ഇന്ന് ! ജൂലൈ 24, 2019 'മോണാലിസ' എന്ന് വിളിപ്പേരിട്ട ഈ ലാർവ പ്യൂപ്പയായി !
വിരിഞ്ഞു! നീണ്ട 51 ദിവസങ്ങളാണ് ഈ നാരക ശലഭം (Papilio demoleus) പ്യൂപ്പയ്ക്കുള്ളിൽ ഒളിച്ചിരുന്നത് .
അനുജത്തിയുടെ വീട്ടിൽ ഗഗനും കാർത്തിക്കും ചേർന്ന് വളർത്തിയിരുന്നതാണ്, ഇടയ്ക്ക് മൂന്നാഴ്ച്ചത്തെ അവധിക്ക് നാട്ടിലേക്ക് പോയപ്പോൾ ശ്രീജിത്തും അനുവും പ്യൂപ്പയെ ദത്തെടുത്തു ..
ദിവസങ്ങൾ ഇങ്ങനെ പൊഴിഞ്ഞു പോയതല്ലാതെ പ്യൂപ്പയ്ക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല ..
പ്യൂപ്പയായി പത്ത് നാൽപ്പത് ദിവസമൊക്കെ ആയപ്പോൾ ഇനി വിരിയില്ല എന്ന് സങ്കടത്തോടെ ഉറപ്പിച്ചു. എന്തുകൊണ്ടോ കളയാൻ ആർക്കും തോന്നിയില്ല ..
ഇടക്ക് നാട്ടിലേക്കും തിരിച്ചും അനവധി അനവധി സന്ദേശങ്ങൾ...
പ്യൂപ്പ പിടക്കുന്നതായി ഒന്നു രണ്ട് തവണ അനുവിന് തോന്നി എന്ന് അവൾ ഉറപ്പ് പറഞ്ഞു ..
പുറത്തെ ഹ്യുമിഡിറ്റി കൂടിയാൽ വസന്തമെന്ന് കരുതി പ്യൂപ്പകൾക്കുള്ളിൽ ദീർഘ നിദ്രയിലായ ചില ശലഭങ്ങൾ വിരിയാറുണ്ട് എന്ന് Haneesh പറഞ്ഞ ഓർമ്മയിൽ കഴിഞ്ഞ പത്ത് പതിനഞ്ച് ദിവസങ്ങളിലായി ഗ്ളാസ് ബൗളിൽ തുണി നനച്ചിടുന്നുണ്ടായിരുന്നു എന്നിട്ടും മാറ്റമൊന്നും കാണുന്നുണ്ടായിരുന്നില്ല ..
നാട്ടിൽ നിന്ന് ഗഗൻ "നോക്കാനെൽപ്പിച്ചിട്ട് കൊന്നു കളഞ്ഞില്ലേടാ ദുഷ്ടാ" എന്ന ഭാവത്തിലാണ് ശ്രീജിത്തിന്റെ അടുത്ത് വന്നത് പാവം ശ്രീജിത്ത് ചെയ്യാത്ത തെറ്റിന് തലകുനിച്ച് ശോക ഭാവത്തിൽ ..
രണ്ട് ദിവസം മുൻപ് ഉണക്ക കമ്പ് പോലെ നിശ്ചലമായിരിക്കുന്ന പ്യൂപ്പയെ ഞാനൊന്ന് പതിയെ ഞെക്കി നോക്കി ..
ജീവനുണ്ടെങ്കിൽ ഒന്നു പിടക്കും എന്ന പ്രതീക്ഷയിൽ ..
ശലഭങ്ങളുടെയും മോത്തുകളുടെയും ലാർവകൾ അപ്രതീക്ഷിതമായി കയ്യിൽ ഇരുന്ന് പിടയ്ക്കുന്നതിനെക്കാൾ ഭീതിതമായ ഫീൽ വേറൊന്നില്ല എനിക്ക് . .
ഞെക്കിയിട്ടുപോലും അനക്കമില്ല ..
എന്തായാലും എത്ര നാൾ ആയാലും ഇങ്ങനെ സൂക്ഷിച്ച് വയ്ക്കാം എന്ന് സർവ കക്ഷിയോഗം മിനിയാന്ന് തീരുമാനമെടുത്തു ..
ഇന്നലെ തവിട്ട് നിറമുള്ള പ്യൂപ്പക്ക് കറുപ്പ് രാശി .. ഉള്ളിൽ ചീയുന്നതാവും എന്ന് മനസ്സ് പറഞ്ഞെങ്കിലും പീക്കിരി സംഘത്തോട് പറഞ്ഞില്ല ..
ഇന്നിതാ പരിപൂർണ്ണ ആരോഗ്യവാനായ ശലഭം പുറത്തുവന്നിരിക്കുന്നു !!!
അബുദബിയിൽ ഈ സീസണിലെ അവസാനത്തെ ശലഭമാണ് ഇതെന്ന് തോന്നുന്നു ..
51 ദിവസം എന്ന നീണ്ട ഇടവേള പ്യൂപ്പയ്ക്കുള്ളിൽ ചിലവഴിച്ചതിന്റെ റെക്കോഡും ഇതിനു തന്നെ ..
ഈയിടെയായി നാരകങ്ങളിലൊന്നും ലാർവകളെ കാണുന്നില്ല ..
തളിരിലകൾ ഇല്ല ..
കടുത്ത വേനൽ ഇലത്തുമ്പുകളെ ഉണക്കിയിരിക്കുന്നു ..
ചെടികൾക്ക് ആകെ തവിട്ടു നിറം ..
എനിക്ക് തോന്നുന്നത് ആ ഉണക്ക മരങ്ങളിലെല്ലാം നവംബറിൽ പിറക്കുന്ന ശിശിരകാലവും കാത്ത് ചില ശലഭങ്ങൾ പ്യൂപ്പകൾക്കുള്ളിൽ ഉറങ്ങി ഒളിച്ചിരിക്കുന്നുണ്ടാവും എന്നു തന്നെയാണ് ..
Posted On Sep 15, 2019






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ