Lunar Micro Ecosystem (LME)

 ഇക്കഴിഞ്ഞ ജനുവരി മൂന്നാം തീയതി ചന്ദ്രന്റെ ഇരുണ്ട വശത്ത് ഇറങ്ങിയ ചാങ്ങ് e4 എന്ന ചൈനയുടെ ലാന്ററിൽ ഒരു കുഞ്ഞു ബയോസ്ഫിയർ ഉണ്ടായിരുന്നു .

18 സെന്റീമീറ്റർ ഉയരവും 16 സെന്റീമീറ്റർ വ്യാസവുമുള്ള ഒന്ന്.
മൊത്തം ഭാരം 2.6 കിലോഗ്രാം .
Lunar Micro Ecosystem (LME).
എന്നാണ് ചൈന തങ്ങളുടെ ലൂണാർ ബയോസ്ഫിയറിന് പേരിട്ടിരിക്കുന്നത് .
ആറു തരം ജൈവ ഘടകങ്ങളെയാണ് ചൈന ലൂണാർ മൈക്രോ എക്കോ സിസ്റ്റത്തിനുള്ളിൽ സൂക്ഷിച്ചിരുന്നത് .
- പരുത്തി വിത്തുകൾ
- ഉരുളക്കിഴങ്ങ് വിത്തുകൾ
- റേപ്പ് വിത്തുകൾ*
- യീസ്റ്റ്
- പഴ ഈച്ചയുടെ മുട്ടകൾ
- അറബിഡോപ്സിസ് താലിയാന**
[ *കടുകിന്റെ വർഗ്ഗത്തിൽ പെട്ട ഒരു ചെടി , **ഒരിനം സപുഷ്പി നാട്ട് പുല്ല് ]
എന്നിവയായിരുന്നു പീക്കിരി ബയോസ്ഫിയറിനുള്ളിലെ 'അന്തേവാസികൾ' .
ഒരു ആമകുഞ്ഞിനെ കൊണ്ടുപോകാൻ ആദ്യഘട്ടത്തിൽ ആലോചിച്ചു എങ്കിലും ബയോസ്ഫിയറിന്റെ മൊത്തം ഭാരം മൂന്ന് കിലോഗ്രാമിൽ ഒതുക്കേണ്ടിയിരുന്നത് കൊണ്ട് ആമകുഞ്ഞ് 'രക്ഷപെട്ടു'.
ബയോസ്ഫിയറിനുള്ളിൽ മണ്ണ്, ജലം, പോഷകങ്ങൾ എന്നിവ ഒരുക്കിയിരുന്നു ചന്ദ്രന്റെ ഉപരിതലത്തിൽ മൈനസ് 173ഡിഗ്രീ സെൽഷ്യസ് കൊടും തണുപ്പ് മുതൽ പ്ലസ് 212ഡിഗ്രി അതി താപം വരെ മാറിമാറി വന്നുകൊണ്ടിരിക്കും ബയോസ്ഫിയറിനുള്ളിൽ താപ നിയന്ത്രണമായിരുന്നു ചൈനയുടെ ഏറ്റവും വലിയ വെല്ലുവിളി .
സ്‌പേസ് റേഡിയേഷൻ, മൈക്രോ ഗ്രാവിറ്റി എന്നിവയൊഴിച്ച് ബാക്കിയല്ലാം ബയോസ്ഫിയറിനുള്ളിൽ ഭൂസമാനമായി ഒരുക്കാനാണ് ചൈന ശ്രമിച്ചത് ..
ജൈവ ഘടകങ്ങളിൽ ആകെ മുളച്ചത് പരുത്തി വിത്ത് മാത്രമാണ് .
അവിടെ എത്തിയമാത്രയിൽ തന്നെ പരുത്തി വിത്ത് മുളച്ചു എന്നത് ജനുവരിയിലെ വൈറൽ ശാസ്ത്രവാർത്തകളിലൊന്നായിരുന്നു .
14ഭൗമ ദിനങ്ങൾക്കപ്പുറം അതിശൈത്യം താങ്ങാനാകാതെ പരുത്തി മുളപ്പ് ചത്തുപോയി, ബയോസ്ഫിയറിൽ വേറൊന്നും മുളച്ചുമില്ല .
ബയോസ്ഫിയർ പരീക്ഷണത്തിന്റെ ഡാറ്റാ അനാലിസിസും സുദീർഘമായ പഠനങ്ങളുമെല്ലാം നടത്തി 'ചെടിക്കുഞ്ഞിന്റെ' 3D ഇമേജ് റീ കൺസ്ട്രക്ഷൻ നടത്തിയപ്പോൾ നേരത്തെ കരുതിയിരുന്നത് പോലെ ഒരൊറ്റ ഇലയല്ല രണ്ട് ഇലകൾ ചെടിയിൽ മുളച്ചു എന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത് (ചിത്രം പോസ്റ്റിൽ ചേർത്തിട്ടുണ്ട്) .
ഇതിനു മുൻപ് ഇന്റർ നാഷണൽ സ്‌പേസ് സ്റ്റേഷനിൽ പലവട്ടം ചെടിവിത്തുകൾ മുളപ്പിച്ച് വലുതാക്കിയിട്ടുണ്ട് എങ്കിലും ചന്ദ്രോപരിതലത്തിൽ ആദ്യമായി ബയോസ്ഫിയർ പരീക്ഷണങ്ങൾ നടത്തിയത് ചൈനയാണ് .
എന്തു കൊണ്ട് ബയോസ്ഫിയർ പരീക്ഷണങ്ങൾ ??
സുദീർഘമായ സ്‌പേസ് യാത്രകളുടെ കാലം വരാനിരിക്കുന്നതെയുള്ളൂ. പത്തോ മുപ്പതോ വർഷങ്ങൾക്കുള്ളിൽ ചന്ദ്രനിലും ചൊവ്വയിലും മനുഷ്യർക്ക് താമസിച്ച് പരീക്ഷണങ്ങൾ നടത്താനുള്ള വലിയ ബയോസ്ഫിയറുകൾ നമ്മൾ സ്ഥാപിക്കും .
അവർക്ക് വേണ്ടുന്ന ഭക്ഷണത്തിൽ ഒരു ഭാഗം അവിടെ തന്നെ തന്നെ മുളപ്പിച്ച് വളർത്തിയെടുക്കേണ്ടതുണ്ട്, അതിലേക്കായാണ് ഇത്തരം ബയോസ്ഫിയർ പരീക്ഷണങ്ങൾ !
"ബയോസ്ഫിയർ ചെറിയ കളിയല്ല"
എന്റെ വീട്ടിലും 'എക്‌പ്ലോറ' എന്ന റിസേർച്ച് ഗ്രൂപ്പിലെ കുറച്ച് കൂട്ടുകാരുടെ വീട്ടിലും വായുപോലും കടക്കാതെ പൂർണ്ണമായും അടച്ച ബയോസ്ഫിയർ ( Closed Terrarium ) പരീക്ഷണങ്ങൾ നടക്കുന്നുണ്ട് .

സ്നേഹപൂർവം : കിരൺ കണ്ണൻ

Link to Facebook Post
Posted on Oct 9, 2019

അഭിപ്രായങ്ങള്‍