അച്ഛാ വന്നു നോക്കൂ !
ഇവിടെയൊരു ഫോസിൽ !!!!
ഇളകുട്ടി വിളിച്ചു കൂവുന്നു !
സിഡും ഒച്ചവയ്ക്കുന്നുണ്ട് !
റോക്കി ബീച്ചിലെ കല്ലുകൾക്കിടയിൽ ജിൻജിയും അനുവും കുനിഞ്ഞിരുന്ന് എന്തോ സൂക്ഷിച്ച് നോക്കുന്നുണ്ട് !
വേലിയിറക്കമാണ്, കാല് തെന്നാതെ പാറകല്ലുകൾകിടയിലൂടെ നടക്കണം; എമ്പാടും കോറലുകളും ചിപ്പികളും പറ്റിപിടിച്ച കല്ലുകളിൽ വീണാൽ ശരീരത്തിലെ മാംസം സ്‌കൂപ്പ് ചെയ്തപോലെ ചീന്തിപോകും ..
ഇവിടെ സ്‌നോർക്കളിങ്ങിന് വരുമ്പോൾ പരിക്കുകൾ പതിവായിരുന്നു ..
വന്നുനോക്കിയപ്പോൾ കാര്യം ശരിയാണ്. ഒറ്റനോട്ടത്തിൽ ഫോസിൽ പോലെ തന്നെയുണ്ട് പാറയിലെ കുഴിയിൽ പതിഞ്ഞ് അമർന്ന് പുരാതനമായ ഏതോ ശൽക്ക ജീവിയുടെ ടെക്സ്ചർ !
നിറമെല്ലാം പാറയുടേത് തന്നെ .
പക്ഷെ ഒരു പ്രശ്നം ; തൊട്ടടുത്ത പാറയിലും അതുപോലൊന്ന് !
അതിനടുത്ത് വേറെ ..
അങ്ങിനെ ഒരുപാടെണ്ണം !
എന്തായാലും ഫോസിലുകളുടെ സംസ്ഥാന സമ്മേളനമാകാൻ വഴിയില്ല ..
ജിൻജിയും കുട്ടികളും ഒരു വടി കഷ്ണം കൊണ്ട് പാറയിൽ നിന്ന് 'അത്' കുത്തി അടർത്താൻ ശ്രമിച്ചു പക്ഷെ യാതൊരു അനക്കവും ഇല്ല ..
എന്തായാലും ഇനിയുള്ള ഓപ്‌ഷൻ ഫോട്ടോ എടുത്ത് വിദഗ്ധരോട് ചോദിക്കാം എന്നുള്ളതാണ് ..
പാറകളും ഫോസിലുകളും മിനറലുകളും തിരിച്ചറിയിയാനായുള്ള ഒരു ഗ്ലോബൽ പേജിൽ അംഗമാണ്, ഹോബിയിസ്റ്റുകളും ഗവേഷകരുമായ അപാര റിസോർസ് പൂളാണ് അത്..
ആദ്യം അവിടെ തന്നെ ചോദിക്കാമെന്നുറച്ചു. അവിടെ കിട്ടിയില്ലെങ്കിൽ എക്‌പ്ലോറയിൽ..
ഈയിടെ ഇത്തരം കാര്യങ്ങളുടെ പ്രൈമറി നോളേജ്സോഴ്സ് ഞങ്ങളുടെ എക്‌പ്ലോറ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ആണ്..
ജിതിൻ ദാസും, വിജയകുമാർ ബ്ലാത്തൂരും, അനിൽ ശ്രീയും, ആഷിക്കും, നിഷാദുമല്ലാമായി മോശമല്ലാത്ത എക്സ്പർട്ട് പാനൽ എക്‌പ്ലോറയിലുമുണ്ട് . ..
എന്തായാലും ആദ്യം ഫോസിലുകളുടെ ഗ്ലോബൽ പേജിൽ ചിത്രവും പ്രാഥമിക വിവരണവും ചേർത്തിട്ടു, ഉത്തരം ഉടനെ വന്നു അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഉത്തരം !
അത് ഫോസിലുകളോ പാറയോ ആയിരുന്നില്ല മറിച്ച് ഞവണിയോ ഒച്ചോ പോലുള്ള ഒരിനം കടൽ ജീവിയാണ് ..
പേര് : കെയ്റ്റൺ ( Chitons )
രൂപം കണ്ടിട്ട് ഇത് Acanthopleura granulata എന്ന ഇനമാകാൻ സാധ്യതയുണ്ട് !
പാറപോലെ ഉറപ്പുള്ള ശൽക്കങ്ങൾക്ക് താഴെ പാറയിൽ ഉറച്ചിരിക്കുന്ന സ്ഥലത്ത് താരതമ്യേനെ മൃദുപേശികളും സൂഷ്മമായ കൊളുത്തുകളും ഉണ്ടാവും പാറയിൽ നിന്ന് വേറിട്ടറിയാൻ ബുദ്ധിമുട്ടുള്ള രീതിയിൽ നിറവും ടെക്സ്ച്ചറുമെല്ലാം ഗംഭീരമായി സാമ്യമുള്ള ജൈവാനുകൂലനം ലഭിച്ച ജീവിയാണ് ഇത് !
പകൽ പറയോട് ചേർന്ന് ഫോസിലുകൾ പോലെ പറ്റിചേർന്നിരിക്കുന്ന ഇവ രാത്രിയിലും വേലിയേറ്റത്തിൽ വെള്ളം കയറുമ്പോഴും മാത്രമാണ് ചലിച്ചു തുടങ്ങുക .. !
അതുകൊണ്ട് തന്നെ നമുക്ക് അപൂർവ്വമായി മാത്രമേ ഈ ജീവി ചലിക്കുന്നത് കാണാനാകൂ ..
കാലങ്ങളായി ഒട്ടിച്ചേർന്നിരിക്കുന്ന ഒരേ പാറയിൽ ഒരേ ഇടത്ത് തന്നെ ഭക്ഷണം കഴിഞ്ഞാൽ തിരിച്ചുവന്നിരിക്കും ..
പാറകളിൽ പറ്റിയിരിക്കുന്ന പായലുകളാണ് പ്രധാന ഭക്ഷണം .
ഒരർത്ഥത്തിൽ കെയ്‌റ്റണുകൾ ജീവിക്കുന്ന ഫോസിലുകളാണ് ..
നാനൂറ് ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള കെയ്റ്റൺ ഫോസിലുകൾ നമുക്ക് ലഭിച്ചിട്ടുണ് ..
കാര്യമായ ശാരീരിക മാറ്റങ്ങളൊന്നുമില്ലാതെ നിശബ്ദമായി നമ്മുടെ തീരങ്ങളിൽ അവ ജീവിക്കുന്നു !
നമ്മുടെ ഭൂമിയിലെ ജൈവ ലോകത്തിന് പലപല കാലങ്ങളിൽ ഭീതിതമായ ശോഷണം സംഭവിച്ചിട്ടുണ്ട് ..
Great Oxidation Event
Paleogene extinction event
Silurian extinction events
Jurassic extinction event
എന്നിങ്ങനെയൊക്കെ പല പേരുകളിൽ പല കാലങ്ങളിൽ നടന്നിട്ടുള്ള ജൈവ ശോഷണ പരമ്പരകളിൽ ഒന്നും തന്നെ കാര്യമായി കൈറ്റൺ 'ജനസംഘ്യ' യിൽ കാര്യമായി ഒരു വ്യതിയാനവും സംഭവിച്ചിട്ടില്ല എന്നറിയുമ്പോഴാണ് ശാന്ത ജീവിതം നയിക്കുന്ന ഈ സിംപിൾ ജീവി എത്രമാത്രം 'പവർഫുൾ' ആണ് എന്ന് നമുക്ക് മനസ്സിലാവുക ...
ഒരുപക്ഷേ ദിനോസറുകൾക്കും മാമത്തുകൾക്കുമെല്ലാം മുന്നേ ഭൗമജീവിതം തുടങ്ങിയ കെയ്റ്റണുകൾ മനുഷ്യരാശി ഭൂമിയിൽ ചത്തോടുങ്ങിയതിനു ശേഷവും ഇവിടെ തുടരുമായിരിക്കാം ..
ഈ ജീവിയുടെ പുറംതോട് മുഴുവനും സൂഷ്മമായ കണ്ണുകളുണ്ടത്രേ ..
ശരിക്കും വെളിച്ചം ഫോക്കസ് ചെയ്യുന്ന ഒപ്റ്റിക്കൽ കണ്ണുകൾ !!
ഒരു പക്ഷെ ലെൻസ് ഉപയോഗിച്ച് നോക്കിയാൽ കാണുമായിരിക്കാം ..
പാവം ജീവി, ഞങ്ങൾ ഫോസിലാണെന്ന് കരുതി വടികൊണ്ട് കുത്തി നോക്കിയത് അതിന്റെ എത്ര കണ്ണുകളിൽ കൊണ്ടിട്ടുണ്ടാവാം ??
അടുത്ത തവണ ബീച്ചിൽ പോകുമ്പോൾ സിഡിന്റെ ഡിജിറ്റൽ മൈക്രോസ്കോപ്പും ലെൻസുകളും എടുക്കണം...
ജൈവ പാഠങ്ങൾ .. !
Posted on Feb 9, 2020




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ