ചെറുതുകളിൽനിന്നാണ് വലിയ ആശയങ്ങളുണ്ടാകുന്നത്. ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലൊക്കെ അബുദാബിയിലെ പകലുകൾക്ക് അമ്പത് ഡിഗ്രിയോടടുത്ത് ചൂടുണ്ടാവും. വെയിൽപൊള്ളലിൽ ചില കൂടുകളിൽ കിളിക്കുഞ്ഞുങ്ങൾ ഉണങ്ങി മരിച്ചു പോകും. ലോഹനിർമിതമായ വിളക്കുകാലുകളും കൈവരികളും പാർക്ക് ബെഞ്ചുകളുമെല്ലാം കൈകൊണ്ട് തൊടാനാകാത്തവിധം ചുട്ടുപഴുത്തിരിക്കും. നനവില്ലാതെ പച്ചമുഴുവനും കരിഞ്ഞുണങ്ങി രാവുംപകലും ചുട്ടുപൊള്ളുന്ന ഒരു വിഷമകാലം. നഗരമധ്യത്തിലെ കെട്ടിട വിടവുകളിൽ എന്നും ഇത്തിരി നനവ്കിട്ടുന്ന ചില ചെടികളുണ്ടാവും. കൊടും വെയിലിലെ പച്ചപ്പിന്റെ ആശ്ചര്യചിഹ്നങ്ങൾ.
അതിലോലമായ ജീവിത ചക്രമുള്ള ശലഭങ്ങളെപ്പോലെ ചിലത് എങ്ങനെയാണ് മരുഭൂനഗരങ്ങളിലെ വേനലുകളെ അതിജീവിക്കുന്നത് എന്നതിന് ഇതുപോലെയുള്ള ഉത്തരങ്ങളാണുള്ളത്. ഇളയും സിഡും സ്കൂൾബസ് കാത്തുനിൽക്കുന്ന കെട്ടിടത്തിനോട് പറ്റിച്ചേർന്ന് വളരുന്ന നാരകച്ചെടിയുണ്ട്. വേനലിലും തളിരിലകൾ വിരിയുന്ന ഒരു അതിശയപ്പച്ച.
ഈ ചെടിയെങ്ങനെ എന്നും ഇത്ര പച്ചയായി നിൽക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം ഇളയാണ് കണ്ടുപിടിച്ചത്. കെട്ടിടത്തിലെ വിൻഡോ എസിയിൽ കെട്ടിയുറപ്പിച്ച ഒരു നൂല്, നാരകച്ചെടിയിലേക്ക് ഞാന്നു കിടപ്പുണ്ട്. അതിലൂടെ ഇറ്റിറ്റായി വെള്ളത്തുള്ളികൾ ഒഴുകി വരുന്നു. കുഞ്ഞു സിഡിന് സിട്രസ് ഇലകളുടെ മണം ഇഷ്ടമാണ്, എന്നും ഒരോ ഇലത്തുമ്പ് നുള്ളി മണക്കും.
‘അമ്മേ ദേ ഇലയിൽ ഒരു പുഴു’ അവനാണ് അബുദാബിയിൽ ഞങ്ങൾ കൂട്ടുകാരുടെ ആദ്യത്തെ ശലഭ ലാർവയെ കണ്ടുപിടിച്ചത്. അന്ന് വൈകീട്ട് സ്കൂൾവിട്ട് വരുമ്പോൾ സിഡിന്റെ കൈയിലെ നാരകച്ചെടിയുടെ കമ്പിൽ പിന്നീട് അവൻ ‘മിന്റി’ എന്ന ഓമനപ്പേരിട്ട് വിളിച്ചുവളർത്തിയ ശലഭപ്പുഴുവും ഉണ്ടായിരുന്നു. ‘പാപിലിയോ ഡിമോളിയസ്’ എന്ന ശാസ്ത്രനാമമുള്ള ഈ നാരക ശലഭമായിരുന്നു അബുദാബിയിലെ കുഞ്ഞുങ്ങളുടെ ആദ്യ ചങ്ങാതി. ഓരോ ഇനം ശലഭലാർവകളും അവ മുട്ടയിട്ട് വളരുന്ന ചെടികളിലെ ഇലകളാണ് പൊതുവെ ഭക്ഷിക്കുക. നാരകശലഭം വിവിധയിനത്തിൽപ്പെട്ട സിട്രസ് ഇലകളും കറിവേപ്പിലയും ഭക്ഷിക്കും. പക്ഷെ മുട്ടവിരിഞ്ഞ് കുഞ്ഞായാൽ പിന്നെ ഇടയ്ക്കുവെച്ച് ഡയറ്റ് മാറ്റാനൊന്നും പറ്റില്ല.
സിഡിന്റെ അച്ഛനും അമ്മയും പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് നാട്ടിൽ ശലഭ നിരീക്ഷണമൊക്കെ ചെയ്തിട്ടുള്ള കൂട്ടുകാരാണ്. ഓരോദിവസവും കുട്ടികൾ പുഴുവിന് തീറ്റയായി തളിരിലകൾ പറിക്കാൻ പോകുമ്പോൾ ഓരോരോ പുതിയ പുഴുക്കുഞ്ഞുങ്ങളെ കണ്ടെത്തി. അബുദാബിയിൽ സിഡിന്റെയും ഇളയുടെയും കൂട്ടുകാരെല്ലാം അന്നുമുതൽ ഓരോരോ അരുമപ്പുഴുക്കളെ വളർത്താൻ കൂടി.
ശാസ്ത്രപ്രചാരകരുടെ ‘ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്’ എന്ന കൂട്ടായ്മ അബുദാബിയിലെ കുട്ടികളുടെ ശലഭനിരീക്ഷണ പ്രോജക്ടിന് ചില ശാസ്ത്രീയ മാർഗ നിർദേശങ്ങൾ അവതരിപ്പിച്ചു. എല്ലാകുട്ടികളും ലാർവകളുടെ പ്രതിദിനവളർച്ച, അവയുടെ ഭക്ഷണശീലങ്ങൾ, വിസർജ്യത്തിന്റെ അളവുകൾ, കണ്ടെത്തിയ തീയതി, പ്യൂപ്പയായ ദിവസം എന്നിങ്ങനെയൊക്കെ സാധ്യമായ വിവരങ്ങളെല്ലാം ചേർത്തുള്ള വിശദമായ പ്രോജക്റ്റ് ഡയറി സൂക്ഷിക്കേണ്ടതായുണ്ടായിരുന്നു.
ചില ദിവസങ്ങളിൽ തളിരിലകൾക്ക് കീഴെ ഒട്ടിപ്പിടിച്ച കടുകുമണിയെക്കാളും ചെറിയ ശലഭമുട്ടകൾ വീടുകളിലെത്തി. അവ വിരിഞ്ഞു. കുഞ്ഞുങ്ങൾ ലെൻസിലൂടെയും മൊബൈൽ മാക്രോ ക്യാമറകളിലൂടെയും സസൂഷ്മം നിരീക്ഷിച്ച് അവയെ പരിപാലിച്ചു.
ഡനാസ് ക്രിസ്പസ് എന്ന് ശാസ്ത്രനാമമുള്ള ‘എരുക്കു തപ്പി’ എന്ന ശലഭത്തിന്റെ ലാർവകളെയും അബുദാബിയിൽനിന്ന് ഇതിനകം കിട്ടിയിരുന്നു. ശാസ്ത്രപ്രചാരകനായ നിഷാദ് കൈപ്പള്ളിയാണ് പ്രാണിനിരീക്ഷകർക്ക് ഒരു ഇന്റർനെറ്റ് കൂട്ടായ്മ എന്ന ആശയം അവതരിപ്പിച്ചത്. അദ്ദേഹം അവതരിപ്പിച്ച ആശയങ്ങൾ ചുവടെ ചേർക്കുന്നു.
* കൂടുതൽപ്പേർ ഒരേകാര്യം പലയിടങ്ങളിൽ നിരീക്ഷിച്ചാൽ അനുമാനങ്ങൾക്ക് കൂടുതൽ കൃത്യത കൈവരും-ഇന്റർനെറ്റ് ക്രൗഡ് റിസർച്ചിനെ അനയാസമാക്കും.
* യു.എ.ഇ.യിൽ മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും സമാനമായ പഠനങ്ങൾ നടത്തിയാൽ കൂടുതൽ ശലഭവർഗങ്ങളെക്കുറിച്ച് അറിയാൻ സാധിക്കും.
* വ്യത്യസ്തമായ ഭൂവിഭാഗങ്ങളിൽ വേറിട്ട കാലവസ്ഥയാണുള്ളത്. അത് ഒരേ വർഗത്തെ തന്നെ പ്രാദേശികമായ പാരിസ്ഥിതിക പ്രത്യേകതകളോട് എങ്ങിനെയൊക്കെയാണ് അനുകൂലനം നേടിയെടുക്കുന്നത് എന്നു മനസ്സിലാക്കാനും ഭൂഗോളത്തിന്റെ പല ഇടങ്ങളിൽ നിന്ന് ഒരേസമയം ക്രൗഡ് റിസർച്ച് നടത്തിയാൽ മനസ്സിലാക്കാനാകും.
* പ്രോജക്റ്റ് ഗൈഡുകളായി വിദഗ്ധരെ കൂട്ടുചേർക്കാനും ഉടനടി വേണ്ടുന്ന സംശയ നിവാരണങ്ങൾക്കും സ്പീഷീസ് ഭൗമ മാപ്പിങ്ങിനും ഇന്റർനെറ്റ് ബന്ധിതമായ ഗവേഷണരീതി നല്ലതാണ്.
* ഓരോ ജനുസ്സിൽപ്പെട്ടവയുടെയും ചിത്രങ്ങൾ, വിവരങ്ങൾ, കണ്ടെടുത്ത സ്ഥലം, പഠനം നടത്തുന്ന കുട്ടികളുടെയും മുതിർന്നവരുടെയും പേരുകൾ എന്നിവയെല്ലാം ഭാവിയിൽ എന്നുവേണമെങ്കിലും ലഭ്യമാകാവുന്ന വിധത്തിൽ ആർകൈവ് ചെയ്യുന്നതും ശാസ്ത്രീയമായ പഠനരീതിയിൽ അത്യാവശ്യമാണ്.bbവാട്‌സാപ്പ് കൂട്ടായ്മbbയു.എ.ഇ.യിലെ പത്ത് കുടുംബങ്ങളുടെ വാട്സാപ്പ് കൂട്ടായ്മയിൽ തുടങ്ങിയ ശലഭഗവേഷണം പതിയെ
‘എസ്‌പ്ലോറ’ എന്ന സ്വകാര്യ ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെ ഭൂമിയുടെ പലഭാഗത്തുനിന്നുമുള്ള അമേച്വർ ഗവേഷകർ ഒത്തു ചേർന്ന് നടത്തുന്ന ഒരു എളിയ ശാസ്ത്ര മുന്നേറ്റമായി മാറുകയായിരുന്നു. ആ ആശയത്തിന്റെ ചില വിശേഷങ്ങൾ ചുവടെ ചേർക്കുന്നു. ‘എക്സ്‌പ്ലോറ’യിൽ ഇപ്പോൾ 332 തിരഞ്ഞെടുത്ത അംഗങ്ങളാണുള്ളത് .
സിംഗപ്പൂർ, ബഹ്‌റൈൻ, ഇന്ത്യ, കാനഡ, ബ്രിട്ടൺ, അമേരിക്ക, വിവിധ അറേബ്യൻ രാജ്യങ്ങൾ എന്നിങ്ങനെ പല ഇടങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ പച്ചിലച്ചാർത്തുകൾക്കിടയിലാണ് ലാർവകൾ മുട്ടവിരിഞ്ഞ് വളർന്ന് പ്യൂപ്പയായി, ശലഭമായി സന്തോഷത്തിന്റെ ചിറകുവിരിക്കുന്നത്.
ഡോറമോൻ, ന്യൂട്ടൺ, നത്താഷ, മെസ്സി, സ്റ്റെഫി, ഡ്രോപ്‌ലെറ്റ്, ക്യൂറി, കുക്കി, മിസ്റ്റി എന്നിങ്ങനെ പലപല അരുമ പേരുകളിൽ കുട്ടികൾ തങ്ങളുടെ ശലഭപ്പുഴുക്കളെ വിളിക്കുന്നുവെങ്കിലും ഗവേഷകരും ഗവേഷണ വിഷയത്തിനും ഇടയിലെ മൃദുലവികാരങ്ങൾ പരിധികടക്കാതിരിക്കാൻ ഗ്രൂപ്പ് മോഡറേറ്റർമാർ കൃത്യമായി ശ്രമിക്കുന്നുണ്ട്. ‘യ്യേ പുഴു’ എന്ന് ഇതുവരെ അറപ്പു പറഞ്ഞിരുന്ന കുട്ടികൾ ഇന്ന് അവയെ ശലഭലാർവകൾ എന്ന് മനസ്സിലാക്കുന്നു. അവരുടെ ‘ഓമനകൾ’ നീണ്ട പരിപാലനത്തിനും കാത്തിരിപ്പിനും ഒടുവിൽ കൺമുന്നിൽ പ്യൂപ്പയായും ശലഭമായും മാറുന്ന വിസ്മയകരമായ പരിണാമം ജീവിതത്തിൽ ആദ്യമായി കാണുന്നു. പക്ഷെ അതോടൊപ്പംതന്നെ ശലഭമാകുന്നതിന് കാത്തിരുന്ന പ്യൂപ്പകളിൽ ചിലതിന്റെ പുറംതോട് തുളച്ച് ശലഭങ്ങൾക്ക് പകരം വെട്ടാളന്മാർ പുറത്തുവരുന്ന കാഴ്ച്ചയും അതേ വിസ്മയത്തോടെ കാണാനുള്ള അന്വേഷണ ബുദ്ധി കുട്ടികളിൽ വികസിക്കേണ്ടതുണ്ട്. പ്രാണിലോകത്തെ കാഴ്ചകൾ വളരെ വിസ്മയകരമാണ്.
‘കാറ്റർപിള്ളേരുടെ’ ശരീരത്തിൽ ചിലയിനം വേട്ടാളന്മാർ ചർമംതുളച്ച് മുട്ടകളിടും. എക്സ്‌പ്ലോറയിലെ ഡോ. ഷിംനയാണ് കാറ്റർപില്ലർ കുഞ്ഞുങ്ങൾക്ക് ‘കാറ്റർപിള്ളേർ’ എന്ന അരുമയായ വിളിപ്പേരുണ്ടാക്കിയത്. ശലഭപ്പുഴുക്കൾ വേണ്ടത്ര ഇലകളൊക്കെ കഴിച്ച് പ്യൂപ്പയായി മാറിക്കഴിഞ്ഞാൽ അവയുടെ ശരീരത്തിനുള്ളിലെ വേട്ടാളൻ മുട്ടകൾ വിരിയുകയും ലാർവകൾ പ്യൂപ്പയുടെ ഉള്ളിലെ ശലഭശരീരം ഭക്ഷിച്ച് വളരുകയും ചെയ്യും. ശലഭത്തിനെ കാത്തിരുന്ന് കാത്തിരുന്ന് ശലഭത്തിന് പകരം ലാർവ തുരന്ന് വേട്ടാളന്മാർ പുറത്തെത്തുന്ന വേറിട്ട കാഴ്ചകൾ പ്രാണിലോകത്തിൽ സർവ സാധാരണമാണ്. ഇത്തരത്തിലുള്ള ഓരോ കാഴ്ചകളും അനുഭവങ്ങളും പുതിയ അറിവുകളായി മനസ്സിലാക്കാനുള്ള മാനസികമായ പക്വത കുട്ടികൾ ഇതിനകം നേടിയെടുത്തുകഴിഞ്ഞു.
ഹനീഷ് കെ.എം, സലീന കെ.എസ്, മനോജ്, വിജയകുമാർ ബ്ലാത്തൂർ, അഞ്ജലി ചന്ദ്രൻ, ആൻസിൽ ഷെരീഫ്, വാസുജ വാസുദേവൻ, ജ്യോതി അരയാമ്പത്ത്, സജി കല്ല്യാണി, പ്രിയ കുട്ടൻ, ആഷിക്ക് ലിയോ, ശ്യാം, സ്മിത, ഈദ്, റൂഷ്, അനു, ശ്രീജിത്, സമീറ തുടങ്ങി ഒരുപാട് പേർ പദ്ധതിയുടെ പിറകിലുണ്ട്. മറ്റൊരംഗമായ ആർഷ അഭിലാഷ് അമേരിക്കയിൽ ‘മിൽക്ക്‌വീഡ്’ ചെടികൾ പരതി നടക്കുകയാണ്. ലോകത്തെ ഏറ്റവും ദൈഘ്യമേറിയ ശലഭപലായനം നടത്തുന്ന മൊണാർക്ക് ശലഭങ്ങളെയാണ് അവർ തേടുന്നത്. സരിൻ തന്റെ ലാർവ പ്യൂപ്പയാകാൻ നേരം കൂടിന്റെ കളർ തീം ആകെ മാറ്റിവെച്ചു പരീക്ഷിക്കുന്നു. പ്യൂപ്പകൾക്ക് എത്രമാത്രം വേഷംമാറൽ സാധ്യമാണ് എന്നാണ് പരീക്ഷണം .
തൊടിയിലെ കറിവേപ്പില തിന്നൊടുക്കുന്ന ശല്യക്കാരൻ പുഴുക്കൾ ശലഭകുഞ്ഞുങ്ങളാണ് എന്നറിയാമോ?. നെൽപാടത്ത് മൈനകളും ചെമ്പോത്തും കൊയ്തുകാരുടെ പുറകേ കൂടുന്നത് ശലഭപ്പുഴുക്കളെ തിന്നാനാണെന്നറിയാമോ. ചെളിവെള്ളത്തിലെ ‘കടിയൻ പ്രാണികളാണ്’ ഓണത്തുമ്പികളായി പറന്നുയരുന്നത് എന്നറിയാമോ. ശലഭങ്ങളും തേനീച്ചകളും ലോകത്തെ സസ്യവൈവിധ്യത്തിന്റെ കൂട്ടുകാരാണ്. ശലഭപ്പുഴുക്കൾ കുരുവികളടക്കം ഒട്ടേറെ പക്ഷികളുടെയും ഉറുമ്പുകളുടെയും ഭക്ഷ്യസുരക്ഷയ്ക്ക് അത്യാവശ്യമാണ്. പ്രകൃതിയിലെ ജീവികളുടെ പാരസ്പര്യം കണ്ടറിഞ്ഞുതന്നെ വളരണം. പഠനം ആസ്വാദ്യകരമാണ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് പഠിച്ചുവളരാം. ‘എക്സ്‌പ്ലോറ’ നമ്മളെ ഓർമിപ്പിക്കുന്നത് അതാണ്.
Link to NewsPaper ArticlePosted On Aug 9, 2019
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ