നായാടികൂട്ടങ്ങളിൽ നിന്ന് നാഗരിഗ സമൂഹങ്ങളിലേക്കുള്ള മനുഷ്യന്റെ സാമൂഹ്യ ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ തെളിവുകളാണ് മോഹൻ ജാദാരോയിലെയും ഹാരപ്പായിലെയും നഗരാവശിഷ്ടങ്ങൾ !
'ഇന്റസ് വാലി' ആർക്കിയോളജിക്കൽ സൈറ്റുകളിൽ ഏറെക്കുറെ സമഗ്രമായ നഗരനിർമിതികൾ കാണാനുണ്ട് ..
കല്ലുപാകിയ വീഥികൾ, കെട്ടിടാവശിഷ്ടങ്ങൾ, ധാന്യ ശേഖരണിക, കളിമണ്ണു പാത്രങ്ങൾ, ചക്ര വണ്ടികൾ !
പുരാവസ്തു ഗവേഷകരെ അതിശയപ്പെടുത്തുന്ന വേറൊന്ന് കൂടിയുണ്ട്, ഓരോ വീടുകളിലേക്കും എത്തുന്ന അതി ബൃഹത്തായ മാലിന്യമൊഴുക്കുചാലുകളുടെ സങ്കീർണ്ണ ശൃംഖലയാണത് !
മനുഷ്യൻ തിങ്ങി പാർക്കുന്ന ഇടങ്ങളിലെ മാലിന്യ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരം തേടലും ഇന്നും ഇന്നലെയും തുടങ്ങിയതല്ല; ചുരുങ്ങിയ പക്ഷം അയ്യായിരം വർഷത്തെ പഴക്കമുള്ള തെളിവുകൾ നമ്മുടെ പക്കലുണ്ട്.
പുരാതന ബാബിലോണിയയിൽ, ഈജിപ്തിൽ, റോമിൽ...
സീവേജ് നിർമിതികളുടെ തെളിവുകൾ അങ്ങനെ പ്രാഗ് നഗരാവശിഷ്ടങ്ങളിൽ എമ്പാടും പരന്നു കിടക്കുന്നു .
മനുഷ്യനുള്ളിടത്ത് മാലിന്യമുണ്ടാവും സീവേജ് എന്നും ഒരു വലിയ പ്രശ്നമായിരുന്നു , അന്ന് തൊട്ട് ഇന്നേവരെ നാഗരികതകൾ ഉത്തരം തേടികൊണ്ടിരിക്കുന്ന പ്രശ്നം ..
ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് ..
ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ (IRTC) എന്ന പേരിൽ ഒരു ഗവേഷണ സ്ഥാപനമുണ്ട് പരിഷത്തിന് ..
പാലക്കാട് മുണ്ടൂരാണ് ആ സ്ഥാപനം ..
വെയ്സ്റ്റ് മാനേജ്മെന്റിനെ കുറിച്ച് പല അപ്ലൈഡ് ടെക്‌നോളജി ഗവേഷണങ്ങളും അവിടെ നടക്കുന്നുണ്ട് ..
ബയോ കമ്പോസ്റ്റിങ്ങ്, ബയോ ഗ്യാസ്, സീവേജ് കൂക്കിങ്ങ് ഗ്യാസ് എന്നിങ്ങനെ പലതും ..
നഗരമായിട്ടും നഗരമായി എന്നു മനസ്സിലാക്കാൻ മടിയുള്ള നാടാണ് നമ്മുടേത് ..
ഗ്രാമത്തിന് പുറത്തുള്ളതല്ലാം തിന്മ എന്നാണ് വയ്പ്പ് .
വിശ്വാസവും യാഥാർഥ്യവും രണ്ടാണ്! ഭൂരിപക്ഷം കേരളവും ഇന്ന് ജീവിക്കുന്നത് നഗരങ്ങളിലാണ് ..
അയ്യായിരം വർഷങ്ങൾക്കുമുൻപത്തെ ഇന്റസ്‌വാലി നാഗരികത നേരിട്ടിരുന്ന, അവർ പരിഹരിക്കാൻ ശ്രമിച്ചിരുന്നു പ്രശ്നങ്ങൾ കുറെ കൂടെ തീഷ്ണമായി നമ്മുടെ നഗരങ്ങൾ അനുഭവിക്കുന്നുണ്ട് ..
പറഞ്ഞ് വരുന്നത് അബുദാബിയിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് കൂട്ടുകാരുടെ (FKSSP) ക്ലാസിക്കൽ വീട്ടക ചർച്ചയിലെ ഒരു വിഷയത്തെ കുറിച്ചാണ് .
ഈ കഴിഞ്ഞ സെപ്റ്റംബർ 27 വെള്ളിയാഴ്‌ച അബുദാബിയിലെ പരിഷത്ത് പ്രവർത്തകരായ രാജേഷിന്റെയും സിന്ധുവിന്റെയും വീട്ടിൽ സംഘടിപ്പിച്ച ക്ലാസ് മലിന ജല മാനേജുമെന്റ് എന്ന വിഷയത്തെ അധികരിച്ചായിരുന്നു .
ക്ലാസ് എടുത്തത് എമിരേറ്റ്സ് വാട്ടർ ആൻഡ് ഇലട്രിസിറ്റി കമ്പനിയിലെ സീനിയർ വാട്ടർ റിസോർസ് ഫോർകാസ്റ്ററും പരിഷത്ത് കൂട്ടുകാരനുമായ ശ്രീ. സന്തോഷ് Santhoshkumar Koroth ആണ് .
സിവിൽ എൻജിനീയറിങ്ങിൽ ബി ടെ ക്കും വാട്ടർ റിസോർസ് എൻജിനീയറിങ്ങിൽ എം ടെക്ക് ബിരുദവും ഉള്ള ആളാണ് സന്തോഷ് .
അബുദാബി എന്ന വികസിത നഗരത്തിന്റെ അതി വിപുലവും കാര്യക്ഷമാവുമായ സീവേജ് ശൃംഖലകളെ കുറിച്ചും അതിന്റെ പ്രോസസിങ്ങ് പ്ലാന്റിനെ കുറിച്ചുമെല്ലാം സന്തോഷ് വിശദമായി തന്നെ പറഞ്ഞു തന്നു ..
ഏതൊരു സീവേജ് സിസ്റ്റത്തിലും പരമ പ്രധാനമായ ആദ്യ കടമ്പ എന്നത് സീവേജ് ഉണ്ടാകുന്ന ഇടങ്ങളിൽ നിന്ന് പ്രോസസസ്സിങ്ങ് പ്ലാന്റുകളിലേക്ക് എത്തിക്കുക എന്നതാണ് ..
പലപ്പോഴും നഗരത്തിന് പുറത്ത് കിലോമീറ്ററുകൾ അകലെയായിരിക്കും ട്രീറ്റ്മെന്റ് പ്ലാന്റ് ..
ദ്രവ മാലിന്യങ്ങളെ അവിടെ കൊണ്ടെത്തിക്കാൻ മൾട്ടി സ്റ്റേജ് പമ്പിങ്ങ് അല്ലെങ്കിൽ റോഡിലൂടെ സഞ്ചരിക്കുന്ന വലിയ സീവേജ് ടാങ്കറുകൾ എന്നിവയൊക്കെ വേണ്ടിവരും .. ഒരുപാട് ഊർജം ചിലവാവുന്ന പ്രക്രിയയാണ് ഇത് ..
അബുദാബി ഇതിനകം തന്നെ നഗരത്തിലെ ഓരോ കെട്ടിടങ്ങളെയും ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ ഗ്രാവിറ്റി ഫ്ലോ (ഗുരുത്വ ബലത്താൽ ഒഴുക്ക് ഉറപ്പു വരുത്തുന്ന ചരിഞ്ഞ ഡ്രൈനേജ് സിസ്റ്റം) ഡ്രൈനേജ് നെറ്റവർക്ക് ഒരുക്കി കഴിഞ്ഞു !
കെട്ടിടങ്ങളിൽ നിന്ന് നഗരത്തിന് പുറത്തുള്ള അൽവത്ബ ട്രീറ്റ്മെന്റ് പ്ലാന്റ് വരെ സീവേജിന് സഞ്ചരിക്കാൻ ഗുരുത്വാകർഷണത്തിന് പുറമെ വേറെ ഊർജ്ജത്തിന്റെ ആവശ്യമേ ഇല്ല എന്നു ചുരുക്കം .
ചെറിയ ചരിവുകളായി തുടങ്ങി പ്ലാന്റിൽ എത്തുമ്പോഴേക്കും ഡ്രൈനേജ് നൂറു മീറ്റർ താഴെ എത്തിയിരിക്കും അവിടെ വച്ച് പമ്പ് ചെയ്ത് ഡ്രൈനേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഉയർത്തേണ്ടതുണ്ട് .
പലഘട്ടങ്ങളായുള്ള ജല ശുചീകരണം; ഡീകമ്പോസിങ്ങ് ബാക്ടീരിയങ്ങൾ പെരുകാനുള്ള എയറേഷൻ, റിവേഴ്‌സ് ഓസ്മോസിസ് ...
എന്നിട്ടൊടുവിൽ പുറത്തെത്തുന്ന ജലം മനുഷ്യന് കുടിക്കാവുന്നത്ര ശുദ്ധമാണ് ..
ഇത് അബുദാബിയിൽ നിലവിൽ കുടിവെള്ള സ്രോതസ്സിലേക്ക് ചേർക്കുന്നില്ല പകരം ഇറിഗേഷൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത് .
സിംഗപ്പൂർ അടക്കമുള്ള പല വികസിത രാജ്യങ്ങളിലും സംസ്കരിച്ച് ശുചീകരിച്ച സീവേജ് വാട്ടർ ഗാർഹികാവശ്യങ്ങൾക്കും കുടിക്കാനും ഉപയോഗിക്കുന്നുണ്ട് .
നമ്മുടെ ഇന്റർനാഷണൽ സ്‌പേസ് സ്റേഷനിൽ സീവേജ് സംസ്കരിച്ചെടുത്ത് സ്പേസിലെ അന്തേവാസികൾക്ക് കുടിക്കാനുള്ള ശുദ്ധ ജലം നിർമിച്ചെടുക്കുന്നുണ്ട് എന്നറിയുക !
നമ്മുടെ നഗരപുരോഗതികൾ കീഴോട്ടും വളരണം ..
പാലങ്ങളുടേയും റോഡുകളുടെയും കലുങ്കുകളുടെയും ബസ്സ്സ്റ്റോപ്പുകളുടെയും മുകളിൽ എം.പി യുടെയും എം.എൽ.എ യുടെയും മേന്മപറച്ചിൽ ഫ്‌ളക്‌സുകൾ വയ്ക്കുന്നത് നമ്മൾ ബാഹ്യ നിർമിതികളെ കൊണ്ടാടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് എന്നതുകൊണ്ടാണ് ..
റോഡുകളെയും മേൽപ്പാലങ്ങളെയും റെയിൽ നെറ്റ് വർക്കുകളെയും പോലെ ചിലവേറിയ നിർമിതികളാണ് ഭൂമിക്കടിയിലെ സീവേജ് നെറ്റ്വർക്കുകളും നഗരപ്രാന്തത്തിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റുകളുമല്ലാം ..
പക്ഷെ നമ്മൾ ഒരിക്കലും ആവശ്യപ്പെട്ടില്ല
അവർ' ഒരു മനുഷ്യനും കാണാത്ത വികസനത്തിന് പണം മുടക്കാൻ തയ്യാറാവുകയുമില്ല .
നമ്മുടെ നഗരങ്ങളിലെ മാലിന്യം കൈകാര്യം ചെയ്യുന്നത് 5000 വർഷം മുൻപ് മനുഷ്യൻ ആർജിച്ച കാര്യക്ഷമത പോലും ഇല്ലാതെയാണ് ..
അപ്പിയും, കുപ്പയും, പ്ലാസ്റ്റിക്കുമെല്ലാം കറുത്തിരുണ്ട ചാലുകളിലൂടെ നമ്മുടെ നഗര മധ്യത്തിൽ പതഞ്ഞ് കുറുകി ഒഴുകി കൊണ്ടിരിക്കും ..
വണ്ടിമുട്ടി ചത്ത നാൽകാലികളും അറവ് മാലിന്യ അവശിഷ്ടങ്ങളും പുഴുനുരച്ച് മാലിന്യ ചാനലുകളിൽ പൊങ്ങി കിടക്കും ..
അതേ നമ്മൾ കെട്ടുകാഴ്ചകൾക്ക് താഴെയുള്ള അടിസ്ഥാന വികസനങ്ങൾ ആവശ്യപ്പെടാൻ പഠിച്ചിട്ടില്ല . നമുക്ക് ലോക മാതൃകകൾ അറിയില്ല ..
പഠനം പലതിനും പരിഹാരമാണ് ..
ഇവിടെ അബുദാബിയിൽ ഒരു കുഞ്ഞു കൂട്ടം ആളുകൾ നിരന്തരമായി പഠിക്കാനും പഠിപ്പിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ