സോറി ഇതിനുള്ളിലെ 'ഞാൻ' നിങ്ങൾ ഉദ്ദേശിക്കുന്ന ഞാനല്ല; 'വീട്' വാടകയ്ക്കെടുത്തതാണ് ..
***
കടൽക്കരയിൽ കുട്ടികളുമൊത്ത് കളിച്ചിട്ടുണ്ടോ ??
ചെറിയ പിരിയൻ ശംഖുകളും കവടികളും പെറുക്കിയെടുത്ത് കുട്ടികൾ ആർത്തുകൂവുന്നതുകാണാം "നോക്കൂ ഇതിന് ജീവനുണ്ട്" !!!
എടുത്ത് നോക്കിയാൽ പുറം തോടിനുള്ളിലേക്ക് പിൻവാങ്ങുന്നു ജീവിയെ കാണാം..
കയ്യിൽ വച്ചുകൊണ്ടേയിരുന്നാൽ ഇടക്കിടെ ഉള്ളിലെ ജീവി സൂത്രത്തിൽ എത്തിനോക്കുകയും പെട്ടന്ന് ഉൾവലിക്കുകയും ചെയ്യും !
നനഞ്ഞ മണ്ണിൽ വച്ചുകൊടുത്താൽ തിരകയറുമ്പോൾ പലകാലുകൾ ഉപയോഗിച്ച് അവ വേഗം ഇഴഞ്ഞു നീങ്ങും ചിലപ്പോഴല്ലാം നനഞ്ഞ് അയഞ്ഞ മണലിനടിയിലേക്ക് തുരന്ന് പോകും .. !
ഞങ്ങളിവയെ അവസാനമായി കണ്ടത് ഈ കഴിഞ്ഞ ഫെബ്രുവരി 14ന് ഖോർഫക്കാൻ സ്നൂപ്പി ഐലന്റിന് സമീപമുള്ള കല്ലുകൾ നിറഞ്ഞ ബീച്ചിലാണ് .
എക്‌പ്ലോറയുടെ കോറൽ ബീച്ച് എക്സ്പഡിഷനായിരുന്നു ഇവന്റ് ..
കുട്ടികളുടെ കയ്യിലെല്ലാം ലെൻസുകളും പരന്ന പാത്രങ്ങളും ഉണ്ടായിരുന്നു ; മൊബൈലിലെ ക്യാമറകൾ ഉപയോഗിച്ച് സാധ്യമായത്ര ചിത്രങ്ങൾ എടുക്കുകയും പിന്നീട് അവയെ ഇന്റർനെറ്റും സാധ്യമായ മറ്റു വിദഗ്ദ്ധാഭിപ്രായങ്ങളും തിരഞ്ഞ് മനസ്സിലാക്കിയെടുക്കുകയും ചെയ്യുക എന്നതായിരുന്നു ചാലഞ്ച് !
അറിവുകൾക്ക് പ്രായമില്ലല്ലോ ; കുട്ടികളോടൊപ്പം അവരെക്കാൾ ആവേശത്തോടെ മുതിർന്നവരും കൂടി ..
കുഞ്ഞു കൂട്ടുകാർ കയ്യിൽ എടുത്തു തന്ന കവടികൾക്കും പിരിയൻ ശംഖുകൾക്കുമുള്ളിലെ 'ജീവികൾക്കെല്ലാം' ഒരേ രൂപവും പെരുമാറ്റവും !!
സമുദ്രാവിജ്ഞാനകോശം എന്നൊക്കെ ഞങ്ങൾ കളിപറഞ്ഞ് വിളിക്കാറുള്ള ദേവേട്ടനാണ് Jithin Das സൂത്രം വെളിപ്പെടുത്തി തന്നത് ..
അവയെല്ലാം ചത്തു കൂടൊഴിഞ്ഞ ചിപ്പികൾക്കുള്ളിലെ വാടകക്കാരാണ് !
സന്ന്യാസി ഞണ്ടുകളെ (Hermit Crabs) കുറിച്ചുള്ള ഡോക്യൂമെന്ററികൾ പലവട്ടം കണ്ടിട്ടുള്ളതാണ്; എന്നിട്ടും നമ്മുടെയൊക്കെ കടൽക്കരയിൽ സുലഭമായി കാണുന്നവരാണ് അവർ എന്ന് തിരിച്ചറിയാൻ കുട്ടികളോളം വളരേണ്ടിവന്നു !!!
കൊഞ്ചുകളുടെയും ഞണ്ടുകളുടെയുമെല്ലാം കുടുംബത്തിൽപെട്ട ജീവികളാണ് സന്യാസിഞണ്ടുകൾ ..
ആയിരത്തോളം വ്യത്യസ്ത സ്പീഷീസുകളിലായി വ്യത്യസ്തമായ വലിപ്പത്തിലും രൂപത്തിലും ആവാസവ്യവസ്ഥയിലും ജീവിക്കുന്ന പലതരം ഹെർമിറ്റ് ക്രാബുകൾ ഭൂമുഖത്തുണ്ട് !
അവയിൽ ചിലതിന് ശുദ്ധ ജലത്തിൽ ജീവിക്കാനും പലതിനും മരം കയറാനും കഴിയും.. കൂടുതൽ പേരും കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്നവരാണ്. കടൽത്തീരത്തും കോറൽ മേഖലയിലുമെല്ലാം ഇവരെ ധാരാളം കാണാം ..
മുപ്പതു കൊല്ലത്തിന് മുകളിൽ ജീവദൈര്ഘ്യമുള്ളവരാണ് ഈ ഞണ്ടുകൾ എന്നറിയുക .
ചിലത് എഴുപത് വർഷം വരെ ജീവിക്കും !!
ഫൈലം ആർത്രോപോഡയിലെ ജീവികൾക്ക് എക്സോ സ്കെലിട്ടൺ ആണുള്ളത് . ജീവി വളരുന്ന മുറക്ക് ശരീരോപരിതലതത്തിലെ അസ്തി വളരില്ല, ഇതുകാരണം പുതിയതും പാകത്തിനുള്ളതും താഴെ വളരുന്നതിനനുസരിച്ച് പഴയ കവചം പൊഴിച്ചുമാറ്റികൊണ്ടിരിക്കണം !
മോൾട്ടിങ് ( molting ) എന്നാണ് ഈ പ്രക്രിയക്ക് പറയുക .
നമ്മുടെ കഥാപാത്രത്തിന് വേറൊരു സങ്കീർണ്ണമായ പ്രശ്നം കൂടി അഭിമുഖീകരിക്കേണ്ടതുണ്ട് ..
ഒളിവിൽതാമസിക്കുന്ന ശംഖുകളും കവടികളുമൊന്നും ശരീരത്തിനൊത്ത് വളരില്ലല്ലോ ~ പ്രതിവിധി വീടുമാറുക എന്നത് മാത്രമാണ് ..
housing crisisനെ കുറിച്ച് നമുക്ക് നന്നായി അറിയാമല്ലോ ..
സന്ന്യാസി ഞണ്ടുകൾ അപാരമായ പാർപ്പിട പ്രതിസന്ധി നേരിടുകയാണ് .
സ്വന്തം 'വീട്ടിൽ' നിന്ന് എന്തെങ്കിലും അത്യാവശ്യത്തിന് ഒന്നു പുറത്തിറങ്ങിയാൽ വേറെ വിരുതന്മാർ വീട് അടിച്ചോണ്ട് പോകും ..
ശരീരം വളരുന്നതിനനുസരിച്ച് വേറെ വീടുകിട്ടാനും പെടാപ്പാടാണ്
'സന്യാസി' എന്ന് പേരിൽ ഉണ്ട് എങ്കിലും ഇവ ഏകാന്തമായ സന്യാസജീവിതം നയിക്കുന്നവരൊന്നുമല്ല, കൂട്ടക്കാരോട് വളരെയധികം കൂട്ടുകൂടി ഇടപഴകിയാണ് ജീവിതം ..
മറൈൻ പെറ്റ് മാർക്കറ്റിലെ പ്രിയ താരമായ ഈ ഞണ്ടുകളെ ഒറ്റക്ക് ടാങ്കിൽ ഇട്ട് വളർത്തുന്ന ഏകാന്തത തന്നെ ഇവയുടെ മരണത്തിന് കാരണമാകാറുണ്ടത്രേ !
ചുരുക്കി പറഞ്ഞാൽ 'വീടിന്റെ' കാര്യത്തിലൊഴിച്ച് ഇവർക്ക് അപാരമായ പരസ്പര വിശ്വാസമാണ് !
പരസ്പരം വീടുകൾ വച്ചുമാറാൻ സന്യാസി ഞണ്ടുകൾ വരിനിൽക്കുന്നതിന്റെ കൗതുകകരമായ വീഡിയോ BBC Earth സീരിസിന്റെ ഭാഗമായി 2014 ൽ റിലീസ് ചെയ്തിട്ടുണ്ട് !!
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കടല് കയ്യേറുന്ന കാലത്ത് ചിലർ കോള കുപ്പിയുടെ അടപ്പുകളും പ്ലാസ്റ്റിക്ക് കളിപ്പാട്ട കഷ്ണങ്ങളും വരെ വീടായി ഉപയോഗിക്കുന്നത് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട് ..
വീട് കിട്ടാത്ത പാവത്തുങ്ങൾക്കും ജീവിച്ചല്ലേ മതിയാവൂ ..
ഇനിമുതൽ കുട്ടികളുമായി ബീച്ചിൽ പോകുമ്പോൾ ശംഖുകൾക്കുള്ളിലെ വാടകക്കാരെ കയ്യിലെടുത്ത് പരിചയപ്പെടുത്താൻ മറക്കരുതേ ...
ചോദ്യം ചെയ്ത് പഠിച്ചുകൊണ്ടേയിരിക്കുക; അതിനേക്കാൾ രസകരമായി വേറൊന്നുമില്ല ..
കുട്ടികൾ നിങ്ങളെ അതിന് സഹായിക്കും തീർച്ച !




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ