"ബയോസ്ഫിയർ" - കുപ്പിക്കുള്ളിലെ കൊടുംകാട് !!

 "ബയോസ്ഫിയർ"

കുപ്പിക്കുള്ളിലെ കൊടുംകാട് !!
നമുക്ക് ചുറ്റുമുള്ള ജൈവലോകത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ജീവനുള്ളവയും ഇല്ലാത്തവയുമായ ഘടകങ്ങളുടെ സൂഷ്മവും സങ്കീർണവുമായ പാരസ്പര്യം ആവശ്യമുണ്ട് !
വൻ വൃക്ഷത്തിന്റെ ചില്ലയിൽ കൂടുവച്ച കിളികൾ, ചുവട്ടിലെ അഴുകിയ ചപ്പിലയടരുകളിൽ വളരുന്ന പുഴുക്കളും പ്രാണികളും, വേരുകളോടൊപ്പം ലംബമായി താഴേക്ക് ഭൂമിതുളച്ച് കോളനിയുണ്ടാക്കുന്ന ഉറുമ്പുകൾ, പൂവിനുള്ളിൽ മുട്ടയായി കടന്നുകൂടി പഴങ്ങങ്ങളുണ്ടാകുമ്പോൾ അതിനുള്ളിലെ വിത്തിനുള്ളിൽ വിരിയുന്ന പ്രാണി ലാർവകൾ, മണ്ണിലെ ലവണങ്ങൾ,
മഴ, കാറ്റ്, സൂര്യപ്രകാശം, മരച്ചില്ലയിലെ കുരങ്ങൻ, തണലിൽ വിശ്രമിക്കുന്ന മനുഷ്യൻ .
പ്രകൃതിയുടെ പലപല ഘടകങ്ങളെ വേർതിരിച്ച് പഠിക്കുന്നതാണ് നമ്മുടെ സസ്യ/ജന്തു ശാസ്ത്രങ്ങളും രസതന്ത്രവും ഭൗതികവും ഭൗമശാസ്ത്രവുമെല്ലാം ...
പഠിക്കാൻ ഏറെയേറെ ഉള്ളതുകൊണ്ട് ശാസ്ത്രത്തിൽ അനവധിയായ ഉപശാഖകൾ ഉണ്ടായിട്ടുണ്ട് !
ലയ്‌ക്കനുകളെ കുറിച്ച് പഠിക്കുന്ന ലൈകനോളജി, ഒച്ചുകളെ കുറിച്ച് പഠിക്കുന്ന ലൈമകോളജി, സസ്ഥനികളെ കുറിച്ച് പഠിക്കുന്ന മാമലോളജി, ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന മെറ്റലർജി, ഉറുമ്പുകളെ കുറിച്ച് പഠിക്കുന്ന മേർമികോളജി, പ്രകാശത്തെ കുറിച്ച് പഠിക്കുന്ന ഒപ്ടിക്ക്‌സ്, ഷഡ്പദങ്ങളെ കുറിച്ച് പഠിക്കുന്ന എന്റമോളജി ..
ബയോകെമിസ്ട്രി, ബാക്ടീരിയോളജി, ബോട്ടണി, സെൽ ബയോളജി, ഫോട്ടോകെമിസ്ട്രി, ജിയോ ടെക്നിക്‌സ്, ഹെർപെറ്റോളജി അങ്ങനെയങ്ങനെ ശാസ്ത്ര ശാഖകളും ഉപശാഖകളും നീണ്ട് നീണ്ട് കിടപ്പാണ് ... !
ആദിമ കാലം മുതലേ തനിക്ക് ചുറ്റുമുള്ള പ്രകൃതിയെ പല തരത്തിൽ നിരീക്ഷിച്ച് പരീക്ഷിച്ച് പഠിച്ച് പരുവപ്പെടുത്തിയിട്ടാണ് മനുഷ്യവംശം ഭൂമിയിൽ അവന്റെ അതിജീവനത്തിന്റെ വേരുകൾ ഉറപ്പിച്ചത് !
ത്രസിപ്പിക്കുന്ന , സാഹസികതകൾ നിറഞ്ഞ ഒരു ചരിത്രമാണത് ..
എത്രയോ ചെറു സമൂഹങ്ങൾ 'നിസ്സാരമായ' അസുഖങ്ങൾ വന്ന് ചത്ത് തുലഞ്ഞുപോയി..
ഒരു കൊല്ലത്തെ അതിവർഷം , അതുമല്ലെങ്കിൽ ഒരു കൊടും വേനൽ .
പേലവമായ ആദിമ സമൂഹങ്ങൾക്ക് ചത്തൊടുങ്ങാൻ അനവധിയായ കാരണങ്ങളുണ്ടായിരുന്നു .
മനുഷ്യനോടൊപ്പം അവന്റെ ആ മാക്രോസോസൈറ്റി അതുവരെ ആർജിച്ച വിജ്ഞാനങ്ങളും നശിച്ചുപോയിയിക്കണം ..
പരസ്പരബന്ധിതമല്ലാത്ത ഓരോ സൂഷ്മ സമൂഹങ്ങളും അറിവാർജിക്കൽ പ്രക്രിയ എന്നും ഒന്നിൽ നിന്നു തുടങ്ങി ..
അറിവ് പിച്ചവച്ച് വളർന്നത് വളരെ പതുക്കെയാണ് ..
നടന്ന്, തളർന്നുവീണ്.., വീണ്ടും എണീറ്റ് അങ്ങനെയങ്ങനെ ..
പുഴയോരങ്ങളിലെ കൃഷിയും കാലിവളർത്തലുകളുമൊക്കെയാണ് സ്ഥൈര്യമായ വിശാല സമൂഹനിർമിതികൾക്ക് ആദ്യ കാരണമായത് !
ഒരാളോടോ ഒരു കുടുംബത്തോടൊപ്പവും ഒരൊറ്റ വിജ്ഞാനവും ഒടുങ്ങി തീർന്നില്ല ..
അറിവിന് തുടർച്ചയും പങ്കുവയ്ക്കലും ശേഖരണവും സംഭവിച്ചു ..
പിന്നീട് സംഭവിച്ചത് വലിയൊരു കുതിപ്പാണ് ; അറിവുകളിൽ നിന്നും കൂടുതൽ കൂടുതൽ വിശാലവും സങ്കീർണവുമായ അറിവുകളിലേക്ക് മനുഷ്യൻ കുതിച്ചു . !
അടിസ്ഥാന ബലങ്ങളെ കുറിച്ച് പഠിക്കാതെതന്നെ അവ ഉപയോഗിച്ചുള്ള അതിസങ്കീർണമായ നിർമ്മിതികൾ കൈകാര്യം ചെയ്യാവുന്ന രീതിയിലേക്ക് സാങ്കേതിക വിദ്യ മനുഷ്യനെ പ്രാപ്തനാക്കി ..
കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് സ്ട്രെസ് അനാലിസിസ് തെറ്റാതെ ചെയ്യാമെന്നായാൽ കലാകാരന് കെട്ടിടത്തിന്റെ മനോഹരമായ പ്ളാൻ വരയ്ക്കാം ..
മഹാ നിർമ്മിതികൾ ; നാഗരികതകൾ .. !
ഈയിടെയായി നമ്മൾ ഒന്നു പേടിച്ച മട്ടാണ് .
ഭൂമിയിലെ ചിലയിടങ്ങളിൽ മനുഷ്യ ജീവിതം ബുദ്ധിമുട്ടുള്ളതാകുന്നു.
കാലാവസ്ഥയിൽ ക്ഷിപ്രമാറ്റങ്ങൾ; ഇതുവരെ കണ്ട്കൊണ്ടിരുന്ന ചില ജീവികൾ അപ്രത്യക്ഷമാകുന്നു ..
ഈ പ്രശ്നങ്ങളെ വകതിരിവോടെ മനസ്സിലാകുന്നത് മനുഷ്യനും അവന്റെ ശാസ്ത്രം എന്ന അറിവിന്റെ സുശക്തമായ ചിന്താപദ്ധതിയും തന്നെയാണ് ..
ബിരുദമെത്തുമ്പോഴേക്കും നമ്മുടെ കുട്ടികൾക്ക് ശാസ്ത്രത്തിന്റെ ഏതെങ്കിലും ഒരു ശാഖയിലേക്ക് സ്പെഷലൈസേഷൻ ചെയ്യേണ്ടിവരുന്ന രീതിയിൽ വിജ്ഞാനവൈവിധ്യത്തിന്റെ വ്യാപ്തി എത്രയോ വലുതായിരുന്നു !
അതേ, അത് അങ്ങിനെ തന്നെയേ പറ്റൂ സൂഷ്മമായി എന്തിനെ കുറിച്ചെങ്കിലും പഠിക്കണം എങ്കിൽ സ്പെഷലൈസേഷൻ തന്നെ വേണം ..
പക്ഷെ അതിനൊക്കെ ഒരുങ്ങുന്നതിന് മുൻപേ നമുക്ക് നമ്മുടെ കുട്ടികൾക്ക് ഭൂമി എന്നെ ഈ ബയോസ്ഫിയറിനെ കുറിച്ച് സമഗ്രമായ ഒരു ചിത്രം പകർന്നു നൽകേണ്ടതുണ്ട് !
നാളെ അറിവിന്റെ ഏതൊരു ഉപശാഖകളിൾ ഗവേഷണം നടത്തിയാലും അവരുടെ മനസ്സിൽ പരിസ്ഥിതി എന്ന വിശാലമായ ചിത്രം തെളിമയോടെ നിലനിൽക്കണം ..
പാരസ്പര്യം എന്ന ആർദ്രമായ ആശയം പഠനത്തോട് ചേരുമ്പോഴേ നല്ല മനുഷ്യനുണ്ടാവൂ ...
നമ്മൾ എപ്പോഴും പാടി പഴകിയത് പോലെ പരിസ്ഥിതി ആകെ നശിച്ചുപോയിട്ടൊന്നുമില്ല; നമുക്കൊന്നും 'നശിപ്പിക്കാൻ' പറ്റാത്ത രീതിയിൽ അതിശക്തമായ ബലങ്ങളാൽ ബന്ധിതമാണ് അത് ..
പക്ഷെ പ്രശ്നം അതല്ല; നമുക്ക് ഇതുവരെ ശീലിച്ച രീതിയിൽ 'സുഖകരമായി' ജീവിക്കാൻ പറ്റാത്തരീതിയിൽ പല മാറ്റങ്ങളും പരിസ്ഥിതിയിൽ വരുന്നുണ്ട് ..
നമ്മൾ കണ്ടുവളർന്ന പല സ്പീഷീസുകളും ഭൂമിയിൽ ഇല്ലാതായിരിക്കുന്നു ..
നമ്മുടെ കടൽ ജീവികൾ അവർക്ക് പരിചിതമാല്ലാത്ത അനവധി രാസ ഖര'മാലിന്യങ്ങൾ'ക്കിടയിൽ ജീവിക്കേണ്ടിവരുന്നു ..
കുഞ്ഞുമീനുകൾ നിറമുള്ള മൈക്രോപ്ലാസ്റ്റിക്ക് ഭക്ഷിക്കുന്നു ; കുലം മുടിയുന്നു ..
കടൽ മനുഷ്യന്റെ ഭക്ഷ്യ സുരക്ഷയുടെ ഉറപ്പാണ്; മൈക്രോ പ്ലാസ്റ്റിക്ക് പൊടികളും രാസമാലിന്യങ്ങളും അതിജീവിക്കുന്ന പുതിയ ജീവി വർഗ്ഗങ്ങൾ പരിണമിച്ച് ഉണ്ടാവുക തന്നെ ചെയ്യും പക്ഷേ അവയെല്ലാം നമുക്ക് എത്രമാത്രം ഉപകാരപ്പെടും എന്നറിയുക വയ്യ ..
നിലവിൽ ഭൂമിയിൽ ജൈവ വൈവിധ്യത്തിന്റെ ഭീതിതമായ തോതിലുള്ള ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ് ..
പലതും നമുക്ക് നിയന്തിക്കാവുന്നതാണ് മറ്റുചിലത് നമുക്കൊന്നും ചെയ്യാൻ കഴിയാത്തതും ..
ശലഭങ്ങളുടെ ജീവിത ചക്രത്തെ കുറിച്ചുള്ള ഒരു പ്രോജക്റ്റ് അബുദാബിയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ തുടങ്ങി വയ്ക്കുകയും ഇന്ന് അത് 'എക്‌പ്ലോറ' എന്ന സ്വകാര്യ ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെ ലോകമെമ്പാടുമുള്ളവർ ഒരുമിച്ച് ചെയ്യുന്ന വിശാലമായ സ്വയം പഠന പദ്ധതിയായി അത് വളർന്നു കഴിഞ്ഞിരിക്കുന്നു എന്നും അറിയാമല്ലോ !
അടുക്കളത്തോട്ടത്തിലെ കറിവേപ്പിലയിലും ചീരയിലുമുള്ള 'ശല്യക്കാരൻ' പുഴുക്കളാണ് നാളെ പാറിക്കളിക്കുന്ന ശലഭങ്ങളാകുന്നതെന്ന് കുട്ടികൾക്ക് ഇപ്പോഴറിയാം..
പ്രകൃതിയിലെ നാലോ അഞ്ചോ ഘടകങ്ങളുടെ പാരസ്പര്യം അവർ ഒരിക്കലും മറക്കാതെ പഠിച്ചു കഴിഞ്ഞു ! അതു പോര, ഇത്തിരി കൂടെ വിശാലമായ ഒരു ചിത്രം അവർക്ക് ലഭിക്കേണ്ടതുണ്ട് !
തൊടിയിലെ പുഴുവും പൂമ്പാറ്റയും പ്രാണികളും മാത്രമല്ല ; ചുരുങ്ങിയ പക്ഷം ഭൂമിയോളം വലിപ്പമുള്ള ഒരു സമഗ്ര ചിത്രം !
നമ്മൾ ഒരുങ്ങുന്നത് അത്തരം വലിയ പഠനത്തിനായുള്ള 'ചെറിയൊരു' പഠന പ്രവർത്തനത്തിനാണ് !
ഈ കുറിപ്പ് ഇത്തിരി നീണ്ടു പോകുന്നുണ്ടല്ലേ ..
ഒരുപാട് നാളുകൾക്ക് ശേഷം എഴുതാനിരിക്കുന്നതാണ് ..
ആശയങ്ങൾ ഇങ്ങനെ ഒഴുകി വരുന്നുണ്ട് ..
എന്തായാലും എഴുതിവയ്ക്കാം .
നാമും നമ്മൾ ജീവിക്കുന്ന ഈ ഭൂമിയുമെല്ലാം നക്ഷത്രധൂളികൾ കൊണ്ട് ഉണ്ടായതാണെന്നറിയാമല്ലോ ..
സമയവും സ്ഥലവും ദ്രവ്യവും ഒന്നായിരുന്ന 'ഏകത'യിൽ നിന്ന് പൊട്ടിത്തെറിച്ചുണ്ടായതാണ് ഈ പ്രപഞ്ചം എന്ന് ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ നമ്മൾ അനുമാനിക്കുന്നു !
സൗരയൂഥത്തിലെ ഏറ്റവും വലിയ ഊർജ്ജ ദാദാവ് സൂര്യനാണ് ! സൗരോർജമല്ലാതെ വേറെന്തെല്ലാം ഭൂമിക്ക് പുറത്തുനിന്ന് ലഭിക്കുന്നുണ്ട് ? ഇടക്ക് അന്തരീക്ഷത്തിന്റെ പുറം പാളികളിൽ കത്തിത്തീരുകയോ താഴെ കുഞ്ഞു കല്ലായി വീഴുകയോ ചെയ്യുന്ന ഉൾക്കാ ശിലകൾ ??
ഇനി ഒരു ലക്ഷം കൊല്ലം ഉൽകാശിലകൾ വീണില്ലെങ്കിലും ഭൂമിക്ക് ഒന്നും വരാനില്ല പക്ഷെ സൗരോർജം ലഭിച്ചില്ലെങ്കിൽ പണി പാളും ..
കാറ്റും മഴയും മഞ്ഞും പുഴയൊഴുക്കും കടൽ തിരകളും ഹരിതഭംഗിയുമൊന്നും ഉണ്ടാവില്ല ..
സത്യം പറഞ്ഞാൽ സൗരോർജം ഒഴിച്ചു നിറുത്തിയാൽ ഭൂമിക്ക് വേണ്ടുന്ന എല്ലാം ലഭ്യമായ സർവസമഗ്ര ദ്രവ്യഗോളമാണ് ഭൂമി !
ഇവിടെ മരിക്കുന്നതും ഇവിടെ ജനിക്കുന്നതുമെല്ലാം ഇവിടുത്തെ മൂലകകങ്ങൾ ചേർന്നതാണ് ..
മരിച്ചവരെക്കുറിച്ച് വേദനിക്കുമ്പോൾ ഞാൻ ഇതൊക്കെ ആലോചിച്ച് സമാധാനിക്കാൻ ശ്രമിക്കാറുണ്ട് .
ഇവിടുത്തെ മഴ ഇവിടുത്തെ സമുദ്രവും തടാകങ്ങളും വേഷം മാറുന്നതാണ് ..
ഇവിടെ ആഞ്ഞു വീശുന്ന കാറ്റ് അൽപ്പം അപ്പുത്തെ ന്യൂനമർദ്ദതിന്റെ കാരണമാണ്.
പുഴയൊരക്കാടുകളിലെ വേനലിലെ നീരുറവവകൾ വർഷത്തിൽ മണ്ണ് 'ഒപ്പിയെടുത്ത്' സൂക്ഷിച്ച മഴയാണ് !
പണ്ട് ഏതോ വിപ്ലവഗീത്തിൽ കെട്ടതുപോലെ ..
പുതുതലമുറയുടെ പൂക്കൾ വിരിയുന്നത് പൊരുതി വീണ പൂർവികരുടെ അസ്ഥികൾക്ക് മുകളിലാണ് .. !
എന്താണ് എൻട്രോപ്പി ?
എന്താണ് ദ്രവ്യ സംരക്ഷണ നിയമം ?
നമുക്ക് ഒരു തുണ്ട് ഭൂമിയെ കുപ്പിക്കുള്ളിൽ ഒരുക്കാനാകുമോ ??
വെള്ളവും മഴയും സൂഷ്മ ജീവികളും കുഞ്ഞു കാടുമെല്ലാം ??
കുപ്പിക്കുള്ളിൽ ഇങ്ങനെ ഒരു ആവാസവ്യസ്ഥ ഉണ്ടക്കി വയ്ക്കുന്നതിനെ ടെറാറിയം എന്നാണ് പറയുക ; വെള്ളം നിറച്ചുള്ള അക്വേറിയത്തിന്റെ വിപരീത രീതി .
പക്ഷെ നമ്മുടെ പ്രോജക്റ്റ് ഒരുപടി കൂടെ കടന്നുള്ള 'ക്ളോസ്ഡ് ടെറാറിയ'മാണ്.
അതായത് കുപ്പിക്കുള്ളിൽ ഒരു ആവാസ വ്യവസ്ഥ ഒരുക്കിയത്തിനു ശേഷം വായുപോലും അകത്തേക്കോ പുറത്തേക്കോ കടക്കാനാകാത്ത രീതിയിൽ കുപ്പി അടച്ചു വയ്ക്കും ..
കുപ്പിക്കുള്ളിലെ ആവാസ വ്യവസ്ഥക്ക് പുറത്തുനിന്ന് കിട്ടുന്നത് സൂര്യപ്രകാശം മാത്രമാകണം ..
കുപ്പി അടയ്ക്കും മുൻപ് ആദ്യം നനച്ചു കൊടുത്ത മണ്ണിനടിയിലെ ഇത്തിരി വെള്ളം സസ്യങ്ങൾ വലിച്ചെടുത്ത് ട്രാസ്പിരേഷൻ വഴിയും, സൗരതാപത്താൽ ഇച്ചിരിയൊക്കെ ബാഷ്പീകരിചും മുകളിലേക്ക് ഉയരുന്ന ജലം കുപ്പിയുടെ വശങ്ങളിലൂടെ അല്പഅല്പമായി സാന്ദ്രീകരിച്ച് ഊറി ചെറുതുള്ളികളായി പതിയെ മണ്ണിലേക്ക് തന്നെ എത്തിച്ചേരും ..
"കുപ്പിക്കുള്ളിലെ മഴ !"
ഒരിക്കലും നനയ്ക്കാതെ ഈ പ്രക്രിയ അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കണം .
നമ്മുടെ ടെറാറിയാം അടച്ച് പൂട്ടുന്നതോടെ വായു ടെറേറിയത്തിൽ കുടുങ്ങുന്നു.
സസ്യങ്ങൾ പകൽ സമയങ്ങളിൽ കാർബൺ ഡയോക്സൈഡും വെളിച്ചവും ഉപയോഗിച്ച് ഫോട്ടോസിന്തസിസിലൂടെ ഓക്സിജനും ഭക്ഷണവും ഉത്പാദിപ്പിക്കുന്നു .
രാത്രിയിൽ അവർ ഓക്സിജൻ ഉപയോഗിക്കുകയും കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
പ്രണവായുവിന്റെ റെറാറിയത്തിനുള്ളിലെ തുടർച്ച ഇങ്ങനെയാണ് ഉറപ്പുവരുത്തുന്നത് ..
പൊഴിഞ്ഞു വീഴുന്ന ഇലകൾ അഴുകി ടെറാറിയത്തിനുള്ളിലെ സസ്യങ്ങൾക്ക് തന്നെ വളമായി മാറും ..
മണ്ണിലെ സൂഷ്മ ജീവികൾ ജനിക്കും~മരിക്കും ..
ഭൂമിയുടെ ഒരു മൈക്രോ മിനിയേച്ചർ !
ഇതൊക്കെ നടക്കുമോ എന്ന് അവിശ്വസിക്കാൻ വരട്ടെ ..
ഇംഗ്ലണ്ടുകാരനായ ഡേവിഡ് ലാറ്റിമർ തന്റെ ടെറാറിയത്തിലെ സപുഷ്പി സസ്യമായ ട്രേഡസ്കാൻഡിയ ചെടികൾക്ക് അവസാനമായി വെള്ളമൊഴിച്ചത് 1972 ലാണ് അതായത് നീണ്ട നാൽപ്പത്തി ഏഴ് വർഷങ്ങൾ !
ഇങ്ങനെ കുപ്പിയിൽ അടച്ച 'ആവാസവ്യവസ്ഥ' ഉണ്ടാക്കിയിട്ടെന്ത് പഠിക്കാനാണ് ??
നല്ല ചോദ്യം : നമ്മൾ ഓരോരുത്തരും ഉണ്ടാക്കാൻ ഒരുങ്ങുന്ന കുപ്പി തോട്ടങ്ങൾ അത്ര എളുപ്പത്തിലൊന്നും വിജയിക്കില്ല; ശലഭ പ്രോജക്റ്റ് പോലെ നമ്മൾ കുറെ കൂട്ടുകാർ ലോകത്ത് പലയിടങ്ങളിലായി ഒരുമിച്ച് ശ്രമിക്കുന്നതുകൊണ്ട് വിജയത്തിലെയും പരാജെയത്തിലെയും ഓരോ ഘടകങ്ങളെയും മനസ്സിലാക്കാനും പരസ്പരം ആശയ വിനിമയം നടത്താനും പറ്റും .
ഏതൊക്കെ ഇനം ചെടികൾ പറ്റില്ല ?
എന്തുകൊണ്ട് ?
ഏതൊക്കെ ഇനം സൂഷ്മ ജീവികളെ ടെറാറിയത്തിൽ ഉൾപ്പെടുത്താം; എന്തിനെയൊക്കെ പറ്റില്ല .
ആദ്യഘട്ടത്തിൽ ടെറാറിയത്തിനുള്ളിൽ വെള്ളം ചേർക്കുന്നത് കൂടിപ്പോയാലോ കുറഞ്ഞു പോയാലോ എന്താണ് പ്രശ്നം ?
എത്ര സൂര്യപ്രകാശം വേണം ; ഏത് രീതിയിലുള്ള കുപ്പികളാണ് വേണ്ടത് ..
കുപ്പിക്കാടിനുള്ളിൽ വിവിധയിനം ചെടികളും സൂഷ്മ ജീവികളും തമ്മിലുള്ള പരസ്പരബന്ധം എങ്ങിനെയൊക്കെയാണ് ?
ഏതെങ്കിലും ഒരു ചെടി മറ്റേതിനെ നശിപ്പിക്കുന്നുണ്ടോ? പൊഴിഞ്ഞു വീഴുന്ന ഇലകൾക്ക് സംഭവിക്കുന്നതെന്ത് ? ടെറാറിയത്തിനുള്ളിലെ 'മഴ' എങ്ങിനെയാണ് ??
വെയിൽ ചൂട് കൂടിയാൽ എന്താണ് സംഭവിക്കുക ?? നൂറ് നൂറ് ഉത്തരങ്ങളും അതിനെക്കാളേറെ പുതിയ ചോദ്യങ്ങളുമുണ്ടാവും ..
ഭൂമി എന്ന ബയോസ്ഫിയറിനെ ഏറ്റവും ചെറിയ ഒരു സ്കെയിലിൽ പഠിച്ചെടുക്കാൻ ടെറാറിയം പ്രോജക്റ്റ് പോലെ ലളിതമായ മറ്റൊരു പഠന പ്രവർത്തനമില്ല ..
ഭൂമിയെന്നാൽ കരമാത്രമല്ല കടലുമുണ്ടല്ലോ !
കുറച്ച് കൂട്ടുകാർക്ക് ഇതുപോലെ ഒരു അക്വാസ്പിയറും (ക്ളോസ്ഡ് അക്വേറിയം) ഉണ്ടാക്കാം ! അക്വേറിയം ആകുമ്പോൾ അടച്ചു പൂട്ടണം എന്നില്ല പക്ഷെ ഓക്സിജൻ ; ഫിൽറ്ററേഷൻ; ഭക്ഷണം എന്നിവയൊന്നും പുറത്തു നിന്ന് കൊടുക്കാത്ത രീതിയിൽ ഒരു ആവാസ വ്യവസ്ഥ അക്വേറിയത്തിനുള്ളിലെ 'ആരണ്യക'ത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിയണം ..
നിഷാദ് അതിന് സഹായിക്കും പീക്കിരി ചെമ്മീൻ ഇനങ്ങൾ ; ആല്ഗകൾ ചെറു സൂഷ്മ ജീവികൾ എന്നിവയൊക്കെയായി ഒരു സാധാരണ അക്വേറിയം തുടങ്ങി പതിയെ പതിയെ അതിനെ സ്വയം പര്യാപ്ത്തമാക്കി മാറ്റണം .. !
ഇനി അതിസാഹസികർക്ക് അടഞ്ഞ ചില്ലു കൂട്ടിൽ ഒരു കുളവും കാടും ഒരുമിച്ചുണ്ടാക്കാനും പരിശ്രമിക്കാനാകും ..!
കൃത്യമായ മുൻധാരണയോടെ ഒരുക്കിയാൽ ടെറാറിയം നല്ല അലങ്കാര വസ്തുകൂടിയാണ് .
നമ്മൾ ഈ ചെയ്യാൻ ഒരുങ്ങുന്ന പഠനപ്രവർത്തനം അതി നിസ്സാരമൊന്നുമല്ല കേട്ടോ ..
ഗ്രഹാന്തര യാത്രകളിലും മറ്റും മനുഷ്യന് ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്നത് എങ്ങിനെ മറ്റു ഗഗോളങ്ങളിൽ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിച്ചെടുക്കാം എന്നതാണ് ..
ശാസ്ത്രത്തെ ഗൗരവകരമായി കാണുന്ന ഗവേഷകരുടെയും ഗവേഷണ ശാലകളുടെയും നേതൃത്വത്തിൽ അങ്ങിനെയുള്ള ചില ഗവേഷണ പദ്ധതികളും നടക്കുന്നുണ്ട് .
അത്തരത്തിൽ ഉള്ള ബൃഹത്തായ ഒന്നാണ് ആരിസോണ മരുഭൂമിയിലെ ബയോസ്ഫിയർ ||
1.27 ഹെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന ആ കൃത്രിമ ആവാസ വ്യവസ്ഥ ചില ധനികരുടെ സ്വകാര്യ താത്പര്യത്തിലും മൂലധനത്തിലും പാടുത്തിയർത്തിയതാണ് ..
1991 എട്ടുപേരുടെ ഒരു ഗവേഷക സംഘത്തിനെ പരീകക്ഷണാർത്ഥം നീണ്ട രണ്ട് വര്ഷങ്ങൾക്കായി ബയോസ്പിയറിനുള്ളിലാക്കിയെങ്കിലും ആ പരീക്ഷണം ഭാഗികമായി പരാജയമായിരുന്നു..
നിലവിൽ ബയോസ്ഫിയർ 2 ആരിസോണയൂണിവേസിറ്റിയുടെ സ്വന്തമാണ്. മനുഷ്യരെ ഉപയോഗിച്ചുള്ള പഠനങ്ങൾ നിർത്തിവച്ചെങ്കിലും നിലവിൽ ലോകത്ത് ഉള്ളതിൽ ഏറ്റവും വലിയ ഭൗമ പഠന പരീക്ഷണ ശാലയാണത് ..
കുപ്പിക്കുള്ളിലെ കൊടും കാടുണ്ടാക്കുവാൻ ആരൊക്കെ കൂടുന്നു ??
വിശേഷങ്ങളും ചിത്രങ്ങളുമൊക്കെയായി നമ്മുടെ പൂമ്പാറ്റ പ്രോജക്ടിനോളം തന്നെ ആവേശം ഉണ്ടാകും ഇതിന് ?
ചുവടെ ചേർക്കുന്ന വീഡിയോ ലിങ്കുകളിൽ ചില മാർഗ നിർദ്ദേശങ്ങൾ ഉണ്ട് ..
കൂടുതൽ കാര്യങ്ങൾ നമുക്ക് ഒരുമിച്ച് കണ്ടെത്താം

ഇവിടുത്തെ കുട്ടി ശാസ്ത്രജ്ഞരായ ഇളയും സിഡും അവരുടെ ആദ്യത്തെ ടെറാറിയം ഉണ്ടാക്കുന്ന ചില ചിത്രങ്ങൾ പോസ്റ്റിൽ ചേർക്കുന്നു ..

Link to Facebook Post
Posted On Aug 13, 2019

അഭിപ്രായങ്ങള്‍