ഫെബ്രുവരി 14 രാവിലെ ഫുജൈറ റോക്കി ബീച്ചിലെ കോറൽ എക്‌സ്പഡിഷൻ കഴിഞ്ഞ് ഉച്ചയായപ്പോൾ എക്‌പ്ലോറ ചങ്ങാതിമാർ പലപല എമിറേറ്റുകളിലേക്ക് പിരിഞ്ഞു പോയി .
ഫുജൈറവരെ വന്നിട്ട് മലകയാറാതെ പോകുന്നതെങ്ങിനെ ;
രാത്രി തിരിച്ച് പോരാൻ അബുദാബിയിൽനിന്ന് വന്ന സുജിത്ത് പ്രസാദിന്റെ വലിയ വണ്ടിയുണ്ട്.
സുജിത്തും നദീറും വിശാലനും സ്വർണ്ണകുമാരിയും നൗഫലും ഞാനും ജിൻജിയും കുഞ്ഞുങ്ങളുമൊത്ത് മല കയറാം എന്ന് തീരുമാനിച്ചു ..
യു എ ഇ യിൽ 'തണുപ്പ്കാല'മായിട്ടുകൂടി ഉച്ചവെയിലിന് നല്ല ചൂട്! ഇനി എന്തായാലും വെയില് ചാഞ്ഞിട്ടെ മലകയറ്റം നടക്കൂ ..
കുറച്ച് നേരം വിശാലന്റെ വീട്ടില് പോയി കത്തിയടിച്ചിരിക്കാം ..
നൗഫലിന്റെയും ഹലീമയുടെയും ഫ്‌ലാറ്റ് കഴിഞ്ഞാൽ സിഡിനും ഇളക്കും 'മലനാട്ടിലെ' ഏറ്റവും ഇഷ്ടമുള്ള വീട് ഫുജൈറയിലെ പതിനൊന്നാം നമ്പർ വില്ലയാണ് .
'പറമ്പ്' നിറച്ചും കോഴികളും, ചെടികളും, പച്ചക്കറിതോട്ടവും, കിളികളും, പൂച്ചകളും, ഊർജസലനായ നായകുട്ടിയുമല്ലാമുണ്ട് അവിടെ !
സിഡിന് സാന്ദ്രകുട്ടി പെറ്റുകിടക്കുന്ന പൂച്ചയെയും കുഞ്ഞുങ്ങളെയും കാണിച്ചുകൊടുത്തു, ബഹളക്കാരനായ നായകുട്ടിയെ മെരുക്കാനും, കിളികൾക്ക് തീറ്റ കൊടുക്കാനും, ടാപ്പ് തുറന്ന് ചെടിന യ്ക്കാനുമെല്ലാം പഠിപ്പിച്ചു കൊടുത്തു ..
ഈ കോഴികൾ ശരിക്കും മുട്ടയിടുമോ ?
(സാക്ഷാൽ ജിജിമോളും കൂട്ടുകാരികളും കാമുകന്മാരും വസിക്കുന്ന കോഴിക്കൂട് ചൂണ്ടിയാണ് സിഡിന്റെ ചോദ്യം !)
സിദൂന്റെ സംശയം കണ്ട വിശാലേട്ടൻ അവന്റെ കൈപിടിച്ച് വലിയ കോഴികൂട്ടിന് ഉള്ളിൽ കയറി പരതിയപ്പോൾ തന്നെ നാല് മുട്ടകൾ കിട്ടി !
കടലാസിൽ ഭദ്രമായി അബുദാബിക്ക് മുട്ടകൾ തന്നയച്ചു .. !
ഹൈക്കിങ്ങും കഴിഞ്ഞ് അബുദാബിയിലെത്തിയപ്പോൾ സമയം രാതി 12.30 .
എല്ലാവർക്കും നല്ല ക്ഷീണമുണ്ട്; വെളുപ്പിന് 5 മണിക്ക് പോയതാണ്, വെയിലത്ത് ലെൻസും മൊബൈലും പിടിച്ച് റോക്കി ബീച്ചിൽ ഉച്ചവരെ കോറൽ എക്സ്പഡിഷൻ , പിന്നെ ഉച്ചതിരിഞ്ഞ് ഇരുളുവീഴും വരെ മലകയറ്റം ..
സിദൂന്റെ കാലിനും കയ്യിനുമെല്ലാം മൂർച്ചയുള്ള കോറലുകൾ കൊണ്ടും പാറയിൽ തെന്നിവീണും ചെറിയ പരിക്കുകളുണ്ട് ..
വന്നപാടെ കിടക്കയിലേക്ക് ബോധം കെട്ട് വീഴാൻ തയ്യാറായാണ് എല്ലാവരും വേച്ച് വേച്ച് വരുന്നത് ..
കുഞ്ഞു സിഡിന് ഉറങ്ങാൻ ഭാവമില്ല ..
വിശാലൻ മാമന്റെ കോഴികൂട്ടിൽ നിന്ന് ശേഖരിച്ച മുട്ട തിന്നണം !
"ഈ ചെറുക്കനെ കൊണ്ട് ഞാൻ തോറ്റു" എന്ന് സ്നേഹത്തോടെ 'പരിഭവിച്ച്' ജിൻജി പാതിരാത്രി മുട്ട പൊരിക്കാൻ നിന്നു.
സിഡ് അവന്റെ മുട്ടകളും ഫ്രിഡ്ജിലെ മുട്ടകളും എടുത്ത് വ്യത്യാസങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങി ..
ഫ്രിഡ്ജിലെ മുട്ടകൾ വലുതാണ്, വെളുത്തതാണ്, പക്ഷെ അവയ്ക്ക് എക്‌പയറി ഡേറ്റ് ഉണ്ട് .. !
അമ്മേ ഫുജൈറയിലെ മുട്ടകൾ എക്‌പയറി ആകില്ല !
സിദൂന്റെ പാത്രിരാത്രിയിലെ കണ്ടുപിടുത്തം !
മോനെ കോഴി എക്‌പയറി ഡേറ്റ് ഉള്ള മുട്ടകൾ ഇടുന്നതല്ല, കടയിൽ നിന്ന് വാങ്ങുന്ന മുട്ടകൾക്ക് പഴകിയത് തിരിച്ചറിയാൻ ഫാമിൽ സീലുവയ്ക്കുന്ന എക്സ്പയറി ഡേറ്റ് ആണ് അത്.
അതുപോലെ വീട്ടിലെ മുട്ടയ്ക്ക് സീല് വയ്ക്കേണ്ടല്ലോ എന്നൊക്കെ ജിൻജി പറഞ്ഞു കൊടുക്കുന്നുണ്ട് ..
എന്തായാലും വീട്ടിൽ മുട്ടയിടുന്ന കോഴികളുള്ളത് വളരെ നല്ല കാര്യം തന്നെ എന്ന് സിഡ് മനസ്സിൽ ഉറപ്പിച്ചു ..
അവന്റെ ആമയും കല്ല്, ഫോസിൽ ശേഖരണവും എന്റെയും ഇളയുടെയും സൈക്കിളും മൂന്നാല് ടെറാറിയവും ഹൈക്കിങ്ങ് സ്റ്റിക്കുകളുമെല്ലാം ചെറിയ ഒറ്റമുറി ഫ്‌ളാറ്റിൽ എങ്ങിനെ ഒതുക്കി വയ്ക്കും എന്ന പ്രഹേളികയുടെ ഇടയിലാണ് സിഡിന്റെ കോഴിവളർത്താൽ എന്ന ആശയം ..
നാളെ മറന്നോളും ..
ജിൻജി കണ്ണിറുക്കി ..
രാവിലെ എഴുനേറ്റതും "അമ്മേ ഒരു മുട്ടകൂടി തരൂ" എന്ന് സിഡ് !
മുട്ടവിരിഞ്ഞാണ് കോഴിക്കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് എന്നും മുട്ടകൾ മനുഷ്യന്റെ പ്രിയഭക്ഷണമാണ് എന്നും സിദൂന് പറഞ്ഞു കൊടുക്കാൻ ഇതുതന്നെ നല്ല അവസരം ..
മുട്ടകൾ വിരിഞ്ഞാണ് കോഴിക്കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് എന്ന് അവന് അറിയാം ..
കോഴികളോടുള്ള സ്നേഹം പോലെ തന്നെ മുട്ടകളോടുമുണ്ട് !
ആ കുഞ്ഞു മനസ്സിൽ കുറെ നേരം സംഘർഷഭരിതമായ സ്നേഹഗണിതം !
ഒടുവിൽ ജിൻജിയെ വിളിച്ച് അവൻ നിശ്‌ചയിച്ചുറപിച്ച കാര്യം പറഞ്ഞു . .
"ഉച്ചക്ക് ഒരു മുട്ട കൂടി തിന്നാൻ തരണം ബാക്കിയാവുന്നു അവസാനത്തെ ഒന്ന് നമുക്ക് വിരിയിക്കാം" ..
"സിദൂട്ടാ മുട്ട വിരിയാൻ അമ്മക്കൊഴി കുറെ ദിവസം അടയിരുന്നു ചൂട് പകരണം" ജിൻജി പറഞ്ഞു ..
സിമ്പിൾ സ്റ്റെപ്പ് ഒന്നും അറിയാത്തതുകൊണ്ട് "സിദൂ, ഇൻകുബേറ്റർ എന്ന കൃത്രിമ സംവിധാനവും ഉപയോഗിച്ചും മുട്ട വിരിയിക്കാ"മെന്ന് ഞാൻ
തൽക്കാലം സിദൂന്റെ വീട്ടിൽ അടയിരിക്കാൻ തള്ളകോഴിയോ മുട്ട വിരിയിക്കുന്ന ഇൻക്യൂബേറ്ററോ ഇല്ല ..
"അമ്മേ സ്‌കൂൾ വെക്കേഷന് ഞാൻ അടയിരിക്കാം" എന്ന് സിഡു ..
ഇനിയിപ്പോ സിഡ് അടയിരുന്നാലുണ്ടാവുന്ന സാങ്കേതിക പ്രശ്നങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കണം .
1. സിദൂന്റെ ശരീരഭാരം മുട്ടതോടിന് താങ്ങില്ല.
2. കുട്ടികൾക്ക് ഒരുപാടൊന്നും ക്ഷമയോടെ അടങ്ങിയിരിക്കാൻ പറ്റില്ല .
3. കോഴിയുടെയും മനുഷ്യന്റെയും ശരീര താപനിലയിലെ വ്യത്യാസം എന്താണ് ? അത് സിദൂന്റെ ഒപ്പം തെർമോ മീറ്ററും എടുത്തു പരീക്ഷിച്ച് നോക്കാവുന്നതാണ് ..
സിദൂന്റെ പ്രണയം മുട്ടയോടാണോ കോഴികുഞ്ഞിനോടാണോ എന്ന് നാളെ ഭക്ഷണ സമയത്ത് മനസ്സിലാകും ..
മിക്കവാറും കുഞ്ഞുസിഡ് അവസാന മുട്ടയും അകത്താക്കിയതിന് ശേഷം അച്ഛാ നമുക്ക് പെറ്റ് ഷോപ്പിൽ നിന്ന് കോഴിയെ വാങ്ങാം എന്ന പ്ലാൻ ബി അവതരിപ്പിക്കാനാണ് സാധ്യത ..
Posted on Feb 15, 2020




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ