നഷ്ടമാകുന്ന ഹരിത പരിസരങ്ങളും ജോലിസ്ഥലത്തെ അനിശ്ചിതത്വങ്ങളും നാട്ടിൽ ഏകാകിയായിപ്പോകുന്ന പ്രായമായവരെക്കുറിച്ചുള്ള ഓർമകളുമെല്ലാം നൽകുന്ന അശാന്തമായ ആകുലതകളുടെ പുതപ്പ് മൂടിത്തന്നെയാണ് നമ്മളിൽ ഓരോരുത്തരും നല്ല നാളുകളെ സ്വപ്നം കാണാനുറങ്ങുന്നത്. ഏറെ വൈകിയിട്ടും ഉറക്കംവരാതെ എപ്പോഴെങ്കിലും ഫ്ളാറ്റിലെ ജാലകത്തിലൂടെ രാത്രി നഗരത്തെ നോക്കി നിന്നിട്ടുണ്ടോ ? വലിയ കെട്ടിടങ്ങളിൽ ഏതുരാത്രിയിലും ഉറങ്ങാതെ ഇടവിട്ട് ഓരോരോ പ്രകാശചതുരം കാണാം. തേനീച്ചക്കൂടുകളിലെ ഉറങ്ങാത്ത വെളിച്ച മുറികൾ ! നമ്മളാരും തനിച്ചൊന്നുമല്ല, നമ്മളുടെ സ്വപ്നങ്ങളും ആർദ്രദുഃഖത്തിന്റെ പുതപ്പുകളും നമ്മെ പറ്റിച്ചേർന്ന് ഗാഢമായുറങ്ങുന്ന കുഞ്ഞുങ്ങളെന്ന ശുഭപ്രതീക്ഷകളുമെല്ലാം ഒരുപാടുപേർ പങ്കിടുന്ന വികാരങ്ങളാണ്.
ക്ഷമിക്കൂ; ഈ കുറിപ്പ് പ്രവാസിയുടെ ആവർത്തന വിരസമായ ഗൃഹാതുരത എഴുതി നിറയ്ക്കാനുള്ളതല്ല. എനിക്ക് പറയാനുള്ളത് കുഞ്ഞുങ്ങളെക്കുറിച്ചാണ്. നമ്മൾ അവരെ നന്നായി പഠിപ്പിക്കാൻ, അവർക്ക് സന്തോഷം വരാൻ എന്തെല്ലാമാണ് ചെയ്യുന്നത്! നല്ല സ്‌കൂൾ, ട്യൂഷൻ, ലാപ്‌ടോപ്പ്, കൂട്ടുകാരൊത്തുള്ള പിറന്നാൾ ആഘോഷം, ഇടയ്ക്കൊരു സിനിമ, മാളിലെ ഫുഡ് കോർട്ട്, അതിനോട് ചേർന്നുള്ള കളിസ്ഥലങ്ങൾ, മലയാളി അസോസിയേഷന്റെ ആഘോഷങ്ങളിലെ കലാവേദികൾ... പക്ഷേ, എന്തോ എവിടെയൊക്കെയോ നമ്മൾ കോംപ്രമൈസ് ചെയ്യുന്നുണ്ടല്ലേ ?
വാർഷികാവധിയിൽ നാട്ടിലെത്തുന്ന ആദ്യ ദിവസം തന്നെ നമുക്കത് അനുഭവപ്പെടും. മുറ്റത്തെ ചരൽമണ്ണിൽ വേദനിക്കുന്ന കാലുകളോടെയെങ്കിലും അവർ ആക്രാന്തത്തോടെ ഓടിനടക്കുന്നത് ; ചിലപ്പോൾ ഒരു മണ്ണിരയെപ്പോലും പേടിച്ച് വീട്ടിനുള്ളിലേക്ക് കരഞ്ഞ് ഓടിവരുന്നത്. അവധിദിനത്തിന്റെ ആദ്യദിവസം തന്നെ തൊടിയിലെ പച്ചപ്പ് നോക്കി കിളിച്ചിലപ്പുകളുടെ പശ്ചാത്തലസംഗീതം കേട്ട് കട്ടൻചായയും ദിനപത്രവുമായി ചാരുകസേരയിലങ്ങനെ കിടക്കുമ്പോൾ ‘പാപ്പാ; ഇറ്റ്സ് സോ ബോറിങ് ഹിയർ’ എന്നുള്ള കുട്ടിയുടെ പരാതി പറച്ചിൽ നമ്മുടെ ഉള്ളിലൊരു ഞെട്ടലാവുമ്പോൾ വിഷമിക്കാതിരിക്കൂ; നമുക്ക് നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏറ്റവും മനോഹരമായ ഒരു ജീവിതം സമ്മാനമായി കൊടുക്കാം. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ലോകത്തിലെ ഏത് ഭൂപ്രദേശമാണെങ്കിലും അവിടെയെല്ലാം മനോഹരമായ ഒരു പ്രകൃതി ഒളിച്ചിരിക്കുന്നുണ്ട് എന്നതാണ്. പലപ്പോഴും നമ്മുടെ കംഫർട്ട് സോണിലെ അലസ ജീവിതത്തിൽ ഒട്ടും കാണാതെ നഷ്ടമായിപ്പോകുന്ന ഒന്ന്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രകൃതിയുടെ വിസ്മയങ്ങൾ നിറഞ്ഞ സുന്ദരഭൂമികയാണ്.
പ്രകൃതിയെ അറിയാം, അനുഭവിക്കാം
ഇനി ഞാൻ ഇള എന്ന പതിനൊന്ന് വയസ്സുകാരി പെൺകുട്ടിയുടെയും അവളുടെ കുഞ്ഞനുജൻ അഞ്ചുവയസ്സുകാരൻ സിഡിന്റെയും വാരാന്ത്യ അവധി ദിവസങ്ങളുടെ കഥ പറയാം. സിഡിന്റെ ശേഖരങ്ങളിൽ അവന് ഏറ്റവും പ്രിയപ്പെട്ടത് മരത്തിൽ ചിത്രപ്പണികൾ ചെയ്ത ഒരു ‘മിസ്റ്ററി ബോക്സാ’ണ്. ശരിക്കുപറഞ്ഞാൽ ബോക്സല്ല, അതിനുള്ളിൽ രണ്ട് വർഷങ്ങളായി അവൻ ശേഖരിച്ചുസൂക്ഷിച്ച പലവിധമായ കല്ലുകളാണ് കുഞ്ഞു സിഡിന്റെ അമൂല്യ ശേഖരം ! മിക്കവാറും ആഴ്ചാവധി ദിവസങ്ങളിൽ ഞങ്ങളുടെ നാലംഗകുടുംബം യു.എ.ഇ.യുടെ വടക്കേ എമിറേറ്റുകളിലേക്ക് ഹൈക്കിന് പോകും. ഞങ്ങൾ തനിച്ചല്ല, ഫുജൈറയിലെ നൗഫലും ഹലീമയും പിന്നെ അബുദാബിയിൽനിന്ന് സഫീറും ശാരദക്കുട്ടിയും ജേക്കബ്ബും ചിലപ്പോഴെല്ലാം ദുബായിൽനിന്ന് കൈപ്പള്ളിയും.
വ്യാഴാഴ്ച വൈകുന്നേരം ഹൈക്കിങ് സാമഗ്രികൾ നിറച്ച ലഗേജ് ബോക്സ് തുറന്ന് പിറ്റേന്നുള്ള യാത്രയുടെ സ്വഭാവമനുസരിച്ച് കൈയിൽ കരുതേണ്ട സാമഗ്രികൾ പുറത്തെടുത്ത് ബാക്ക്‌പാക്കുകളിൽ ഒരുക്കി ഒതുക്കി വെക്കും. നൈറ്റ് ക്യാമ്പുണ്ടെങ്കിൽ നാലുപേരുടെയും സ്ലീപ്പിങ് ബാഗും ടെന്റും ഹെഡ് ലാമ്പും എടുക്കണം. ഡേ ഹൈക്ക് മാത്രമാണെങ്കിൽ ഹൈഡ്രേഷൻ ബാഗും കുറച്ച് ബിസ്കറ്റുകളും ചോക്ലേറ്റുകളും ഹൈക്കിങ് സ്റ്റിക്കും അത്യാവശ്യമരുന്നുകളും കരുതിയാൽ മതിയാവും. സിഡിന്റെ കുഞ്ഞു ബാക്ക്പാക്കിൽ തിരികെ വരുമ്പോഴേക്കും ഇതുവരെ ശേഖരിക്കാത്ത തരത്തിലുള്ള നാലോ അഞ്ചോ ചെറുകല്ലുകൾ ഒളിച്ചിരിപ്പുണ്ടാവും. പുതിയ കല്ലുകൾ എന്ന് കരുതി സിഡ് മലമുകളിൽനിന്ന് ശേഖരിച്ചവയിൽ ചില സമുദ്രജീവി ഫോസിലുകൾ പോലുമുണ്ട്. ഇത്തിരി കൂടി വലുതാവുമ്പോൾ ഫോസിലുകൾ എന്താണെന്നും മലമുകളിൽ എങ്ങനെ കടൽ ജീവി ഫോസിലുകൾ വന്നുപെട്ടു എന്നും പറഞ്ഞു മനസ്സിലാക്കണം. ഒരുപക്ഷേ, നമ്മൾ പഠിപ്പിക്കും മുൻപേ അവൻ നമ്മളോട് ആ കഥ പറഞ്ഞുതരുമായിരിക്കാം.
ഒമാനിൽനിന്ന് യു.എ.ഇ.വരെ നീണ്ടുകിടക്കുന്ന ഹജാർ പർവതനിരകൾ ഭൂവത്‌കത്തിലെ ഭ്രംശചലനങ്ങൾ മൂലം കടലിന്റെ ചെളിത്തട്ട് ഉയർന്ന് ഉണ്ടായതാണ്. താരതമ്യേന പ്രായംകുറഞ്ഞ പാറകൾ. ശിലകളുടെ വൈവിധ്യം പ്രകടമാണ് ഇവിടെ. ചളിയടരുകൾ ഉറഞ്ഞുണ്ടായ അടരുപാറകൾ. ലൈം സ്റ്റോൺ, മാർബിൾ പാറകൾ, മാഗ്‌മ റോക്സ് അങ്ങനെ ഉറപ്പിലും നിറത്തിലും ഘടനയിലും വൈവിധ്യം പേറുന്ന പല പല കല്ലുകൾ. കുഞ്ഞു സിഡിന് കല്ലുകളുടെ പേരൊന്നുമറിയില്ല, അവൻ ഉണ്ടപ്പക്രു സ്റ്റോൺ, റെഡ് സ്റ്റോൺ, ഷൈനിങ് സ്റ്റോൺ, സ്മൂത്ത് സ്റ്റോൺ എന്നെല്ലാമാണ് ശേഖരത്തിലുള്ള കല്ലുകൾക്ക് പേരിട്ടിരിക്കുന്നത്.
ഉയർന്ന ക്ലാസിൽ അധ്യാപകർ ജിയോളജി പഠിപ്പിക്കുമ്പോൾ സിഡിന് അതെല്ലാം മനസ്സിലാക്കാൻ എളുപ്പമായിരിക്കും. പലയിനം ഷഡ്പദങ്ങൾ, പക്ഷികൾ, വവ്വാലുകൾ, കുറുക്കൻ, കാട്ടുപൂച്ച, മൂങ്ങകൾ എന്നിവയെയൊക്കെ ഞങ്ങളവിടെ കണ്ടിട്ടുണ്ട്. ഫുജൈറ മലനിരകളിൽ മാത്രം നൂറോളം സ്പീഷീസുകളിലുള്ള ജീവികളും ഇരുനൂറോളം സ്പീഷീസുകളിലുള്ള സസ്യജാലങ്ങളും ഉണ്ടെന്നറിയുക ! പ്രകൃതി ഒരു വലിയ പാഠപുസ്തകമാണ്. കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തിയാൽ മാത്രം മതി; അവർ താനേ പഠിച്ചോളും. ഒരു പകൽ ഹൈക്ക് കഴിഞ്ഞ് വീട്ടിലെത്തിയാൽ ഷൂവിലും പാന്റ്സിലും പറ്റിപ്പിടിച്ചിരിക്കുന്ന ചെടിവിത്തുകൾ തന്നെ മൂന്നോ നാലോ ഇനമെങ്കിലും കാണും. കൈയിൽ കരുതുന്ന ജലം എങ്ങനെ സൂക്ഷ്മതയോടെ ഉപയോഗിക്കണം എന്നത്, മിഠായിക്കടലാസുതുണ്ടുകൾ മലയിൽ ഉപേക്ഷിക്കരുത് എന്നത്, സ്വശരീരത്തിന്റെ കിതപ്പിനെയും കരുത്തിനെയും ഇന്ദ്രിയങ്ങളുടെ ആസ്വാദനങ്ങളെയും തിരിച്ചറിയുന്നതുപോലും എത്ര രസകരമായ അനുഭവമാണെന്നോ !
ഇള കരാട്ടെ പഠിക്കുന്നുണ്ട്. മൂന്ന്-നാല് വർഷമായി തുടർച്ചയായി ഹൈക്കിങ് നടത്തുന്നതിനാൽ പാറകളിൽ തെന്നിവീഴാതെ സമർഥമായി ഹൈക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാനറിയാം. അവൾക്ക് ഒരു ഹെർബെറിയം ശേഖരമുണ്ട്. തണ്ടോട് കൂടിയുള്ള ഇലകൾ ശേഖരിച്ച് കട്ടിയുള്ള പുസ്തകത്തിനുള്ളിൽ വെച്ച് ഉണക്കി റെക്കോഡ് ആയി സസ്യങ്ങളുടെ സ്പെസിമൻ സൂക്ഷിക്കുന്ന രീതിയെയാണ് ഹെർബെറിയം എന്നു പറയുക. ഓരോ സ്പെസിമനുകളുടെയും ശാസ്ത്രീയനാമം കണ്ടുപിടിക്കാൻ നിഷാദ് കൈപ്പള്ളിയോടോ യു.എ.ഇ. എൻവയോൺമെന്റ് ഏജൻസിയിലെ ബോട്ടാണിസ്റ്റ് ഷെമി ആന്റിയോടോ ചോദിച്ചാൽ മതി. അതുമല്ലെങ്കിൽ ഗൂഗിൾ സെർച്ച് ഉപയോഗിക്കും.
യു.എ.ഇ. സർക്കാർ വടക്കൻ എമിറേറ്റുകളിൽ ധാരാളം ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. ഏറിയ സമയവും വരണ്ടുണങ്ങിക്കിടക്കുന്നത് കാണാമെങ്കിലും വർഷത്തിൽ നാലോ അഞ്ചോ തവണ മാത്രം പെയ്യുന്ന മഴവെള്ളം കടലിലേക്ക് ഒഴുകിപ്പോകാതെ ഭൂമിയിലേക്ക് താഴ്ത്തി ഭൂഗർഭ ശുദ്ധജലനിരപ്പ് ഉയർത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ഡാമുകൾ ഉണ്ടാക്കിയിരിക്കുന്നത്.
തവിട്ട് നിറമുള്ള നഗ്നശിലാമേഖലകൾക്കിടയിൽ കുളിർമയുള്ള പച്ചപ്പുള്ള വാദികളുടെയും പന ത്തോട്ടങ്ങളുടെയും കാഴ്ച എത്ര സുഖകരമാണെന്നോ? ഭൂമിയിൽ ചാലുകീറി വെള്ളം ഒഴുക്കിവിട്ട് തോട്ടത്തിലെ പനകൾ നനയ്ക്കുന്നത്, പക്ഷികൾ നനവുചാലിലെ വെള്ളത്തിൽ കുളിക്കുന്നത്, മരം നിറയെ ശലഭങ്ങൾ ഉപേക്ഷിച്ച പ്യൂപ്പത്തൊണ്ടുകൾ ഞാന്നുകിടക്കുന്നത്, ചെറുമരങ്ങളിൽനിന്ന് ശലഭങ്ങൾ പൂക്കളെപ്പോലെ ഒന്നായി പറന്ന് പോകുന്നത്, സൈക്കിളിന്റെ പിറകിൽ പച്ചപ്പുല്ല് കെട്ടിവെച്ച് പോകുന്ന കൃഷിപ്പണിക്കാർ, ആട്ടിൻകൂട്ടങ്ങൾ മലകളിൽനിന്ന് ഇറങ്ങിവരുന്നത്, കർഷകർ തേൻ ശേഖരിക്കാൻ ഒരുക്കിവെച്ചിരിക്കുന്ന ഈച്ചക്കൂടുകൾ - യു .എ.ഇ.യിലെ പർവതഗ്രാമങ്ങളുടെ കാഴ്ചകൾ അവസാനിക്കുന്നില്ല. ഓരോരോ യാത്രയും കുട്ടികൾക്ക് ഓരോരോ പുതിയ പാഠങ്ങളാണ്!
രാത്രി ക്യാമ്പ് ചെയ്യുമ്പോൾ പ്രകാശമാലിന്യമില്ലാതെ തെളിഞ്ഞ മാനത്ത് നിറയെ നക്ഷത്രങ്ങൾ കാണാം; പ്ലേ സ്റ്റോറിൽനിന്ന് ഇൻസ്റ്റാൾ ചെയ്ത സ്കൈമാപ്പ് ആപ്ലിക്കേഷൻ ഉപയോഗിച്ച് മൊബൈൽ മാനത്തേക്ക് ചൂണ്ടി ഓരോരോ നക്ഷത്ര രാശികളെ തിരിച്ചറിയാൻ ഇള പഠിച്ചുകഴിഞ്ഞു. ഒറിയോൺ നക്ഷത്രസമൂഹത്തിലെ വേട്ടക്കാരന്റെ ബെൽറ്റിൽനിന്ന് തലയിലൂടെ നീട്ടിവരയ്ക്കുന്ന സാങ്കല്പിക രേഖ ചെന്നെത്തുന്ന ഇടമാണ് വടക്ക് എന്ന്, വേട്ടക്കാരന്റെ പട്ടിയുടെ തലയിൽ കാണുന്ന ശോഭയേറിയ നക്ഷത്രത്തിന്റെ പേര് സിറിയസ് ആണെന്ന്, സപ്തർഷി രാശിയിലെ വസിഷ്ഠ നക്ഷത്രത്തിനോട് ചേർന്നുകാണുന്ന മങ്ങിയ നക്ഷത്രത്തിന്റെ പേര് 'അരുന്ധതി' എന്നാണെന്ന്... ഇതെല്ലാം ഇപ്പോൾ അവർക്കറിയാം. രാത്രിയിൽ ടെന്റിന്റെ ഇൻസെക്റ്റ് നെറ്റ് മാത്രം അടച്ച് തുണിവാതിൽ തുറന്നിട്ട് കിടക്കും. ആയിരമായിരം നക്ഷത്രങ്ങൾക്ക് കീഴെ മലമടക്കുകൾക്കിടയിൽ മാനം നോക്കി കിടന്നുറങ്ങുന്ന അച്ഛനും അമ്മയും കുഞ്ഞുങ്ങളും. തൊട്ടപ്പുറത്തെ ടെന്റിൽ നൗഫലും ഹലീമയും ചേർന്നുതന്നെ സഫീറും ശാരദക്കുട്ടിയും. ബാച്ചിലർ ടെന്റിൽ ജേക്കബ്. ഹലീമ പതിഞ്ഞ ശബ്ദത്തിൽ പാട്ടുപാടും.
കടലും പവിഴപ്പുറ്റുകളും
ജൂൺ മാസത്തോടെ വേനൽ കടുക്കും. ഇനി മൂന്ന്-നാല് മാസങ്ങൾ ഹൈക്കിങ് നടക്കില്ല. അറേബ്യൻ ഗൾഫിന് ശാന്തമായ കടൽത്തീരങ്ങളാണുള്ളത്. ആഴം അധികമില്ലാത്ത തീരങ്ങൾ, കണ്ടൽക്കാടുകൾ, ചൂടുള്ള തിര കുറഞ്ഞ കടൽത്തീരങ്ങൾ പവിഴപ്പറ്റുകളുടെ വളർച്ചയ്ക്ക് അനുകൂലമാണ്.
കൃത്യമായ സുരക്ഷാ മുൻകരുതൽ എടുത്താൽ സ്‌നോർക്ലിങ് സുരക്ഷിതമായ കുടുംബവിനോദമാണ്. നീന്തൽ അറിയുന്നവരാണെങ്കിലും ലൈഫ് ജാക്കറ്റ് ധരിക്കുന്നതാണ് ഉചിതം. കാലുകൾ കൃത്യമായി മറയുന്ന രീതിയിൽ നീളമുള്ള കാൽക്കുപ്പായവും റബ്ബർഷൂകളും ധരിക്കണം. കോറലുകൾക്ക് നല്ല മൂർച്ചയുള്ള ആഗ്രങ്ങളുണ്ടാവും. കാലു മുറിയാതിരിക്കാൻ ഇത്തരം മുൻകരുതലുകൾ നല്ലതാണ്. കഴിയുമെങ്കിൽ ഓരോ ഗ്ലൗവ്‌സും ധരിക്കുക. കുഞ്ഞു സിഡിന് ബ്രീത്തിങ് ട്യൂബ് കടിച്ചുപിടിച്ച് ശ്വസിക്കാനറിയില്ല അവൻ തീരത്തെ കക്കകൾ പെറുക്കി കളിക്കാനിരിക്കും.
കരയിൽ ഇരുന്നാലും സിഡിനെ കൃത്യമായ പാകത്തിനുള്ള ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിട്ടുണ്ടാവും. ഞങ്ങൾക്ക് പവിഴപ്പുറ്റുകൾ നിറഞ്ഞ യു.എ.ഇ.യുടെ സുരക്ഷിതമായ പല ‘രഹസ്യ തീര’ങ്ങളുമറിയാം. സ്‌നോർക്ലിങ് അതിരാവിലെ സൂര്യോദയത്തോടൊപ്പം തന്നെ നടത്തുന്നതാണ് നല്ലത്. ചില്ലുപോലെ സുതാര്യമായ ജലത്തിലൂടെ സൗരകിരണങ്ങൾ അരിച്ചിറങ്ങുന്നത് കാണാൻതന്നെ എന്തു ഭംഗിയാണെന്നോ. കടലിന്റെ ജീവ വൈവിധ്യം നമ്മളെ അതിശയപ്പെടുത്തും.
തിരകളെണ്ണി കടൽത്തീരത്തിരിക്കുമ്പോൾ കാണുന്ന കടലല്ല സ്‌നോർക്കിൾ മാസ്ക് ധരിച്ച് കാണുന്ന കടലുള്ളം. നിറയെ നിറപ്പകിട്ടുള്ള മീനുകളാണ്; പ്രകോപിപ്പിച്ചാൽ പന്തുപോലെ വീർക്കുന്ന പഫർ ഫിഷ്, കടുംനീല വരകളുള്ള കുഞ്ഞൻ ക്‌ളീനർ വ്‌റാസ്, ഹമോർ, പാരറ്റ് ഫിഷ്, പേരറിയുന്നതും അറിയാത്തതുമായ അനേകം മത്സ്യങ്ങൾ. അതുകൂടാതെ കടൽവെള്ളത്തിൽ ഉലയുന്ന പല വർണങ്ങളിലുള്ള കോറലുകൾ, നക്ഷത്ര മത്സ്യങ്ങൾ, ജീവനുള്ള വലിയ കക്കകളും ശംഖുകളും. പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥയിലെ ജലജീവിതം അസ്വസ്ഥമാക്കി ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് കവറിന്റെയോ മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളുടെയോ അലോസരപ്പെടുത്തുന്ന ചില കാഴ്ചകൾ കുട്ടികൾക്ക് വലിയ പാഠങ്ങളാണ്.
പാഠപുസ്തകങ്ങളിൽ എത്ര ഉരുവിട്ട് പഠിച്ചാലാണ് നമുക്കതല്ലാം മനസ്സിലാവുക. ഇളയ്ക്ക് കുഞ്ഞുനാൾ മുതലേ ജലകന്യകകളെ ഇഷ്ടമാണ്. പവിഴപ്പുറ്റുതീരങ്ങളുടെ വർണ ഭംഗി ഏറെ നേരം ഒഴുകിനടന്ന് ആസ്വദിച്ച ദിവസങ്ങളിൽ രാത്രിയിൽ ഇള പറയും ഇപ്പോഴും വെള്ളത്തിൽ നീന്തിത്തുടിക്കുന്ന മെർമേഡ് പോലെ തോന്നുന്നുവെന്ന്. ഇതുപോലുള്ള കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെക്കാൾ മധുരതരമായ വേറെ എന്താണ് നമുക്ക് കുഞ്ഞുങ്ങൾക്ക് സമ്മാനിക്കാനാവുക. കുട്ടികൾക്ക് പറക്കാൻ ചിറകുകളും നീന്തിത്തുടിക്കാൻ പവിഴതീരങ്ങളും മലകയറാൻ ഹൈക്കിങ് സ്റ്റിക്കുകളും നൽകുക. അവർ നമ്മെ അതിശയപ്പെടുത്തും. മണലിന്റെ കടല് കൂടിയാണ് ഈ മനോഹര നാട്. ഇവിടത്തെ മരുഭൂമികളുടെയും കണ്ടൽക്കാടുകളുടെയും വിശേഷങ്ങൾ ഇനിയൊരിക്കൽ പറയാം...
Link Newspaper ArticlePosted on Jun 7, 2019
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ