രണ്ട് കുഞ്ഞു ടെറാറിയങ്ങൾ കൂടി ഒരുക്കിയിരുന്നു എന്നു പറഞ്ഞിരുന്നല്ലോ !
ഒന്ന് ചരിഞ്ഞിരിക്കുന്ന ഒരു ഡിസൈനർ ഗ്ളാസ് ബൗളിലും, മറ്റൊന്ന് അടപ്പുള്ള ഒരു ഗ്ലാസ്സ് സിലിണ്ടറിലും !
ഇത്തവണ റെഡിമെയ്ഡ് പോട്ടിങ്ങ് സോയിൽ ആണ് ഉപയോഗിച്ചത്, സോയിൽ എന്ന് പേരിലുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ചകരിച്ചോറിൽ പൊടിച്ച കമ്പോസ്റ്റ് പോലെ എന്തോ ചേർത്ത സാന്ദ്രത കുറഞ്ഞ മിശ്രിതമാണ് അത് ..
'മണ്ണ്' പേരിൽ മാത്രമേ ഉള്ളൂ ..
സൂഷ്മജീവികൾ ഒന്നുമില്ല ( ബാക്ടീരിയങ്ങൾ ഉണ്ടാവാം ) ..
ചെറിയ പാത്രങ്ങളായിരുന്നതിനാലും ലൈവ് സോയിൽ അല്ലാത്തതിനാലും മണ്ണിരയും സുന്ദരിപുഴുവും കമ്പോസ്റ്റിങ്ങ് പ്രാണികളും ഇല്ലാത്തതിനാലും സായംപര്യാപ്തമായ ഒരു ബയോസ്ഫിയർ അതിനുള്ളിൽ ഒരുക്കാനാകും എന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു ..
( ഇപ്പോഴുമില്ല ) .
പക്ഷെ ദിവസങ്ങൾക്കിപ്പുറവും വലിയ പ്രശ്നങ്ങളില്ലാതെ ചെടികൾ നിൽപ്പുണ്ട് ..
രാവിലെയും വൈകീട്ടും മഴ പെയ്യുന്നുണ്ട് !
കാണാനും നല്ല ഭംഗി !
സംഗതികൾ ഇതുപോലെ പുരോഗമിക്കുകയാണെങ്കിൽ ഉടനെ തന്നെ ഞാഞ്ഞൂലും പഴുതാരയും ഒച്ചും പ്രാണികളും നിറഞ്ഞ അസ്സൽ ജീവനുള്ള ഒരുപിടി മണ്ണ് അതിൽ ചേർക്കണം എന്നുണ്ട് ..
രസകരമായ ഒരു കാര്യം കൂടി പറയാം .
ഗ്ളാസ് ഗ്ലോബ് അടച്ചിരിക്കുന്നത് ഭക്ഷണമൊക്കെ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നേർത്ത സീലിംഗ് ഫിലിം ഉപയോഗിച്ചിട്ടാണ് ..
കണ്ടൈനറിനുള്ളിലെ മർദ്ധവ്യത്യാസം ഗ്ളാസ് ഗ്ലോബ് ഒട്ടിച്ച് അടച്ചിരിക്കുന്ന ഫിലിമിനെ കോൺകേവും കോൺവെക്‌സും ആക്കുന്നുണ്ട് !
ഇന്ന് രാവിലെയാണ് അത് കണ്ടുപിടിച്ചത് .
രാവിലെ കോൺവെക്‌സ് ആയിരുന്നു
ഉച്ചയ്ക്ക് കോൺകേവ് ; ഇനി വൈകീട്ട് നോക്കണം..
തുടർച്ചയായ നിരീക്ഷണങ്ങൾ വേണ്ടിവരും ..
റൂമിലെ താപനിലയിലെ വ്യത്യാസം കൊണ്ടാണോ അതോ സസ്യങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണോ മർദ്ദവ്യത്യാസം എന്ന് മനസ്സിലാക്കേണ്ടതുണ്ട് !
സമയം ഇങ്ങനെ നീണ്ട് നീണ്ട് കിടക്കുന്നു ...
ഞാനും മേശമേലെ എന്റെ കുഞ്ഞു കാടുകളും ഇവിടെയൊക്കെത്തന്നെ ഉണ്ടാവും ..
വലിയ ടെറാറിയം ഒട്ടൊരുവിധം സന്തുലിതമായിട്ടുണ്ട് ഫേണിൽ പുതുമുളകൾ വരുന്നു !
സ്നേഹപൂർവ്വം
Posted on Sep 11, 2019









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ