പ്ലാസ്റ്റിനേഷൻ !

മൃതദേഹങ്ങൾ പഠനപ്രദർശനങ്ങൾക്കായി ദീർഘകാലം കേടാകാതെ സൂക്ഷിക്കുന്ന ഒരുതരം പ്രക്രിയയുടെ പേരാണത് .

1977ൽ ജർമൻ അനാട്ടമിസ്റ്റായ ഡോക്ടർ വോൺ ഹെഗൻസ് വികസിപ്പിച്ചെടുത്തതാണ് പ്ലാസ്റ്റിനേഷൻ .
മൃത ശരീരങ്ങളിലെ കൊഴുപ്പിനെ പ്രത്യേക രാസവസ്തുക്കൾ കൊണ്ട് പൂർണ്ണമായും അലിയിച്ച് കളഞ്ഞതിനു ശേഷം ചിലയിനം പ്ലാസ്റ്റിക്ക് പൊളിമറുകൾ കൊണ്ട് റീപ്ലേസ് ചെയ്യുന്ന സങ്കീർണ്ണമായ പ്രക്രിയയാണ് അത് .
എക്സിബിറ്റ് ചെയ്യേണ്ടുന്ന മൃതശരീരത്തിനെ സ്പെസിമന്റെ സ്വഭാവമനുസരിച്ച് പാകപ്പെടുത്തി എടുക്കേണ്ടതുണ്ട്.
അതിനാദ്യം ശരീരം ആഴ്ചകളോളം ഫോർമാൽഡിഹൈഡ് ലായനിയിൽ ഇട്ട് പൂർണ്ണമായും അണുവിമുക്തമാക്കിയതിനു ശേഷം ശരീരത്തിലെ പ്രദർശിപ്പിക്കേണ്ടുന്ന ഭാഗങ്ങൾ ഒഴികെ മറ്റല്ലാം അതി സൂഷ്മമായി ശ്രദ്ധയോടെ മുറിച്ചും ചുരണ്ടിയും മാറ്റുന്നു.
ഒരു ശിൽപിയേക്കാൾ ക്ഷമയും സൂഷ്മതയും വേണ്ട പ്രക്രിയയാണ് ഇത്.
അതിവിദഗ്ധരായ അനാട്ടമിസ്റ്റുകൾ എണ്ണൂറോളം മനുഷ്യ മണിക്കൂറുകൾ ( Manhours ) പണിയെടുത്താലെ ഈ ഘട്ടം പൂർണമാകൂ!
അടുത്ത പ്രക്രിയ അസറ്റോൺ എന്ന ശീതലായനിയിൽ ശരീരം മാസങ്ങളോളം മുക്കി ഇടുന്നതാണ്, ഈ ഘട്ടത്തിൽ ശരീരത്തിലെ ജലാംശമെല്ലാം പോവുകയും അതേ സ്ഥാനത്തേക്ക് അസറ്റോൺ ദ്രാവകതന്മാത്രകൾ പ്രവേശിക്കുകയും ചെയ്യുന്നു.
അതിനു ശേഷം ആന്തരിക ഘടനകൾ വ്യതിരിക്തമായി കാണുന്നതിനാവശ്യമായ നിറങ്ങൾ നാഡീ ഞെരമ്പുകളിലൂടെയോ മറ്റോ ശരീരത്തിലേക്ക് ചേർക്കുന്നു.
ഉദാഹരണത്തിന് രക്ത ധമനികളിൽ നിറം ചേർത്താൽ പേശികൾക്ക് ഇടയിലൂടെ പോകുന്ന ഞെരമ്പുകൾ തെളിഞ്ഞു കാണാനാകും.
അടുത്ത ഘട്ടം സുതാര്യമായ ചില പ്ലാസ്റ്റിക്ക് സോൾവന്റുകളുടെ ടാങ്കിലേക്ക് ശരീരം മുക്കി കിടത്തുന്നതാണ്, ഇതും ദീർഘമായ പ്രക്രിയയാണ്. ശൂന്യമർദ്ദം ഉപയോഗിച്ച് ഈ ഘട്ടത്തിൽ ശരീരകോശങ്ങളിലേക്ക് അകപ്പെട്ട അസറ്റോൺ പൂർണ്ണമായും പുറത്തുകളയുകയും പകരം സുതാര്യമായ പ്ലാസ്റ്റിക്ക് പോളിമർസോൾവന്റ്‌, കോശങ്ങൾക്കിടയിലേക്ക് പോലും പ്രവേശിക്കുകയും ചെയ്യും.
ഇതിൽ നിന്ന് പുറത്തെടുക്കുന്ന മാത്രയിലും ശരീരത്തിന്റെ സന്ധികൾ ചലിപ്പിക്കാൻ പറ്റുന്ന അവസ്ഥയിലായിരിക്കും.
സ്‌പോർട്‌സ്, കായികാധ്വാനം, മറ്റു പല ശരീര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രീതിയിൽ ഈ ഘട്ടത്തിൽ സ്പെസിമനുകളെ ഫ്രയിമുകൾക്കുള്ളിലോ ക്ലിപ്പുകളിലോ ഒതുക്കി ഒരുക്കി വയ്ക്കാം
അടുത്തത് ഇത്തരം ശരീരത്തിലേക്ക് ചില തരം വാതകങ്ങൾ ചേർക്കുന്ന പ്രക്രിയയാണ് ..
അതോടെ ശരീരം പ്ലാസ്റ്റിക്ക് പോലെ ദൃഢമായി മാറും .
പിന്നീടൊരിക്കലും കേടാകുകയോ നിറം മാറുകയോ ചെയ്യില്ല.
ചിലപ്പോൾ സി ടി സ്കാൻ പോലെ ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിലെ സൂഷ്മമായ പാളികൾ കടലാസുപോലെ മുറിച്ചെടുത്ത് പ്രദർശിപ്പിക്കാറുണ്ട് !
അതിനായി പ്ലാസ്റ്റിനേഷൻ ചെയ്ത മൃതദേഹങ്ങളെ ചതുരപ്പെട്ടിപോലെ ഒരു മോൾഡിൽ ഇട്ട് ചുറ്റിലും പോളിസ്റ്റീറൈൻ പോലുള്ളവ കൊണ്ട് പൊതിഞ്ഞു മൂടും.
മൃതദേഹത്തിന്റെ ചുറ്റിലും നിറച്ച പോളിസ്റ്റീറൈൻ ലായനി കട്ടപിടിക്കുന്നതോടെ അതിവേഗതയിൽ കറങ്ങുന്ന മൂർച്ചയുള്ള ബ്ലെയ്ഡുകൾ കൊണ്ട് ശരീരം കടലാസു കനത്തിൽ പാളികളായി മുറിച്ചെടുക്കുകയും അതിനു ശേഷം അതിനെ ആവരണം ചെയ്തിരിക്കുന്ന പോളിസ്റ്റീറൈൻ നീക്കം ചെയ്ത് സ്ലൈസുകൾ ലാമിനേറ്റ് ചെയ്ത് എടുക്കുകയും ചെയ്യും ..
പണ്ട് നമ്മളൊക്കെ സുവോളജി ക്ലാസ്സിൽ വരച്ച ദ്വിമാന കോശ ചിത്രങ്ങളെ പോലെയായിരിക്കും ഓരോ സ്ലൈസും !
അരങ്ങുപോലെ ഒരു മനുഷ്യശരീരം പല പാളികളായി കിടക്കുന്നതും കാറ്റിൽ പതിയെ ആടുന്നതും ഞങ്ങൾ കണ്ടു !
കഴിഞ്ഞ നാല്പത് വർഷങ്ങൾക്കൊണ്ട് പ്ലാസ്റ്റിനേഷൻ ഒരുപാട് ആധുനിക സംവിധാനങ്ങളിലൂടെ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്.
ലോകത്ത് ഇന്ന് പല രാജ്യങ്ങളിലും പഠനാവശ്യത്തിനായുള്ള പ്ലാക്സിനേഷൻ ലാബുകൾക്ക് പ്രവർത്തനാനുമതി ഉണ്ട് ..
മരിക്കും മുൻപ് സ്വന്തം ശരീരം ശാസ്ത്ര പ്രചാരണത്തിനും പഠനത്തിനുമായി പ്ലാക്സിനേഷൻ ചെയ്യാൻ വിട്ടുകൊടുക്കാൻ തയ്യാറായിക്കൊണ്ടുള്ള കരാർ എഴുതി വച്ചവരുടെ ശരീരങ്ങളാണ് പൊതുവെ ഈ പ്രക്രിയക്ക് ഉപയോഗിക്കുക.
നിലവിൽ ലോകത്തുള്ളതിൽ വച്ച് ഏറ്റവും വലുതും ആധുനികവുമായ പ്ലാസ്റ്റിനേഷൻ ലാബ് ഈ സങ്കേതത്തിന്റെ ഉപജ്ഞാതാവായ Dr.വോൺ ഹെഗൻസിന്റെ പേരിൽ ജർമിനിയിൽ തന്നെയാണുള്ളത്.
അവരുടെ ബോഡി വേൾഡ്സ് (Body Worlds) എന്ന സഞ്ചരിക്കുന്ന എക്സിബിഷൻ ലോക പ്രസിദ്ധമാണ് .
ചൈനയിലും, ജർമനിയിലും, കിർഗിസ്ഥാനിലുമായുള്ള അവരുടെ മൂന്ന് ലാബുകളിലായി ജോലി ചെയ്യുന്ന മുന്നൂറ്റി നാൽപതോളം വിദഗ്ധരാണ് സ്പെസിമനുകൾ ഒരുക്കുന്നത് ..
ചൈനയിലെ ലാബിൽ കൂടുതലായും മൃഗങ്ങളുടെ മൃത ശരീരങ്ങളാണ് പ്രദർശനത്തിന് ഒരുക്കുന്നത് ..
ഇതുവരെ തയ്യാറാക്കിയതിൽ ഏറ്റവും ബുദ്ധിമുട്ടിയത് പൂർണ്ണ വളർച്ചയെത്തിയ ഒരു ജിറാഫിന്റെ മൃത ശരീരം പ്ലാസ്റ്റിനേറ്റ് ചെയ്ത് സ്ലൈസ് ചെയ്ത് അവതരിപ്പിക്കാനാണ് ..
ആ എക്സിബിറ്റ് ഉണ്ടാക്കിയെടുക്കാൻ നീണ്ട മൂന്ന് വർഷങ്ങൾ വേണ്ടി വന്നു എന്നോർക്കുക ..
*****
ഇതെന്താണ് പതിവില്ലാതെ മൃത ദേഹങ്ങളെ കുറിച്ച് പറയുന്നത് എന്നാവും അല്ലെ ??
അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ ബോഡി വേൾഡ്സ് എക്സിബിഷൻ നടക്കുന്നുണ്ട് ..
മേൽപ്പറഞ്ഞ ജിറാഫും, ഒട്ടക പക്ഷിയും, ഇരുപത്തിഅഞ്ചോളം പ്ലാസ്റ്റിനേറ്റ് ചെയ്ത മൃതശരീരങ്ങളും, ഒരുപാട് ആന്തരിക അവയവങ്ങളും അവിടെ പൊതു ജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട് ..
ഈയുള്ളവനെപ്പോലെ സ്ഥലത്തെ 'പ്രധാന ശാസ്ത്ര പ്രചാരകർക്ക്' എൻട്രി സൗജന്യമായിരുന്നു എങ്കിലും പൊതുജനങ്ങളിൽ നിന്ന് അവർ പണം ഈടാക്കുന്നുണ്ട്.
മുതിർന്ന ആളിൽ നിന്ന് 60 ദിർഹവും കുട്ടികളിൽ നിന്ന് 30 ദിർഹവുമാണ് ചാർജ് ചെയ്യുന്നത്. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രദർശനം സൗജന്യമാണ്..
( Body Worlds പോലെ ഒരു പ്രദർശനം യൂണിവേഴ്സിറ്റിയിൽ എത്തിക്കണമെങ്കിൽ വന്നിരിക്കാവുന്ന ഭീമമായ ചിലവും അതുകാണുമ്പോൾ ഉണ്ടാകുന്ന തിരിച്ചറിവുകളും പരിഗണിച്ചാൽ മേൽ പറഞ്ഞ ടിക്കറ്റ് നിരക്ക് വളരെ നിസ്സാരമാണ് )
ചെറിയ കുട്ടികളെ ഒക്കെ കൊണ്ടു പോകാനാകുമോ ??
അവർക്ക് പേടിയാവില്ലേ ??
എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഇല്ല അവർക്ക് വലുതായി പേടിയാകില്ല എന്നതാണ് എന്റെ ഉത്തരം ..
ഞാനും ജിൻജിയും മകൾ ഇള (12 വയസ്സ് ) മകൻ സിഡ്‌ ( 6 വയസ്സ് ) എന്നിവർ ചേർന്നാണ് എക്സിബിഷൻ കാണാൻ പോയത് .
ബോഡി പ്രിപ്പറേഷന്റെ വീഡിയോ പ്രദർശനം ഒഴിച്ച് ബാക്കിയുള്ളതല്ലാം കുട്ടികളെ കാണിക്കാം (കാണിക്കണം) എന്നു തന്നെയാണ് എന്റെ അഭിപ്രായം ..
നമുക്കൊപ്പമുള്ള ഗൈഡ് എല്ലാം വിശദമായി പറഞ്ഞു തരും ..
ഭീതിതമല്ലാത്ത രീതിയിൽ പ്ലാസ്റ്റിക്കിനോട് സമാനമായ രൂപത്തിലാണ് ശരീരങ്ങൾ ഉള്ളത് ..
ഹിപ്പ് ജോയിന്റ് മാറ്റിവച്ച തുടയെല്ലുള്ള ആളുടെ, പേസ് മേക്കർ വച്ച ഹൃദയത്തിന്റെ, വിവിധ കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന മനുഷ്യരുടെ ദൃഡമായ പേശി ശരീരങ്ങൾ , ലൈംഗികാവയവങ്ങൾ എന്നിവയെല്ലാം ഇവിടെ പ്രദര്ശനത്തിനുണ്ട് ..
അവസരം പാഴാക്കാതിരിക്കുക .
സന്ദർശനത്തിന്റെ ചില ചിത്രങ്ങൾ പോസ്റ്റിനോടൊപ്പം ചേർക്കുന്നു ..
ഒന്നോ രണ്ടോ ചിത്രങ്ങളിൽ കുഞ്ഞു സിഡ്‌ ചിരിക്കുന്നുണ്ട്. അരുത്, ഇവിടേക്ക് സ്വന്തം ശരീരം സംഭാവന ചെയ്യണം എന്ന് എഴുതി വച്ച ആളുകളുടെ ശാസ്ത്രത്തോടുള്ള അർപ്പണ മനോഭാവത്തെ ബഹുമാനിക്കണം. എന്നെല്ലാം ഇളയോട് പറഞ്ഞു മനസ്സിലാക്കി .
കുഞ്ഞു സിഡിനോട് അത്ര വിശദമായി പറഞ്ഞില്ല അവൻ തീരെ കുഞ്ഞല്ലേ .. ..
സ്നേഹപൂർവം : കിരൺ കണ്ണൻ
'Body Worlds' ഖലീഫ യൂണിവേഴ്സിറ്റി അബുദാബിയിലെ എക്സിബിഷനെ കുറിച്ച് എന്തെങ്കിലും കൂടുതൽ അറിയാനുണ്ടെങ്കിൽ Mr.Bittu Scaria യെ കണക്റ്റ് ചെയ്താൽ മതി.
അദ്ദേഹം യൂണിവേഴ്സിറ്റിയിലെ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ സ്‌പെഷ്യലിസ്റ്റ് ആണ് .
Disclaimer : This post contains graphic content and may be upsetting to some people.
Viewer discretion is advised !
Link to Facebook Post
Posted on Oct 2, 2019



അഭിപ്രായങ്ങള്‍