ഒരായിരം എക്ലിപ്സ്

അവരൊക്കെ മേലേ നോക്കുമ്പോ മ്മക്ക് തണൽ കീഴിൽ ഒരായിരം എക്ലിപ്സ് കണ്ടാലോ ??

ഓടിട്ട വീടിന്റെ ഇരുട്ട് നിറഞ്ഞ തെക്കേമുറിയില് കോഴിമുട്ടപോലെ ഒരു വെളിച്ചം വീഴുമായിരുന്നു ..
ജനലുകളില്ലാതെ നട്ടുച്ചക്കും കണ്ണിൽ കുത്തിയാലറിയാത്ത ഇരുട്ടുമുറിയിലെ പ്രകാശവട്ടം !
യൂറിക്കാ വായന ബാല്യത്തിൽ ചോദ്യങ്ങളുടെയും ജിജ്ഞാസകളുടെയും തിരമാലകൾ സൃഷ്ടിച്ചിരുന്നു ..
ഞാനൊരിക്കലും സ്വസ്ഥനായിരുന്നില്ല ..
പരന്ന കിണ്ണത്തിലെ വെള്ളത്തിൽ കണ്ണാടിതുണ്ട് ചരിച്ച് വച്ച് വെള്ളം 'പ്രിസം'പോലെയാക്കി തെക്കേമുറിയിലെ 'കോഴിമുട്ടവെളിച്ചം' ചുമരിലേക്ക് പ്രതിഫലിപ്പിച്ചാണ് ഞാനാദ്യമായൊരു 'മഴവില്ല്' സ്വന്തമായി ഉണ്ടാക്കിയത് .
അന്ന് ആ കുടുസുമുറിചുമരിന് എന്തെന്ത് വർണ്ണങ്ങളായിരുന്നു !!
ഞാനാദ്യമായി എക്ലിപ്‌സ് കണ്ടതും തെക്കേമുറിയിലെ എന്റെ 'ഒപ്ടിക്ക് ലാബിൽ' തന്നെയാണ് !
കോഴിമുട്ട വെളിച്ചം അർധ ചന്ദ്രാകൃതിയിലേക്ക് മാറുന്നതും പിന്നീട് പതിയെ വൃത്തമായി തിരികെ മാറുന്നതും ഞാൻ കണ്ടു !
ചോദ്യോത്തരങ്ങൾക്ക് ഇന്റർനെറ്റ് ഒന്നും സഹായമില്ലാതിരുന്ന കാലം ..
എന്തുകൊണ്ടങ്ങിനെ എന്ന ചോദ്യത്തിന് ആരാണാവോ പിൻഹോൾ ക്യാമറയുടെ പ്രവർത്തന തത്വം പറഞ്ഞ് തന്നത് ?
ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ വീണ്ടുമൊരു സൂര്യഗ്രഹണം വന്നു ..
അന്ന് ഞാൻ സൂര്യവെളിച്ചം നിഴല് താണ്ടിയെത്തുന്ന കുഞ്ഞുവട്ടങ്ങളിൽ വാനത്തെ വിസ്മയം തിരഞ്ഞത് വെറുതേയായില്ല ...
മരത്തണലിലും ഓലപന്തലിന് കീഴെയുമെല്ലാം ആയിരമായിരം പാതിമറഞ്ഞ സൂര്യന്മാർ !!!
കൂട്ടുകാരേ, നിങ്ങളുടെ മൊബൈലുകളിലോ ക്യാമറയിലോ മാധ്യമസുഹൃത്തുക്കൾ എടുക്കുന്നത്ര ഭംഗിയുള്ള ഗ്രഹണ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞേക്കില്ല ..
പക്ഷെ കാൽകീഴിലെ നിഴലുകളിൽ നിങ്ങൾക്ക് അവരെയെല്ലാം വെല്ലുന്ന അതിമനോഹരമായ എക്ലിപ്‌സ് നിഴൽ ചിത്രങ്ങളെടുക്കാൻ കഴിയും ...
ഗ്രഹണസമയത്ത് കുഞ്ഞുങ്ങളുമായി പുറത്തിറങ്ങൂ ...
സൗരയൂഥത്തിന്റെ ദൃശ്യവിസ്മയങ്ങൾ അവർ അവരുടെ കാൽകീഴിൽ കാണട്ടെ ..
സ്നേഹപൂർവ്വം : കിരൺ കണ്ണൻ
Link to Facebook Post
Posted on Dec 15, 2019

അഭിപ്രായങ്ങള്‍