പറക്കുന്ന പൂക്കളെ പോലെയാണ് ശലഭങ്ങൾ !
അവയെ കാണുമ്പോൾ നമ്മൾ ഓരോരുത്തരുടെയും മനസിൽ സന്തോഷം 'ചിറകടിക്കും' !
ഇത്തിരികുഞ്ഞി ജീവിതകാലത്ത് എത്രമേൽ മനോഹരമായ രൂപ പരിണാമങ്ങളാണ് ശലഭങ്ങൾക്ക് സംഭവിക്കുന്നത് !
പ്രാണിജീവിതങ്ങൾ പൊതുവെ അങ്ങിനെയാണ്; പണ്ട് ഞങ്ങൾ കുഴിയാനകളെ ചില്ലുപാത്രത്തിൽ മണലിട്ട് വളർത്തുമായിരുന്നു ..
എന്നും ഉറുമ്പുകളെ പിടിച്ച് 'ആന'ക്കുഴിക്കരികിൽ വയ്ക്കും.
കുഴിയാന മണല് തെറിപ്പിച്ച് ഉറുമ്പുകളെ കുഴിയിലേക്ക് തെന്നി വീഴ്ത്തി ഭക്ഷിക്കും .
പെട്ടന്നൊരുദിവസം കുഴിയാന മണലിനടിയിൽ അപ്രത്യക്ഷമാകും ..
അനുദിന പരിലാളനത്തിന്റെ ആനുകൂല്യമില്ലാത്തതിനാൽ മണൽ കുഴികൾ എളുപ്പത്തിൽ മൂടിപോകും ..
കുഴിയാനകൾ ഒരിനം തുമ്പികളുടെ ലാർവയാണ് എന്ന് ഞങ്ങൾക്ക് അന്നേ അറിയാമായിരുന്നു .
മണൽ അരിച്ചെടുത്താൽ ചെറിയ മണ്ണുണ്ടകൾ പോലെ കുഴിതുമ്പിയുടെ പ്യൂപ്പകളെ കാണാം !
നിരന്തരമായ നിരീക്ഷണ പരിചയമുണ്ടെങ്കിലേ അവയെ പ്യൂപ്പ എന്ന് മനസ്സിലാക്കിയെടുക്കാൻ പോലും പറ്റൂ .. !
ഓണതുമ്പികൾ (Dragonfly) വെള്ളത്തിലാണ് മുട്ടയിട്ടുക; അവയുടെ ലാർവകളെ കാണാൻ ഒട്ടുമേ ഭംഗിയില്ല . ചെളിവെള്ളത്തിൽ ഇറങ്ങിയാൽ അവ കാലുകളിൽ ചൊറിഞ്ഞു കടിക്കും .
നാട്ടുഭാഷയിൽ ഞങ്ങൾ 'ഉന്ത്' എന്നാണ് പറയുക ..
നാട്ടിലെ തലമൂത്ത കർഷകർക്ക് പോലും ആ 'ജലപ്രാണിയുടെ' ആകാശ ജീവിതത്തെ കുറിച്ച് വലിയ പിടിപാടൊന്നുമില്ല എന്നത് എന്നെ ശരിക്കും അതിശയപ്പെടുത്തിയിട്ടുണ്ട് .
നനഞ്ഞ പുല്ലുകൾക്കിടയിൽ ബയോലൂമിനസെൻസുള്ള ചെറിയ പുഴുക്കളെ ഞാൻ കണ്ടിട്ടുണ്ട് .
അവ മിന്നാമിന്നികളുടെ ലാർവയാണ് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് ..
അരളി ചെടിയുടെ ഇലകളിൽ തൂങ്ങി കിടക്കുന്ന സ്വർണ്ണ സമാനമായ പ്യൂപ്പകൾ ,
വല്ലിയിൽ നിന്ന് പറന്നു പോകുന്ന പൂക്കൾ ...
ഈ പ്രോജക്റ്റ് ഒരു പക്ഷെ മറ്റേതെങ്കിലും പ്രാണികളുടേതായിരുന്നെങ്കിൽ നിങ്ങളിൽ എത്രപേർ ഇത്ര സൂഷ്മതയോടെ ഇത് പിൻ തുടരുമായിരുന്നു ??
ചിറകുകളിൽ നിറയെ പൊടിയുള്ള, ദേഹം മുഴുവനും രോമങ്ങളുള്ള നിശാശലഭ ലാർവ പ്രോജക്റ്റ് ആയിരുന്നെങ്കിലും ഈ സ്റ്റോറിയോട് ഇത്രമേൽ ഇഷ്ടമുണ്ടാകുമായിരുന്നോ ?
ഒരുപക്ഷേ ശലഭത്തെ പറത്തിവിട്ട് തൊട്ടടുത്ത നിമിഷത്തിൽ നഗരത്തിലെ 'ഭാഗ്യമുള്ള' മൈനകളിൽ ഒന്ന് മിന്റി എന്ന ശലഭത്തെ പിടിച്ച് തിന്നേക്കാമെന്ന് നിഷാദ് ഇന്നന്നോട് വളരെ സ്വാഭാവികമായ ടോണിൽ പറയുകയുണ്ടായി ..
പ്രകൃതിയുടെ നിയമങ്ങൾ അങ്ങിനെയൊക്കെയാണ് .
അതികാല്പനികമായി ഒന്നും തന്നെ അതിലില്ല .
നമ്മൾ മനുഷ്യർ ഭാവനാത്മക ചിന്തകളാൽ കാല്പനികതയുടെ കണ്ണട വച്ചാണ് പ്രകൃതിയെ പൊതുവെ നിരീക്ഷിക്കുന്നത് .
'മിന്റി' എന്ന പേര് സൂചിപ്പിച്ചിലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ശലഭത്തോട് നിങ്ങൾക്ക് ഇത്രമേൽ അടുപ്പം തോന്നുമായിരുന്നോ ??
അതുമല്ലെങ്കിൽ നിരീക്ഷിക്കുന്ന കുട്ടികളുടെ പശ്ചാത്തലഭംഗിയില്ലെങ്കിൽ ??
ജീവി സ്നേഹം മൂലം മാംസം ഭക്ഷിക്കാത്ത പട്ടുസാരിപ്രിയരായ വെജിറ്റേറിയൻ ജൈവ സ്നേഹികളെ പലരെയും എനിക്കറിയാം . !
ലർവയിൽ നിന്ന് ശലഭത്തിലേക്കുള്ള പരിണാമ ദശയിൽ കൊക്കൂണിൽ പുഴുങ്ങി മരിച്ച രക്തസാക്ഷികളായ കോടിക്കണക്കിന് ലാർവകളുടെ 'ഹൊറർ സ്റ്റോറി' യിലൂടെയാണ് പാട്ടുനൂൽ വ്യവസായം വളർന്നത് ..
നാഗാലാന്റും മേഖലായയുമെല്ലാം ഉൾപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കൊക്കൂണുകളിൽ നിന്ന് വേർതിരിയ്ക്കുന്ന ശലഭ പുഴുക്കൾ പ്രോട്ടീൻ സമൃദ്ധമായ ഭക്ഷ്യവിഭവമാണ് !
വളരെ നല്ല കാര്യം .
മൃദംഗ പാരായണക്കാരും സോപാന സംഗീതം കൊട്ടിപ്പാടുന്നവരുമായ വീഗൻ 'ജൈവ സ്നേഹികൾ ഒരുപാടുണ്ട് .
പറഞ്ഞ് വന്നത് ; പക്ഷപാതരഹിതമായി പ്രകൃതി നിരീക്ഷണം നടത്താനാണ്..
ഓരോ ദൃശ്യത്തിലും വിസ്മയങ്ങളുടെ ഇന്ദ്രജാലങ്ങൾ ഒളിച്ചു വച്ച വിസ്മയമാണ് പ്രകൃതി..
ഒരു കുഞ്ഞ് കഥകൂടി പറഞ്ഞ് നിറുത്താം..
പണ്ട് സ്‌കൂൾ പഠനകാലത്ത് ഓടിട്ട കെട്ടിടത്തിന്റെ മേലേക്ക് ചാഞ്ഞു നിൽക്കുന്ന വലിയൊരു വാകമരമുണ്ടായിരുന്നു ..
ഒരു ഓണക്കാല അവധി കഴിഞ്ഞു വന്നപ്പോൾ ആ വന്മരം നിറയെ ചൊറിയാൻ പുഴുക്കൾ .. !
മരത്തിന്റെ തടിപോലും കാണുന്നില്ല അത്രമേലുണ്ട് ചൊറിയൻപുഴു കൂട്ടം .
നമ്മുടെ പട്ടാളക്കാരൊക്കെ ഹെലികോപ്റ്ററിൽ നിന്ന് റോപ്പ് ലാന്റിങ്ങ് ചെയ്യുന്നത് പോലെ ചിലർ നൂലിൽ താഴേക്ക് ഇറങ്ങി വരുന്നു..
ചൊറിയാൻപുഴു മരത്തിനടുത്ത ക്ലാസ് റൂം സ്റ്റേജിലേക്ക് മാറ്റി താത്കാലികമായി പ്രതിസന്ധി കൈകാര്യം ചെയ്തു ..
ധൈര്യശാലികൾ ഇടയ്ക് ഓരോ ദിവസങ്ങളിൽ മരത്തിന്റെ അടുത്ത് പോയി നോക്കി !
ഒരു ദിവസം പെട്ടന്ന് പുഴുക്കളൊക്കെ ചെറിയ രോമകൂടുകളിൽ മരത്തിനോട് പറ്റിച്ചേർന്ന് ഉറക്കമാരംഭിച്ചു !
ആഴ്ചാവധി കഴിഞ്ഞ് ഒരു ദിവസം വന്നപ്പോൾ മരത്തിന് ചുറ്റും നിറയെ നിശാ ശലഭങ്ങൾ !!
ഒരുപാട് പക്ഷികൾ , കലപില !
പ്രകൃതി, വിസ്മയങ്ങളുടെ നൈരന്തര്യം നമുക്കായി ഒരുക്കി വച്ചിട്ടുണ്ട് !
കുഞ്ഞുങ്ങളോടൊപ്പം നിരീക്ഷിച്ച് വളരുക ..
സ്നേഹാശംസകൾ :

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ