പുകപാചകം

"മസിലിനുമേലെ മസ്തിഷ്കം അതിജീവനഹേതുവായ കഥ തുടങ്ങുന്നത് എന്നുമുതലായിരിക്കും ?? Read it .."

ഓസ്‌ട്രേലിയയിൽ കാട് കത്തുകയാണ് ..
അഞ്ഞൂറ് മില്യൻ ജീവികളെങ്കിലും കാട്ടുതീയിൽ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . .
കാലിഫോർണിയയിലും കാനഡയിലും നോർവേയിലും നമ്മുടെ വയനാട്ടില് മുത്തങ്ങയിലുമെല്ലാം കാട്ടുതീ ഓരോ വർഷവും വലിയ നാശനഷ്ടങ്ങളാണ് വരുത്തിവയ്ക്കുന്നത് ..
ആഗോള താപനം, ക്യാമ്പിങ്ങ്, കാട് തീവയ്ക്കുന്ന പരുന്തുകൾ, ഇടിമിന്നൽ, വേട്ടക്കാർ, ലാവ, സ്റ്റാറ്റിക്ക് എനർജി എന്നിങ്ങനെ പല പല കാരണങ്ങളും കാട്ടുതീകൾക്ക് കാരണമായി ചൂണ്ടികാട്ടാറുണ്ട് ...
എന്തായാലും ഒരു കാര്യം ഉറപ്പാണ്, കാട്ടുതീ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയ പ്രതിഭാസമല്ല ..
വേട്ടയാടി അലഞ്ഞു നടന്ന മനുഷ്യ സമൂഹം 'ദഹനസൗഹൃദമായ' ഭക്ഷണം ആദ്യമായി വയറു നിറച്ച് കഴിച്ചത് ഏതെങ്കിലും കാട്ടു തീയ്ക്ക് ശേഷമായിരുന്നിരിക്കണം ..
ഞാനേതായാലും ഇവിടെ പറയാനൊരുങ്ങുന്നത് കാട്ടുതീയിനെ കുറിച്ചല്ല, മറിച്ച് മനുഷ്യൻ~ഭക്ഷണം~ഊർജം എന്നിവ തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചാണ് .
അതേ ExploraScienceStoryയിലെ
Energy & Cooking തന്നെയാണ് വിഷയം.
കൂടുതൽ പേർ ഈവിഷയത്തിൽ എഴുതാത്തതിൽ അൽപ്പം പിണക്കമുണ്ട് എങ്കിലും നമ്മുടെ മറ്റു പ്രോജക്ടുകളെപ്പോലെ ഇതും മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തീരുമാനം .
മരക്കരിയെ കുറിച്ചെഴുതിയ എക്സ്പ്ലോറയിലെ പോസ്റ്റിൽ Nishad Kaippally തന്റെ തറവാട് വീട്ടിലെ കൊപ്ര ഉണ്ടാക്കുന്ന പുകപ്പുരയെ കുറിച്ച് എഴുതിയിരുന്നു ..
എന്റെ വീട്ടിൽ ഒരു വലിയ കുടംപുളി മരമുണ്ട്, വെയില് കാണാത്ത കർക്കിടകത്തിലാണ് കുടംപുളി പഴുത്തു വീഴുക ..
അന്നന്ന് വീഴുന്നത് പെറുക്കി പുകയിട്ട് ഉണക്കിയില്ലെങ്കിൽ അത് ചീഞ്ഞു പോകും ..
ഭക്ഷണം എന്നുമുതലായിരിക്കാം മനുഷ്യൻ പുകയ്ക്കിട്ട് തുടങ്ങിയിരിക്കുക ??
പുരാതന ശിലായുഗ കാലത്ത് മുതലെ മനുഷ്യൻ ഭക്ഷണ പദാർത്ഥങ്ങൾ പുകയിട്ടു തുടങ്ങിയിരിക്കാം എന്നാണ് ഗുഹാ ചിത്രങ്ങളും പഴയ മനുഷ്യ ഗുഹകളും സൂചിപ്പിക്കുന്നത് .
എന്തൊക്കെയായാലും മനുഷ്യൻ കൃത്രിമമായി പുകയിട്ട് മാംസം ഉണക്കി സൂക്ഷിക്കേണ്ടുന്നതിന് രണ്ട് മൂന്ന് ഘടകങ്ങൾ ഒത്തുവരേണ്ടതുണ്ട്, എന്തൊക്കെയാവാം അത് ??
1. ആവശ്യത്തിലധികമുള്ള ഭക്ഷണ ലഭ്യത.
2. ക്ഷാമകാലത്തെ ചിട്ടയായി ഓർത്തുവയ്ക്കാനുള്ള സോഷ്യൽ മെമ്മറി.
3. അഗ്നിയെ മെരുക്കി ഉപയോഗിക്കാനുള്ള കയ്യടക്കം.
മാനവ ചരിത്രത്തെ കുറിച്ച് പറയുമ്പോൾ അഗ്നിയുടെ കണ്ടുപിടുത്തം എന്ന് നമ്മൾ എപ്പോഴും പറയാറുണ്ട് ..
ഭീതിതമായ കാട്ടുതീ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. പലപല Hunter-gatherer മനുഷ്യകൂട്ടങ്ങളും കാട്ടുതീയിൽ ചത്ത് തുലഞ്ഞ് പോയിരിക്കാം ..
എന്തൊക്കെയാണെങ്കിലും ഓരോ കാട്ടുതീക്ക് ശേഷവും മനുഷ്യകൂട്ടങ്ങൾക്ക് വയറു നിറച്ച് വെന്ത മാംസവും കിഴങ്ങുകളും ഭക്ഷിക്കാൻ കിട്ടിയിരുന്നിരിക്കാം എന്നത് ഉറപ്പാണ് .
മനുഷ്യൻ തീയിനെയല്ല മറിച്ച് തീ മനുഷ്യനെ കണ്ടെത്തിതാണ് മനുഷ്യ ചരിത്രം ..
ചേതനമായത് മനുഷ്യനായതിനാൽ നമുക്ക് അങ്ങിനെ പറയുക വയ്യ .
വെന്തമാംസം ലഭ്യമായി തുടങ്ങിയതോടെ മനുഷ്യന്റെ പ്രോട്ടീൻ ലഭ്യത വർധിച്ചു ..
പരിണാമചരിത്രത്തിൽ ഏറെക്കുറെ കായികമായി അശക്തരായിരുന്ന individualsനും ജീവിത തുടർച്ചയുണ്ടായി..
മസിലിനുമേലെ മസ്തിഷ്കം അതിജീവനഹേതുവായ കഥ തുടങ്ങുന്നത് കാട്ടു തീയും തുടർന്നുള്ള വർധിച്ച ഭക്ഷണ ലഭ്യതയും തന്നെയാകണം ...
നരവംശ ശാസ്ത്രജ്ഞർ പറയുന്നത് വെന്തമാംസത്തിന്റെ 'പ്രോടീൻറിച്ച് ഡയറ്റ്' മസ്തിഷ്ക വികാസത്തിന് കാരണമായിട്ടുണ്ട് എന്നാണ് .
എന്താണ് സോഷ്യൽ മെമ്മറി ?
ഒരു സമൂഹത്തിലെ പലപല മസ്തിഷ്കങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഓർമ്മതുണ്ടുകളുടെ നെറ്റ്‌വർക്ക് ആണത്..
തലമുറകളുടെ വിജ്ഞാനം പോലും ഇങ്ങനെ ഒരു സോഷ്യൽ മെമ്മറി പൂളിൽ സുരക്ഷിതമായി ഇരിക്കുകയും ഗുണപരമായി ഉപയോഗപ്പെടുത്തുകയും ചെയ്യാം .
കൃഷി തുടങ്ങിയത്തിന് ശേഷമുള്ള വലിയ സമൂഹങ്ങളും നദീതട നാഗരികതകളുമാണ് സോഷ്യൽ മെമ്മറിപൂളിലൂടെ കൂടുതൽ ഗുണപരമായ വിജ്ഞാന വിസ്ഫോടനങ്ങൾ സംഭവിപ്പിച്ചത് എന്നിരുന്നാലും വേട്ടയാടി അലഞ്ഞ് നടന്ന മനുഷ്യ സമൂഹങ്ങളിലും സോഷ്യൽ മെമ്മറിയുടെ പ്രിമിറ്റീവ് രൂപങ്ങൾ ഉണ്ടായിരിക്കണം..
ആവശ്യത്തിൽ കൂടുതലായ പാതി വെന്തമാംസം കാറ്റുവീശാത്ത ചെറിയ ഗുഹകൾക്കുള്ളിലെ അടുപ്പ് കല്ലുകൾക്ക് മുകളിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ജലാംശം വളരെ കുറഞ്ഞ റിസർവ് ഫുഡ് കൂടുത്തൽ കാലം കേടാകാതെ ഇരിക്കുകയും ചെയ്തപ്പോളായിരിക്കണം സ്മോക്ഡ് ഫുഡ് എന്ന ആശയം മനുഷ്യ ശീലങ്ങളോട് ചേർന്നത് ..
ഇന്നിപ്പോൾ ഇന്ധനം വളരെ സമർഥമായി ഉപയോഗിക്കാനും വളരെ കണിശതയോടെ താപനില നിർണ്ണയിക്കാനും നമുക്കറിയാം ..
സ്മോക്ക്ഡ് ഫുഡിന് ഉപ്പും വിനാഗിരിയും മറ്റുപല സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് കൊതി പിടിപ്പിക്കുന്ന രുചിഭേദങ്ങൾ ഉണ്ടാക്കാൻ നമ്മൾ പഠിച്ചു കഴിഞ്ഞു .
എന്തിന് പുകയിട്ടുണക്കിയിട്ടും ഒരല്പം ജലസാനിധ്യം അവശേഷിപ്പിച്ച് പ്രത്യേക രീതിയിൽ ഫെർമെന്റ് (Bacterial or Fungal Decomposition of food) ചെയ്യിച്ച് അപൂർവ്വമായ ആരോമ ഉണ്ടാക്കയെടുക്കുന്ന സാഹസികരാണ് നമ്മളിന്ന് !
കൈപ്പള്ളിയുടെ തറവാട്ട് വീട്ടിലെ കൊപ്രപുരയുടെ ധർമ്മം താപവർധിതമായ സാഹചര്യത്തിലെ ഡീ ഹൈഡ്രേഷൻ മാത്രമായിരുന്നു എങ്കിൽ ഇന്ന് ഫുഡ് സ്മോക്കിങ്ങ് എന്നതിന്റെ സ്കോപ്പ് അതിനുമെത്രയോ മേലെയാണ് ??
സ്റ്റീക്കും, ചീസും, മത്സ്യവും എന്തിന് പുകകൊള്ളിച്ച് കരിച്ചുണക്കിയ ധാന്യങ്ങളിൽ നിന്ന് ബ്രൂ ചെയ്തെടുക്കുന്ന സ്റ്റൗട്ട് ബിയർ പോലും ഇന്ന് ഭഷ്യവിപണിയിലെ ട്രെന്റാണ് .
പുകയിട്ട ഭക്ഷണം ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്നുള്ള പല പഠനങ്ങളും സംവാദങ്ങളും നടക്കുന്നുണ്ട് ..
പ്രത്യേകരീതിയിൽ പുകയിട്ട് ഫംഗൽ ഫെർമെന്റേഷൻ നടത്തി പതിനെട്ട് മാസത്തോളം സൂക്ഷിച്ചു മാത്രം പുറത്തെടുത്ത് പാചകം ചെയ്യുന്ന ഒരിനം ഇറ്റാലിയൻ മാംസ വിഭവത്തിന് വിലക്കുണ്ടായിരുന്നത് കൊണ്ടു മാത്രം അതു കഴിക്കാൻ അമേരിക്കയിൽ നിന്ന് ഇറ്റലിയിലേക്ക് പറന്നെത്തുന്ന സഞ്ചാരികൾ ധാരാളമുണ്ട് എന്നറിയുമ്പോഴാണ് നമ്മുടെ പ്രാചീനമായ 'പുകപാചകം' ഇന്നും മനുഷ്യസമൂഹങ്ങളിൽ എത്രമേൽ പ്രിയമാണ് എന്നു മനസ്സിലാവുന്നത് !
അല്ലെങ്കിൽ തന്നെ രാജ്യാതിർത്തികളെല്ലാം നമ്മൾ ദാ തൊട്ടുമുൻപ് ഭൂമിയിൽ വരച്ചു ചേർത്തതല്ലേ ??
അതിനുമെത്രയോ മുൻപേ നമ്മൾ ഭക്ഷണം പുകയിട്ട് പാചകം ചെയ്തു തുടങ്ങി !
നിങ്ങളിലോരോരുതരും ഓർമ്മകളിലെ പുകപ്പുരകളെ കുറിച്ചെഴുതൂ ..
ശാസ്ത്ര ചരിത്രം ഓർത്തോർത്ത് എഴുതി പഠിക്കാം .. പരസ്പരം തിരുത്താം ഓർമ്മപ്പെടുത്താം ..
Link to Facebook Post
Posted on Jan 4, 2020

അഭിപ്രായങ്ങള്‍