ഗാലപ്പഗോസ് കിണറുകൾ !

1835 ൽ ചാൾസ് ഡാർവിൻ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിലേക്ക് ബീഗിൾ എന്ന കപ്പലിൽ നടത്തിയ യാത്രയും, തുടർന്ന് അദ്ദേഹം അവിടെ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ജീവ പരിണാമത്തെ കുറിച്ചുള്ള 'ഒറിജിൻ ഓഫ് ദ സ്പീഷീസ്' എന്ന പഠന ഗ്രന്ഥം എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് .

184 വർഷങ്ങൾക്ക് മുൻപ് അദ്ദേഹം അവതരിപ്പിച്ച പരിണാമ സിദ്ധാന്തം, പ്രകൃതി നിർദ്ധാരണം എന്നീ ആശയങ്ങളെല്ലാം ഇക്കാലമത്രയും ആയിരക്കണക്കിന് പുതുപുത്തൻ തെളിവുകളിലൂടെ സുശക്തമാകുന്നതല്ലാതെ ഭൂമിയിൽ പുതിയ ജീവ വർഗ്ഗങ്ങൾ ഉണ്ടായതിന് വൈജ്ഞാനിക സമൂഹം വേറൊരു കാരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല !
'വിശ്വാസ' കാരണങ്ങളാൽ ലോകത്ത് ഇന്നേവരെ ഏറ്റവും അധികം ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതും പലപല വിദഗ്ധർ പലപല ദേശങ്ങളിലും കാലങ്ങളിലുമായി വിമർശന ബുദ്ധിയോടെ ഇത്രമേൽ പഠിച്ചതുമായ വേറൊരു ജീവ ശാസ്ത്രപരമായ ആശയവും ഉണ്ടാകാനിടയില്ല !
ചാൾസ് ഡാർവിൻ പതിനെട്ടാം നൂറ്റാണ്ടിന്റെ പാതിയിൽ ഫസഫിക്ക് സമുദ്രത്തിലെ അഗ്നിപർവത നിർമ്മിതമായ ഗാലപ്പഗോസ് ദ്വീപുകളിൽ എത്തിയപ്പോൾ അവിടെ കണ്ട വിചിത്രമായ ജീവി വർഗ്ഗങ്ങൾ അദ്ദേഹത്തെ ശരിക്കും അതിശയപ്പെടുത്തി ..
ലോകത്തിന്റെ മറ്റേത് ഭാഗത്തും കാണാനാകാത്തവിധമുള്ള ശാരീരിക സ്വഭാവ സവിശേഷതകളായിരുന്നു അവിടുത്തെ ജീവികൾക്ക് ..
പല സ്പീഷീസുകളും ഭൂമിയുടെ ഇതര ഭാഗങ്ങളോട് ഏതെങ്കിലുമൊക്കെ തരത്തിൽ ബന്ധപെട്ടവയായിരുന്നെങ്കിലും ദ്വീപിൽ അവ വളരെയേറെ വ്യത്യാസപ്പെട്ട രൂപത്തിലും സ്വഭാവ വിചിത്രതയിലും കാണപ്പെട്ടു.
മനുഷ്യരെ പേടിയില്ലാത്ത പക്ഷികൾ; വലിയ ആമകൾ, വ്യത്യസ്തമായ ചുണ്ടുകളോട് കൂടിയ ഫിഞ്ച് കുരുവികൾ അങ്ങിനെയങ്ങിനെ ...
ഒറ്റപ്പെട്ട ഇടങ്ങളിൽ പരിണാമം അതിവിചിത്രമായ ജീവിവർഗങ്ങളെ എന്തുകൊണ്ട് കൂടുതലായി 'സൃഷ്ടിച്ചെടുക്കുന്നു' എന്ന് ഗഹനമായി ആലോചിച്ചപ്പോഴാണ് അനുകൂലങ്ങളെ കുറിച്ചും അതിജീവനത്തിനായുള്ള ജീവന്റെ പോരാട്ടങ്ങളെ കുറിച്ചും പ്രകൃതിനിർദ്ധാരണത്തെ കുറിച്ചുമല്ലാമുള്ള ആശയങ്ങൾ അദ്ദേഹത്തിന് ലഭിച്ചത് .. !
ജീവികൾക്ക് സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മ്യൂട്ടേഷനുകളിൽ ചിലത് അതീവ ദുർഘടമായ, ഒറ്റപ്പെട്ട, മത്സരാധിഷ്ഠിതമായ, 'അതിജീവന സമരത്തിന്റെ' ജീവപരിസരങ്ങളിൽ പുതിയ ചില ജീവി വർഗ്ഗങ്ങൾ തന്നെ ഭൂമിയിൽ ഉരുതിരിഞ്ഞ്‌ വരാൻ പര്യാപ്തമായേക്കാം എന്ന മനോഹരമായ ആശയമാണ് ഡാർവിൻ അവതരിപ്പിച്ചത് .
ഡാർവിന്റെ കാലം തൊട്ട് ഇങ്ങോട്ട് നിയന്ത്രിത സാഹചര്യങ്ങളിലും സ്വാഭാവിക പ്രകൃതി പരിസരങ്ങളിലും പരിണാമത്തിന്റെ പഠനങ്ങൾ യഥേഷ്ടം നടന്നിട്ടുണ്ട് ..
1988 മുതൽ അമേരിക്കയിൽ നിന്നുള്ള പരിണാമ ജൈവശാസ്ത്രജ്ഞനായ റിച്ചാഡ് ലെൻസ്കി ഇ-കോളി ബാക്ടീറിയങ്ങളുടെ ചില ബാച്ചുകൾ പുറമെയുള്ള വേറെ ഒറ്റ ബാക്റ്റീരിയൽ കോളനികളുമായി കൂടിക്കലരാതെ വളർത്തുന്ന The E. coli long-term evolution experiment (LTEE) പരിണാമ പരീക്ഷണം വളരെ കൗതുകകരമാണ് !!
നീണ്ട മുപ്പത്തിഒന്ന് വർഷങ്ങൾ !
ഒരൊറ്റ ജീവിവർഗ്ഗത്തിന്റെ കലർപ്പില്ലാത്ത 68,000 തലമുറകൾ !
മനുഷ്യന്റെ ആയുസ്സിനോളമായിരുന്നു ബാക്ടീരിയങ്ങളുടെ ആയുസ്സ് എങ്കിൽ അറുപത്തി എണ്ണായിരം തലമുറകൾക്ക് ചുരുങ്ങിയ പക്ഷം ഒരു മില്യൻ വർഷങ്ങൾ വേണ്ടിവന്നേനെ. (നിലവിലെ തെളിവുകൾ വച്ച് നോക്കുമ്പോൾ മനുഷ്യ പരിണാമത്തിന്റേത് കേവലം രണ്ട്ലക്ഷം വർഷങ്ങളുടെ ചരിത്രമേയുള്ളൂ എന്നോർക്കുക) .
ഓരോ എഴുപത്തി അഞ്ചു ദിവസങ്ങളിലും (ഇ-കോലി ബാക്ടീരിയയുടെ 500 തലമുറകളുടെ ശരാശരി ലൈഫ് സ്പാൻ) അദ്ദേഹം ബാക്ടീരിയങ്ങളെ വളർത്തുന്ന കൾച്ചറിൽ നിന്ന് ഓരോ ബാച്ച് എടുത്ത് മൈനസ് എൺപത് ഡിഗ്രീ അതിശീതീകരിച്ച് സൂക്ഷിച്ചു. പിന്നീട് ഓരോ തലമുറകളും എന്തെന്ത് പരിണാമ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള റെഫറൽ സ്പെസിമനുകളായിരുന്നു അത് !
ഏറ്റവും ആദ്യത്തെ റെഫറൽ സാമ്പിളിൽ നിന്നും തികച്ചും വ്യത്യസ്തമായ ജനിതക സവിശേഷതകളുള്ള പുതിയ സ്പീഷീസ് ബാക്ടീരിയകളായി ഇതിനകം അദ്ദേഹത്തിന്റെ ബാക്റ്റീരിയൽ കോളനികളിൽ പലതും മാറിക്കഴിഞ്ഞിരിക്കുന്നു !!
മനുഷ്യന്റെ കണ്മുന്നിൽ, നമ്മുടെ ലബോറട്ടറികളിൽ പരിണാമത്തിന്റെ ഉദാത്തമായ നിരീക്ഷണ പഠനമായി ശാസ്ത്രലോകം റിച്ചാഡ് ലെൻസ്കി യുടെ E. coli long-term evolution experiment (LTEE) നെ പരിഗണിക്കുന്നു.
കൃത്രിമ സാഹചര്യങ്ങൾ സൃഷ്ടിച്ച്, ആർട്ടിഫിഷ്യൽ സെലക്ഷൻ നടത്തി, ജനിതകമാറ്റങ്ങൾ വരുത്തി..
നമ്മൾ എന്തെന്ത് പുതുപുത്തൻ ജീവി വർഗങ്ങളെ ഇതിനകം സൃഷ്ടിച്ചെടുത്തു !!
പറഞ്ഞു തുടങ്ങിയത് പരിണാമത്തെ കുറിച്ചാണെങ്കിലും എഴുതാൻ ഉദ്ദേശിച്ചത് ഒറ്റ തിരിഞ്ഞ ആവാസ വ്യവസ്ഥകളിലെ ജീവ പരിണാമത്തെ കുറിച്ചാണ് ...
അതി മർദ്ധമുള്ള സമുദ്രത്തിലെ വെളിച്ചമില്ലാത്ത ആഴമുള്ള കിടങ്ങുകളിൽ , ഭൂമിയിലെ ഒറ്റപ്പെട്ട ഗുഹകൾക്കുള്ളിലെ വെളിച്ചമില്ലാത്ത ജലാശയങ്ങളിൽ ഗുഹാചുമരുകളിൽ, കരകളോട് ബന്ധപ്പെടാതെ ഒറ്റപ്പെട്ട് പോയ വിദൂര ദ്വീപുകളിൽ ; ഇവിടെയെല്ലാമുണ്ട് പരിണാമത്തിന്റെ അതിവിചിത്രമായ
ജീവനുള്ള തെളിവുകൾ !
കഴിഞ്ഞ കുറച്ച് നാളുകളിലായി മലയാള പത്രങ്ങളിൽ വന്ന ചില കൗതുക വാർത്തകളാണ് ഈ കുറിപ്പ് എഴുതാനും അതിന് "ഗാലപ്പഗോസ് കിണറുകൾ" എന്ന് തലക്കുറിപ്പെഴുതാനും പ്രേരകമായത് ..
- തിരുവല്ലയിലെ കിണറിൽ നിന്നും അപൂർവ മത്സ്യത്തെ ലഭിച്ചു ; കണ്ടെത്തിയത് ‘എനിഗ്മചന്ന മഹാബലി’
- 'എനിഗ്‌മചന്ന ഗോളം' എന്ന വേറെ ഒരിനത്തിനെ 2018 ലെ പ്രളയശേഷം മലപ്പുറം ജില്ലയിലെ നെൽ വയലിൽ നിന്നാണ് കണ്ടെത്തിയത്. 'എനിഗ്മചന്ന മഹാബലിയെ'പ്പോലെ തന്നെ 'ആഴക്കിണർ' മത്സ്യമാണ് ഇതും ഒരുപക്ഷേ കഴിഞ്ഞ പ്രളയകലത്ത് കിണറുകളിൽ നിന്ന് രക്ഷപ്പെട്ട് നെൽവയലിൽ എത്തിപ്പെട്ടതാണെന്ന് കരുതുന്നു .
- പുതുക്കാട് ചെറുവാളിൽ അപൂർവയിനം ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. ചെറുവാൾ വീട്ടുകിണറ്റിൽ നിന്നാണ് ഹോറഗ്ലാനസ് വർഗത്തിൽപ്പെട്ട ന്യൂ ബ്ലൈന്റ് കാറ്റ് ഫിഷ് എന്ന മത്സ്യത്തെ ലഭിച്ചത്.
ഉയർന്ന പ്രദേശങ്ങളിലെ പുറമെയുള്ള ജലാശയങ്ങളുമായി യാതൊരു സംമ്പർക്കവുമില്ലാത്ത ആഴക്കിണറുകൾ പരിണാമത്തിന്റെ ലാബോറട്ടറികൾ പോലെയാണ്; പരിണമിക്കാനുള്ള ചില പ്രതികൂലതകൾ** ആഴക്കിണർ പരിസ്ഥിതികൾക്കുണ്ട് .
പരിണാമം പഠിക്കാൻ ഉമ്മറത്തെ കിണറ്റിലിറങ്ങിയാലും മതി..
ഗാലപ്പഗോസ് കിണറുകൾ !
ഒരിക്കലും തുറക്കാതെ വർഷങ്ങളോളം സൂക്ഷിക്കുന്ന ടെറാറിയങ്ങൾക്കുള്ളിൽ ജീവ പരിണാമ വേഗത കൂടുമോ കുറയുമോ ??
സംശയിക്കൂ വായിക്കൂ നിരീക്ഷിക്കൂ പഠിക്കൂ പകരൂ ..
സ്നേഹപൂർവ്വം കിരൺ .
**പരിണമിക്കാനുള്ള ചില പ്രതികൂലതകൾ
~ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് !~


Link to Facebook Post
Posted on Sep 12, 2019

അഭിപ്രായങ്ങള്‍