ചുമ്മാ മരണത്തിലേക്ക് മുങ്ങി മറഞ്ഞ്
മരിച്ചു പോയവനെ കുറിച്ച് എന്തെഴുതാനാണ് ??
മരിക്കാതെ ബാക്കിയാകുന്ന ചിലതുണ്ട് ..
ഓർമ്മകള് ; നമ്മളെന്നും കൊതിയോടെ പറഞ്ഞ് പറഞ്ഞ് വച്ച സ്വപ്നങ്ങള് ...
അവന്റെ കുഞ്ഞുങ്ങള് ; അവന്റെ കൂട്ടുകാരി.
ഓർമ്മകളെ ഓർത്തെഴുതാനുള്ള ധൈര്യമില്ല .
ഞങ്ങൾ ഒരുപാടോരുപാട് തവണ മരണത്തെക്കുറിച്ചൊക്കെ സംസാരിച്ചിട്ടുണ് ..
മരണത്തെ കുറിച്ച് മാത്രമല്ല ...
സംസാരിക്കാത്ത വിഷയങ്ങളൊന്നുമില്ല എന്നും ഒരു മണിക്കൂറെങ്കിലും ..
പലദിവസങ്ങളിലും ഞങ്ങൾ മൂന്നും കൂടി നാലും അഞ്ചും മണിക്കൂറുകളൊക്കെ സംസാരിച്ചിരിക്കും ..
ഞാനും ഹനീഷും രഞ്ജിയും ..
ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല അത് ...
ബാല്യം വിട്ട കാലം മുതൽ എന്റെ സ്വഭാവ രൂപീകരണത്തിൽ രഞ്ജി എന്ന കൂട്ടുകാരന്റെ നിരന്തരമായ ഇടപെടലുകളും സാനിധ്യവുമുണ്ടായിരുന്നു ..
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്ന പകരലല്ല ; ഇഴപിരിഞ്ഞ് വളരുന്ന കടലാസ് റോസാചെടികളില്ലേ ..
ഒന്നൊന്നിനെ വേർതിരിച്ച് മനസ്സിലാക്കാനാകാത്തവണ്ണം ചുറ്റിവരിഞ്ഞ് പരസ്പരം ശക്തിപ്പെടുത്തി ഏഴുന്ന് നിൽക്കുന്ന പലവർണ്ണങ്ങളിൽ പൂക്കൾ വിരിയുന്ന കടലാസ് റോസുകൾ !
പൂവിരിയുന്ന ആകാശമേ നിങ്ങൾ കണ്ടിട്ടുള്ളൂ ..
മണ്ണാഴങ്ങളിൽ ഞങ്ങളുടെ വേരുകള് സ്നേഹത്തിന്റെ ജലവും ആശയങ്ങളുടെ ലവണങ്ങളും പങ്കുവച്ചാണ് വളർന്നത്...
അവയങ്ങനെ ചുറ്റിപിണർന്ന് കിടപ്പുണ്ട് ..
കാണെക്കാണെ ഒറ്റമരം പോലെയുള്ള കടലാസ്റോസില് ചില പൂവുകൾ കരിഞ്ഞ് വർണ്ണരഹിതമാകുന്നതും ഇലകൾ ഉണങ്ങി പൊഴിയുന്നതും കാണാം ...
വ്യതിരിക്തമാകാത്ത മൂന്ന് ചെടികളിലെ മരിച്ച മരച്ചില്ലകളിലേതാണ് കരിഞ്ഞുണങ്ങിയ പൂക്കളും ഇലകളുമെന്ന് ധരിച്ചുപോകാതിരിക്കൂ ...
ഉങ്ങാതെ ഇപ്പോഴും എഴുന്നുനിൽക്കുന്ന വർണ്ണങ്ങൾ അവന്റേതാവും ..
അവന്റെ ചിന്തകൾ ചേർത്തല്ലാത്ത എനിക്കൊരുവരിയെഴുതാനാകില്ല...
ഞാനെഴുതിയിരുന്നതിൽ പാതിയും അവന്റെ ആശയങ്ങളാണ് ...
കരിഞ്ഞുപോകുന്നെങ്കിൽ അത് എന്റെ ചെടിയിലെ പൂക്കളായിരിക്കും ..
അവനെ ഉറക്കെ ഉറക്കെ പറയുക എന്നത് എന്റെ കടമയാണ് ...
ഗാഥ .. നിന്റെ ട്രോളുകളുടെ പ്രൈമറി ക്രിറ്റിക്ക് ഇനിയില്ല എന്ന് വിശ്വസിക്കാനാകുന്നുണ്ടോ ?
എത്ര പെട്ടന്നാണ് മരണം ശൂന്യത സൃഷ്ടിക്കുന്നത് ...
സിനിയും കുഞ്ഞുങ്ങളും
മരണം ബാക്കിവയ്ക്കുന്നതെല്ലാം മരിക്കാത്തവരുടെ മനസ്സുകളിലാണ് ..
തനിച്ചായിപോകുന്ന പെണ്ണുങ്ങള്
എത്രയാണ് ഭൂമിയില് ..
സൈക്കോളജിസ്റ്റായ സ്നേഹിത അനു എന്നോട് ചോദിച്ച മൂന്ന് ചോദ്യങ്ങളുണ്ട് ..
~ എന്താണ് മനസ്സിലെ വല്ലാതെ നടുക്കുന്ന ഓർമ്മ ..
അത് എന്റെ പ്രിയപെട്ടവൻ പൂളിന്റെ അടിയിലേക്ക് മുങ്ങിത്താഴുമ്പോൾ ഒന്നുമറിയാതെ കളിച്ചു നിൽക്കുന്ന കുഞ്ഞുമക്കളുടെ ചിത്രം.
~ എന്താണ് ഇപ്പോൾ ആഗ്രഹിക്കുന്നത്..
കാസറ്റ് പുറകിലേക്ക് തിരിക്കുന്നതുപോലെ രഞ്ജിയുടെ ആ വെള്ളിയാഴ്ച്ച വൈകുന്നേരത്തിന് ഒരു കുഞ്ഞു മാറ്റം വരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ.
~ എന്ത് പ്രയാസമാണ് തോന്നുന്നത് ?
കഴിഞ്ഞ ഒരാഴ്‌ചയായി
മനസ്സിന് ഒരു വല്ലാത്ത മരവിപ്പാണ്...
കൗതുകങ്ങളും പുതിയ ആശയങ്ങളും എന്നെ പ്രലോഭിപ്പിക്കുന്നില്ല ..
ജീനി കെട്ടിയ കുതിരയെപ്പോലെ വഴികാഴ്‌ചകളൊക്കെ നഷ്ടപെട്ട ആളായി മാറിയിരിക്കുന്നു ..
പ്രോകോപിതനാകാതെ , സൗന്ദര്യമാസ്വദിക്കാതെ ,
തുറന്ന് പറയാതെ സ്വയം വരിച്ച സംതൃപ്തിയുടെ ജീവിതം എത്ര പരിതാപകരമാണ് ..
എന്റെ മനസ്സ് തകർന്ന് പോയിട്ടൊന്നുമില്ല; പക്ഷെ അതിന് അങ്ങനെ ഒന്ന് സംഭവിക്കാതിരിക്കാൻ ഒരു നിഷ്ക്രിയ പ്രതിരോധത്തിന്റെ മൂടുപടം എടുത്തണിഞ്ഞിട്ടുണ്ട് ...
ഒരിക്കലും വിരിയാത്ത ശലഭത്തിന്റെ പ്യൂപ്പ പോലെയാണ് ഞാനിന്ന്...
Link to Facebook Post
Posted on July 13, 2019

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ