"ആഫ്രിക്കയിലെ കാടോരങ്ങളിൽ രാവും പകലുമില്ലാതെ ഉറക്കമൊഴിച്ച് ഗ്ലൗവും മാസ്കുമില്ലാതെ കരിയുണ്ടാക്കാൻ പണിപ്പെടുന്ന പട്ടിണിപാവങ്ങൾക്കോ മയൂരനൃത്ത ചലനം പോലെ ചുട്ടെടുത്ത ബീഫ് സ്റീക്കിലേക് കൈതണ്ടക്ക് മേലെകൂടെ ഉപ്പുപരലുകൾ വിതറുന്ന ടർക്കിഷ് സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേക്കോ (Salt Bae) അറിയില്ല കാടിനും ബാർബിക്യൂ അടുപ്പിനുമിടയിലെ ചങ്ങലകണ്ണികളുടെ സങ്കീർണത"
ഞങ്ങള് ലോകമെമ്പാടുമുള്ള പത്തെഴുന്നൂറ് കൂട്ടുകാർ ചേർന്ന് ടെറാറിയം, ശലഭ പ്രോജക്ടുകൾ ഒക്കെ ചെയ്യുന്ന എക്‌പ്ലോറ എന്ന പേരിൽ ഒരു പ്രൈവറ്റ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഉള്ള കാര്യം അറിയാമല്ലോ ..
നിലവിൽ അതിൽ ഓടിക്കൊണ്ടിരിക്കുന്ന പ്രോജക്റ്റ് ExploraScienceStory ആണ് ..
നമുക്ക് ചുറ്റുമുള്ളകാര്യങ്ങളിൽ നിന്ന് ശാസ്ത്ര ചരിത്രം ചികഞ്ഞെടുക്കുന്ന പ്രക്രിയയാണ് അത് .. ആദ്യ ടോപ്പിക്ക് Energy&Cooking ആണ് .
അതിലേക്കായി എഴുതിയ പഠന ലേഖനം ചുവടെ ചേർക്കുന്നു ..
മരക്കരിയുണ്ടാക്കുന്ന ഉപ്പാപ്പ !
ExploraScienceStory യിലെ ആദ്യ വിഷയമായി പറഞഞത് Energy & Cooking ആയിരുന്നു ..
സമീര ഷംസുദീൻ കരിയുണ്ടാക്കുന്ന വല്യ ഉപ്പാപ്പായെ കുറിച്ചുള്ള തന്റെ കുഞ്ഞു നാളിലെ ചില ഓർമകൾ കമന്റായി ചേർത്തിരുന്നതിൽ നിന്നാണ് ഞാനിവിടെ എഴുതി തുടങ്ങുന്നത് ..
ആദ്യം നമുക്ക് കൽക്കരിയും മരക്കരിയും ( Coal & Charcoal ) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം ...
കൽക്കരി അഥവാ Coal എന്നത് പ്രാചീനമായ സസ്യജാലങ്ങൾ ഓക്സിജന്റെ അഭാത്തിൽ ദശലക്ഷകണക്കിന് വർഷങ്ങളോളം മണ്ണിനടിയിൽ കിടന്ന് രൂപം കൊള്ളുന്ന മനുഷ്യ നിർമ്മിതമല്ലാത്ത ഹൈഡ്രോകാർബൺ പഥാർത്ഥങ്ങളാണ്..
ഒരിനം ഫോസിലുകൾ എന്നൊക്കെ വിളിക്കാം ..
പക്ഷെ പ്രകൃതിയിൽ മറ്റു ഫോസിലുകളെക്കാൾ വളരെ വലിയ അളവിലുള്ള നിക്ഷേപം ഉള്ളതിനാലും കത്തിച്ചാൽ നല്ലതോതിൽ താപം ഉത്പാദിപ്പിക്കും എന്നതിനാലും കൾക്കരിയെ ഫോസിലുകൾ എന്നതിലുപരി ഇന്ധനം എന്നാണ് നമ്മൾ കണക്കാക്കാറുള്ളത് ..
ഈ ലേഖനത്തിൽ ഞാൻ പറയാൻ ഒരുങ്ങുന്നത് പക്ഷെ കൽക്കരിയെ കുറിച്ചല്ല മറിച്ച് മരക്കരി അഥവാ ചാർക്കോളിനെ കുറിച്ചാണ് ..
എന്താണ് മരക്കരി ??
മരതടികൾ കൂട്ടിയിട്ട് ഓക്സിജൻ സമൃദ്ധമായ അന്തരീക്ഷത്തിൽ നിന്ന് വേർപെടുത്തി (Anaerobic) ഉന്നതമായ താപത്തിൽ വിറകിലെ ജലാംശവും മറ്റുപല ഇന്ധനങ്ങളല്ലാത്ത പദാർത്ഥങ്ങളും വേർതിരിച്ച് 'ശുദ്ധീകരിച്ചെടുക്കുന്ന' വളരെ കാര്യക്ഷമമായ ഇന്ധനമാണ് മരക്കരി (charcoal). നൂറ്റാണ്ടുകൾക്ക് മുൻപേ മനുഷ്യൻ മരക്കരി ഉണ്ടാക്കാൻ പഠിച്ചിരുന്നു എന്നതിന് ആർക്കിയോളജിക്കൽ തെളിവുകളുണ്ട് !
വളരെ ചിട്ടയോടെ മരതടികൾ വലിയ കുന്നുപോലെ കൂട്ടി അടുക്കിയിട്ട് ചളിയോ മണ്ണോ പൊത്തി ചെറിയ ദ്വാരമിട്ട് കത്തിക്കും !
ഓക്സിജന്റെ സമ്പർക്കം ഉണ്ടാവില്ല എന്നത് കൊണ്ട് ജ്വലനം സംഭവിക്കില്ല, ഇൻസുലേറ്റഡ് ചൂളയുടെ ഉള്ളിൽ താപം അറുനൂറു മുതൽ ഏഴുനൂറു ഡിഗ്രീവരെ ഉയരും ..
പത്ത് പതിനൊന്ന് ദിവസങ്ങളോളം മരതടികൾ ചൂളയ്ക്കുള്ളിൽ കിടക്കുമ്പോൾ അവയിലെ ജലാംശവും മറ്റ് ഇന്ധന ക്ഷമത ഇല്ലാത്ത പദാര്ഥങ്ങളിൽ പലതും വാതകാവസ്ഥയിൽ രക്ഷപെട്ടിട്ടുണ്ടാകും ..
വളരെ ശ്രമകരമായ തൊഴിലാണ് ഇത് ..
രാവും പകലും ഉറക്കമൊഴിച്ച് കാത്തിരിക്കണം, ചൂളക്ക് ചെറിയ ദ്വാരങ്ങൾ ഉണ്ടായാൽ അപ്പോഴപ്പോൾ ചളികൊണ്ട് അടയ്ക്കണം ..
ഏതെങ്കിലും കാരണവശാൽ ചൂള പൊട്ടി ഓക്സിജൻ സപ്ലെ കൂടുതൽ ഉണ്ടായാൽ അനിയന്ത്രിതമായ തീയുണ്ടാവും ..
പിന്നെ ഒന്നും പിടിച്ചാൽ കിട്ടില്ല ..
എന്താണ് മരിക്കരികൊണ്ടുള്ള നേട്ടം ??
- സാധാരണ മരതടികളിൽ ഉള്ള ജലാംശം ജ്വലന താപം ഒരുപാട് നഷ്ടപ്പെടുത്തും .
- മരതടിയേക്കാൾ പത്തിലൊന്ന് ആപേക്ഷിക ഭാരമേ മരക്കരിയ്ക്കുള്ളൂ .
- കൈകാര്യം ചെയ്യാനും പാക്കറ്റുകളിലായി വിതരണത്തിനുമെല്ലാം മരക്കരിയാണ് കേമം.
- മരം കത്തിക്കുന്നതിനെക്കാൾ കുറവ് പുകയും മലിന വാതകങ്ങളുമേ കരി കത്തിക്കുമ്പോൾ പുറത്തുവരൂ. ( ഉപഭോഗസ്ഥലത്ത് )
നമ്മുടെ നാട്ടില് സ്വർണപ്പണിക്കാരും ഇരുമ്പ് പണിക്കാരുമെല്ലാം മരക്കഷ്ണങ്ങൾക്ക് പകരം കരി ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം കുറച്ച് ഇന്ധനം കൊണ്ട് വളരെ കൂടിയ തോതിൽ താപം ഉത്പാദിപ്പിക്കാമെന്നതുകൊണ്ട് തന്നെയാണ് .
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഓടുകൊണ്ടുള്ള (Brass) ഒരു ഇസ്തിരിപെട്ടി ഉണ്ടായിരുന്നു ചിരട്ട കത്തിച്ച് മുഴുവനും കത്തിത്തീരും മുൻപേ വെള്ളമൊഴിച്ച് കെടുത്തി ആ കരിയാണ് ഇസ്തിരിയിൽ കത്തിച്ചിരുന്നത് ..
ചുമ്മാ വെളിയിലിട്ട് മരം കത്തിച്ചാൽ ശരിയാവില്ല, എന്നൊന്നും നാട്ടിൽ ആർക്കും അറിയില്ലായിരുന്നു ..
മധ്യ യൂറോപ്പിലെ കാടുകൾ ഏറ്റവും അധികം നശിപ്പിച്ചത് മരകരി വ്യവസായമാണ് ..
ഇന്ന് ആഫ്രിക്കയിലെ നൈജീരിയയും കെനിയയും കോംഗോയിലെയുമെല്ലാം കാടുകൾ നമ്മുടെ ബാർബിക്യൂ സ്റ്റീക്കുകൾക്ക് വേണ്ടി നശിച്ചുകൊണ്ടിരിക്കുകയാണ് ..
ആഫ്രിക്കയിലെ കാടോരങ്ങളിൽ രാവും പകലുമില്ലാതെ ഉറക്കമൊഴിച്ച് ഗ്ലൗവും മാസ്കുമില്ലാതെ കരിയുണ്ടാക്കാൻ പണിപ്പെടുന്ന പട്ടിണിപാവങ്ങൾക്കോ മയൂരനൃത്ത ചലനം പോലെ ചുട്ടെടുത്ത ബീഫ് സ്റീക്കിലേക് കൈതണ്ടക്ക് മേലെകൂടെ ഉപ്പുപരലുകൾ വിതറുന്ന ടർക്കിഷ് സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേക്കോ (Salt Bae) അറിയില്ല കാടിനും ബാർബിക്യൂ അടുപ്പിനുമിടയിലെ ചങ്ങലകണ്ണികളുടെ സങ്കീർണത ..
ആർക്കെന്നറിയാത്ത കരിച്ചൂള കൂട്ടുന്നവർ എവിടെനിന്നെന്നറിയാതെ കരിക്ക് തീ കൊടുക്കുന്നവർ !
പുതിയ ലോകം ഇങ്ങനെയൊക്കെനാണ്..
സമീറയുടെ ഉപ്പുപ്പാനെ പോലെ പഴയകാല യൂറോപ്പിലെ എല്ലാ ഗ്രാമങ്ങളിലും ഒരു കരിയുണ്ടാക്കലുകാരാണെങ്കിലുമുണ്ടായിരുന്നു.
യൂറോപ്യൻ യൂണിയൻ തങ്ങളുടെ വിപണിയിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന ഓരോ ഉല്പന്നതിനും അതിന്റെ ഉൽപാദന സ്ഥലം, ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങൾ എന്നതൊക്കെ പാക്കറ്റിൽ കാണിച്ചിരിക്കണം എന്ന് നിർകൃഷിക്കുന്നുണ്ട് .
യൂറോപ്പിലെ ജനങ്ങൾക്ക് മഴക്കാടുകൾ കരിച്ചുണ്ടാക്കുന്ന കരിയിൽ ചുട്ടെടുത്ത സ്റീക്ക് കഴിക്കുമ്പോൾ കുറ്റബോധത്തിന്റെ 'കയ്പ്പ് രുചിയുണ്ടാകുമെന്ന്' പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??
അതേ ആധുനിക പാശ്ചാത്യ സമൂഹം നമ്മൾ ധരിച്ചുവച്ചിരിക്കുന്നതിനെക്കാൾ മണവികമായ കരുതലുള്ളവരാണ്..
ചാർക്കോൾ ഉത്പാദനം പ്രാചീന ചൂളകളിൽ നിന്ന് ഫാക്ടറികളിലേക്ക് മാറിതുടങ്ങി, മഴക്കാടുകൾക്ക് പകരം ഇൻഡസ്ട്രിയൽ പ്ലാന്റേഷനുകളിലെ മരങ്ങൾ ഉത്പാദനത്തിന് ഉപയോഗിച്ചു തുടണ്ടി ...
ആഫ്രിക്കയിൽ മരം കരിക്കാൻ മാത്രം അറിയുന്നവർ പട്ടിണിയാകുമോ ??
ഇനിയും ആവശ്യത്തിന് വൈദ്യുതിയില്ലാത്ത ആഫ്രിക്കൻ നഗരങ്ങളിലെ പ്രാദേശിക മാർക്കറ്റുകളിൽ തന്നെ വേണ്ടുവോളം മരക്കരി വിറ്റുപോകുന്നുണ്ട് ..
നിലവിൽ പത്തു ടൺ മരത്തിൽ നിന്ന് ഒരു ടൺ നല്ല കരിയാണ് കിട്ടുന്നത് .. സാങ്കേതിക വിദ്യകൾ മെച്ചപ്പെട്ടതോടെ വാക്വം ചേമ്പറുകളും സെലക്റ്റീവ് ലോഗിങ്ങുമെല്ലാം കൊണ്ട് യീൽഡ് വളരെ അധികം വർധിച്ചിട്ടുണ്ട് ..
പണ്ട് ഉപയോഗ ശൂന്യമായിരുന്ന കരിപൊടി ഇന്ന് കോൺ സ്റ്റാർച്ച് ചേർത്ത് ഹൈഡ്രോളിക്ക് പ്രസ്സുകളിൽ ഘടിപ്പിച്ച മോൾഡുകളിൽ ചാർക്കോൽ ബ്രിക്സുകളായി വിപണി തേടുന്നു ..
ഇന്ഡസ്ട്രിയൻ ചൂളയിലെ ബൈപ്രൊഡക്റ്റായ ജലാംശം നിറഞ്ഞ ദ്രാവകത്തിൽ നിന്ന് ഫുഡ് ഫ്ലേവറുകൾ ഉണ്ടാക്കിയെടുക്കുന്നു !
ഫ്രാൻസിലെ ആധുനികമായ ഒരു ചാർക്കോൾ ഫാക്ടറി കരിയോടൊപ്പം പതിനായിരം വീടുകൾക്ക് ആവശ്യമായ വൈദ്യുതിയും ഇൽപാദിപ്പിക്കുന്നുണ്ടെന്നറിയുക ..
സസ്റ്റൈനബിലിറ്റി എന്നൊക്കെ പറയുന്നത് എന്ത് ഉപയോഗിക്കുന്നു എന്നതിലല്ല മറിച്ച് എങ്ങിനെ ഉപയോഗിക്കുന്നു എന്നതിലാണ് !
ഡോമോക്രാഠിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഒരു എൻ ജി ഒ ഉണ്ടാക്കുന്ന ഗോമോ സറൗ ഗ്രാമങ്ങളിലെ ഗാർഹിക പാചകത്തിന് ആവശ്യമായ ചാർക്കോളിന്റെ ആവശ്യം പകുതിയായി കുറച്ചിട്ടുണ്ട് !
energy & cooking എന്നതാണല്ലോ നമ്മുടെ വിഷയം.. ഇന്ധനത്തിലും അടുപ്പുകളിലുമെല്ലാം വിപ്ലവകരമായ മാറ്റങ്ങളാണ് ഈ നൂറ്റാണ്ട് നമുക്ക് സമ്മാനിച്ചത് ..
'ExploraScienceStory' ശാസ്ത്ര ചരിത്രം അന്വേഷിക്കുകയാണ്.. മരക്കരിയുടെ എക്കണോമിക്‌സ്, രാഷ്ട്രീയം, സാങ്കേതികത, അതുപയോഗിക്കുന്ന മേഖലകൾ എല്ലാം ഇങ്ങനെ പരന്ന് പരന്ന് കിടപ്പാണ് ..
നിങ്ങൾ ഓരോരുത്തരും ഒന്നുരണ്ട് വരികളെങ്കിലും കണ്ടുപിടിച്ച് എഴുതി പോസ്റ്റ് ഇടൂ ...
ചുരുങ്ങിയ പക്ഷം നമ്മുടെ ടെറാറിയങ്ങളിലെ ഒരു ലെയർ ചാർക്കോൾ ആയിരുന്നില്ലേ ???
ശാസ്ത്ര ചരിത്രം പഠിക്കാൻ എളുപ്പമാണ്; കുട്ടികളുടെ കൈ പിടിച്ച് തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിൽ പോവുക ..
അവിടുത്തെ ഏതെങ്കിലും ഒരു വിൽപ്പന സാധനത്തിന്റെ ഉറവിടം തേടി പുറകിലേക്ക് സഞ്ചരിക്കുക , കാലത്തിലൂടെ ദേശങ്ങളിലൂടെ ....
തൽക്കാലം വിഷയം മാറാൻ സമായമായിട്ടില്ല ..
മരക്കരിയെ കുറിച്ച് കൂടുതൽ എഴുതൂ ..
നമുക്ക് ഒരുമിച്ച് ശാസ്ത്ര ചരിത്രം മാനവികമായി പഠിച്ചെടുക്കണം ...
ഒത്തുപിടിച്ചാൽ ..





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ