ടെറാറിയം അപ്‌ഡേറ്റ് !
15-08-2019 ഇന്നേക്ക് ടെറാറിയം വായു പോലും കടക്കാതെ ഭദ്രമായി അടച്ചുവച്ചിട്ട് അഞ്ച് ദിവസമായിരിക്കുന്നു . !
പരീക്ഷണാത്മകമായി ഞങ്ങളും കുട്ടികളും ചേർന്ന് നിർമ്മിച്ച മൈക്രോ സ്കൈൽ എക്കോസിസ്റ്റത്തിനകത്ത് എന്തു സംഭവിക്കുന്നു എന്നറിയാൻ ചിലർക്കെങ്കിലും ആകാംഷയുണ്ടാവും എന്ന ധാരണയിലാണ് ഈ കുറിപ്പ് എഴുതുന്നത് ..
നാലു ഗാലൻ വ്യാപ്തിയുള്ള ഒരു വലിയ ചില്ലുകുപ്പിയിലാണ് ടെറാറിയം ഒരുക്കിയിരിക്കുന്നത് .
1) ജലം : വാട്ടർ സൈക്കിൾ വളരെ കൃത്യമായി നടക്കുന്നു. എന്നും രാവിലെ 'ചില്ലുകുപ്പി കാട്ടിനുള്ളിൽ' ചെടികളൊക്കെ നനഞ്ഞ് കുളിച്ചിരിക്കുന്നത് കാണാം ! ചില്ലു കുപ്പിയുടെ വശങ്ങളിലും നിറയെ ജലകണങ്ങൾ പറ്റിപ്പിടിച്ചിരിപ്പുണ്ടാവും ..
ഉച്ചയാകുമ്പോഴേക്കും 'മഴയൊക്കെ തോർന്ന്' ഇലകളൊക്കെ ഉണങ്ങി തുടങ്ങും, പിന്നെ വൈകീട്ടാണ് രണ്ടാമത്തെ വാട്ടർ സൈക്കിൾ കാണുന്നത് .. ( ഇതിന്റെയൊക്കെ കാര്യ കാരണങ്ങൾ പതിയെ വിശദമായി പഠിക്കാം എന്നു കരുതുന്നു ) .
സിസ്റ്റത്തിൽ സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് അടയ്ക്കും മുൻപേ ആകെ 200 മില്ലിയിൽ താഴെ വെള്ളമാണ് ചേർത്തിട്ടുള്ളത് അത് ഒട്ടും തന്നെ നഷ്ടപ്പെട്ടിട്ടില്ല !
2) ജീവികൾ : ഞങ്ങളുടെ ടെറാറിയത്തിലെ 'ജീവനുള്ള മണ്ണിൽ' ( live soil ) നഗ്നനേത്രം കൊണ്ട് എളുപ്പത്തിൽ കാണാവുന്ന മൂന്നിനം ജീവികളാണ് ഉണ്ടായിരുന്നത്.
~ തേരട്ടയുടെ ഫാമിലിയിൽ പെട്ട Anoplodesmus : പൊഴിഞ്ഞു വീഴുന്ന ഇലകൾ ഒക്കെ കമ്പോസ്റ്റ് ചെയ്യാൻ ഈ സുന്ദരിപുഴുക്കൾ മിടുക്കരാണ് .
~ മണ്ണിര Earthworm : കർഷക മിത്രം, കമ്പോസ്റ്റ് ഉണ്ടാക്കുന്നതിൽ മിടുക്ക്, പോരാത്തതിന് മണ്ണ് തുരന്ന് മറിച്ച് വായൂസഞ്ചാരമുണ്ടാക്കാനും വേരോട്ടത്തിനും സഹായിക്കും .
~ മണ്ണിലെ വേറൊരു കമ്പോസ്റ്റ് വീരൻ പ്രാണി Woodlouse.
മൂന്ന് ജീവികളും അഞ്ചാം ദിവസവും വളരെ ആക്റ്റീവ് ആയി തന്നെ കാണപ്പെടുന്നുണ്ട് !
ഓക്സിജൻ സൈക്കിൾ സുഗമമായി തന്നെ സംഭവിക്കുന്നുണ്ട് എന്നാണ് എന്റെ അനുമാനം .
3) സസ്യങ്ങൾ : ഫൈറ്റോണിയ, ഒരിനം ചെറിയ പന്നൽ, ചെറിയ നിലപ്പന പോലെ ഒരു സസ്യം , പിന്നെ ഒരിനം കള്ളി ചെടി .
ഇതിൽ ചുവന്ന മാർബിൾ വരകളോടെ മനോഹരിയായിരുന്ന ഫെറ്റോണിയ ചെടികൾ രണ്ടും ചീഞ്ഞു നശിക്കുന്നുണ്ട് !
മഴക്കാടുകളിലെ വെളിച്ചം വീഴാത്ത ആർദ്രമായ അടിതട്ടുപോലെയാണ് Closed Terrarium എക്കോസിസ്റ്റം. അതീവമായ ആർദ്രതയെയും കുറഞ്ഞ സൂര്യപ്രകാശത്തെയും ഉപയോഗിച്ച് വളരുന്ന സസ്യങ്ങളായാൽ നല്ലത് !
അടഞ്ഞ എക്കോസിസ്റ്റത്തിൽ ആദ്യത്തെ കുറച്ച് ആഴ്ചകളിൽ സസ്യങ്ങളും സൂഷ്മ ജീവികളും അതിജീവനത്തിനായുള്ള പൊരിഞ്ഞ പോരാട്ടത്തിലായിരിക്കും എന്ന് എനിക്കൊരു ധാരണ ഉണ്ടായിരുന്നു ..
ചീഞ്ഞു തൂങ്ങിയ ഫെറ്റോണിയ ചെടികളുടെ തണ്ടുകളിലും ഇലകളിലും പ്രാണി മുട്ടകൾ പോലെ നിറച്ചും കുനുകുനാ എന്തോ വെളുത്ത കുത്തുകൾ കാണുന്നുണ്ട് !
ആ 'മുട്ടകൾ' കുപ്പിക്കുള്ളിൽ ഇതുവരെ ശ്രദ്ധിക്കാതിരുന്ന പുതിയൊരു ജീവന്റെ സാനിധ്യമാണോ എന്നറിയില്ല; അങ്ങിനെയാണെങ്കിൽ ആ മുട്ടകളൊക്കെ വിരിയുന്നതോടെ 'കുപ്പി കൊടും കാട്ടിൽ' അതി മാത്സര്യത്തിന്റെ ദിനങ്ങളായിരിക്കാം വരാനിരിക്കുന്നത് !
എന്തായാലും കാത്തിരുന്നു കാണുക തന്നെ ..
സിസ്റ്റം സ്റ്റേബിൾ ആവുന്ന മുറയ്ക്ക് ഹോട്ട് ഗ്ലൂ ഉപയോഗിച്ച് കുപ്പി ദീർഘ നാളത്തേക്കായി സീൽ ചെയ്യണം എന്നു കരുതുന്നു ...
ചില ചിത്രങ്ങൾ ഈ പോസ്റ്റിൽ ചേർത്തുന്നു ..
വായിക്കാൻ ആളുണ്ടെങ്കിൽ ടെറാറിയം വിശേഷങ്ങൾ തുടർന്നും എഴുതാം .
സ്നേഹപൂർവം : കിരൺ കണ്ണൻ
Earthworm
Link to Facebook Post
Posted On Aug 15, 2019
Posted On Aug 15, 2019





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ