേജ് ഇടൂ ; അബുദാബിയിലെ 'പ്യൂപ്പ' എന്നു പേരിട്ടിരിക്കുന്ന Insect Metamorphosis പഠന കൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക് ഗ്രൂപ്പിൽ ചേർക്കാം ( ഇപ്പോൾ അത് ഒരു പ്രൈവറ്റ് ഗ്രൂപ്പ് ആണ് ).
ഒപ്പം സംശയ നിവാരണത്തിനായി പ്രാണി ജീവിതങ്ങളെ കുറിച്ച് വിദഗ്ധരായ കൂടുതൽ പേരെ നമുക്ക് ഗ്രൂപ്പിൽ ചേർക്കുന്ന കാര്യവും ആലോചിക്കണം .
പരിസ്ഥിതി മാറ്റങ്ങളും മലിനീകരണവുമെല്ലാം ഏറ്റവും അധികം ബാധിക്കുന്നത് ഇത്തരത്തിലുള്ള അനേകം കുഞ്ഞു ജീവികളിലാണ് . !
കണ്ണ് തുറന്നൊന്ന് നോക്കിയാൽ ഇലച്ചുരുളിലും ഉണങ്ങിയ മരത്തൊലി അടരിലും ഒരു പിടി മണ്ണിൽ പോലും സൂഷ്മ ജീവികളുടെ വിസ്മയ ലോകം കണ്ടെത്താൻ കഴിയും ..
പേർഷ്യൻ ഗൾഫിനെ അഭിമുഖീകരിച്ചുകിടക്കുന്ന മരുഭൂമിരാജ്യമാണ് യു എ ഇ എന്നറിയാമല്ലോ .
സസ്യങ്ങളും സസ്തനികളും ഉരഗങ്ങളും ഷഡ്പദങ്ങളും ഉഷ്ണമേഖലാ സമുദ്രജീവികളുമല്ലാമായി അതിശയിപ്പിക്കുന്ന ജീവി വൈവിധ്യം ഇവിടെ ഉണ്ട് എന്നത് യു എ ഇയിൽ അലസ ജീവിതം നയിക്കുന്ന പലർക്കും അറിയില്ല എന്നതാണ് സത്യം .
50 ഡിഗ്രിയോളമെത്തുന്ന അതികഠിനമായ വേനലിനെയും ശിശിരകാല രാത്രികളിലെ 10 ഡിഗ്രീ തണുപ്പിനെയും ഒരേപോലെ അതിജീവിക്കാൻ പര്യാപ്തമായ അനുകൂലനങ്ങളിലൂടെയാണ് ഇവിടുത്തെ ജൈവലോകം പരിണാമം പ്രാപിച്ചിരിക്കുന്നത് !
അബുദാബി വലിയ കെട്ടിടങ്ങളുടെ നഗരമാണ്; ചേർത്തു ചേർത്ത് നിർമിച്ചിരിക്കുന്ന അമ്പരചുംബികൾക്കിടയിലൊക്കെ വളരുന്ന അപൂർവം ചെടികൾക്കിടയിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസത്തെ തിരച്ചിലിൽ തന്ന മൂന്ന് പ്‌ളെയിൻ ടൈഗർ ശലഭ ലാർവകളും ഏഴ് ലൈം ബട്ടർഫ്‌ളൈ ലാർവകളും ലഭിച്ചു കഴിഞ്ഞു .
തിരച്ചിലിൽ ലാർവകളെ കണ്ടെത്താനാകാഞ്ഞ കൂട്ടുകാർക്ക് മറ്റുകൂട്ടുകാർ ലാർവകളെ സമ്മാനിച്ചു ..
സിഡ് അവന്റെ കാറ്റർപില്ലറിന് 'മിന്റി' എന്നു പേരിട്ടത് പോലെ
എല്ലാവരും അവരവരുടെ അരുമ ലാർവകൾക്ക് ഓരോരോ പേരുകൾ ഇട്ടിട്ടുണ്ട്, അതെല്ലാം കമന്റായി ഇവിടെ പറയും എന്നു പ്രതീക്ഷിക്കുന്നു . !
എരുക്കിന്റെയും ചെറുനാരകത്തിന്റെയും തളിരിലകളും ശലഭ ലാർവകളും അവയെ സൂക്ഷിക്കാനുള്ള ടെറാറിയം പാത്രങ്ങളുമല്ലാമായി സ്നേഹത്തിന്റെ വലിയൊരു ബാർട്ടർ മാർക്കറ്റ് അബുദാബിയിൽ രൂപപ്പെട്ടു കഴിഞ്ഞു .
ഒരു പക്ഷെ ഈ മാസം അവസാനത്തോട് കൂടി മൊണാർക്ക് ശലഭത്തിനെ കുറിച്ച് കൂട്ടുകാർക്ക് അരമണിക്കൂർ ക്ലാസ്സ് പഠിച്ച്, എടുത്തു കൊടുക്കാം എന്ന് രോഹിത്ത് ഏറ്റിട്ടുണ്ട് ..
ഇനിയുള്ള കൂട്ടുകാരും വരാനിരിക്കുന്ന ആഴ്‌ചകളിൽ പ്രാണിജീവിതവും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സുകൾ അവരുടെ കൂട്ടുകാർക്ക് പഠിച്ച് എടുത്തു കൊടുക്കും .
ഒപ്പം ശലഭ പ്രോജക്ടിലെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവർ ഇടയ്ക്കിടക്ക് ഒരുമിച്ചു കൂട്ടുകയും ചെയ്യും .
കാർത്തിക്കിന്റെ അനുജൻ ഗഗനെ ഇപ്പോൾ ഫോണിൽ വിളിച്ചപ്പോൾ അവൻ പറഞ്ഞത് എന്തെന്നോ ; "മാമാ ഫോൺ ഒന്നു കട്ട് ചെയ്യൂ ഞാൻ തിരികെ വിളിക്കാം , ഇപ്പോൾ പ്രോജക്റ്റ് ഡയറിയിൽ രേഖപ്പെടുത്താൻ ലാർവയുടെ ഇന്നത്തെ കാഷ്ഠം എണ്ണുന്ന തിരക്കിലാണ്" .
ഓരോ കുട്ടിയും തന്റെ പഠനത്തിലൂടെ എന്തുമാത്രം വൈവിധ്യമുള്ള കാര്യങ്ങളാണാവോ കണ്ടെത്താൻ പോകുന്നത് .. ?
കാത്തിരിക്കുക തന്നെ !!
നമ്മൾ എന്തിനാണ് ജീവിക്കുന്നത് എന്നുള്ള ഗഹനമായ ചോദ്യത്തിന്റെ പേലവമായ ഉത്തരങ്ങളാണ് ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന ചിത്രങ്ങൾ ...
ഈ പ്രോജക്റ്റ് ലോകത്തിന്റെ പലയിടങ്ങളിൽ കുഞ്ഞ് കൂട്ടുകാർ ഏറ്റെടുക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ ,
ഇതാണ് ശരിയായ പഠന രീതി എന്ന അഭിപ്രായമുണ്ടെങ്കിൽ ഈ പോസ്റ്റ് കൂടുതൽ പേരിലെത്താൻ സഹായിക്കുമല്ലോ ?
സ്നേഹപൂർവ്വം














അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ