Feb 14 ന് ഖോർഫക്കാനിലെ റോക്കി ബീച്ചിൽ എക്‌പ്ലോറ സംഘടിപ്പിച്ച കോറൽ ലൈഫ് എക്പഡിഷന്റെ ഭാഗമായുള്ള ജീവി പരിചയത്തിലെ എന്റെ ആദ്യ പോസ്റ്റാണ് ഇത് .
ഒരുപാടുനാൾ തിരഞ്ഞിട്ടാണ് കോറൽ ലൈഫ് അടുത്ത്കണ്ട് പരിചയപ്പെടാൻ പാകത്തിന് റോഡ് ആക്സസ് ഉള്ള സ്നൂപ്പി ഐലന്റിന് സമീപത്തുള്ള റോക്കി ബീച്ച് എക്‌പ്ലോറ ടീം ഈ ഇവന്റിനായി തിരഞ്ഞെടുത്തത് ..
കല്ലുകളും ജൈവ വൈവിധ്യവും നിറഞ്ഞ ബീച്ചിന് തൊട്ടപ്പുറത്തെ തന്നെയാണ് കടലിൽ എഴുന്നുനിൽക്കുന്ന 'സ്‌നൂപി ഐലന്റ്' എന്ന പാറ. ഈ പാറയ്ക്ക് നമ്മുടെ നാടുമായി ചരിത്രപരമായ ഒരു ബന്ധം കൂടിയുണ്ട് ..
'അടയാളപ്പാറ' എന്നാണ് പഴമക്കാർ ഇതിനെ വിളിക്കുന്നത് .
പണ്ടുകാലത്ത് പേർഷ്യൻ സ്വപ്നങ്ങളുമായി മരകപ്പലുകളിൽ കടല് താണ്ടിവന്നവർ നീന്തിയടുത്തത് ഈ പാറയിലേക്കാണ് ..
ഒത്തിരി സ്വപ്നങ്ങൾ വിടർന്നു വിരിഞ്ഞതും വേറൊത്തിരി സ്വപ്നങ്ങൾ മുങ്ങിമരിച്ചതും ഈ തീരത്ത് തന്നെ ..
അറേബ്യൻ ഗൾഫിന് പുറം കടലുമായുള്ള ഒരേ ഒരു ബന്ധം ഖോർഫക്കാൻ ബീച്ചിലൂടെയാണ്..
ബാക്കിയെല്ലാം ഉൾക്കടൽ ..
അതുകൊണ്ട് തന്നെ നാട്ടിൽ കടലുകടന്ന് വരുന്ന ഉരുക്കൾ ആദ്യമെത്തുന്ന തീരമാണ് ഫുജൈറ ..
വിഷയത്തിൽ നിന്ന് തെന്നിമാറിയതിന് ക്ഷമിക്കൂ ...
എക്‌പ്ലോറയിലെ കുഞ്ഞുങ്ങളെ നാലു ഗ്രൂപ്പുകളായി തിരിച്ച് അതിൽ ഓരോന്നിലും രണ്ട്മൂന്ന് മുതിർന്നവരെ ചേർത്ത ടീമുകൾക്ക് സാധ്യമായാത്ര വിഭിഹ്ന സ്പീഷീസുകളുടെ ചിത്രങ്ങൾ എടുക്കാനും അവയെ സമയമെടുത്ത് സാധ്യമായ റീഫറൻസുകൾ എല്ലാം തേടി തിരിച്ചറിഞ്ഞ് അവതരിപ്പിക്കുക എന്നതായിരുന്നു ടാസ്‌ക്ക് .
ഞങ്ങടെ ഗ്രൂപ്പിന്റെ പേര് കോറൽ എന്നായിരുന്നു .
മൂന്ന് കുട്ടികൾ ( 2 സിദ് + 1 ദത്തൻ )
മുതിർന്നവരായി ഞാനും ശ്രുതിയും .
രാവിലെ നിരീക്ഷണം ആരംഭിച്ചപ്പോൾ ലോടൈഡ് ആയിരുന്നു
അമ്പത് മീറ്ററോളം പാറകൾ നിറഞ്ഞ കടൽ തിട്ട കാണാം ..
വിഭിഹ്നങ്ങളായ കടൽ ജീവികളുടെ പെരുംകളിയാട്ടം !
ഏറ്റവുമധികം കണപ്പെട്ട ജീവികളിൽ ഒന്നാണ് ബാർണക്കിൾസ് !
പാറമേലുറച്ച സ്തൂപികാകൃതിയുള്ള ഷെല്ലുകൾക്കുള്ളിൽ ദുരൂഹമായ ജീവരഹസ്യങ്ങൾ ഒളിപ്പിച്ചുവച്ച ജീവി !
എല്ലാ കോണിക്കൽ ഷെല്ലുകൾക്കു മുകളിലും ഓരോ ദ്വാരമുണ്ട് ..
പറ്റിപിടിക്കാവുന്ന ഇടങ്ങളിലൊക്കെ അവയെ കാണാം ..
വേലിയിറക്കത്തിൽ അവയുടെ വളരെ ഉപരിപ്ലവമായ അനാട്ടാമിയെ നമുക്ക് മനസ്സിലാകൂ ..
കക്കയുടെയും ശംഖിന്റെയുമെല്ലാം ബന്ധുവാണ് എന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഈ ജീവി ഫൈലം ആർത്രോപോഡയിലെ ഞണ്ടുകളോടും ലോബ്‌സ്റ്ററുകളോടുമെല്ലാമാണ് ബന്ധപ്പെട്ടിരിക്കുന്നത് ..
പക്ഷെ അവയെക്കാൾ വ്യത്യസ്ഥമായി ഏറെയൊന്നും ചലനസ്വാതന്ത്രമില്ലാതെ ഉറച്ച പ്രതലങ്ങളിൽ പറ്റിപിടിച്ച കോണിക്കൽ തപസ്സുമുറികളിൽ ഒളിച്ചിരുന്ന് ബാർണക്കിളുകൾ ജീവിതം തീർക്കുന്നു..
ഉച്ചയായപ്പോഴേക്കും വെള്ളം കയറിതുടങ്ങി മൊബൈലിന്റെ അണ്ടർ വാട്ടർ കവർ എടുക്കാൻ മറന്നതിന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി ..
വേലിയിറക്കത്തിൽ ജീവികളെല്ലാം പരമാവധി ഊർജം സംരക്ഷിച്ച് സാധ്യമായത്ര പൊത്തുകളിലും മാളങ്ങളിലും പുറംതോടുകളിലും ഒളിച്ചിരുന്ന് സമയം കളയും വേലിയിറക്കത്തോടെ അവയെല്ലാം ചേതനമാകും ..
ഈ തീരത്ത് തന്നെ മുൻപ് സ്‌നോർക്കിൾ ചെയ്തപ്പോൾ ഞങ്ങൾ അത് മനസ്സിലാക്കിയിട്ടുണ്ട് . .
പാറകളിൽ പറ്റി പിടിച്ച് കടൽ തിരകളുടെ ഓളത്തിനനുസരിച്ച് തൂവല് പോലെയുള്ള സ്പർശിനികളും 'കയ്യുകളും' വീശി സൂഷ്മ ജീവികളെ പിടിച്ചെടുക്കുന്ന ഇവരെ കാണണമെങ്കിൽ അണ്ടർ വാട്ടർ ക്യാമറ തന്നെ വേണം അല്ലെങ്കിൽ അവർ തപസ്സിരിക്കുന്ന കാൽഷ്യം കൂടുകൾ മാത്രം കണ്ട് തൃപ്തി അണയേണ്ടി വരും .
കൂട് വിട്ട് പുറത്തേക്കിറങ്ങാറില്ല എങ്കിലും ബാർണക്കിളുകളുകളുടെ അതിജീവന ശേഷി അപാരമാണ് ..
വേലിയിറക്കവും വേലിയേറ്റവുമുള്ള തീരത്ത് ഉറച്ച ഒരു പ്രതലം കിട്ടിയാൽ ബാർണക്കിൾ ലാർവകൾ അതിൽ പറ്റിപ്പിടിച്ച് വളർന്നിരിക്കും എന്നു തീർച്ച .
ലാർവ കാലഘട്ടത്തിൽ തിരവെള്ളത്തിൽ ഒഴുകി ഉറപ്പുള്ള ഏത് പ്രതലത്തിലും അവ പറ്റിപ്പിടിച്ച് വളരും ..
കപ്പലുകളുടെയും ബോട്ടുകളുടെയും വെള്ളത്തിന് കീഴെയുള്ള ഭാഗം, കടൽക്കരയിലെ തിരതല്ലുന്ന കല്ലുകൾ ..
കടലാമകൾക്ക് ബാർണക്കിളുകൾ വലിയ ശല്യമാണ് .. ഇത്തിരിയൊക്കെ ആരോഗ്യം നഷ്ടപ്പെട്ട കടലാമകൾക്ക് അവയുടെ പുറം തോട് എപ്പോഴും ശുചീകരിക്കാൻ ഒന്നും കഴിയില്ല ബാർണക്കിൾസ് അമ്മ തോടിന്റെ മുകളിൽ കോളനിയായി പറ്റിപിടിച്ച് പുറം തോട് മുഴുവനും നിറയും..
പലപ്പോഴും കടലാമകളെ സംരക്ഷിക്കുന്ന സന്നദ്ധ പ്രവർത്തകർ ആമകളുടെ പുറത്ത് പറ്റി ചേർന്നിരിക്കുന്ന ബാർണക്കിളുകളെ ചുരണ്ടി അടർത്തി മാറ്റുന്ന ക്യാംമ്പയിനുകൾ തന്നെ നടത്താറുണ്ട് ..
കപ്പലുകളുടെ ബാഹ്യഭാഗം മുഴുവനും ഇവ പറ്റി പിടിച്ച് വളരുന്നത് മൂലം ഷിപ്പിംഗ് ഇൻഡസ്ട്രിയിൽ ഇവ വരുത്തുന്ന ഊർജ/സമയ നഷ്ടം ചെറുതൊന്നുമല്ല .
ഇരുപത് മില്യൻ വർഷങ്ങൾ മുൻപ് വരെയുള്ള ഫോസിൽ തെളിവുകളേവയുടേതായിട്ടുണ്ട് ..
താരതമ്യേനെ കട്ടികുറഞ്ഞ എളുപ്പം നശിച്ചുപോകുന്ന പുറം തോടുകൾ ഈ ജീവി വർഗത്തിന്റെ അതിപ്രാചീനമായ ഫോസിലുകളുടെ ലഭ്യതയില്ലായ്മയ്ക്ക് കാരണമായിട്ടുണ്ട് .
പഴയ കടൽ തീരങ്ങൾ എവിടടെവരെയൊക്കെ ഉണ്ടായിരുന്നു എന്നുള്ള ഭൗമ ശാസ്ത്ര പഠനങ്ങൾക്ക് ഇവയുടെ ഫോസിൽ ഡെപ്പോസിഷൻ റീജിയനുകൾ പരിശോധിക്കാറുണ്ട് .
എന്തായാലും കഥയിൽ ഒരു ട്വിസ്റ്റ് വേണമല്ലോ ..
വെള്ളിയാഴ്ച കടൽതീരത്തെ പഠനമൊക്കെ കഴിഞ്ഞ് വൈകുന്നേരം ഹൈക്കിങ്ങിനിടയ്ക്ക് മലമുകളിൽ ഏകദേശം 250 മീറ്റവർ ഉയരെ വച്ച് ജിൻജി ഒരു പാറമേൽ ഈ ജീവികളുടെ ഫോസിൽ കണ്ടെത്തി ! ചിത്രം ഇവിടെ ചേർക്കുന്നു ..
വഴിയേ ഞങ്ങളുടെ ടീം കണ്ടെത്തിയ മറ്റു ജീവികളെ പരിചയപ്പെടുത്താം ..
Posted on Feb 18, 2020




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ