Plain Tiger Emerged From its Pupa. !!!

 ഇന്നത്തെ പ്രഭാതം അതിമധുരതരമായിരുന്നു !!

ഇളയുടെയും സിഡിന്റെയും 'ലില്ലി' വിരിഞ്ഞ് സുന്ദരനായ ശലഭമായി മാറിയിരിക്കുന്നു .
ശനിയാഴ്ച പൊതുവെ എല്ലാവരും വൈകിയാണ് ഉണരാറുള്ളത്
എഴുനേറ്റപ്പോഴേക്കും 'ലില്ലി' പ്യൂപ്പ വിരിഞ്ഞിരുന്നു !
ചിറകുകൾ നനവുള്ള കടലാസുപോലെ ഒതുങ്ങി കിടപ്പായിരുന്നതിനാൽ അപ്പോൾ തന്നെയാണ് വിരിഞ്ഞത് എന്ന് മനസ്സിലായി ..
മാത്രമല്ല ചിറകുകളിൽ പമ്പ് ചെയ്ത് നിറച്ചതിനു ശേഷം അവശേഷിച്ച ബോഡി ഫ്ലൂയിഡ് രണ്ട് മൂന്ന് തുള്ളികളായി ഡിസ്ചാർജ്ജ് ചെയ്ത് താഴെ കിടപ്പുണ്ട് !
ശാലഭങ്ങളുടെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്നത് അവ പ്യൂപ്പയിൽ നിന്ന് വിടർന്നു വന്നതിനു ശേഷമുള്ള ആദ്യ മണിക്കൂറുകളിലാണ് ..
പറന്നുയരാൻ ചിറകുകൾക്ക് ശക്തി ലഭിക്കുന്നതുവരെ അവർ നമ്മുടെ കയ്യിലൊക്കെ സുഖമായി ഇരിക്കും .. !
നമ്മുടെ നാട്ടിൽ 'എരുക്ക് തപ്പി' എന്ന വിളിപ്പേരുള്ള ശലഭമാണ് ഇത് .
ഓരോ ശലഭ ലാർവകളും ഓരോരോ പ്രത്യേക തരം ചെടികളുടെ ഇലകൾ മാത്രമേ തിന്നൂ എന്നറിയാമല്ലോ ...
സാധാരണഗതിയിൽ ശലഭം മുട്ടയിട്ടുന്നത് ലാർവയുടെ പ്രിയ ഭക്ഷണമായ ചെടികളുടെ ഇലകളിൽ തന്നെ ആയിരിക്കും .
ശലഭലാർവകളെ പഠിക്കാൻ വളർത്തുന്ന കുട്ടികൾ ലാർവയെ ലഭിച്ച ചെടി ഏതാണ് എന്ന് പ്രത്യേകം നോക്കി വയ്ക്കേണ്ടതുണ്ട് .
മാത്രമല്ല ലാർവയുടെ വളർച്ചാ ഘട്ടങ്ങളിലേക്ക് മുഴുവനായും ഭക്ഷണ ലഭ്യത ഉറപ്പുവരുത്താൻ പാകത്തിന് ചെടി അടുത്ത് തന്നെ ഉണ്ടെങ്കിൽ മാത്രമേ ലാർവയെ ഹാബിറ്റാറ്റിൽ നിന്ന് മാറ്റി വീട്ടിലെ ടെറാറിത്തിലേക്ക് കൊണ്ടുവരാവൂ ..
ഈ ചിത്രങ്ങളിലുള്ള 'പ്ലെയിൻ ടൈഗർ' (Danaus chrysippus) എന്ന ശലഭലാർവ എരുക്ക് ചെടികളുടെ (Calotropis Gigantea) ഇലകൾ മാത്രമേ ഭക്ഷിക്കൂ ..
വിരിഞ്ഞ ശലഭത്തെ അതേ ചെടിയുടെ അടുത്ത് തന്നെ പറത്തി വിടുന്നതാണ് നല്ലതും ..
ലൈം ഫ്‌ളൈ പ്യൂപ്പകളെ പോലെ 'സീറ്റ് ബെൽറ്റ്' സ്റ്റൈലിൽ കമ്പുകളിൽ 'ചെരിച്ചു കെട്ടി' വയ്ക്കുന്ന രീതിയിലല്ല മറിച്ച് തൂങ്ങി കിടക്കുന്ന രീതിയിലുള്ളവയാണ് പ്‌ളെയിൻ ടൈഗർ പ്യൂപ്പകൾ !
'സന്തോഷ ചിറകുകളുടെ' കുറച്ചു ചിത്രങ്ങൾ ചേർക്കുന്നു ..
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉത്സാഹത്തോടെയാണ് കുട്ടികൾ അബുദാബിയിലെ ശലഭ പ്രോജക്റ്റ് ചെയ്യുന്നത് ..
പക്ഷെ ഞങ്ങൾ തനിച്ചൊന്നുമല്ല; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശലഭ പ്രോജക്ടുകൾ ഒരേ സമയം നടക്കുന്നുണ്ട് ..
ഞങ്ങൾ എല്ലാവരും കൂടി Explora എന്നൊരു പ്രൈവറ്റ് സയൻസ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് , വിദഗ്ധരായ ഒരുപാട് പേർ അവിടെ അറിവുകൾ പങ്കുവയ്ക്കാൻ സന്നദ്ധരായുണ്ട്..
ഒപ്പം കണ്ണുകളിൽ സന്തോഷത്തിന്റെ പൂവ് വിരിഞ്ഞതുപോലുള്ള ഒട്ടനവധി കൗതുക കുരുന്നുകളും ..
കുഞ്ഞുങ്ങളുടെ മനസ്സുള്ള ചില മുതിർന്നവരെയും നിങ്ങൾക്ക് അവിടെ കാണാം .
ശലഭ വർണ്ണങ്ങളുടെ കാൽപ്പനിക ഭംഗികൾ മാത്രമല്ല; പ്യൂപ്പകളെയും ലാർവകളെയും ഉപയോഗിച്ച് ജീവിത ചക്രം പൂർത്തിയാക്കുന്ന വിവിധയിനം വാസ്‌പ്പുകളെയും, ഫംഗസുളെയും അവിടെ പഠിക്കുന്നുണ്ട് .
പാരസൈറ്റിസം, സിംബയോസിസം, ഭക്ഷ്യ ശൃംഖല അങ്ങിനെ പലതും മുൻവിധികളില്ലാതെ കുട്ടികൾ പഠിക്കുന്നു . .
മുറ്റത്തെ ഒരു കൊന്നമരം വെട്ടിവീഴ്ത്തിയാൽ അതോടൊപ്പം മണ്ണൊടുങ്ങി പോകുന്ന സൂഷ്മജീവജാലങ്ങളെ കുറിച്ച് ഈ കുട്ടികൾക്കറിയാം ..
ഇത്തിരികൂടെ വലിയ ക്ലാസ്സുകളിൽ അവർ ചത്തുപോയ ജീവികൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മൈക്രോബയോളജിക്കൽ ടൂളുകൾ ഉപയോഗിച്ച് പഠിക്കും .
പിന്നേം ഇത്തിരി കൂടെ വലുതായാല് ഊർജത്തിന്റെയും ദ്രവ്യതിന്റെയും നൈരന്തര്യങ്ങളെ കുറിച്ച് ..
നമ്മള് ഈ ചവിട്ടി നടക്കുന്ന മണ്ണിനോക്ക എന്തൊരു ജീവനാണെന്നോ !!
സ്നേഹപൂർവ്വം
കിരൺ കണ്ണൻ















Link to Facebook Post
Posted on Jun 22, 2019

അഭിപ്രായങ്ങള്‍