"പുഴു മരിച്ചുപോയാൽ അത് ചത്ത പൂമ്പാറ്റയാകുമോ ??"

 "പുഴു മരിച്ചുപോയാൽ അത് ചത്ത പൂമ്പാറ്റയാകുമോ ??"

ഷിംനയുടെ അച്ചുവാവ നിഷ്കളങ്കമായി ചോദിച്ച ചോദ്യമാണിത് ..
ഒറ്റവരിയിൽ ജീവിതത്തിന്റെ ആഴമുള്ള ദർശനം മിന്നായം വീശുന്ന 'ഹെയ്ക്കു' പോലെ ഒരു ചോദ്യം ..
ശലഭ പ്രോജക്റ്റിനെകുറിച്ചുള്ള ചില ആശയ വ്യക്തതകൾ പങ്കുവയ്ക്കാനാണ് ഈ പോസ്റ്റ് എഴുതിയിടുന്നത് .
1. പ്രകൃതിയുടെ സ്വച്ഛതയിൽ നിന്ന് ശലഭ മുട്ടകളേയും ലാർവകളെയും വീട്ടിൽ വളർത്തിയാൽ ശലഭങ്ങളുടെ ആവാസ വ്യസ്ഥയ്ക്കും വംശത്തിനും ആപത്ത് വരില്ലേ ??
ഉത്തരം : ഇല്ല
~ലോകമെമ്പാടും നാലായിരത്തിൽ പരം സ്പീഷീസുകളിലായി ബില്യൻ കണക്കിൽ വ്യാപകമാണ് 'ശലഭ ജനസംഖ്യ' .
~'എക്സ്പ്ലോറ' എന്ന പഠന കൂട്ടായ്മയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഞങ്ങൾ ചങ്ങാതിമാർ ചേർന്ന് വളർത്തുന്നത് നൂറിൽ താഴമാത്രം വിഭിന്ന സ്പീഷീസുകളിലുള്ള ലാർവകളെയാണ്.
2. ശലഭങ്ങൾ വളരുന്ന ചെടികളിൽ നിന്ന് വീടിനുള്ളിലെ 'സൂഷ്മമായ' ആവാസ സ്ഥലത്തേക്ക് ലാർവകളെ മാറ്റുമ്പോൾ അവയ്ക്ക് അപകടം സംഭവിക്കില്ലേ ?
ഉത്തരം : ഇല്ല
'എക്‌സ്പ്ലോറയിൽ' ഓരോരോ ശലഭങ്ങളെയും അവയുടെ ഭക്ഷണം , രൂപ പരിണാമം , ജീവിത ചക്രം എന്നിവയല്ലാം ചേരുന്ന സമഗ്രമായ അറിവുകളുള്ള അതി വിദഗദരായ ശലഭ നിരീക്ഷകരുടെ മേൽനോട്ടത്തിലാണ് പഠന പ്രവർത്തനങ്ങൾ നടക്കുന്നത് .
അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഇനം ലാർവ എന്തു ഭക്ഷിക്കും , എന്തല്ലാമാണ് ശ്രദ്ധിക്കേണ്ടത് എന്ന കാര്യത്തിൽ നിരന്തരമായ നിർദ്ദേശങ്ങൾ കുട്ടി ഗവേഷകർക്കും 'കുട്ടികളുടെ മനസ്സുള്ള' മുതിർന്ന ഗവേഷകർക്കും അപ്പപ്പോൾ ലഭിക്കുന്നുണ്ട്; മാത്രമല്ല അംഗങ്ങൾ പരസ്പരം അറിവുകൾ പങ്ക് വയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട് .
ഇത് അപകട സാദ്ധ്യത വളരെ കുറയ്ക്കുന്നു; യഥാർത്ഥത്തിൽ പുറത്തുള്ളതിനെക്കാൾ ചിത്രതുമ്പികളുടെ സുരക്ഷിതത്വ ശതമാനം ക്യാപ്റ്റിവിറ്റിയിൽ വളരെ കൂടുതലാണ് !
3. ശലഭങ്ങളെ വീട്ടിനകത്ത് വളർത്താതെ ഗവേഷണം ചെയ്യാമോ ?
ഉത്തരം : കഴിയില്ല
ജൈവ ശാസ്ത്ര ഗവേഷണം ചിലത് ക്യാപ്റ്റിവിറ്റിയിലും മറ്റു ചിലത് തുറന്ന ഹാബിറ്റാറ്റിലും നടക്കേണ്ടുന്നതാണ് .
ഇവിടെ ഇപ്പോൾ നടത്തുന്ന ശലഭ പ്രോജക്റ്റ്; ലാർവകളുടെ ഭക്ഷണ ശീലങ്ങൾ, അവ ചർമ്മം പൊഴിക്കുന്നത്, ചിലപ്പോൾ പൊഴിഞ്ഞുപോയ ചർമം ഭക്ഷിക്കുന്നത്, നിറങ്ങളും രൂപങ്ങളും മാറിമാറി വരുന്നത്, അവയുടെ ഓരോ ദിവസവുമുള്ള വിസർജ്യത്തിന്റെ അളവ് അങ്ങിനെ ക്യാപ്റ്റിവിറ്റിയിൽ മാത്രം മനസ്സിലാക്കാൻ കഴിയുന്ന ചിലതല്ലാമാണ് 'പഠിക്കുന്നത്' .
സ്പെസിമനുകളെ സുരക്ഷിതമായ അന്തരീക്ഷത്തിൽ വീട്ടിനകത്ത് പഠിക്കേണ്ടതുണ്ട് എങ്കിൽ അങ്ങിനെ തന്നെ പഠിക്കണം ..
4. അബുദാബിയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും കൊടിയ ചൂടിൽ ജീവൻ നഷ്ടപ്പെട്ടുപോയേക്കാവുന്ന ലാർവളെ വീട്ടിനകത്ത് കൊണ്ടുപോയി പഠിച്ച് പൂമ്പാറ്റകളായി പറത്തി വിടുന്നത് ജനസ്സുകളെ സംരക്ഷിക്കുകയും അതുവഴി വന്യശലഭങ്ങളുടെ സാന്ദ്രത കൂട്ടുകയുമാണോ ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം ??
ഉത്തരം : അല്ലേയല്ല
ചോദ്യം ഒന്നിൽ പറഞ്ഞത് പോലെ ~ലോകമെമ്പാടും നാലായിരത്തിൽ പരം സ്പീഷീസുകളിലായി ബില്യൻ കണക്കിൽ വ്യാപകമാണ് ' ലോക ശലഭ ജനസംഖ്യ' . ഞങ്ങൾ കുറച്ചുപേർ വീട്ടിൽ കൊണ്ട് വന്ന് 'സംരക്ഷിച്ച്' വളർത്തുന്ന ശലഭങ്ങൾ 'പോപ്പുലേഷൻ ഓഫ് ബിഗ് നമ്പേഴ്സിൽ' ഒന്നുമേയല്ല; അതുകൊണ്ട് തന്നെ ശലഭങ്ങളുടെ കൺസർവേഷൻ തൽക്കാലം ഈ പ്രോജക്റ്റിന്റെന്റെ ലക്ഷ്യമല്ല . !
5. ശലഭങ്ങളെ കുറിച്ച് എന്തല്ലാമാണ് പഠിക്കുന്നത് ?
ഉത്തരം : അറിയൂല്ല
അതേ ലോകം മുഴുവനുമുള്ള 'ലെപിഡോപ്റ്റെറോളജികാർ' പഠിച്ച് 'പപ്പടമാക്കിയ' ശലഭ ശാസ്ത്രത്തെക്കാൾ എന്ത് കൂടുതലാണ് നമുക്ക് മനസ്സിലാക്കാനാകുക .?
ശലഭങ്ങളെ കുറിചൊക്കെ ഒരുപക്ഷേ വിശദമായി ഒരുപാട് പുതിയ കാര്യങ്ങൾ നമുക്കറിയാൻ ഒരു പക്ഷെ ഈ പ്രോകക്റ്റ് സഹായിച്ചേക്കില്ല. പക്ഷെ ചെറുതല്ലാത്ത ഒരു പുതിയ അറിവ് ലഭിച്ചേക്കാനും മതി .
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒരുമിച്ച് പഠനം നടത്തുന്നവർ 'Explora' എന്ന സ്വകാര്യ FB ഗ്രൂപ്പിൽ ചിത്രങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനാൽ അറിവിന്റെ എളുപ്പത്തിലുള്ള വ്യാപനവും ഉത്സാഹവും ശേഖരണവും വളരെ സ്വാഭാവികമായി സംഭവിക്കപ്പെടുന്നുണ്ട് !
6. പൊടികുഞ്ഞൻ പുഴുക്കൾക്ക് എന്നും പുതിയ ഇലകൾ ശേഖരിച്ച് കൊടുത്ത് 'കൂട്' വൃത്തിയാക്കി ദിവസങ്ങളോളം പരിപാലിച്ച് ശലഭമായി വിടർന്ന് പറന്നുപോകുന്നതിന്റെ സന്തോഷമാണോ പ്രോജക്ടിലെ സമ്പാദ്യം ??
ഉത്തരം : അല്ല അതുമാത്രമല്ല
ഏറ്റവും മൂല്യമേറിയത് പറന്ന് പോകുന്ന ശലഭങ്ങൾക്കൊപ്പം കുട്ടികളുടെ കയ്യിൽ അവശേഷിക്കുന്ന പ്രോജക്റ്റ് ഡയറിയാണ് .
ശലഭങ്ങളുടെ വിസ്മയ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും അറിവ് തേടി വളരുന്ന കുഞ്ഞുങ്ങളുടെ ഓർമ്മകളിലേക്ക് ഒരു വലിയ നിധിയാണ് അവരുടെ പ്രോജക്റ്റ് കൈപ്പുസ്തകങ്ങളും ചിത്രങ്ങളും ഓർമ്മകളും സമ്മാനിക്കുന്നത്.
നമ്മളൊക്കെ എടുത്തു സൂക്ഷിക്കുന്ന ഫോട്ടോഗ്രാഫുകളോളം തന്നെ മൂല്യമുള്ള ഓർമ്മകൾ !
7. ലാർവകൾക്ക് കുട്ടികൾ ഓരോരോ 'പെറ്റ് നെയിം' ഇടുന്നതുകൊണ്ട് അവയുടെ ശരിയായ ശാസ്ത്രനാമം കുട്ടികൾ ഓർക്കാതെ പോകില്ലേ ?
ഉത്തരം : ഇല്ല അവർ ഓർക്കും .
ഓമനപ്പേരുകൾ വിളിച്ച് അരുമയായി വളർത്തുന്നതിനാൽ കുട്ടികൾക്ക് പ്രകൃതിയുടെ ജൈവ വൈവിധ്യത്തിനോട് അനൽപ്പമായ ഇഷ്ടം കൂടാനും , 'പുഴു' എന്ന ജീവിയോടുള്ള അറപ്പ് മാറാനും സഹായിക്കും . അതോടൊപ്പം അവർ സൂക്ഷിക്കുന്ന പ്രോജക്റ്റ് ഡയറികളിൽ സ്പെസിമനുകളെ കുറിച്ചുള്ള സാധ്യമായാത്ര ശാസ്ത്രീയ വിവരങ്ങളും ചേർക്കുന്നുണ്ട് .
കുട്ടികൾ ഓരോരുത്തരും അവർ പഠിച്ച കാര്യങ്ങൾ ഒരു പ്രസന്റേഷനായി അവതരിപ്പിക്കാനും പദ്ധതി ഇടന്നുണ്ട് .
പ്രാദേശികമായ സദസ്സുകളിൽ മാത്രമല്ല 'എസ്പ്ലോറയിലും" ലൈവ് വീഡിയോ സ്ട്രീമിങ്ങ് ഊഴമിട്ട് ചെയ്യുന്ന പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട് .
8. ശലഭങ്ങളെ സ്നേഹിക്കുന്ന കുട്ടികൾക്ക് മറ്റു പ്രാണികളെയും ശലഭങ്ങളെ ആക്രമിക്കുന്ന ഉറുമ്പുകളെയുമെല്ലാം ഇഷ്ടകേടാവില്ലേ ?
ഉത്തരം : ഇല്ല .
Explora യിലെ വിശേഷങ്ങൾ ശലഭങ്ങളുടേത് മാത്രമല്ല, അവിടെ ജൈവാനുകൂലനത്തിന്റെ വിശേഷണങ്ങൾ അടയാളപ്പെടുത്തുന്ന ഒരുപാട് ജീവികളെ പരിചയപ്പെടുന്നുണ്ട്; അതിൽ ശലഭ ലാർവകളിൽ മുട്ടയിടുന്ന പരാദ ജീവികളുടെയും, ലാർവകളോടൊപ്പം സഹവർത്തിതത്തോടെ ജീവിക്കുന്ന പലയിനം ഉറുമ്പുകളുടെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട് .
9. ശലഭങ്ങൾ ഉൾപ്പെടുന്ന പ്രാദേശിക പരിസ്ഥിതിയെ കുറിച്ച് സമഗ്രമായ മനസ്സിലാക്കലിന് നമുക്ക് എന്തല്ലാം ചെയ്യാൻ പറ്റും ?
ഉത്തരം : പൂർണ്ണമായ രൂപരേഖ ആയിട്ടില്ലെങ്കിലും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വിദഗ്ദർ ഉൾപ്പെടുന്ന ഗ്രൂപ്പിന് Study Scope ഇനിയും വളർത്താൻ ആഗ്രഹവും ഉത്സാഹവും ഉണ്ട് എന്നുതന്നെയാണ് മനസ്സിലാക്കുന്നത് .
ഡോക്ടേഴ്‌സും, കൃഷി ഓഫീസർമാരും, കവികളും, ചിത്രകാരന്മാരുമല്ലാം ശലഭങ്ങളെ കാണുന്നത് ഒരേ രീതിയിലായിരിക്കില്ല .
ഉദാഹരണത്തിന്; കറിവേപ്പിലെ പരാദമാണ് കൃഷി ഓഫീസർക്ക് ശലഭ പുഴു. അതേസമയം കവിക്ക് അത് ഇഴഞ്ഞു നടക്കുന്ന സ്വപ്നവും !
ഇവിടെ വളരെയൊന്നും കാല്പനിക വികാരപരിസരങ്ങളിൽ മേഞ്ഞു നടക്കാതെയുള്ള പഠനം തന്നെയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത് ഒപ്പം പ്രകൃതിവൈജാത്യങ്ങളോട് ഒരു ആർദ്ര സ്നേഹവും ഉണ്ടാവേണ്ടതുണ്ട് ..
10. വിജ്ഞാനത്തിനും വിനോദത്തിനുമപ്പുറം ദാർശനികമായി എന്തെങ്കിലും ?
ഉത്തരം : ഉവ്വ് കുട്ടികൾ ചോദിക്കുന്ന ചില ചോദ്യങ്ങൾ !
അവ ചിലപ്പോൾ സെൻ കഥകളെക്കാൾ ചിന്താഭരിതമാണ്..
തിരക്ക് പിടിച്ച ജോലികഴിഞ്ഞ് ഇലത്തുമ്പുകളിലെ ശലഭ മുട്ടകൾ തേടി നടക്കുന്ന മുതിർന്നവർ! അവർ എന്നോ മറന്നുപോയ ചില സന്തോഷങ്ങളെ തിരികെ പിടിക്കുകയാണ്. പലരും അവരുടെ സ്വകാര്യ ദുഃഖങ്ങൾ മറക്കുകയാണ് .
ഫങ്കസ് പിടിച്ച് ചത്തുപോയ ഒരു ശലഭകുഞ്ഞിന് മുതിർന്നവരെയും സങ്കടപ്പെടുത്താനാകുമെന്ന് ഓർമ്മിപ്പിക്കുകയാണ് .
"പുഴു മരിച്ചുപോയാൽ അത് ചത്ത പൂമ്പാറ്റായാകുമോ??" എന്ന ഒരു കുഞ്ഞു ചോദ്യം ചിന്താ സമുദ്രത്തിലെ ഒരു കൈകുമ്പിൾ ഉപ്പുവെള്ളം പോലെയാണ് ..
എന്തിനാണ് ജീവിക്കുന്നത്? എന്ന ചോദ്യത്തിന്റെ ദാർശനികമായ ആഴങ്ങൾ ഓർമ്മിപ്പിക്കാൻ ഇങ്ങനെ പലത്തുകൂടി നമ്മൾ ചെയ്യണം ...
ഉറുമ്പ് കൊന്ന ശലഭത്തിന്റെ വർണ്ണ ചിറകുകളിലൊന്ന് കാറ്റില് പറന്ന് പറന്ന് ...
കാമുകിക്ക് ശലഭമായി വിടരാൻ സമ്മാനിച്ച പ്യൂപ്പ തുളച്ച് തുറന്ന് അനേകം പരാദ ഷഡ്പദങ്ങൾ പുറത്തേക്കിറങ്ങുന്ന പ്രകൃതിയുടെ അപാരമായ ട്വിസ്റ്റുകൾ . .
മാഷേ ; കണ്ണുകാണാത്ത ചെവി കേൾക്കാത്ത ഹെലൻ കെല്ലർ എന്തു സ്വപ്നങ്ങളാണ് കാണുക ...
ചോദ്യങ്ങൾ അവസാനിക്കുന്നില്ല ..
നമ്മൾ തന്നെ തേടേണ്ട ഉത്തരങ്ങളുമുണ്ട് ..
സ്വാഗതം
- കിരൺ -
ചിത്രത്തിലുള്ളത് : ദേവിക
Link to Facebook Post
Posted on Jul 3, 2019


അഭിപ്രായങ്ങള്‍